Connect with us

kerala

ഉത്ര വധം വിധി നാളെ;കേസിന്റെ നാള്‍ വഴികള്‍ ഒറ്റനോട്ടത്തില്‍

അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജ് . ശിക്ഷ വിധി നാളെ പ്രസ്താവിക്കും. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.

Published

on

കേരളത്തെ പാടെ നടുക്കിയ ഉത്ര വധത്തിന്റെ വിധി നാളെ പുറത്തുവരും.അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എം.മനോജ് . ശിക്ഷ വിധി നാളെ പ്രസ്താവിക്കും. കൊലപാതകം, കൊലപാതക ശ്രമം, തെളിവ് നശിപ്പിക്കല്‍ തുടങ്ങി എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതെന്നും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണ്. സ്വന്തം ഭാര്യ ആസ്പത്രി കിടക്കയില്‍ വേദന കൊണ്ട് നിലവിളിക്കുമ്പോള്‍ പ്രതി മറ്റൊരു കൊലപാക പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. കേസില്‍ സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാകണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ആദ്യ കേസാണിത്. പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും, ഡെമ്മി പരീക്ഷണവും ഉള്‍പ്പെടെ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്

കേസിന്റെ നാള്‍ വഴികള്‍

2018 മാര്‍ച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാര്‍ച്ച് 2 ഉത്രക്ക് ആദ്യം പാമ്പുകടി ഏല്‍ക്കുന്നു, അണലിയെ കൊണ്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ 22 വരെ തിരുവല്ല പുഷ്പഗിരി ആസ്പത്രിയില്‍ ചികിത്സയില്‍

ഏപ്രില്‍ 22ന് ഉത്രയുടെ അഞ്ചല്‍ ഏറത്തുള്ള വീട്ടിലേക്ക്

ഏപ്രില്‍ 22 നും മെയ് 7 നും ഇടയില്‍ സൂരജ് അവിടേക്ക് ഇടയ്ക്കിടെ സന്ദര്‍ശനം

മെയ് ആറിന് അവസാനം സൂരജ് വീട്ടിലെത്തി

മെയ് ഏഴിന് ഉത്രയുടെ മരണം അന്ന് മുതല്‍ തന്നെ വീട്ടുകാര്‍ക്ക് സംശയം

മെയ് ഏഴിന് തന്നെ അസ്വാഭാവിക മരണത്തിന് പൊലിസ് കേസെടുത്തു

മെയ് 12ന് വീട്ടുകാര്‍ പൊലിസ് നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെടുന്നു

മെയ് 19 ന് ഉത്രയുടെ അച്ഛനും അമ്മയും ചേര്‍ന്ന് റൂറല്‍ എസ്.പി ഹരിശങ്കറിന് പരാതി നല്‍കി

മെയ് 23 സൂരജിന് മൂര്‍ഖനെ നല്‍കിയ സുരേഷ് അറസ്റ്റില്‍, തൊട്ടുപിന്നാലെ സൂരജും

ജൂലൈ 7ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി ജി.മോഹന്‍ രാജിനെ നിയമിച്ചു

ജൂലൈ 14ന് തെളിവെടുപ്പിനിടെ സൂരജിന്റെ പരസ്യ കുറ്റസമ്മതം ‘ ഉത്രയെ കൊന്നത് ഞാന്‍ തന്നെ ‘

ജൂലൈ18ന് ഉത്രയുടെ ആന്തരിക അവയവങ്ങളില്‍ മൂര്‍ഖന്റെ വിഷത്തോടൊപ്പം മയക്കുഗുളികളും

ജൂലൈ 28 സൂരജിന് പാമ്പിനെ നല്‍കിയ സുരേഷിനെ മാപ്പ് സാക്ഷിയാക്കി.

ജൂലൈ30 കൊലപാതകം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു.

2020 ഓഗസ്റ്റ് 14 പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

2021 ഒക്ടോബര്‍ 11ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തി

 

കേസില്‍ നിര്‍ണായകമായത് ഡമ്മി പരിശോധന

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ പ്രതി സൂരജ് യുവതിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന കണ്ടെത്തല്‍ കോടതിക്കു മുന്നില്‍ തെളിയിക്കാന്‍ ഡമ്മി പരിശോധന എന്ന ആശയമാണ് പൊലീസ് നടപ്പാക്കിയത്. യഥാര്‍ഥ പാമ്പിനെ ഉപയോഗിച്ച് നടത്തിയ ആ പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് ഉത്ര വധക്കേസിലെ സുപ്രധാനമായ തെളിവായി കോടതിക്ക് മുന്നിലെത്തിയത്.

കൊല്ലപ്പെട്ട ഉത്രയോളം ഭാരമുളള ഡമ്മിയിലാണ് മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ ഉപയോഗിച്ച് പൊലീസ് പരിശോധന നടത്തിയത്. കട്ടിലില്‍ കിടത്തിയിരുന്ന ഡമ്മിയിലേക്ക് പാമ്പിനെ കുടഞ്ഞിട്ടായിരുന്നു ആദ്യ പരിശോധന. പക്ഷേ ഡമ്മിയില്‍ പാമ്പ് കൊത്തിയില്ല. പിന്നീട് ഡമ്മിയുടെ വലം കൈയ്യില്‍ കോഴിയിറച്ചി കെട്ടിവച്ച ശേഷം പാമ്പിനെ പ്രകോപിപ്പിച്ചു. എന്നിട്ടും പാമ്പ് കടിച്ചില്ല. ഇറച്ചി കെട്ടിവച്ച ഡമ്മിയുടെ വലം കൈ കൊണ്ട് പാമ്പിനെ തുടര്‍ച്ചയായി അമര്‍ത്തി നോക്കി. അപ്പോള്‍ മാത്രമായിരുന്നു പാമ്പ് ഡമ്മിയില്‍ കടിച്ചത്. ഈ കടിയില്‍ ഇറച്ചി കഷണത്തിലുണ്ടായ മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുണ്ടായ അകലം 1.7 സെന്റീമീറ്ററാണെന്നും വ്യക്തമായി. പിന്നീട് പാമ്പിന്റെ ഫണത്തില്‍ മുറുക്കെ പിടിച്ച് ഡമ്മിയില്‍ കടിപ്പിച്ചു. ഈ കടിയില്‍ പല്ലുകള്‍ക്കിടയിലെ അകലം 2 സെന്റീ മീറ്ററിലധികമായി ഉയര്‍ന്നു. ഉത്രയുടെ ശരീരത്തിലുണ്ടായിരുന്ന മുറിവിലും പാമ്പിന്‍ പല്ലുകള്‍ക്കിടയിലെ അകലം രണ്ട് മുതല്‍ രണ്ട് ദശാംശം എട്ട് സെന്റീമീറ്റര്‍ വരെയായിരുന്നു. ഒരാളെ സ്വാഭാവികമായി പാമ്പ് കടിച്ചാലുണ്ടാകുന്ന മുറിവില്‍ പാമ്പിന്റെ പല്ലുകള്‍ തമ്മിലുളള അകലം എപ്പോഴും 2 സെന്റി മീറ്ററില്‍ താഴെയായിരിക്കും. എന്നാല്‍ ഫണത്തില്‍ പിടിച്ച് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചതിനാലാണ് ഉത്രയുടെ ശരീരത്തില്‍ കണ്ട മുറിവുകളിലെ പാമ്പിന്റെ പല്ലുകള്‍ക്കിടയിലുളള അകലം ഇതിലും ഉയര്‍ന്നത്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പട്ടാമ്പിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്.

Published

on

പട്ടാമ്പി വാടാനാംകുറുശ്ശിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ പൊയിലൂർ സ്വദേശി തഴത്തെതിൽ മുഹമ്മദലിയുടെ മകൻ 21 വയസുകാരനായ അമീനാണ് മരിച്ചത്. പട്ടാമ്പി കുളപ്പുള്ളി പാതയിൽ വാടാനംകുറുശ്ശി വില്ലേജ് പരിസരത്ത്  രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്.

വാടാനംകുറുശ്ശിയിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും പട്ടാമ്പിയിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. ഓങ്ങല്ലൂരിലെ പലചരക്ക് കടയിലെ ജീവനക്കാരനാണ് അമീൻ.

രാവിലെ കടയിലേക്ക് ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. പരുക്കേറ്റ അമീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം അടക്കം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Continue Reading

kerala

കളഞ്ഞു പോയ താക്കോല്‍ അന്വേഷിച്ചിറങ്ങിയ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്. 

Published

on

ആള്‍ത്താമസമില്ലാത്ത വീട്ടുവളപ്പില്‍ വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞനിലയില്‍. പത്ര ഏജന്റായ കൊട്ടിയം സ്വദേശി ജി ബാബുവാണ് (65) മരിച്ചത്. കൊട്ടിയം-മയ്യനാട് റോഡില്‍ സര്‍ക്കാരിന്റെ ട്രാന്‍സിസ്റ്റ് ഹോമിന് എതിര്‍വശത്തുള്ള വീട്ടുവളപ്പിൽ ബുധനാഴ്ച 11 മണിയോടെയാണ് മൃതദേഹം കാണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ വീട്ടിൽ നിന്ന് പോയ ബാബു പിന്നീട് കാണാതാവുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ പത്ര വിതരണത്തിന് ശേഷം ഇദ്ദേഹം ഒന്‍പതരയോടെ വീട്ടിലെത്തി വിശ്രമിച്ച ശേഷം പത്രത്തിന്റെ വരിസംഖ്യ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. കൊട്ടിയം ജങ്ഷനടുത്തുള്ള ജന്‍ധന്‍ മെഡിക്കല്‍ സ്റ്റോറിന് സമീപം സ്‌കൂട്ടര്‍ വെച്ച ശേഷം നടന്നാണ് പിരിവിന് പോയത്.

വൈകീട്ട് മൂന്നോടെ വീട്ടില്‍ മടങ്ങിയെത്തിയെങ്കിലും സ്‌കൂട്ടറിന്റെ താക്കോല്‍ കളഞ്ഞു പോയതിനാൽ അത് തിരക്കി പുറത്തുപോയ ബാബു പിന്നീട് മടങ്ങിയെത്തിയില്ല. രാത്രി വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലര്‍ച്ചെ പത്രക്കെട്ടുകള്‍ വരുന്ന സമയം മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും വന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു.

ബുധനാഴ്ച രാവിലെ കൊട്ടിയത്തെ ബാങ്കില്‍ പത്രം നല്‍കിയ ശേഷം നടന്നുവരുകയായിരുന്ന ഭാര്യയാണ് വീടിനടുത്ത് ആള്‍ത്താമസമില്ലാതെ ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന വീടിനോട് ചേര്‍ന്ന് മൃതദേഹം കണ്ടത്. വീട്ടിലെത്തിയ ശേഷം മകനെ വിളിച്ചുവരുത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. കൊട്ടിയം പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കലോത്സവത്തിനിടെ ദ്വയാർഥ പ്രയോഗം; റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ്

റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി.

Published

on

സ്കൂൾ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാർത്ഥിനിയോട് ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്. റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ അരുണ്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ഡി.ജി.പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് പരാതിയില്‍ കേസെടുത്തത്. റിപ്പോര്‍ട്ടര്‍ ഷഹബാസാണ് കേസിലെ രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോര്‍ട്ടറാണ് കേസിലെ മൂന്നാം പ്രതി.

നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തിരുന്നു. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്നായിരുന്നു കേസ്. അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത സ്റ്റോറിയുടെ ഉള്ളടക്കം. മണവാട്ടിയായി മത്സരിച്ച വിദ്യാര്‍ത്ഥിനിയോട് റിപ്പോര്‍ട്ടര്‍ പ്രണയത്തോടെ സംസാരിക്കുന്നതും നോക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

പിന്നീട് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച റിപ്പോര്‍ട്ടറോടും മറ്റു സഹപ്രവര്‍ത്തകരോടും വിദ്യാര്‍ത്ഥിയെ കുറിച്ച് ദ്വയാര്‍ത്ഥ പ്രയോഗത്തോടെ ചോദിക്കുകയും പരസ്പരം കളിയാക്കുകയും ചെയ്യുന്ന ചര്‍ച്ചകളും റിപ്പോര്‍ട്ടര്‍ ടി.വി സംപ്രേക്ഷണം ചെയ്തിരുന്നു.

പ്രസ്തുത സംഭവത്തെ അടിസ്ഥാനമാക്കിയാണ് ബാലാവകാശ കമ്മീഷനും ഇപ്പോള്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വ്യാപകമായി വിമര്‍ശനവും ഉയര്‍ന്നിരുന്നു.ദ്വയാര്‍ത്ഥ പ്രയോഗത്തില്‍ അരുണ്‍ കുമാറും റിപ്പോര്‍ട്ടര്‍ ചാനലും വിദ്യാര്‍ത്ഥിയോടും പൊതുസമൂഹത്തോടും മാപ്പ് പറയണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

Continue Reading

Trending