Connect with us

kerala

കോവിഡില്‍ പകച്ച് കേരളം; പിടിച്ചുകെട്ടി അയല്‍ക്കാര്‍

രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 64 ശതമാനവും നിലവില്‍ കേരളത്തിലാണ്

Published

on

ഹൈദരാബാദ്: കോവിഡിന്റെ രണ്ടാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിച്ച് കേരളമൊഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍. രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ കോവിഡ് രോഗികള്‍ ശരാശരി 20,000ത്തിന് മുകളിലുണ്ടായിരുന്ന തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാലിന് താഴെ മാത്രമാണ്. പുതുച്ചേരിയിലും സമാന സ്ഥിതിയാണുള്ളത്.

അതേ സമയം കോവിഡിന്റെ ആദ്യ തരംഗത്തെ ഫലപ്രദമായി പ്രതിരോധിച്ചെന്ന് അവകാശപ്പെട്ടിരുന്ന കേരളത്തില്‍ നിലവില്‍ പ്രതിദിന കേസുകള്‍ 31,445 ആണ്. ടി.പി.ആര്‍ ആവട്ടെ 19.03 ആയി ഉയര്‍ന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ സ്‌കൂളുകളും കോളജുകളും തുറക്കുകയോ. തുറക്കാന്‍ തയാറെടുപ്പ് നടത്തുകയോ ചെയ്തപ്പോള്‍ കേരളത്തില്‍ ഇതിനു പറ്റിയ സാഹചര്യം ഇനിയും കൈവന്നിട്ടില്ല. പകരം കോവിഡ് കേസുകളുടെ എണ്ണം പെരുകുകയാണ്. രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ 64 ശതമാനവും നിലവില്‍ കേരളത്തിലാണ്. ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിലവിലെ കോവിഡ് സ്ഥിതി ഇപ്രകാരമാണ്.

ആന്ധ്രപ്രദേശ്:

1248 പുതിയ കേസുകളാണ് ആന്ധ്രയില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 20,04,590 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത്. ഇന്നലെ 15 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13,750 ആയി. ചിറ്റൂര്‍, കൃഷ്ണ, ഈസ്റ്റ്, വെസ്റ്റ് ഗോദാവരി, നെല്ലൂര്‍, പ്രകാശം, കര്‍ണൂല്‍, ശ്രീകാകുളം ജില്ലകളിലായാണ് ഇപ്പോള്‍ സജീവ കോവിഡ് കേസുകള്‍ ഉള്ളത്. സജീവ കേസുകളുടെ എണ്ണത്തില്‍ രാജ്യത്ത് മൂന്നാമതാണെങ്കിലും നിലവില്‍ 13,667 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 19,77,163 പേര്‍ കോവിഡ് മുക്തരായ ആന്ധ്രയില്‍ കോവിഡ് മുക്തി നിരക്ക് ദേശീയ ശരാശരിയായ 97.6 ശതമാനത്തിനും മുകളിലാണ്. 98.6 ശതമാനമാണ് സംസ്ഥാനത്തെ കോവിഡ് മുക്തി നിരക്ക്.
ഇന്നലെ 58,890 പരിശോധനകള്‍ നടത്തിയ ആന്ധ്രയില്‍ നിലവില്‍ 2.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് സജീവ കേസുകള്‍ ഒരു ശതമാനമാണെങ്കില്‍ ആന്ധ്രയില്‍ ഇത് വെറും 0.7 ശതമാനം മാത്രമാണ്. ഇതുവരെ 2.62 കോടി പരിശോധനകളാണ് നടത്തിയത്. നിലവില്‍ രാത്രി 11 മുതല്‍ രാവിലെ ആറു മണിവരെയുള്ള നിശാ നിയന്ത്രണമാണ് സംസ്ഥാനത്തുള്ളത്. വിവാഹ, മത ചടങ്ങുകള്‍ക്ക് 150 പേരില്‍ കൂടുതല്‍ അനുവദിക്കുന്നില്ല. ഈ മാസം 16 മുതല്‍ സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കോവിഡ് നിയന്ത്രണത്തോടെ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്.

തെലങ്കാന:

ദക്ഷിണേന്ത്യയില്‍ കോവിഡ് കേസുകളുടെ കാര്യത്തില്‍ കാര്യമായ വര്‍ധനവുണ്ടാവാത്ത സംസ്ഥാനമാണ് തെലങ്കാന. ഇന്നലെ 389 പുതിയ കേസുകളും ഒരു മരണവുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 6276 സജീവ കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 6,55,732 പേര്‍ക്കാണ് തെലങ്കാനയില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 6,64,594 പേരും കോവിഡ് മുക്തരായി. 3862 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ജഗതിയാല്‍, കരീംനഗര്‍, നാല്‍ഗോണ്ട എന്നിവിടങ്ങളിലായി 16 കണ്ടെയന്‍മെന്റ് സോണുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. തെലങ്കാനയില്‍ മരണ നിരക്ക് 0.58 ശതമാനമാണ്. അതേ സമയം കോവിഡ് മുക്തി നിരക്ക് 98.45 ശതമാനമായും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്. 2.41 കോടി ജനങ്ങളെയാണ് തെലങ്കാനയില്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയത്. സംസ്ഥാനത്തെ അംഗന്‍വാടികളും സ്‌കൂളുകളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്തംബര്‍ ഒന്നു മുതല്‍ തുറക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കര്‍ണാടക:

കോവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ച കര്‍ണാടക സാധാരണജീവിതത്തിലേക്ക് തിരിച്ചുവന്നുകഴിഞ്ഞു. സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളോടെ തുറന്നു. വാണിജ്യകേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും സിനിമാതിയേറ്ററുകളും തുറന്നു. ബസുകളും മെട്രോ ട്രെയിനുമുള്‍പ്പെടെയുള്ള വാഹനഗതാഗതവും പുനരാരംഭിച്ചു. രാത്രി ഒമ്പതുമണിക്കു ശേഷമുള്ള കര്‍ഫ്യൂവും അതിര്‍ത്തി ജില്ലകളിലെ വാരാന്ത്യ കര്‍ഫ്യൂവുംമാത്രമാണ് ഇപ്പോള്‍ കാര്യമായുള്ള നിയന്ത്രണം. സംസ്ഥാനത്ത് പ്രതിദിന ടെസ്റ്റിങ് ടാര്‍ഗറ്റ് 1.75 ലക്ഷമാക്കിയിട്ടുണ്ട്. ഇന്നലെ 1259 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 29 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 29,41,026 പേര്‍ക്കാണ് കര്‍ണാടകയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 37,184 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം സ്ഥിരീകരിച്ച സംസ്ഥാനമാണ് കര്‍ണാടക. ഇതുവരെ 28,84,032 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്. 19784 സജീവ കേസുകളാണ് നിലവില്‍ കര്‍ണാടകയിലുള്ളത്. അതേ സമയം ടി.പി. ആര്‍ നിരക്ക് ഏറ്റവും കുറവുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക. 0.65 ശതമാനമാണ് ഇവിടുത്തെ ടി.പി.ആര്‍ നിരക്ക്. ഇന്നലെ 1,90,915 പേരെ പരിശോധിച്ചതോടെ സംസ്ഥാനത്ത് കോവിഡ് പരിശോധിച്ചവരുടെ എണ്ണം 4,22,62,303 ആയി. കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനം ഉയര്‍ന്നുനില്‍ക്കുന്നത് കണക്കിലെടുത്താണ് അതിര്‍ത്തിജില്ലകളില്‍ വാരാന്ത്യകര്‍ഫ്യൂ കര്‍ണാടക ഏര്‍പ്പെടുത്തിയത്. കേരളത്തിന്റെ അതിര്‍ത്തിജില്ലകളായ മൈസൂരു, കുടക്, ചാമരാജനഗര്‍, ദക്ഷിണ കന്നഡ ജില്ലകളിലും മഹാരാഷ്ട്രയുമായി അതിര്‍ത്തി പങ്കിടുന്ന ബെലഗാവി, വിജയപുര, കലബുറഗി, ബീദര്‍ ജില്ലകളിലുമാണിത്. വെള്ളിയാഴ്ച രാത്രി ഒമ്പതുമണിമുതല്‍ തിങ്കളാഴ്ച രാവിലെ അഞ്ചുമണിവരെയാണ് കര്‍ഫ്യൂ. സംസ്ഥാനവ്യാപകമായി ദിവസവുമുള്ള രാത്രികര്‍ഫ്യൂ രാത്രി ഒമ്പതുമുതല്‍ രാവിലെ അഞ്ചുവരെയാണ്. അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറന്നത്.
ഒമ്പതുമുതല്‍ 12 വരെ ക്ലാസുകളാണ് ആരംഭിച്ചത്. ഓരോ ക്ലാസിലെയും പകുതി കുട്ടികള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ലാസ്. െബഞ്ചില്‍ രണ്ടുകുട്ടികള്‍ക്കാണ് ഇരിക്കാന്‍ അനുമതി. 25 കുട്ടികളാണ് ഒരു ക്ലാസ് മുറിയില്‍. കോവിഡ് സ്ഥിരീകരണനിരക്ക് രണ്ടുശതമാനത്തിനുമുകളിലുള്ള ജില്ലകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ അനുവദിച്ചിട്ടുമില്ല. ചിക്കമംഗളൂരു, ഉഡുപ്പി, ദക്ഷിണകന്നഡ, കുടക്, ഹാസന്‍ ജില്ലകളില്‍ സ്‌കൂളുകള്‍ തുറന്നിട്ടില്ല. ബിരുദതലം മുതലുള്ള കോളജുകള്‍ മേയ് 26-മുതല്‍ തുറന്നു. ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം അനുവദിച്ചത്. ഇതിനുമുന്നോടിയായി കോളജ് വിദ്യാര്‍ഥികള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ജൂലൈ 19 മുതല്‍ സിനിമാതിയേറ്ററുകളും തുറന്നിട്ടുണ്ട്. പകുതിസീറ്റുകളിലെ ആളുകളെ പ്രവേശിപ്പിക്കൂ.

തമിഴ്‌നാട്:

കോവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. കേരളത്തില്‍ സാധാരണക്കാരനെ പൊലീസ് കോവിഡ് നിയന്ത്രണ ലംഘനമാരോപിച്ച് ഞെക്കിപ്പിഴിയുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത്തരം ആരോപണങ്ങള്‍ക്ക് ഇടവരുത്തരുതെന്ന് പൊലീസിന് സര്‍ക്കാറിന്റെ കൃത്യമായ നിര്‍ദേശമുണ്ട്. ജനത്തെ ദ്രോഹിച്ചുള്ള പൊലീസ് നിയന്ത്രണത്തിന് പകരം ആരോഗ്യ പ്രവര്‍ത്തകരാണ് കോവിഡ് നിയന്ത്രണം നടത്തുന്നത്. സിനിമാതിയേറ്ററുകളും ബീച്ചുകളും ഉള്‍പ്പെടെ വിനോദസ്ഥലങ്ങള്‍ സംസ്ഥാനത്ത് തുറന്നു. ഒമ്പതുമുതല്‍ 12 വരെ ക്ലാസുകള്‍ക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രതിദിന കേസുകള്‍ 37,500 വരെ ഉയര്‍ന്നിരുന്ന സംസ്ഥാനത്ത് കൃത്യമായ ആസൂത്രണത്തിലൂടെയാണ് ഇതിനെ മറികടന്നത്. മികച്ച പരിശോധനകള്‍, ചികിത്സാസൗകര്യം, കൂടുതല്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍, ആവശ്യത്തിനുള്ള ഓക്‌സിജന്‍ സംഭരണം തുടങ്ങിയവയൊക്കെ കോവിഡിനെ പിടിച്ചുകെട്ടാന്‍ ഏറെ ഗുണകരമായി. സ്വകാര്യ ആശുപത്രികളില്‍ വരെ കോവിഡ് ചികിത്സ സംസ്ഥാനത്ത് സൗജന്യമാക്കി. മെയ്് 14 മുതല്‍ രണ്ടാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ക്കശമാക്കിയതല്ലാതെ അമിതനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജനങ്ങളെ പ്രയാസപ്പെടുത്തിയില്ല. പരിശോധനകള്‍ ഗണ്യമായി വര്‍ധിപ്പിച്ചു. രോഗബാധിതരാകുന്നവരെയെല്ലൊം കണ്ടെത്തി ക്വാറന്റീനിലാക്കി. പത്തില്‍ക്കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ മറ്റുള്ളവരെയും കൂട്ടപരിശോധന്ക്ക് വിധേയമാക്കി. എല്ലാ രോഗബാധിതരെയും ആശുപത്രികളിലേക്കും കോവിഡ് കെയര്‍ സെന്ററുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ 1.6 ലക്ഷത്തിലേറെ പേര്‍ക്ക് പരിശോധനനടത്തി. കോവിഡ് വ്യാപനം കുറഞ്ഞപ്പോഴും പരിശോധനകള്‍ കുറച്ചില്ല. ഒരു വീട്ടില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഉടന്‍ എല്ലാവര്‍ക്കും പരിശോധന നടത്തും. ആര്‍.ടി. പി.സി. ആര്‍. മാത്രമാണ് തമിഴ്നാട്ടില്‍ നടത്തുന്നത്. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രത്യേക കേന്ദ്രങ്ങളിലും ഇതിനുള്ള സൗകര്യവുമുണ്ട്. 1585 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 27 മരണവും റിപ്പോര്‍ട്ട് ചെയ്തു. 26.04 ലക്ഷം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 34,761 മരണവും സ്ഥിരീകരിച്ചു. 18603 സജീവ കേസുകളാണ് നിലവില്‍ തമിഴ്‌നാട്ടിലുള്ളത്. 98.3 ശതമാനംപേര്‍ രോഗമുക്തി നേടി

പുതുച്ചേരി:

ഇന്നലെ 71 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ പുതുച്ചേരിയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,23,078 ആയി. ഇതില്‍ 1,20,509 പേര്‍ കോവിഡ് മുക്തി നേടി. 1809 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. 760 സജീവ കേസുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്. 3.15 ശതമാനമാണ് പുതുച്ചേരിയില്‍ ടി.പി.ആര്‍. കോവിഡ് മുക്തി നിരക്കാവട്ടെ 97.91 ശതമാനവും. സെപ്തംബര്‍ ഒന്നു മുതല്‍ 9-12 ക്ലാസുകളും കോളജുകളും തുറക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 50 ശതമാനം കുട്ടികളുമായി ഒന്നിടവിട്ട ദിവസങ്ങളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

13ാം വയസ്സുമുതല്‍ പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്

ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

Published

on

പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും മറ്റ് കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി മൊഴിയില്‍ പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്.

 

Continue Reading

kerala

ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന; യാത്രക്കാരെ സുരക്ഷിതരാക്കിയ ശേഷം ചികിത്സക്കിടെ ഡ്രൈവര്‍ മരിച്ചു

Published

on

കോട്ടക്കല്‍: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയ ഡ്രൈവര്‍ ചികിത്സക്കിടെ മരിച്ചു. പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ തൊട്ടിയില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കാദറാണ് (45) മരിച്ചത്. മഞ്ചേരി തിരൂര്‍ പാതയില്‍ ഓടുന്ന ടി.പി ബ്രദേഴ്‌സ് സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അബ്ദുല്‍ ഖാദര്‍. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്.

കണ്ടക്ടറോട് തല കറങ്ങുന്നതായി പറഞ്ഞതിന് പിന്നാലെ ഡ്രൈവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് സുരക്ഷിതമായി നിര്‍ത്തിയിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു.

 

Continue Reading

kerala

അപകടത്തെ തുടര്‍ന്ന് തര്‍ക്കം; അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്.

Published

on

അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാരും നാട്ടുകാരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയന്തിര ചികിത്സ ലഭിക്കാതെ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കല്ല്യാശ്ശേരി മോഡല്‍ പോളിടെക്‌നിക് കോളജ് വിദ്യാര്‍ത്ഥി പി ആകാശ് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.15 നാണ് അപകടം.

കോളജിലേക്ക് പോകുന്നതിനിടെ വിദ്യാര്‍ത്ഥി സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ തെന്നി മറിയുകയാടിരുന്നു. താഴെ വീണ വിദ്യാര്‍ത്ഥിയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങുകയുമായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ കാല്‍മണിക്കൂറോളം വിദ്യാര്‍ത്ഥി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. 15 മിനിറ്റ് വൈകിയാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചത്.

പയ്യന്നൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് ഇടിച്ചത്. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം പിന്നീട് ജാമ്യത്തില്‍ വിട്ടു.

 

 

Continue Reading

Trending