Connect with us

Video Stories

ലോക വേദികളില്‍ ഇന്ത്യയുടെ അന്തസ്

Published

on

എ.കെ ആന്റണി

ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപിടിക്കാന്‍ രാജ്യം അഹമ്മദ് സാഹിബിനെയായിരുന്നു നിയോഗിക്കാറുണ്ടായിരുന്നത്. അത് കശ്മീര്‍ വിഷയമാകട്ടെ, മറ്റ് സങ്കീര്‍ണമായ പ്രശ്‌നങ്ങളാവട്ടെ, അവയെല്ലാം യുക്തിഭദ്രമായി ലോക വേദികളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതായുണ്ട്.

ചില വിഷയങ്ങളില്‍ അദ്ദേഹം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ശുഷ്‌ക്കാന്തി പോരെന്ന് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോക വേദികളില്‍ അഹമ്മദ് സാഹിബ് ഇന്ത്യന്‍ താല്‍പര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കുമായിരുന്നു. അതിനി അദ്ദേഹത്തിനു വ്യക്തിപരമായി വിയോജിപ്പുള്ളതാണെങ്കിലും ശരി കൂട്ടായ തീരുമാനങ്ങളെ മാനിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കുമായിരുന്നു.

ലോക നേതാക്കളുമായി പ്രത്യേകിച്ചു അറബ് രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ തിളങ്ങുന്ന മുഖമായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയായിരിക്കെ അവിടങ്ങളിലെ ഉന്നത നേതൃത്വങ്ങള്‍ അദ്ദേഹത്തെ പറ്റി ചോദിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുകയാണ്. ഗള്‍ഫ് രാജ്യ തലവന്‍മാരുമായുള്ള ചങ്ങാത്തം മറ്റാരേക്കാളും സഹായകമായത് മലയാളികള്‍ക്കാണ്. നൂറുകണക്കിനു അനുഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. ഞാന്‍ തന്നെ പലപ്പോഴും നാട്ടില്‍ നിന്നും പ്രവാസികളുമായി ബദ്ധപ്പെട്ട ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഷയം വരുമ്പോള്‍ അഹമ്മദ് സാഹിബിനെ ബന്ധപ്പെടാറുണ്ടായിരുന്നു.

അതുപോലെ ഡല്‍ഹി മലയാളികളുടെ അഭയ കേന്ദ്രം കൂടിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഡല്‍ഹിയില്‍ അനുഭവിച്ചിരുന്ന പല പ്രധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഞാനോര്‍ക്കുന്നു. 2004 ലെ ഇലക്ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചു കറിയത് ഇ. അഹമ്മദ് മാത്രമായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയാണ് മുസ്‌ലിം ലീഗ്. അതിന്റെ ശക്തിയില്‍ ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. അതിന്റെ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമായിരുന്നു അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനം. അത് പാര്‍ട്ടിക്കു മാത്രമല്ല, മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും അതോടപ്പം അഹമ്മദ് സാഹിബിനും കൂടിയുള്ള അംഗീകാരമായിരുന്നു.

മതേതര പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്ത് മതേതര സത്ത ഉയര്‍ത്തിപ്പിടിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് കേന്ദ്ര ഗവണ്‍മെന്റ് കാണിച്ച അപമര്യാദയില്‍ അമര്‍ഷവുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചില ആരോഗ്യ കാരണങ്ങളാല്‍ പരിപാടികളില്‍ അധികമായി പങ്കെടുക്കാറില്ല. അവര്‍ക്ക് കൊടും തണുപ്പത്ത് അര്‍ധരാത്രി ആര്‍.എം.എല്‍ ഹോസ്പിറ്റലില്‍ കുത്തിയിരിക്കേണ്ടിവന്നു. അഹമ്മദ് സാഹിബിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നത് എത്ര പ്രതിഷേധാര്‍ഹമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

എങ്ങനെ സംഭവിച്ചു എന്നറിയാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു അവകാശമുണ്ട്, കേരളത്തിനു അവകാശമുണ്ട്. അത് പുറത്ത്‌കൊണ്ട് വരിക എന്നത് അദ്ദേഹത്തിന്റെ പാവന സ്മരണയോടുള്ള നമ്മുടെ കടപ്പാടുകൂടിയാണ്. അഹമ്മദ് സാഹിബിനെ പറ്റി മണിക്കൂറുകളോളം സംസാരിക്കാന്‍ എനിക്കു കഴിയും. അഹമ്മദ് സാഹിബിന്റെ പാവന സ്മരണക്കുമുന്നില്‍ തലകുനിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. (ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.
തയ്യാറാക്കിയത്: ഷംസീര്‍ കേളോത്ത്)

india

വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നു

കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു.

Published

on

ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും റെയിൽവേയിലെ ഉദ്യോഗം രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഇരുവരും ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. കോൺഗ്രസിൽ ചേരുന്നതിനു മുന്നോടിയായി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ഇരുവരും എത്തിയിരുന്നു. ഇവിടെ ഖാർഗെയുമായും കെ.സി. വേണുഗോപാലുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് വിനേഷും ബജ്‌രംഗും എഐസിസി ആസ്ഥാനത്ത് എത്തിയത്.

കായിക താരങ്ങൾക്കു നീതിക്കു വേണ്ടി പോരാടിയപ്പോൾ കോൺഗ്രസ് അവർക്കൊപ്പം ഉറച്ചുനിന്നതായി കെ.സി. വേണുഗോപാൽ പറഞ്ഞു. കർഷകർക്കു വേണ്ടിയും ഗുസ്തി താരങ്ങൾ പോരാടി. അവരുടെ ദേശസ്നേഹം വളരെ വലുതാണ്. അവരെ സ്വീകരിക്കുന്നതിൽ കോൺഗ്രസിന് അഭിമാനമുണ്ട്. രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്‌രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം. ഏത് പാർട്ടിയെ ആണ് വിശ്വസിക്കാൻ കഴിയുന്നതെന്ന് ഇരുവർക്കും തങ്ങളുടെ അനുഭവങ്ങളിലൂടെ അറിയാമെന്നും വേണുഗോപാൽ പറഞ്ഞു.

ഇരുവരുടെയും രാഷ്ട്രീയ പ്രവേശനത്തിൽ ഗുസ്തി താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടെന്നാണു വിവരം. ഇരുവരും കോൺഗ്രസിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നാണു സാക്ഷി മാലിക്കിന്റെ പ്രതികരണം. പല വാഗ്ദാനങ്ങളും രാഷ്ട്രീയ പാർട്ടികളിൽ നിന്നും ലഭിക്കും. തനിക്കും ഇത്തരത്തിൽ വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. തുടങ്ങിവച്ച ദൗത്യം അവസാനിപ്പിക്കരുത്. വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും എടുത്ത തീരുമാനം വ്യക്തിപരമാണെന്നും സാക്ഷി മാലിക്ക് പറയുന്നു.

സെപ്റ്റംബർ 4 ന് ന്യൂഡൽഹിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തിങ്കളാഴ്ച ചേർന്നതിനു പിന്നാലെയായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച.

Continue Reading

kerala

മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിന്? എസ്എഫ്‌ഐഒ അന്വേഷണം പൂര്‍ത്തിയാകാനിരിക്കെ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകള്‍ ടി. വീണ

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു.

Published

on

കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെസമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി ഏഴ്‌ മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.

നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.

എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല.

അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.

സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

Continue Reading

Video Stories

‘വർഗ്ഗവഞ്ചകരെ ഒരു കാരണവശാലും ഇനിയും പാർട്ടിയില്‍ വെച്ചു പൊറുപ്പിക്കരുത്’;പി ശശിക്കെതിരെ റെഡ് ആര്‍മി

ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

Published

on

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ ‘റെഡ് ആര്‍മി’. ഇക്കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികു പറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ശ്രമിച്ചയാളാണ് പി ശശിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ റെഡ് ആര്‍മി വിമര്‍ശിച്ചു.

ഉദ്യോഗസ്ഥര്‍ക്ക് ഓശാന പാടിയ വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയോ പാര്‍ട്ടിയില്‍ സ്ഥാനം നല്‍കുകയോ ചെയ്യരുതെന്ന് റെഡ് ആര്‍മി പറഞ്ഞു. നേരത്തെ പിജെ ആര്‍മി എന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജാണ് പേര് മാറ്റി റെഡ് ആര്‍മിയാക്കിയത്.

‘ഈ കാലമത്രയും പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ കുപ്പായത്തിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാര്‍ട്ടിയുടെ അടിവേര് പിഴുതെറിയാന്‍ ഇറങ്ങി തിരിച്ച എഡിജിപി അജിത് കുമാറിനെ പോലുള്ള പൊലീസ് ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കളെ, പാര്‍ട്ടീ സജീവ പ്രവര്‍ത്തനം നടത്തുന്ന പൊതുപ്രവര്‍ത്തകരെ, തെരുവിലും പൊലീസ്സ്റ്റേഷനുകളിലും പൊലീസ് തല്ലി ചതക്കുന്നതിന്, കള്ളകേസില്‍ കുടുക്കി ജയിലില്‍ അടക്കുന്നതിന്, ഇതുവരെയും പൊലീസിന് എല്ലാ സ്വാതന്ത്യവും അനുവദിച്ചു കൊടുത്ത, സ്വര്‍ണ്ണകടത്തും കൊലപാതകവും അടക്കം എഡിജിപിയുടെ നേതൃത്വത്തില്‍ ചെയ്തു കൂട്ടിയ ക്രിമിനല്‍ ചെയ്തികള്‍ക്ക് മൗനാനുവാദം നല്‍കിയ, പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേല്‍ അകാരണമായി കുതിരകേറാന്‍ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സര്‍ക്കാരിനെയും പാര്‍ട്ടിയെയും പൊതുജനങ്ങള്‍ക്ക് മുന്നില്‍ അങ്ങേയറ്റം അവഹേളിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് ഓശാനപാടിയ ഇതുപോലുള്ള വര്‍ഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണവശാലും ആ സ്ഥാനത്ത് തുടരാന്‍ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ തന്നെ വെച്ചു പൊറുപ്പിക്കരുത്,’ എഫ്ബി പോസ്റ്റില്‍ പറയുന്നു.

 

Continue Reading

Trending