Connect with us

More

മൊബൈല്‍ ആപ്പുകളിലെ വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാം?

വ്യാജന്മാർ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കൺ ചിത്രങ്ങൾ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്.

Published

on

ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാൽ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. പ്ളേ സ്റ്റോർ ആപ്പ് സ്റ്റോർ തുടങ്ങി പ്രമുഖ കമ്പനികളുടെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ കാണുന്നു എന്ന് കരുതി അവ നിയമാനുസൃതമുള്ള ആപ്പ് ആകണമെന്നില്ല. ഉപഭോക്താക്കളിൽ സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ കാഴ്ചയിലും പ്രവർത്തനത്തിലും ഒറിജിനൽ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകൾ. നമ്മെ അലോസരപ്പെടുത്തുന്ന രീതിയിൽ വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ അപ്പുകൾ നമ്മുടെ മൊബൈൽ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുകയും ചിത്രങ്ങൾ എടുക്കാനും പിൻ, പാസ്സ്‌വേർഡ് സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിനും കഴിയുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് യാഥാർത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കാറില്ല. വാട്സാപ്പ് തുടങ്ങിയ പ്രശസ്തമായ ആപ്പുകളെ പോലും അനുകരിക്കുന്ന രീതിയിലുള്ള വ്യാജന്മാരെ കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാത്തത് മൂലം പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇവ കാണപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഹാനികരമാകുന്ന രീതിയിൽ വ്യക്തികളുടെ ഐഡന്റിറ്റി വരെ വ്യാജ ആപ്പുകൾക്ക് ചോർത്താൻ കഴിയും.
സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. ചില ആപ്പുകൾ അതിന്റെ ഡവലപ്പറുടെ ബ്രാൻഡ് പേര് തന്നെ ആപ്പിന്റെ പേരായി ഉപയോഗിക്കാറുണ്ട്. ആപ്പിന്റെ പേരിൽ സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്കിയിട്ടുള്ളവയിൽ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്.
ഉപയോക്താക്കളുടെ മൊബൈലിൽ കൂടുതൽ നിയന്ത്രണങ്ങൾ നേടിയെടുക്കുന്നതിനായി ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകൾ യഥാർത്ഥ ആപ്പുകളേക്കാൾ കൂടുതൽ പെർമിഷനുകൾ ആവശ്യപ്പെടുന്നു.
അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നൽകുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നു.
ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്പറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌൺലോഡ് ചെയ്യാതിരിക്കുക.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷവും അതിന് മുൻപും, നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.
പ്ളേ / ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക. റേറ്റിങ് മനസിലാക്കുക. വ്യാജ ആപ്പിന് യൂസർ റിവ്യൂ ഉണ്ടാകില്ല. യഥാർത്ഥ ആപ്പിന് നൂറുകണക്കിന് റിവ്യൂ ഉണ്ടാകും.
ആപ്പുകൾ പ്ളേ സ്റ്റോറിൽ പബ്ലിഷ് ചെയ്ത തിയതി ശ്രദ്ധിക്കുക. വ്യാജ ആപ്പ് പബ്ലിഷ് ചെയ്തത് ഏറ്റവും അടുത്ത തിയതിയാവും. എന്നാൽ യഥാർത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തിയതി അപ്‌ഡേറ്റഡ് ആയിരിക്കും.
വ്യാജന്മാർ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കൺ ചിത്രങ്ങൾ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്. സംശയം തോന്നിയാൽ അവരുടെ വെബ്‌സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.
(കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പ്‌)

india

അദാനി കുടുങ്ങുമ്പോള്‍ ആപ്പിലാകുന്നത് മോദി

Published

on

സൗരോര്‍ജ്ജ വിതരണ കരാറുകള്‍ക്കായി 2029 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്ത സംഭവത്തില്‍ യു.എസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടതോടെ അദാനി ഗ്രൂപ്പും ഗൗതം അദാനിയും ആപ്പിലായിരിക്കുകയാണ്. യു.എസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യു.എസ് സെക്യൂരിറ്റിസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മിഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്സിക്യൂട്ടീവുകള്‍, അസൂര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. നരേന്ദ്രമോദിയുടെ ഉറ്റചങ്ങാതിയായ അദാനിക്കെതിരായ കേസ് മോദിക്കും കേന്ദ്രസര്‍ക്കാറിനും രാജ്യാന്തര തലത്തിലുണ്ടായ കനത്ത തിരിച്ചടിയാണെന്ന കാര്യത്തില്‍ സംശയമില്ല. കേസ് അമേരിക്കയിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്നതിനാല്‍ വിശേഷിച്ചും. ഈ തിരച്ചടി മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് സംഭവത്തില്‍ ഒരക്ഷരം ഉരിയാടാന്‍ പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാറോ തയാറാകാത്തത്. രാജ്യത്തുമാത്രമല്ല രാജ്യാന്തര തലത്തിലുമുള്ള അദാനിയുടെ വളര്‍ച്ച സംശയാസ്പദമാണെന്നത് അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ സഹായമാണ് ഇതിനുപിന്നിലെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. അദാനിക്കുപുറമെ അംബാനിയുള്‍പ്പെടെയുള്ള കുത്തകകളുടെ പരിലാളനയിലായിരുന്നു തുടക്കകാലത്ത് മോദിയുടെ പ്രയാണമെങ്കില്‍ പിന്നീട് ഇവരെപ്പോലും കൈയ്യൊഴിഞ്ഞ് അദാനിയെന്ന ഒറ്റപ്പേരിലേക്ക് മോദി ചുരുങ്ങുന്നതാണ് രാജ്യത്തിന് ദര്‍ശിക്കാന്‍ കഴിഞ്ഞത്.

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരെടുത്താല്‍ ആദ്യ സ്ഥാനത്ത് മുകേഷ് അംബാനിയും ഗൗതം അദാനിയും മാറി മാറി വരുന്ന പതിവാണ് ഇന്ന് നിലവിലുള്ളത്. കഴിഞ്ഞ അഞ്ചു വര്‍ഷം മുന്‍പ് സമ്പന്നതയില്‍ നാലാം സ്ഥാനം മാത്രമായിരുന്നു ഗൗതം അദാനിയുടേത്. ഇവിടെ നിന്നാണ് അദാനി അഞ്ചു വര്‍ഷം കൊണ്ട് ഒന്നാം സ്ഥാനം പിടിച്ചെടുത്തത്. ഈ അഞ്ചു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്‍ധന 10 ലക്ഷം കോടിക്ക് മുകളിലാണ്. മോദി ഓരോ രാഷ്ട്ര സന്ദര്‍ശനം കഴിഞ്ഞുവരുമ്പോഴും അവിടങ്ങളില്‍ അദാനിക്ക് കോടികളുടെ കരാര്‍ ലഭ്യമാകുന്നത് യാദൃശ്ചികമല്ലെന്ന് ചുരുക്കം. ഗൗതം അദാനി സംശയത്തിന്റെ നിഴലില്‍ അകപ്പെടുന്നത് ഇത് ആദ്യമൊന്നുമല്ല. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് തുറന്നുവിട്ട ഭൂതം അദാനിയെ വിഴുങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇന്ത്യയിലും ലോകത്തെ വിവിധ രാജ്യങ്ങളിലും ആഴത്തില്‍ വേരുന്നിയ അദാനിയുടെ വ്യവസായ സാമ്രാജ്യത്തെ വീഴ്ത്താന്‍ ഷോര്‍ട്ട് സെല്സെല്ലറായ ഹിന്‍ഡന്‍ ബര്‍ഗിന് സാധിച്ചില്ലെന്ന് മാത്രമല്ല, പ്രതിസന്ധിയില്‍ നിന്നും അവര്‍ കരകയറുകയും ചെയ്തു. എന്നാല്‍ ഇത്തവണ കേസ് ഇന്ത്യക്ക് പുറത്താണെന്നത് അദാനിയുടെ തിരിച്ചടിയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ട്. കേസ് വിവരം പുറത്തുവന്നയുടന്‍ തന്നെ കെനിയയെ പോലുള്ള രാജ്യങ്ങള്‍ കരാറുകളില്‍ നിന്നും പിന്മാറിയത് ഇതിന്റെ തെളിവാണ്. അതോടൊപ്പം ഉറ്റചങ്ങാതിയായ നരേന്ദ്രമോദി പിന്തുണയുമായി രംഗത്തെത്താത്തതും സംഭവത്തിന്റെ കിടപ്പുവശം ബോധ്യമുള്ളതുകൊണ്ട് തന്നെയാണ്. ആരോപണ വിധേയനൊപ്പം പരസ്യമായി നിലയുറപ്പിക്കുന്നത് ലോക രാജ്യങ്ങള്‍ക്കുമുന്നില്‍ കെട്ടിപ്പൊക്കിയ പ്രതിഛായയെ ചിട്ടുകൊട്ടാരംപോലെ തകര്‍ത്തുകളയുമെന്ന് മോദിക്കം നന്നായറിയാം. പ്രത്യേകിച്ച് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം ചേര്‍ന്നുനില്‍ക്കുന്ന അമേരിക്കയാണ് മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ മോദിയുടെ സ്വന്തക്കാരനായ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റെടുത്താല്‍ കേസിന്റെ ഭാവി എന്തായിരിക്കുമെന്നത് കണ്ടറിയേണ്ടതു തന്നെയാണ്.

ഏതായാലും ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിരന്തരമായി അദാനി – മോദി കൂട്ടുകെട്ടിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണ ശരങ്ങള്‍ക്കാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അടിവരയിടപ്പെട്ടിരിക്കുന്നത്. അദാനിക്കെതിരെ ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് ഒരുവര്‍ഷം മുമ്പുതന്നെ കോണ്‍ഗ്രസ് രംഗത്തുണ്ട്. ‘ഹം അദാനി കെ ഹേ’ എന്ന പരമ്പരയിലൂടെ അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള അടുപ്പം തുറന്നുകാണിക്കുന്ന നൂറോളം ചോദ്യങ്ങള്‍ കോണ്‍ഗ്രസ് ഉന്നയിക്കുകയുണ്ടായി. പുതിയ കേസിനു പിന്നാലെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അതിരൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്. ഏതായാലും അദാനിക്കെതിരായ ഈ കുറ്റപത്രം അദ്ദേഹത്തിനുമാത്രമല്ല, പ്രധാനമന്ത്രിക്കും അന്താരാഷ്ട്ര തലത്തില്‍ കനത്തതിരിച്ചടി സമ്മാനിക്കുമ്പോള്‍ എല്ലാ സമ്മര്‍ദങ്ങളെയും അതിജീവിച്ച് മോദി – അദാനി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കും ഇന്ത്യന്‍ നാഷണല്‍കോണ്‍ഗ്രസിനും നല്‍കുന്നത് വലിയ അംഗീകാരമാണ്.

 

 

 

 

Continue Reading

kerala

സ്വര്‍ണ്ണവില വിണ്ടും കുതിക്കുന്നു; പവന് ഇന്ന് കൂടിയത് 600 രൂപ

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇന്നും വര്‍ദ്ധന

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിക്കുന്നു.ഒരു പവന്‍ സ്വര്‍ണ്ണത്തിന് ഇന്ന് 600 രൂപയാണ് വര്‍ദ്ധിച്ചത്. 58,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.7,300 രൂപയുമാണ് ഒരു ഗ്രാമിന് ഇന്നത്തെ വിപണി നിരക്ക്. ഇന്നത്തെ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നികുതിയും പണിക്കൂലിയും ചേര്‍ത്ത് 60000 മുതല്‍ 65000 രൂപ വരെ നല്‍കേണ്ടി വരും.

നവംബര്‍ തുടങ്ങിയപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ മുത്തമിട്ടായിരുന്നു സ്വര്‍ണ്ണവിലയുടെ തുടക്കം. 59,080 രൂപയായിരുന്നു നവംബര്‍ ഒന്നിന് സ്വര്‍ണ്ണവില. ആഭരണ പ്രേമികള്‍ക്ക് ആശങ്ക പടര്‍ത്തിക്കൊണ്ടാണ് സംസ്ഥാനത്തെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നത്. ദീപാവലി കഴിഞ്ഞതോടെ വിലയില്‍ ഇളവ് ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്വര്‍ണവില തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

ഈ മാസം ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണ്ണവില വര്‍ദ്ധിച്ചിരിക്കുകയാണ്.

 

Continue Reading

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Trending