Connect with us

kerala

ആരോഗ്യ നിരീക്ഷണ സംവിധാനം ഒരുക്കണം-എഡിറ്റോറിയല്‍

നിയന്ത്രണങ്ങള്‍ നീക്കിയെന്നതുകൊണ്ട് കോവിഡ് ഭീഷണി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല.

Published

on

കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സജീവ ജീവിതത്തിലേക്കുള്ള വാതിലുകള്‍ സര്‍ക്കാര്‍ മലര്‍ക്കെ തുറക്കുകയാണ്. വിദ്യാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതോടൊപ്പം ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കിക്കഴിഞ്ഞു. ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും നീന്തല്‍കുളങ്ങളും തുറക്കും. വീടിന് പുറത്തിറങ്ങാനും സ്വതന്ത്രമായി സഞ്ചരിക്കാനും ഇനിമുതല്‍ വിലക്കുകളൊന്നുമില്ല. കോവിഡ് വ്യാപനനിരക്ക് കുറഞ്ഞുതുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ നീക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. പക്ഷേ, കോവിഡ് നിരക്ക് ഇപ്പോഴും 15,000ത്തിന് മുകളിലാണ്. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ രോഗ ഭീഷണി കുറയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരെയും കോവിഡ് ബാധിക്കുന്നുണ്ടെങ്കിലും രോഗ തീവ്രതയും മരണനിരക്കും കുറവാണെന്നാണ് റിപ്പോര്‍ട്ട്. ഒന്നര വര്‍ഷത്തിലേറെയായി തളച്ചിടപ്പെട്ട ജീവിതം വീണ്ടും സജീവമാകുന്നുവെന്നത് ആശ്വാസകരവും ആഹ്ലാദകരവുമാണ്. പക്ഷേ, നിയന്ത്രണങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ച് പുറത്തിങ്ങുമ്പോള്‍ പൊതുജനവും സര്‍ക്കാരും ഒരുപോലെ ചില യാഥാര്‍ത്ഥ്യങ്ങളെ ഉള്‍ക്കൊള്ളുന്നത് നല്ലതായിരിക്കും.

നിയന്ത്രണങ്ങള്‍ നീക്കിയെന്നതുകൊണ്ട് കോവിഡ് ഭീഷണി അവസാനിച്ചുവെന്ന് അര്‍ത്ഥമാക്കേണ്ടതില്ല. മനുഷ്യജീവിതത്തെ കടന്നാക്രമിക്കാന്‍ തക്കംപാര്‍ത്ത് കോവിഡ് ഭീകരന്‍ നമുക്ക് ചുറ്റും സജീവമായി നില്‍ക്കുന്നുണ്ട്. കോവിഡ് വൈറസിനെ ഉന്മൂലനം ചെയ്യുന്ന വാക്‌സിന്‍ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ശരീരത്തിന് പ്രതിരോധശേഷി കിട്ടുമെന്നും രോഗതീവ്രത കുറയുമെന്നുമാണ് വാക്‌സിന്‍ കമ്പനികള്‍ മുന്നോട്ടുവെക്കുന്ന പ്രധാന വാഗ്ദാനങ്ങള്‍. അപകടകരമായ സാഹചര്യങ്ങളെ മറികടക്കാമെന്നതുകൊണ്ട് വാക്‌സിനേഷന്‍ അനിവാര്യവുമാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതോടൊപ്പം പ്രതിരോധ സംവിധാനങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അനാസ്ഥയുടെ ദുരന്തം രാജ്യം അനുഭവിച്ചതാണ്. രണ്ടാം തരംഗത്തില്‍ രാജ്യം മുഴുക്കെയും രോഗശയ്യയില്‍ വീണത് വിസ്മരിക്കാനാവില്ല. കേരളത്തിന് ഇനിയും രോഗമുക്തിയായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്് കേരളത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അവകാശവാദങ്ങളുന്നയിക്കുകയും സ്വയം കയ്യടിക്കുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിനാണ് ഈ ദുര്‍ഗതിയെന്ന് ഓര്‍ക്കണം. മൂന്നാമതൊരു തരംഗത്തെ നേരിടാനുള്ള ശേഷി രാജ്യത്തിനില്ല. അപകട സാഹചര്യങ്ങള്‍ മുന്‍കൂട്ടി കാണാനും അതനുസരിച്ച് മുന്നോട്ടുപോകാനുമുള്ള സംവിധാനങ്ങള്‍ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ ഒരുക്കേണ്ടതുണ്ട്. പകര്‍ച്ചവ്യാധികളെ നിരന്തരം നിരീക്ഷിക്കുകയും കൃത്യമായി കണ്ടെത്തി ചികിത്സയൊരുക്കുകയുമാണ് പ്രധാനം. മനുഷ്യനെ മഹാമാരികള്‍ വിടാതെ പിന്തുടരുന്നുണ്ടെന്നത് സത്യമാണ്. ചൈനയില്‍ കോവിഡ് വ്യാപനം മുന്‍കൂട്ടി കണ്ട് പ്രതിരോധ മാര്‍ഗങ്ങള്‍ സംവിധാനിക്കുന്നതിലുണ്ടായ പരാജയത്തിന്റെ തിക്തഫലമാണ് ഇപ്പോള്‍ ലോകം അനുഭവിക്കുന്നത്. കോവിഡ് കൂടുതല്‍ ശക്തിയാര്‍ജിക്കാനും പുതിയ വകഭേദങ്ങള്‍ വരാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ആധുനികവത്കരിക്കുകയും ചികിത്സാസൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. രാജ്യത്തെ എല്ലാ ജില്ലകളിലും മഹാമാരികളെ തടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതോടൊപ്പം ലബോറട്ടറികള്‍ ശക്തിപ്പെടുത്തുകയും വേണം. നിപ്പ പോലുള്ള രോഗങ്ങള്‍ കണ്ടെത്താന്‍ സാമ്പിളുകള്‍ ദൂരെ ദിക്കുകളിലേക്ക് അയച്ച് ഫലത്തിന് കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാക്കേണ്ടിയിരിക്കുന്നു. നിപ്പ വൈറസ് പരിശോധനക്ക് പൂനയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി തന്നെയാണ് ഇപ്പോഴും കേരളത്തിന് ആശ്രയം. സംസ്ഥാനത്ത് അതിനുള്ള സൗകര്യം ഒരുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. മാരക രോഗങ്ങളുടെ പരിശോധനകള്‍ വൈകുന്നത് ചികിത്സയേയും പ്രതിരോധ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. രാജ്യത്തെ ഏതെങ്കലും പ്രദേശത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നേരിടുന്നതിനുള്ള സംവിധാനങ്ങള്‍ ഇനിയും ആയിട്ടില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള വന്‍കിട നഗരങ്ങള്‍ വീര്‍പ്പുമുട്ടിയത് ശാസ്ത്രീയമായ ആരോഗ്യ ആസൂത്രണത്തിന്റെ അപര്യാപ്തതക്കുള്ള തെളിവാണ്.

നിരീക്ഷണ-മുന്നറിയിപ്പ് സൗകര്യങ്ങളോടുകൂടിയ വലിയൊരു രോഗപ്രതിരോധ സംവിധാനം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ആദ്യഘട്ടത്തില്‍ കോവിഡ് വ്യാപനം കണ്ടെത്തി പ്രതിരോധിക്കുന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ഏറെ പരാജയപ്പെട്ടിരുന്നു. കോവിഡ് ബാധിച്ച് എത്രപേര്‍ മരിച്ചുവെന്ന് കൃത്യമായി പറയാന്‍ പോലും അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഇതേ ചൊല്ലി ഇപ്പോഴും വിവാദങ്ങളും തര്‍ക്കങ്ങളും തുടരുകയാണ്. 2014നും 2019നുമിടക്ക് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പകര്‍ച്ചവ്യാധികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2015ല്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഒരുക്കേണ്ടതിന്റെ ആവശ്യകത ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അത്പക്ഷേ, ഭരണകൂടങ്ങള്‍ ഗൗരവത്തിലെടുത്തില്ല. രോഗം പടര്‍ന്നുപിടിച്ച് ജനങ്ങള്‍ ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നതിന്മുമ്പ് തന്നെ ഉറവിടം കണ്ടെത്തി തടഞ്ഞുനിര്‍ത്തണമെങ്കില്‍ വിപുലമായ ഒരുക്കങ്ങള്‍ അത്യാവശ്യമാണ്. ആരോഗ്യമേഖല അവഗണിച്ചു മാറ്റിനിര്‍ത്തേണ്ട ഒന്നല്ല. മെച്ചപ്പെട്ട ചികിത്സ സമ്പന്നര്‍ക്ക് മാത്രമായി പരിമിതപ്പെടുന്നത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. അതിനുവേണ്ടി ആരോഗ്യമേഖലയില്‍ ബജറ്റ് വിഹിതം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സജീവമായി പരിഗണിക്കേണ്ടതാണ്. ഇന്ത്യയിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ അവസ്ഥ ഏറെ ശോചനീയമാണ്. ആശുപത്രികളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുന്ന ഭീതിത സാഹചര്യമാണ് നിലവിലുള്ളത്. പഴയതും പുതിയതുമായ രോഗങ്ങള്‍ കൂടുതല്‍ വീര്യം വീണ്ടെടുത്ത് ആവിര്‍ഭവിക്കുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിരീക്ഷണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. ചില ഘട്ടങ്ങളില്‍ പൂര്‍ണമായി തടുത്തുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ പോലും ആക്രമണ തീവ്രത കുറയ്ക്കാനെങ്കിലും അത് ഉപകരിക്കും. ഏകോപിതവും ശാസ്ത്രീയവുമായ നീക്കങ്ങളുണ്ടായാല്‍ രോഗത്തെ ഉറവിടത്തില്‍ തന്നെ ഉന്മൂലനം ചെയ്യാം. ജീവിതത്തെ തകിടംമറിക്കാന്‍ മഹാമാരികള്‍ക്ക് സാധിക്കുമെന്ന് കോവിഡിലൂടെ ലോകം തിരിച്ചറിഞ്ഞികഴിഞ്ഞു. ഒരുപക്ഷേ, കൊടുങ്കാറ്റുകളേക്കാള്‍ പ്രഹരശേഷിയുണ്ട് അത്തരം രോഗങ്ങള്‍ക്ക്. ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതോടൊപ്പം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. വാക്‌സിനേഷന്റെ പ്രാധാന്യത്തില്‍ മാത്രമായി ആരോഗ്യ പ്രചാരണങ്ങള്‍ ഒതുങ്ങരുത്. ചുറ്റുമുള്ള രോഗാണുകളുടെ സ്വഭാവത്തെക്കുറിച്ചും അവ സജീവമാകാന്‍ സാധ്യതയുള്ള സാഹചര്യങ്ങളെക്കുറിച്ചും ബോധവത്കരിക്കേണ്ടതുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കെ.എഫ്.സിയുടെ വാദങ്ങളെല്ലാം വസ്തുത വിരുദ്ധം; 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ധനകാര്യമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല; വി.ഡി സതീശന്‍

കെ.എഫ്.സി ഈ വാര്‍ത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്

Published

on

തിരുവനന്തപുരം : കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയില്‍ ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

അതിന്റെ ഭാഗമാണ് കെ.എഫ്.സി എം.ഡി ഇറക്കിയ വര്‍ത്താക്കുറിപ്പ്. എന്നാല്‍ കെ.എഫ്.സി ഈ വാര്‍ത്താക്കുറിപ്പിലൂടെ അഴിമതി തുറന്നു സമ്മതിച്ചിരിക്കുകയാണ്. സംസ്ഥാനത്തിന് 101 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഇപ്പോഴത്തെ ധനകാര്യമന്ത്രിക്കും മുന്‍ ധനകാര്യമന്ത്രിക്കും ഒഴിഞ്ഞു മാറാനാകില്ല. അഴിമതിയില്‍ പങ്കുള്ളതുകൊണ്ടാണ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ അവര്‍ ഒളിച്ചോടുന്നതായും വി ഡി സതീശന്‍ വാര്‍ത്താ കുറിപ്പിലൂടെ പറഞ്ഞു.

നിക്ഷേപ തീരുമാനം നിയമം അനുസരിച്ചും ബോര്‍ഡിന്റെ അംഗീകാരത്തോടെയുമാണെന്ന കെ.എഫ്.സിയുടെ ആദ്യ വാദം തന്നെ പച്ചക്കള്ളമാണ്. എസ്.എഫ്.സി നിയമത്തിലെ സെക്ഷന്‍ 34 പ്രകാരം ബോര്‍ഡ് കാലാകാലങ്ങളില്‍ തീരുമാനിക്കുന്ന സെക്യൂരിറ്റികളില്‍ മാത്രമേ നിക്ഷേപിക്കാനാകൂ. എന്നാല്‍ നിക്ഷേപ സമാഹരണത്തിനായി 2016 ല്‍ ബോര്‍ഡ് എടുത്ത തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് 2018 ല്‍ അനില്‍ അംബാനി കമ്പനിയില്‍ നിക്ഷേപിച്ചതെന്നാണ് കെ.എഫ്.സി വിശദീകരിക്കുന്നത്. ഇതില്‍ നിന്നും അനില്‍ അംബാനിയുടെ കമ്പനിയില്‍ തന്നെ നിക്ഷേപിക്കാന്‍ കെ.എഫ്.സി ബോര്‍ഡ് തീരുമാനിച്ചിരുന്നില്ലെ വ്യക്തമാണ്. 2016 ഏപ്രില്‍ ഒന്നിനാണ് ആര്‍.സി.എല്‍ എന്ന കമ്പനിയില്‍ നിന്നും ആര്‍.സി.എഫ്.എല്‍ രൂപീകരിച്ചത്. 201 ജൂണില്‍ കെ.എഫ്.സി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് 2016 ഏപ്രിലില്‍ തുടങ്ങിയ രണ്ട് മാസം മാത്രം പ്രായമായ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയെന്നു പറയുന്നത് അരിയാഹാരം കഴിക്കുന്ന ആരെങ്കിലും വിശ്വസിക്കുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

കെ.എഫ്.സി നിക്ഷേപം നടത്തിയതിന് ശേഷമാണ് റേറ്റിംഗ് ഏജന്‍സികള്‍ ക്രെഡിറ്റ് വാച്ച് നല്‍കിയതെന്നും 2018 ജൂണിന് ശേഷമാണ് അംബാനിയുടെ സ്ഥാപനം തകരാന്‍ തുടങ്ങിയതെന്നുമുള്ള കെ.എഫ്.സിയുടെ വാദവും വസ്തുതാ വിരുദ്ധമാണ്. ആര്‍.സി.എഫ്.എല്ലില്‍ നിക്ഷേപിക്കുന്നതിന് രണ്ട് മാസം മുന്‍പ് കെയര്‍ റേറ്റിംഗ് ഏജന്‍സി ഇറക്കിയ പത്രകുറിപ്പില്‍ (2018 ജനുവരി 18) ആര്‍.സി.എഫ്എല്ലിന്റെ ‘Credit watch with developing implications’ എന്നാണ് ഫ്‌ളാഗ് ചെയ്തത്. പാരന്റല്‍ കമ്പനിയായ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റിഡിന്റെ ക്രെഡിറ്റ് റേറ്റിംഗും ഇതു തന്നെയായിരുന്നു. സഹോദര സ്ഥാപനമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനും കെയര്‍ ‘ഡി’ റേറ്റിംഗാണ് നല്‍കിയിരിക്കുന്നത്. എന്നിട്ടാണ് നിക്ഷേപം നടത്തുമ്പോള്‍ എല്ലാം ഭദ്രമായിരുന്നെന്ന് കെ.എഫ്.സി വാദിക്കുന്നത്. 2018 ജൂണിനു ശേഷം വിപണിയിലുണ്ടായ പ്രതിസന്ധികളും പ്രധാന NBFC കളുടെ തകര്‍ച്ചയും ആര്‍സിഎഫ്എല്ലിനെയും ബാധിച്ചതാണ് നിക്ഷേപത്തെ ബാധിച്ചതെന്ന കെ.എഫ്.സിയുടെ വാദവും ഇതോടെ പൊളിഞ്ഞിരിക്കുകയാണ്.

അതെസമയം ആര്‍.സി.എഫ്.എല്ലിലെ നിക്ഷേപം വാര്‍ഷിക റിപ്പോര്‍ട്ടില്‍ മറച്ചു വച്ചിട്ടില്ലെന്നു കെ.എഫ്.സി പറയുന്നതും നട്ടാല്‍ കുരുക്കാത്ത നുണയാണ്. 2018-19, 2019-20 വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ആര്‍.സി.എഫ്.എല്‍ എന്ന പേരേ ഇല്ലായിരുന്നു. 2019 ല്‍ അംബാനിയുടെ കമ്പനി പൂട്ടിയപ്പോള്‍ നില്‍ക്കക്കള്ളി ഇല്ലാതായപ്പോഴാണ് 2020- 21 ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍.സി.എഫ്.എല്ലിന്റെ പേര് ഉള്‍പ്പെടുത്തിയത്. നിക്ഷേപ തുക തിരിച്ചു കിട്ടാന്‍ നിയമ പോരാട്ടം നടത്തുമെന്നു കെ.എഫ്.സി പറയുന്നതും അപഹാസ്യമാണ്. ഏഴ് വര്‍ഷത്തെ പലിശ നഷ്ടപ്പെട്ടതിനു പുറമെ ഇനി കേസ് നടത്താന്‍ വക്കീലിനും കോടികള്‍ നല്‍കേണ്ടി വരും. സംസ്ഥാനത്തെ ജനങ്ങളുടെ പണം കമ്മീഷനു വേണ്ടി നഷ്ടപ്പെടുത്തിയിട്ട് ഇത്തരത്തില്‍ വസ്തുതാ വിരുദ്ധമായ ക്യാപ്‌സള്‍ ഇറക്കുന്നത് ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading

kerala

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം കലാ കിരീടം തൃശൂരിന്

ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി

Published

on

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആവേശമത്സരങ്ങള്‍ക്കൊടുവില്‍ സ്വര്‍ണകപ്പ് തൃശൂരിന്. ആകെ 1008 പോയിന്റുകളാണ് ജില്ല നേടിയത്. ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് 1007 പോയിന്റുകളുമായി രണ്ടാം സ്ഥാനം കരസ്തമാക്കി. 1003 പോയിന്റുമായി കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 26 വര്‍ഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994,1996,1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.

Continue Reading

kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്

Published

on

കോഴിക്കോട്: തിരുവമ്പാടിയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തിരുവമ്പാടി-കോടഞ്ചേരി റൂട്ടില്‍ തമ്പലമണ്ണയില്‍ പെട്രോള്‍ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

Trending