പ്രൊഫ. പി.കെ.കെ തങ്ങള്‍
ലോകത്തിന്റെ വൃത്തി, വ്യക്തിവൃത്തിയില്‍ നിന്നാരംഭിക്കുന്നു. വായയും പല്ലും വൃത്തിയാക്കുന്നത് മുതല്‍ ആരംഭിക്കുന്നു ആ പ്രക്രിയ. ശരീരം വൃത്തിയാക്കുകയെന്നതാണ് അടുത്ത ഘട്ടം. മലമൂത്ര വിസര്‍ജ്ജനം നടത്തിയാല്‍ വൃത്തിയാക്കേണ്ടതും അതില്‍ പാലിക്കേണ്ടതുമായ നിബന്ധനകള്‍ വളരെ അടിസ്ഥാനപരമാണ്. ലളിതമെന്ന് തോന്നിയേക്കാമെങ്കിലും ശാസ്ത്രീയമാണെന്നതിന്റെ നിബന്ധനകള്‍. ഇരുന്നുകൊണ്ടായിരിക്കണം മലമൂത്ര വിസര്‍ജ്ജനമെന്ന വസ്തുത ധര്‍മ്മപാഠമായാണ് പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്. ഇടതുകാലില്‍ ഊന്നിയിരുന്നായിരിക്കണമെന്നും എങ്കിലേ വിസര്‍ജ്ജനം വേണ്ടവിധമാവുകയുള്ളൂ എന്നും പഠിപ്പിച്ചതില്‍ കാണാനാവുക ശരീരശാസ്ത്ര അധ്യാപനമാണ്. പല്ലും വായയും വൃത്തിയാക്കുന്നതിലും അതുതന്നെ; അണുപ്രസരണം ഇല്ലാതാക്കുക. ദ്രോഹാണുക്കള്‍ അടിഞ്ഞുകൂടാന്‍ സാധ്യതയേറുന്നതാകയാല്‍ കൈകാലുകളുടെ നഖങ്ങള്‍ ആവശ്യാനുസൃതം വെട്ടലും വൃത്തിയാക്കലും അപ്രകാരംതന്നെ. ശ്രദ്ധാപൂര്‍വംതന്നെയാണോ ഇതെല്ലാം നിര്‍വഹിക്കുന്നത്. തന്നിഷ്ടത്തിന് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആയാല്‍ പോരാ എന്നതുകൊണ്ടുതന്നെയാണ് പവിത്ര വിഷയമായി നബി തിരുമേനി ഇത് പഠിപ്പിച്ചിട്ടുള്ളത്. ഐച്ഛികമായ ശരീര ശുചീകരണവും നിര്‍ബന്ധിതമായിട്ടുള്ളതും യഥാവിധി നിര്‍വഹിച്ചിരിക്കണം.
ദേഹശുദ്ധയിടൊപ്പം ചേര്‍ന്നുനില്‍ക്കുന്നതും വ്യക്തിതത്വത്തിന്റെ പ്രധാന ഘടകവുമായ വസ്ത്രധാരണമാണ് മറ്റൊരു പ്രധാനകാര്യം. വസ്ത്രവിധാനങ്ങളെ സംബന്ധിച്ചിടത്തോളം ആഢംബരത്തിന് പ്രാധാന്യം കല്‍പ്പിക്കുന്ന രീതി സമൂഹത്തില്‍ പൊതുവെ കാണാം. ലളിതം, മിതം, അതിനപ്പുറത്തേക്ക് വസ്ത്രധാരണ ശൈലി കടന്നുകൂടാ. മാന്യമായ വസ്ത്രധാരണമായിരിക്കണം, ആകര്‍ഷകമാകുന്നതില്‍ കുഴപ്പമില്ല. വൃത്തിയും വെടിപ്പുമുള്ളതും തുടര്‍ ഉപയോഗത്തില്‍ അഴുക്ക്പിടിച്ച് അണുബാധയും പ്രസരണവും സംഭവിക്കാനിടയാവുമെന്നതിനാല്‍ വസ്ത്രങ്ങള്‍ യഥാവിധി വൃത്തിയാക്കിക്കൊണ്ടിരിക്കണം. ശരീരവസ്ത്ര ശുചിത്വത്തിന്റെ വിഷയത്തില്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന വസ്തുത, വ്യക്തിശുചിത്വം വ്യക്തിയുടെ സ്വന്തം വിഷയമാണെങ്കിലും അത് കൂടെ കഴിയുന്നവരുടെയും ഇടപഴകുന്നവരുടെയും കൂടി വിഷയമാണെന്നും, തന്മൂലം സാമൂഹിക വിഷയമാണെന്നതുമാണ്.
ശരീരവും വസ്ത്രവും കഴിഞ്ഞാല്‍ ഏറ്റവും പ്രധാനം വീടും പരിസരവുമാണ്. വസ്ത്രവുമായി ബന്ധപ്പെട്ട് സൂചിപ്പിച്ചപ്രകാരം തന്നെ, വീട് ആഢംബര സങ്കേതമാവണമെന്നല്ല, മറിച്ച് വൃത്തിയുള്ളതായിരിക്കണം. വീടിന്റെ ഉള്‍ഭാഗം മേലും കീഴും വൃത്തിയായി സൂക്ഷിക്കണം. പ്രാണികളും കീടങ്ങളും അടിഞ്ഞുകൂടാനോ വ്യാപിക്കാനോ ഇടവരാത്തവിധം ശുചിയായി സൂക്ഷിക്കണം. അതിന് ഇടവിട്ട നേരങ്ങളില്‍ കൃത്യമായ വെടിപ്പാക്കലും അണുനാശിനികള്‍ ഉപയോഗിച്ചുള്ള വൃത്തിയാക്കലും കൂടിയേ പറ്റൂ. അടിച്ചും തുടച്ചും വൃത്തിയാക്കേണ്ട ഇടങ്ങളില്‍ അങ്ങിനെയും കീടനാശനികളും മറ്റു ലായനികളും ഉപയോഗിച്ചു വൃത്തിയാക്കേണ്ട ഇടങ്ങളില്‍ അങ്ങിനെയും ശുചീകരണ പ്രക്രിയ നിര്‍ബാധം നടത്തിയിരിക്കണം. അടുക്കള, തീന്‍മുറി, കുളിമുറി എന്നിവ സവിശേഷമായ വൃത്തി സുരക്ഷയിലായിരിക്കണം. വരാന്തകളും മുറ്റവും എപ്പോഴും വൃത്തിയായി സൂക്ഷിക്കല്‍ വീടിന്റെ ഏറ്റവും പ്രധാന അനിവാര്യതയാണ്.
വീടിന്റെ അവിഭാജ്യഘടകമായ കിണര്‍ വളരെ സുരക്ഷിതമായിരിക്കണം. കാലഘട്ടത്തിന്റെ പ്രത്യേക സാഹചര്യമനുസരിച്ച് ഇടക്കിടെ കിണര്‍ വെള്ളം ദ്രോഹാണുമുക്തമാണെന്നുറപ്പുവരുത്തണം. ചുറ്റുപാടുമുള്ള സ്ഥലങ്ങളില്‍ മാലിന്യവസ്തുക്കളോ, ജീര്‍ണ്ണിച്ചഴുകാന്‍ ഇടയുള്ള വസ്തുക്കളോ അടിഞ്ഞുകൂടിയിട്ടില്ലെന്ന് എപ്പോഴും ഉറപ്പുവരുത്തണം. പുറത്തുപയോഗിക്കുന്ന പാദരക്ഷകള്‍ ഒരു കാരണവശാലും വീട്ടിനകത്ത് കയറ്റരുത്.
ബാഹ്യസുരക്ഷ പ്രധാനമാണെന്നതിനോടൊപ്പം ഗൗരവമായ വിഷയമാണ് വ്യക്തിയുടെ ആന്തരിക സുരക്ഷ. അതില്‍ പരമപ്രധാനമായത് ശ്വസിക്കുന്ന വായു തന്നെയാണ്. മനുഷ്യന്റെ അവിവേകമായ ഇടപെടലുകള്‍ മൂലമാണ് പ്രധാനമായും ജീവന്റെ നിലനില്‍പ്പിന്റെ പ്രഥമ അടിസ്ഥാനമായ ശുദ്ധവായു മലിനമാകുന്നതും അപകടകരമായി മാറുന്നതും. വകതിരിവില്ലാത്ത മലമൂത്ര വിസര്‍ജ്ജനം, ആവശ്യമില്ലാത്തത് വലിച്ചെറിയല്‍ മുതല്‍ അറിഞ്ഞും അറിയാതെയും മനുഷ്യ കൈകകള്‍തന്നെ വരുത്തിവെക്കുന്ന ഏറ്റവും വലിയ വിനയാണ് അന്തരീക്ഷ (വായു) മലിനീകരണം. ആവശ്യമില്ലാത്തത് അഥവാ വിനയാകുന്നത് സംസ്‌കരിക്കണമെന്ന പാഠം മനുഷ്യന്‍ പഠിക്കുന്നില്ല. മനുഷ്യ സുരക്ഷയെ തൃണവല്‍ഗണിക്കുന്ന ഒരു നടപടിക്കും ഉത്തരവാദപ്പെട്ടവര്‍ കൂട്ടുനില്‍ക്കരുതെന്ന പാഠം കൂടി ഉള്‍ക്കൊള്ളണം. വായു, വെള്ളം എന്നിവയോടൊപ്പം പ്രാധാന്യത്തില്‍ ചേര്‍ന്നുനില്‍ക്കുന്നതാണ് ഭക്ഷണവും.