”ഓരോ ശിശുരോദനത്തിലും കേള്‍പ്പുഞാന്‍, ഒരുകോടി ഈശ്വരവിലാപം” എന്നാണ് കവിവാക്യം. ഇന്ത്യയിലെ ശിശുമരണനിരക്ക് ഒരുവര്‍ഷം ജനിക്കുന്ന ആയിരംകുഞ്ഞുങ്ങളില്‍ 28.3 മരണമായിരിക്കെ കേരളം ഏറെമുന്നിലാണെന്ന് (10)അവകാശപ്പെടുമ്പോഴും സംസ്ഥാനത്തെ ആദിവാസികുഞ്ഞുങ്ങളുടെ കൂട്ടമരണത്തിന് ഭരണാധികാരികള്‍ക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന രീതിയിലാണ് അവരിപ്പോള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പട്ടികവിഭാഗ-ആരോഗ്യവകുപ്പുകളും സര്‍ക്കാരുമുണ്ടോ എന്നതിനപ്പുറം മുപ്പതിനായിരത്തിലധികം ആദിവാസികളുളള അട്ടപ്പാടി കേരളത്തില്‍തന്നെയാണോ എന്ന സംശയംകൂടിയാണ് ഉയര്‍ന്നിരിക്കുന്നത്. തമിഴ്‌നാടിനോട്‌ചേര്‍ന്നുകിടക്കുന്ന കേരളത്തിലെ പ്രധാന ആദിവാസിമേഖലകളിലൊന്നായ പാലക്കാട്ജില്ലയിലെ അട്ടപ്പാടിയില്‍ കഴിഞ്ഞ ആറുവര്‍ഷത്തിനിടെ 131 കോടി അനുവദിച്ചിട്ടും 121 ശിശുമരണങ്ങള്‍ നടന്നെന്ന വാര്‍ത്ത പ്രബുദ്ധമലയാളിയെ നോക്കി കൊഞ്ഞനംകുത്തുകയാണ്. നവംബര്‍ 27ന് മാത്രം മരണമടഞ്ഞത് വിവിധഊരുകളിലായി നവജാതശിശുക്കളുള്‍പ്പെടെ നാലുകുഞ്ഞുങ്ങള്‍. ഒരുട്രൈബല്‍ സ്‌പെഷ്യാലിറ്റിആസ്പത്രിയും മൂന്ന്് പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമുള്ളപ്പോഴാണ് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ശിശുമരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുന്നത.് ഇതിന് മറുപടിപറയേണ്ട മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വിവിധവകുപ്പുകളും ഉദ്യോഗസ്ഥരെ മുന്‍നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് തീര്‍ത്തും ലജ്ജാകരമാണ്.
കോട്ടത്തറയിലെ സ്‌പെഷ്യാലിറ്റി ആശുപത്രി വിപുലമായ സംവിധാനങ്ങളോടെ വികസിപ്പിച്ചത് കഴിഞ്ഞ യു.ഡി.എഫ്‌സര്‍ക്കാരിന്റെ കാലത്തായിരുന്നു. ആദിവാസികളുടെ പരമ്പരാഗതമായ ഭൂമി പലതും അന്യാധീനപ്പെടുകയും കാര്‍ഷികരീതി നിലയ്ക്കുകയും വ്യാജമദ്യത്തിന്റെ വ്യാപനവും കാരണം കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ പോഷകാഹാരക്കുറവും കൂട്ടശിശുഹത്യകളും അട്ടപ്പാടിയിലേക്ക് കൂടുതല്‍ പൊതുജനശ്രദ്ധ തിരിച്ചുവിട്ടത്. അന്നത്തെ കേന്ദ്രപട്ടികവര്‍ഗവകുപ്പുമന്ത്രി ജയറാംരമേശും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും നേരിട്ടെത്തി സ്ഥിതിഗതി വിലയിരുത്തുകയും ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയുംചെയ്തു. സമൂഹഅടുക്കളകളായിരുന്നു അതിലൊന്ന്. 192 ഊരുകളിലായി അത്രയുംതന്നെ സമൂഹഅടുക്കളകള്‍ ആരംഭിക്കുകയും അവയുടെ ചുമതല പ്രത്യേകതദ്ദേശസമിതികളെ ഏല്‍പിക്കുകയും ചെയ്തതോടെ ശിശുമരണം കേട്ടുകേള്‍വി മാത്രമായിമാറി. ആയിരംകോടിയോളംരൂപയുടെ പദ്ധതിയാണ് സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചത്. 102 ജീവനക്കാരെ 3 പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്ക് നിയമിച്ചു. ഗര്‍ഭിണികളായ അമ്മമാര്‍ക്ക് പ്രസവംവരെ പ്രത്യേകപരിചരണത്തിനായി കേന്ദ്രങ്ങള്‍ ആരംഭിക്കുക, യുവതീയുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുക, ചെറുധാന്യകൃഷി പ്രോല്‍സാഹിപ്പിക്കുക തുടങ്ങി മുപ്പതോളം പദ്ധതികളാണ് യു.ഡി.എഫ്-യ.പി.എ സര്‍ക്കാരുകള്‍ചേര്‍ന്ന ്ആരംഭിച്ചത്.
ഉദ്യോഗസ്ഥ-ജനപ്രതിനിധികളുടെ പ്രതിമാസഅവലോകനം നിര്‍ബന്ധമാക്കി. ഇവയെല്ലാം പിന്നീട് ഒന്നൊന്നായി നിലയ്ക്കുന്ന കാഴ്ചയാണ് കേരളംകണ്ടത്. സി.പി.എം നിയന്ത്രിതകുടുംബശ്രീകള്‍ക്ക് കൈമാറിയതോടെ ധാന്യങ്ങള്‍കിട്ടാതെ സമൂഹഅടുക്കള നാമമാത്രമായി. കോട്ടത്തറ ആശുപത്രിയുടെ ചിറകരിഞ്ഞ് ഇടതുപക്ഷത്തിന്റെ സഹകരണസ്ഥാപനമായ പെരിന്തല്‍മണ്ണയിലെ ഇ.എം.എസ്ആസ്പത്രിക്ക് പിണറായി സര്‍ക്കാര്‍ 12കോടിരൂപ സഹകരണഫണ്ടില്‍നിന്ന് കൈമാറി. ആറുകോടി രൂപകൂടി കൈമാറാനിരിക്കവെയാണ് ഇത് വിളിച്ചുപറഞ്ഞ ട്രൈബല്‍ഓഫീസറെ സസ്‌പെന്റു ചെയ്തത്. മാത്രമല്ല, സര്‍ക്കാരിന്റെ വീഴ്ചകള്‍ മാധ്യമങ്ങളോട് പറയരുതെന്ന് കഴിഞ്ഞമൂന്നിന് ഡി.എം.ഒമാരോട് മുമ്പ് മാധ്യമപ്രവര്‍ത്തകയായിരുന്ന ആരോഗ്യമന്ത്രി വീണജോര്‍ജ് ഉത്തരവിട്ടു. പോഷകാഹാരക്കുറവും പൂര്‍ണഗര്‍ഭിണികള്‍ നൂറിലധികം കിലോമീറ്ററുകള്‍താണ്ടി യാത്രചെയ്യാനിടയായതുമാണ് ശിശുമരണം വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന്. കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും തൂക്കം തീരെകുറയുന്നു. മുമ്പ് നിരാഹാരംവരെ നടത്തിയ മുന്‍എം.പിയും നിലവിലെ സ്പീക്കറുമായ എം.ബി രാജേഷും മുന്‍പട്ടികവിഭാഗക്ഷേമമന്ത്രി എ.കെ ബാലനും പുതിയസാഹചര്യത്തില്‍ ഉരുണ്ടുകളിക്കുകയാണ്.
ഇല്ലാത്തയോഗത്തിന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് കബളിപ്പിച്ച് താന്‍ സൂപ്രണ്ടായ ആശുപത്രി ആരോഗ്യമന്ത്രി സന്ദര്‍ശിച്ചതിനെതിരെ ഡോ. പ്രഭുദാസ് പൊട്ടിത്തെറിച്ചത് ക്ഷമയുടെ നെല്ലിപ്പടി കണ്ടതുകൊണ്ടാകണം.എങ്കിലും എന്തുകൊണ്ട് ഇത്രയുംമരണംവരെ അദ്ദേഹം കാത്തുനിന്നുവെന്നതിന് ഉത്തരംവേണം. ഉപകരണങ്ങള്‍ നല്‍കാതെയും നല്‍കിയാല്‍തന്നെ മതിയായ ഡോക്ടര്‍മാരെയും ജീവനക്കാരെയും അനുവദിക്കാതെയും തന്നെ അഴിമതിക്കാരനാക്കാനാണ് മന്ത്രിയും ആരോഗ്യവകുപ്പിലെ ഉന്നതരും ശ്രമിക്കുന്നതെന്നാണ് അട്ടപ്പാടി ആരോഗ്യവകുപ്പ് നോഡല്‍ഓഫീസര്‍കൂടിയായ ഡെപ്യൂട്ടി ഡി.എം.ഒ പറയുന്നത്. 2007ല്‍ മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരംനേടിയയാളാണ് ഈ ഭിഷഗ്വരന്‍. ഇന്നലെ യു.ഡി.എഫ്‌സംഘം എത്തുന്നതിനുമുമ്പ് കാണിച്ച നാടകംമാത്രമായിരുന്നു മന്ത്രിയുടെ ശനിയാഴ്ചത്തെ മിന്നല്‍സന്ദര്‍ശനം. യു.ഡി.എഫ് വിലയിരുത്തിയതുപോലെ വകുപ്പുകളുടെ കൊടിയഅനാസ്ഥയും മുഖ്യമന്ത്രിയുടെ മൗനവുമല്ല ഇവിടെ വേണ്ടത്, കൃത്യവും സമയബന്ധിതവും അതിസൂക്ഷ്മവുമായ ഇടപെടലുകളാണ്. മുമ്പ് അട്ടപ്പാടിയെ ‘സോമാലിയ’ എന്നുവിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ തീരാകണ്ണീരിന് ഉത്തരവാദിയാണ്.