തയ്യില്‍ ബുഹാരി പരപ്പനങ്ങാടി
ഇന്നു നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ഇന്ത്യ ഉള്‍പ്പെടുന്ന ലോക രാഷ്ട്രങ്ങള്‍ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഭരണമാറ്റം ഉണ്ടാവുകയാണെങ്കില്‍ നയതന്ത്ര ബന്ധങ്ങള്‍, അന്താരാഷ്ട്ര വിഷയങ്ങളിലെ അമേരിക്കന്‍ നിലപാടുകള്‍, കോവിഡ് പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി, പാരിസ്ഥിതിക പ്രശ്നം തുടങ്ങി നിരവധി കാര്യങ്ങളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലോകം ഉറ്റുനോക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നാണ് യു.എസില്‍ നടക്കുന്നത്. രണ്ടാം ഊഴത്തിനായി കാത്തിരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക്കിന്റെ മുന്‍ യു.എസ് വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡനും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ 120 വര്‍ഷത്തെ യു.എസ് തെരഞ്ഞെടുപ്പില്‍ നാലു തവണയാണ് നിലവിലുള്ള പ്രസിഡന്റുമാര്‍ രണ്ടാമൂഴത്തിനായി മത്സരിച്ചപ്പോള്‍ തോറ്റിട്ടുള്ളത്.
രണ്ട് സഭകള്‍ കൂടിച്ചേര്‍ന്ന വൈറ്റ്ഹൗസിലേക്ക് ജനപ്രതിനിധി സഭയില്‍നിന്നും 435 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു വര്‍ഷം കൂടുമ്പോഴും ഉപരിസഭയായ 100 അംഗ സെനറ്റിന്റെ കാലാവധി ആറു വര്‍ഷവും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ പല സമയത്തായിട്ടുമാണ് തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നത്. 18 വയസ്സ് തികഞ്ഞ ആര്‍ക്കും വോട്ട് ചെയ്യാം. 35 വയസ്സ് പൂര്‍ത്തിയായ ജന്മംകൊണ്ട് യു.എസ് പൗരനായ ആര്‍ക്കും (14 വര്‍ഷം തുടര്‍ച്ചയായി യു.എസില്‍ താമസിക്കണം) തെരഞ്ഞെടുപ്പില്‍ മത്സരിക്കാം. ഒരാള്‍ക്ക് പരമാവധി രണ്ട് തവണ പ്രസിഡന്റായി മത്സരിക്കാം എന്നത് നിശ്ചയിച്ചത് 1951-ലെ ഇരുപത്തിരണ്ടാം ഭരണഘടനാഭേദഗതി വഴിയാണ്. ദ്വികക്ഷി രാഷ്ട്രീയ സമ്പ്രദായമാണ് അമേരിക്കയില്‍ നിലകൊള്ളുന്നത്. പ്രധാന പാര്‍ട്ടികള്‍ കഴുത ചിഹ്നമായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും ആന ചിഹ്നമായുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണ്. എന്നാല്‍ ഗ്രീന്‍പാര്‍ട്ടി, കോണ്‍സ്റ്റിറ്റിയൂഷന്‍ പാര്‍ട്ടി, പ്രോഗ്രസീവ് പാര്‍ട്ടി തുടങ്ങി ചെറു രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ടെങ്കിലും അത്ര സജീവമല്ല. പ്രൈമറി, കോക്കസ് തെരഞ്ഞെടുപ്പ് പ്രക്രിയ വഴിയാണ് ഓരോ പാര്‍ട്ടിയും സ്ഥാനാര് ത്ഥികളെ നിശ്ചയിക്കുന്നത്്. ഫെബ്രുവരിയില്‍ തുടക്കമാകുന്ന കോക്കസ് (ഫാമിലി മീറ്റിന്റെ രൂപത്തില്‍ ഒന്നിച്ച് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുന്ന രീതി) പ്രൈമറി (ആ സ്ഥാനാര്‍ത്ഥിയെ വോട്ട് ചെയ്തു തെരഞ്ഞെടുക്കുന്ന രീതി) ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നടക്കുന്നത് ‘സൂപ്പര്‍ റ്റിയുസ്ഡേ’ എന്നറിയപ്പെടുന്ന മാര്‍ച്ച് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയിലാണ്. കോക്കസ്, പ്രൈമറി കഴിഞ്ഞാല്‍ ഇരുപാര്‍ട്ടികളുടെയും ദേശീയ കണ്വെന്ഷന് വിളിച്ചുകൂട്ടുകയും ഓരോ സംസ്ഥാനങ്ങളിലെയും പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്ത് തങ്ങളുടെ സംസ്ഥാനങ്ങള്‍ക്ക് താല്പര്യമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നു. ആ ഭൂരിപക്ഷം കിട്ടുന്ന ആളെ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ ഈ കണ്‍വെന്‍ഷനില്‍വെച്ച് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാള്‍ (പോപ്പുലാര്‍ വോട്ട്) പ്രസിഡന്റ് ആവണമെന്നില്ല എന്നതാണ് യു.എസ് ഭരണഘടനയില്‍ പ്രതിപാദിക്കുന്നത്. യു.എസ് ഭരണഘടനപ്രകാരം പോപ്പുലാര്‍ വോട്ടിനേ ക്കാള്‍ ഇലക്ടറല്‍ കോളജ് എന്ന സംവിധാനമാണ് പ്രസിഡന്റ് പദവിക്കായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
ഇലക്ടറല്‍ കോളജിലെ പ്രതിനിധികള്‍ക്കാണ് രാജ്യത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്, പ്രസിഡന്റിന് നേരിട്ടല്ല. അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും നിശ്ചയിക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തുല്യമായ ഇലക്ടര്‍മാരുണ്ടാവും. മിനിമം മൂന്ന് അല്ലെങ്കില്‍ അതില്‍ കൂടുതലോ അംഗങ്ങള്‍ ഓരേ സംസ്ഥാനത്ത്നിന്നും തെരഞ്ഞെടുക്കപ്പെടാം. ഓരോ പത്ത് വര്‍ഷം ജനസംഖ്യാനുപാതികമായി ഇലക്ടര്‍മാരുടെ എണ്ണത്തില്‍ മാറ്റം സംഭവിക്കാം. ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 270 പേരുടെ വോട്ട് കിട്ടുന്ന (51%) സ്ഥാനാര്‍ത്ഥിയാണ് പ്രസിഡന്റാവുക. അതത് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും നിര്‍വഹിക്കുന്നത് (പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒഴികെ). ഗവണ്മെന്റിന്റെ നാഷണല്‍ ആര്‍ക്കൈവ്സ് ഏജന്‍സിയാണ് ഇലക്ടറല്‍ കോളജ് വോട്ടിങ് പ്രക്രിയയുടെ ചുമതല നിര്‍വഹിക്കുന്നത്.
ഇലക്ടര്‍മാരെ തെരഞ്ഞെടുക്കാന്‍ ഓരോ സംസ്ഥാനത്തും ഓരോ നിയമമാണ്. സ്ഥാനാര്‍ത്ഥി മോഹികള്‍ അവരുടെ പാര്‍ട്ടിയുടെ ദേശീയ കണ്‍വെന്‍ഷനിലോ കേന്ദ്ര കമ്മിറ്റി യോഗത്തിലോ പ്രചാരണം നടത്തും. പലപ്പോഴും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി വ്യക്തിപരമായ അടുപ്പമുള്ളവര്‍, ദീര്‍ഘകാല പാര്‍ട്ടിയിലെ അംഗങ്ങള്‍ എന്നിവര്‍ ഇലക്ടര്‍മാരാവുന്ന പ്രവണതയാണ് കണ്ടുവരാറുള്ളത്. ചില സംസ്ഥാനങ്ങളിലെ ഇലക്ഷന് നടപടി ക്രമമനുസരിച്ച് ബാലറ്റ് പേപ്പറില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ പേരിനു താഴെ ഇലക്ടറുടെ പേരുണ്ടാവും. നവംബറില്‍ നടക്കുന്ന വോട്ടിങ് ഫലത്തിന് അനുകൂലമായി ഇലക്ടര്‍ വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നിരുന്നാലും ജനഹിതത്തെ മാനിച്ചുകൊണ്ട് സാധാരണ ഇലക്ടര്‍ വോട്ട് ചെയ്യുന്നത് താന്‍ അംഗമായ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കായിരിക്കും. കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ത്ഥിക്ക് ആ സംസ്ഥാനത്തെ എല്ലാ ഇലക്ടര്‍മാരുടെ വോട്ട് ലഭിക്കും. എന്നാല്‍ ഈ രീതി മെയ്ന്‍, നെബ്രാസ്ക സംസ്ഥാനങ്ങളില്‍ ഉണ്ടാവില്ല. അവിടെ സ്ഥാനാര്‍ത്ഥി നേടിയ വോട്ടിന് ആനുപാതികമായ വോട്ടേ ഇലക്ടര്‍മാരില്‍നിന്ന് ലഭിക്കുകയുള്ളൂ. ഡെമോക്രാറ്റിക് അനുകൂല സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ഇലക്ടര്‍മാരുടെ വോട്ട് കിട്ടണമെന്നില്ല. റിപ്പബ്ലിക്കന്‍ ശക്തി സ്ഥലങ്ങളില്‍ മറിച്ചാകും സ്ഥിതി. അപ്പോള്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് എതിര്‍പാര്‍ട്ടിയുടെ ഇലക്ടര്‍ക്ക് വോട്ട് ചെയ്യേണ്ടിവരും. അതിനാലാണ് ഇരുപാര്‍ട്ടികള്‍ക്കും തുല്യശക്തിയുള്ള സംസ്ഥാനങ്ങളില്‍ ഫലം തനിക്ക് അനുകൂലമാക്കാന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കിണഞ്ഞു പരിശ്രമിക്കുന്നത്.
ഇലക്ടറല്‍ കോളജിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നത് ഡിസംബറിലെ രണ്ടാമത്തെ ബുധനാഴ്ച (ഇക്കുറി ഡിസംബര്‍ 14)നാണ്. എന്നാല്‍ നവംബറിലെ ഇലക്ടര്‍മാരുടെ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തന്നെ ഭൂരിപക്ഷം നോക്കി പ്രസിഡന്റ് ആരാവുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ആകെയുള്ള 538 ഇലക്ടറല്‍ വോട്ടുകളില്‍നിന്ന് 270 വോട്ട് കിട്ടുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്‍ഷ്യല്‍ സീറ്റ് ഉറപ്പിക്കുന്നു. ഭരണഘടനയനുസരിച്ച് ഈ വോട്ടുകള്‍ ജനുവരി 6, 2021 ന് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ വോട്ടെണ്ണുകയും വിജയിയായ ആളെ പ്രഖ്യാപിക്കുകയും ചെയ്ത് ജനുവരി 20ന് പ്രസിഡന്റായി ഔദ്യോഗികമായി അധികാരത്തില്‍ വരികയും ചെയ്യും. ആര്‍ക്കും 270 വോട്ട് കിട്ടിയില്ലെങ്കില്‍ ജനപ്രതിനിധി സഭ പ്രസിഡന്റിനെയും സെനറ്റ് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും. മന്ത്രിസഭാ രൂപീകരണത്തിലും പ്രമുഖ സ്ഥാനങ്ങളിലേക്കും തനിക്ക് ഇഷ്ടമുള്ള ആളെ നിയമിക്കുകയും ചെയ്യും. ഇത്തരം ആളുകളുടെ കാലാവധി പ്രസിഡന്റിന്റെ കാലാവധി കഴിയുംവരെ ആശ്രയിച്ചു നില്ക്കുന്നു.
ശതകോടീശ്വരനും പ്രസിഡന്റുമായ ട്രംപും ഒബാമ കാലഘട്ടത്തില്‍ അമേരിക്കന്‍ വൈസ് പ്രസിഡണ്ടായിരുന്ന ജോ ബൈഡനും സെപ്തംബര്‍ 29 ന് നടന്ന ആദ്യ പ്രസിഡന്‍ഷ്യല്‍ സംവാദങ്ങളില്‍ കടുത്ത പോരാട്ടം നടന്നെങ്കിലും അഭിപ്രായ സര്‍വ്വെകള്‍ മുന്‍തൂക്കം നല്‍കുന്നത് ജോ ബൈഡനാണ്. ട്രംപിന്റെ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ നിലപാടുകള്‍, നിലപാട് തിരുത്തല്‍, ശാസ്ത്ര വിരുദ്ധമായ അസത്യങ്ങള്‍ പ്രചരിപ്പിച്ചത് എന്നിവ കൊണ്ടെല്ലാമാണ് ലക്ഷക്കണക്കിന് അമേരിക്കന്‍ ജനങ്ങള്‍ കോവിഡിന്മുന്നില്‍ കീഴടങ്ങേണ്ടിവന്നതെന്ന് ബൈഡന് ചര്‍ച്ചയില്‍ തുറന്നടിച്ചു. എന്നാല്‍ ഒബാമ കെയര്‍ ആരോഗ്യ പദ്ധതി, അഴിമതി, ചൈനീസ് അനുകൂലന് തുടങ്ങിയ വാദങ്ങള്‍ നിരത്തി ട്രംപും തിരിച്ചടിച്ചു. പലപ്പോഴും അതിരുവിട്ട വാക്കുകള്‍ വന്നപ്പോള്‍ മോഡറേറ്റര്‍ക്ക് ഇടപെടേണ്ടതായി വന്നു. മൂന്ന് പ്രസിഡന്‍ഷ്യല്‍ സംവാദം ഉള്ള ഒക്ടോബര്‍ 15, 22 നും നടന്ന സംവാദം ട്രംപിന് കോവിഡ് വന്നതിനാല്‍ ആശയക്കുഴപ്പത്തിലാണ് നടന്നത്. വിര്‍ച്വല്‍ രീതിയിലേക്ക് സംവാദം മാറുന്ന കാഴ്ചകളെല്ലാം ഇതിനിടക്ക് കാണാനിടയാവുന്നു. കോവിഡ് പ്രോട്ടോകോള്‍പോലും വോട്ടിനായി ഇരുപാര്‍ട്ടികളും ഉപയോഗപ്പെടുത്തുന്നു. പല അന്താരാഷ്ട്ര വിഷയങ്ങളിലും ട്രംപ് എടുത്ത നിലപാടും ആകസ്മികമായിവന്ന യു.എസ് സുപ്രീംകോടതിയിലേക്കുള്ള ജഡ്ജി നിയമനത്തില്‍ ഏമി ബാരറ്റിനെ ധൃതിപിടിച്ച് നിയമിച്ചതും കറുത്തവര്‍ഗക്കാരനായ ജോര്‍ജ് #ോയ്ഡിന്റെ കൊലപാതക സംഭവങ്ങളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഡെമോക്രാറ്റുകള്‍ ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പില്‍ ചൈന, റഷ്യ അട്ടിമറി നടത്താനുള്ള സാധ്യത ട്രംപ് ആരോപിക്കുന്നുണ്ട്.
സമ്പന്നവര്‍ഗം വാഴുന്ന ഭരണവ്യവസ്ഥയില്‍ സാധാരണ ജനങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ കിട്ടുക പ്രയാസകരമാണ്. ജനാധിപത്യമാണെങ്കിലും അഥവാ പ്ലൂട്ടോക്രസി (സമ്പന്ന വര്‍ഗത്തിനാല്‍)യാല്‍ ഭരിക്കപ്പെടുന്ന ഭരണകൂടം ഇല്ലാതാവുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. നോബല്‍ ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറയുന്നത് ഒരു ശതമാനം ആളുകള്‍ ഒരു ശതമാനം ആളുകള്‍ക്ക് വേണ്ടി ഒരു ശതമാനം ആളുകളാല്‍ നടത്തപ്പെടുന്ന ഭരണമാണ് അമേരിക്കയില്‍ കാണുന്നത്. അത് തിരിച്ചറിയണമെങ്കില്‍ യു.എസ് തെരഞ്ഞെടുപ്പിന് കോര്‍പറേറ്റ് ഭീമന്മാരും വ്യവസായ ഭീമന്മാരും നല്കുന്ന തെരഞ്ഞെടുപ്പ് ഫണ്ടിന്റെ അവലോകനം നോക്കിയാല്‍ മതി. തികച്ചും അനിശ്ചിതത്വ സ്വഭാവത്തിന്റെ ഉടമയായ ട്രംപിന് അധികാര കൈമാറ്റം വന്നുചേര്‍ന്നാല്‍ സമാധാനപരമായ രീതിയില്‍ ആവില്ല കൈമാറ്റം എന്നത് ചില ദു:സൂചനകളാണ് നല്‍കുന്നത്. കോവിഡ് പ്രതിസന്ധിയാല്‍ നിരവധി പേര് പോസ്റ്റല്‍ ബാലറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ഇത് അട്ടിമറിക്ക് സാധ്യതയുണ്ടെന്നും അങ്ങനെ അധികാര കൈമാറ്റം വന്നാല്‍ പ്രശ്നം സുപ്രീംകോടതിയിലേക്ക് വരെ എത്തിക്കും എന്നതാണ്. അതിനൊക്കെ വേണ്ടിയാവാം ഏമി ബാരറ്റിനെ ധൃതിപിടിച്ച് സുപ്രീംകോടതി ജഡ്ജിയായി ട്രംപ് തെരഞ്ഞെടുത്തത് എന്ന് ചേര്‍ത്ത് വായിക്കേണ്ടി വരും. ഇംപീച്ച്മെന്റ് നടപടിയില്‍നിന്ന് രക്ഷപ്പെട്ട ട്രംപിന് ഫലം നെഗറ്റീവ് ആണെങ്കില്‍ ചിലപ്പോള്‍ യു.എസില്‍ അനിശ്ചിതത്വം ചുരുണ്ട്കൂടുമെന്ന് പറയാതെ വയ്യ. അതല്ലെങ്കില്‍ പോപ്പുലാര്‍ വോട്ട് ലഭിച്ചിട്ടും ഇലക്ടറല്‍ കോളജിനാല്‍ തോറ്റ ഹിലരി ക്ലിന്റന്റെ അവസ്ഥ ബൈഡന് വരുമോ എന്നതൊക്കെ കാത്തിരുന്നു കാണാം. മറ്റു രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള നേതാവാണോ ട്രംപ് എന്നത് പരിശോധിക്കാന്‍ പിയു എന്ന യു.എസ് സംഘടന നടത്തിയ അഭിപ്രായ സര്‍വ്വെയില്‍ ട്രംപിന്റെ അന്താരാഷ്ട്ര വിഷയങ്ങളിലെ നിലപാടുകള്‍ പ്രത്യേകിച്ചും കാലാവസ്ഥാ വ്യതിയാനം, കുടിയേറ്റ നിയമം, ഇറാന് പ്രശ്നം, സാമ്പത്തിക വിഷയങ്ങള്‍ തുടങ്ങിയവയിലുള്ള നിലപാടുകളില്‍ അഭിപ്രായം രേഖപ്പെടുത്തിയവര്‍ നീരസം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഉത്തരകൊറിയ ബന്ധത്തില്‍ ട്രംപ് എടുത്ത നിലപാടാണ് പൊതുവെ സ്വാഗതം ചെയ്യപ്പെടുന്നത്. ഇസ്രാഈല്‍ ഒഴികെ സര്‍വ്വെയില്‍ പങ്കെടുത്ത ഒട്ടുമിക്ക രാജ്യങ്ങളിലെ ആളുകളും പോപ്പുലാരിറ്റി കുറഞ്ഞ നേതാവായാണ് ട്രംപിനെ കണക്കാക്കുന്നത്. ട്രംപാണ് വരുന്നതെങ്കില്‍ നിലവിലെ വിദേശ നയങ്ങള്‍ പിന്തുടരുമോ എന്നും ബൈഡനാണെങ്കില്‍ ചൈനയുമായുള്ള ബന്ധം, ഇറാന് പ്രശ്നം, കാലാവസ്ഥാവ്യതിയാനം, ഇന്ത്യയോടുള്ള നിലപാട്, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവയിലൊക്കെ കാതലായ മാറ്റങ്ങള്‍ വരുമോ എന്നാണ് കരുതേണ്ടത്. ചൈന, റഷ്യ പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള മേധാവിത്വം പുതിയ പ്രസിഡന്റ് എങ്ങനെ മറികടക്കുമെന്ന് കണ്ടറിയാം.
പുതിയ പ്രസിഡന്റിന്റെ നിലപാട് ഇന്ത്യന്‍ അനുകൂലമാക്കിത്തീര്‍ക്കേണ്ട ഉത്തരവാദിത്വം ഇന്ത്യ ഗവണ്മെന്റിനുണ്ട്. ചൈന, പാകിസ്താന് ഭീഷണിയില്‍ നിന്നെല്ലാം ഇന്ത്യന്‍ അനുകൂല നിലപാട് അന്താരാഷ്ട്ര വേദികളില്‍ യു.എസ് പ്രസിഡന്റിനെകൊണ്ട് രൂപപ്പെടുത്തേണ്ടതാണ്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പിന്തുണ (ആകെയുള്ള 4.16 മില്യണ്‍ ഇന്ത്യക്കാരില്‍ നിന്ന്) അഥവാ 1.9 മില്യണ്‍ വോട്ടര്‍മാരായ ആളുകളില്‍നിന്നും കിട്ടാന്‍ വേണ്ടി ഇരു സ്ഥാനാര്‍ത്ഥികളും പരമാവധി ശ്രമിക്കുന്നുണ്ട്. പരമാവധി അനുകൂല വോട്ട് ഇന്ത്യന്‍ വംശജരില്‍നിന്നും നേടാന്‍ ട്രംപ് ശ്രമിക്കുന്നു. വിസാ-കുടിയേറ്റ നിയമത്തിലെ ട്രംപിന്റെ നിലപാട് ഇന്ത്യന്‍ സമൂഹത്തില്‍ എതിര്‍പ്പിനിടയാക്കിട്ടുണ്ട്. എന്നാല്‍ ബൈഡന് ഇന്തോ-ആഫ്രിക്കന്‍ വംശജയായ കമല ഹാരിസിനെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിര്‍ത്തിയിട്ടുള്ളത്. ഇത് ഇന്ത്യക്കാര്‍ക്കിടയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിക്ക് അനുകൂല സാഹചര്യം ഒരുക്കിയിട്ടുണ്ട്. പെന്‍സില്‍വാനിയ സര്‍വകലാശാല ഇന്ത്യന്‍ സമൂഹത്തിനിടയില്‍ നടത്തിയ അഭിപ്രായസര്‍വെ പ്രകാരം 72 ശതമാനം പേരും ബൈഡനും 22 ശതമാനം ട്രംപിനുമാണ് വോട്ട് രേഖപ്പെടുത്തുന്നത് എന്നാണ്. ആര് പ്രസിഡന്റായാലും കുറച്ചധികം അമേരിക്കന്‍ അനുകൂല പിന്തുണ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഇന്ത്യക്ക് കിട്ടേണ്ട സമയമാണിത്. പ്രധാന പ്രശ്നങ്ങളായ യു.എസ് വിസാപ്രശ്നം, ബൗദ്ധിക നടത്തവകാശം, വ്യാപാര തര്‍ക്കങ്ങള്‍ തുടങ്ങിയവയെല്ലാം മെച്ചപ്പെട്ട രീതിയില്‍ പരിഹരിക്കപ്പെടാം എന്നാണ് കണക്കുകൂട്ടുന്നത്.