ഒന്നരവര്‍ഷമായി നടത്തിവരുന്ന കൂട്ടക്കുരുതിക്കിടെ ഇസ്രാഈലിന് തിരിച്ചടി നല്‍കി ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് സംഘടനയായ ഹമാസ്. 72 മണിക്കൂറിനുള്ളില്‍ പത്ത് സയണിസ്റ്റ് സൈനികരെ കൊലപ്പെടുത്തിയതായി ഹമാസിന്റെ സായുധവിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസാം ബ്രിഗേഡ് അറിയിച്ചു. ആക്രമണം സംബന്ധിച്ച് അല്‍ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ ടെലിഗ്രാമില്‍ ആണ് വിവരങ്ങള്‍ പങ്കുവച്ചത്. ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ നടത്തുമ്പോഴും തങ്ങളുടെ പോരാളികള്‍ അധിനിവേശ സൈന്യത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അധിനിവേശ സൈനികര്‍ വടക്കന്‍ ഗാസ മുനമ്പില്‍ നിന്ന് അപമാനത്തോടെ പിന്‍വാങ്ങുമെന്ന് അബു ഉബൈദ പറഞ്ഞു. ഹമാസിനെ തകര്‍ക്കാന്‍ അധിനിവേശ സേനയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സയണിസ്റ്റ് സൈന്യം അവരുടെ നഷ്ടങ്ങളുടെ വ്യാപ്തി മറച്ചുവെക്കുകയാണെന്നും ഇസ്രാഈല്‍ സൈനിക നടപടിയുടെ ഏക ഫലം നിരപരാധികളുടെ കൂട്ടക്കൊലയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവം ഇസ്രാഈലും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം ഉണ്ടായ ആക്രമണത്തില്‍ 5 സൈനികരാണ് കൊല്ലപ്പെട്ടത്. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി നെതന്യാഹുവിന്റെ സൈന്യം അറിയിച്ചു. ഇതോടെ 15 മാസത്തിലേറെയായി ഗസ്സ മുനമ്പില്‍ കൊല്ലപ്പെട്ട അധിനിവേശസൈനികരുടെ എണ്ണം 407 ആയി ഉയര്‍ന്നു. തിങ്കളാഴ്ച കൊല്ലപ്പെട്ട സൈനികരെല്ലാം നഹല്‍ ബ്രിഗേഡിന്റെ രഹസ്യാന്വേഷണ യൂണിറ്റില്‍ സേവനമനുഷ്ഠിക്കുന്നവരായിരുന്നു.
കമാന്‍ഡര്‍ യാര്‍ യാക്കോവ് ഷുഷാന്‍ (23), സ്റ്റാഫ് സാര്‍ജന്റ് യാഹവ് ഹദാര്‍ (20), സ്റ്റാഫ് സാര്‍ജന്റ് ഗൈ കാര്‍മിയേല്‍ (20), സ്റ്റാഫ് സാര്‍ജന്റ് യോവ് ഫെഫെ (19), സ്റ്റാഫ് സാര്‍ജന്റ് അവിയല്‍ വൈസ്മാന്‍ (20) എന്നിങ്ങനെയാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടവരുടെ പേരുകള്‍ അവരുടെ പേര്. അഞ്ച് സൈനികരുടെയും കുടുംബങ്ങള്‍ക്ക് ഇതേകുറിച്ചുള്ള വിവരം നല്‍കിയതായും ഐ.ഡി.എഫ് അറിയിച്ചു. നഹല്‍ ബ്രിഗേഡിന്റെ രഹസ്യാന്വേഷണ യൂണിറ്റില്‍ നിന്നുള്ള സൈനികരുടെ സംഘം ഇന്നലെ രാവിലെ ബെയ്റ്റ് ഹനൗണ്‍ പ്രദേശത്ത് ആക്രമണം നടത്തുന്നതിനിടെയാണ് അല്‍ഖസാം ബ്രിഗേഡിന്റെ പ്രത്യാക്രമണം ഉണ്ടായത്.
ഇന്നലെ വടക്കന്‍ ഗസ്സയില്‍ മൂന്ന് ഇസ്രാഈല്‍ സൈനികരെയും ഹമാസ് കൊലപ്പെടുത്തിയിരുന്നു. ബീറ്റ് എലില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് മാറ്റിത്യാഹു യാക്കോവ് പെരെല്‍ (22), ബീറ്റ് ഷെമെഷില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് കനൂ കാസ (22), ബ്രൂച്ചിനില്‍ നിന്നുള്ള സ്റ്റാഫ് സാര്‍ജന്റ് നെവോ ഫിഷര്‍ (20) എന്നിവരാണ് കൊല്ലപ്പെട്ടത്.
അതേസമയം, കഴിഞ്ഞ പതിനഞ്ച് മാസത്തിലേറെയായി ഗസ്സയില്‍ ഇസ്രാഈല്‍ നടത്തിവരുന്ന കൂട്ടക്കുരുതിക്ക് അറുതിവരുത്തുന്നതിനായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലെത്തിനില്‍ക്കുകയാണ്. കരാറിന്റെ അന്തിമ കരട് ഇസ്രാഈലിനും ഹമാസിനും നല്‍കിയതായി മധ്യസ്ഥര്‍ അറിയിച്ചു. ഈ ആഴ്ച തന്നെ കരാര്‍ സാധ്യമാകുമെന്ന് ബൈഡന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നതായി വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ എന്നതാണ് കരാറിന്റെ കാതല്‍. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇതുസംബന്ധിച്ച രൂപം ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ഥാനി ഇരുവിഭാഗത്തിന് മുമ്പാകെ സമര്‍പ്പിച്ചു. യോഗത്തിന് ഹമാസിന്റെ പ്രതിനിധികളും ഇസ്രാഈല്‍ ചാരസംഘടനയായ മൊസാദിന്റെയും ആഭ്യന്തരരഹസ്യാന്വേഷണ ഏജന്‍സി ഷിന്‍ബെറ്റിന്റെയും ഉന്നതരും സംബന്ധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കരാറില്‍ വഴിത്തിരിവുണ്ടായതെന്നും ഇനിയുള്ള 24 മണിക്കൂര്‍ നിര്‍ണായകമായിരിക്കുമെന്നും ഖത്തര്‍ അറിയിച്ചു.
പ്രധാനവിഷയങ്ങളിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുള്ളതായി ഹമാസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ശേഷിക്കുന്ന കാര്യത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ അന്തിമതീര്‍പ്പിലെത്തുമെന്നാണ് കരുതുന്നതെന്നും ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു. കരാറിലെ വിവരങ്ങള്‍ ഇസ്രാഈല്‍ ഭരണകൂടത്തെ മൊസാദ് അറിയിച്ചതായി ഇസ്രാഈല്‍ റേഡിയോ റിപ്പോര്‍ട്ട്ചെയ്തു.
യു.എസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഈമാസം 20ന് അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള തീവ്രശ്രമങ്ങളാണ് നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ഖത്തറിന്റെയും ഈജിപ്തിന്റെയും മേല്‍നോട്ടത്തില്‍ മധ്യസ്ഥചര്‍ച്ചകള്‍ക്ക് ജീവന്‍വച്ചതും നടപടികള്‍ വേഗത്തിലാക്കിയതും. അതേസമയം, 24 മണിക്കൂറിനിടെ 42 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 2023 ഒക്ടോബറില്‍ തുടങ്ങിയ ആക്രമണം 464 ദിവസം പിന്നിട്ടതോടെ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46,584 ആയി.