ടി.എച്ച് ദാരിമി
കാലത്തെ ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങളുമായി ആരെങ്കിലും നിശ്ചയിച്ചതല്ല. നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ നിയതമായ താളത്തെ ഭാഗംവെക്കുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്നതാണത്. അതുകൊണ്ട് മായന്‍ കലണ്ടര്‍ പോലുള്ള ചില പൗരാണിക കലണ്ടറുകള്‍ മാറ്റിനിര്‍ത്തിയാല്‍ ലോകത്തുണ്ടായ എല്ലാ കാലഗണനാകലണ്ടറുകളും ഈ വിഭജനത്തിനു വിധേയമായി തയ്യാറാക്കപ്പെട്ടവയായിരുന്നു. ഈ ഗണനയുടെ പുറത്തുള്ള കലണ്ടറുകളൊന്നും നിലനിന്നില്ല എന്ന വസ്തുതകൂടി കൂട്ടിവായിക്കുമ്പോള്‍ ഈ ആശയത്തിനു വ്യക്തതവരും. ഈ ഗണനയുടെ അടിസ്ഥാനത്തില്‍ ഉണ്ടാകുന്ന ഏറ്റവും കുറഞ്ഞ ദിവസങ്ങളുടെ കൂട്ടമാണ്ആഴ്ച. അതുകൊണ്ടുതന്നെ ഓരോ ദിവസവുംസ്വന്തം കാര്യങ്ങളുമായി ബന്ധപ്പെട്ടു ജീവിക്കുന്ന മനുഷ്യന്‍മാര്‍ക്ക് അവര്‍ പരസ്പര ബന്ധിതമായൊരു സാമൂഹ്യജീവിതത്തിന്റെ കണ്ണികളാണ് എന്ന നിലക്ക് ആ ബന്ധം പുതുക്കാനും അവര്‍ക്കിടയിലെ സാമൂഹ്യ പ്രതിജ്ഞകള്‍ പരിശോധിക്കുകയും വല്ല താളഭംഗവുമുണ്ടെങ്കില്‍ പരിഹരിക്കാനും ആഴ്ചയില്‍ പ്രത്യേക ദിവസമുണ്ടാകുക എന്നത് സാമൂഹ്യതയുടെ വലിയഅര്‍ഥമാണ്. ആഴ്ചയില്‍ നിശ്ചിതമായ ഒരു ദിനം എല്ലാവരും ഒരിടത്ത് ഒരുമിച്ചുകൂടുകയും ഉപദേശങ്ങള്‍ നല്‍കപ്പെടുകയും എല്ലാവരും കൂടി പ്രാര്‍ഥിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഒരുസാമൂഹ്യബോധവും അംഗങ്ങള്‍ക്കിടയിലെകെട്ടുറപ്പും ഉണ്ടായിത്തീരും. നമ്മുടെ ചെറിയചിന്തയില്‍ വിരിയുന്ന ഈ ന്യായം എത്രകണ്ട്ശരിയാവാം എന്നുറപ്പില്ല എങ്കിലും സെമിറ്റിക്മതങ്ങളിലെല്ലാം ഇങ്ങനെ ഒരു ആഴ്ച സംഗമംഉണ്ടായതിനുപിന്നില്‍ ഈ ഗുണവും ആശയവും നിരാകരിക്കാനാവില്ല. ആ മതങ്ങളില്‍ നിലവിലുള്ള മൂന്നു മതങ്ങളിലും ഒരേപോലെ അതു കാണുന്നുണ്ട്. ജൂതര്‍ക്ക് ശനിയാഴ്ചയും ക്രൈസ്തവര്‍ക്ക് ഞായറാഴ്ചയും മുസ്‌ലിംകള്‍ക്ക് വെള്ളിയാഴ്ചയുമാണ്. ആകാശത്തില്‍നിന്നും വന്ന വെളിപാടിന്റെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട മതങ്ങളില്‍ ഈ മൂന്നെണ്ണം മാത്രമേ നിലനില്‍ക്കുന്നുള്ളൂ. മറ്റു പ്രവാചകന്‍മാരുടെ കാലങ്ങളിലുണ്ടായിരുന്ന അനുയായികളോ അവരുടെ പേരിലുള്ള മതങ്ങളോ ചര്‍ച്ചക്കെടുക്കാന്‍ മാത്രം കാണപ്പെടുന്നില്ല. സാബിയന്‍ തുടങ്ങിയവരൊക്കെ അങ്ങനെ വാദിക്കുന്നുണ്ട് എങ്കിലും അവയെല്ലാം ഈ വെളിപാടില്‍നിന്നും വളരെ അകലെയാണ്.
ആ അര്‍ഥത്തില്‍ അല്ലാഹു മുസ്‌ലിംകള്‍ക്ക്‌വേണ്ടി നിശ്ചയിച്ച ആഴ്ചാസംഗമ ദിനമാണ്‌വെള്ളിയാഴ്ച. ഇത് നബി(സ)യോ ഇസ്‌ലാമിക ഭരണാധികാരികളോ മറ്റോ തീരുമാനിച്ച ദിവസമല്ല. അല്ലാഹു തന്നെയാണ് നിശ്ചയിച്ചത്. അല്ലാഹു പറയുന്നു: ‘ഓ സത്യവിശ്വാസികളെ, വെള്ളിയാഴ്ച ദിവസം നമസ്‌കാരത്തിന് വിളിക്കപ്പെട്ടാല്‍ തിടുക്കത്തോടെ ദൈവ സ്മരണയിലേക്ക്‌ചെന്നെത്തുക. കച്ചവട കാര്യങ്ങളൊക്കെ മാറ്റിവെക്കുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ അറിയുന്നുവെങ്കില്‍. നമസ്‌കാരത്തില്‍ നിന്നും വിരമിച്ചുകഴിഞ്ഞാല്‍ ഭൂമിയില്‍ വ്യാപിക്കുക. അല്ലാഹുവിന്റെ അനുഗ്രഹ വിഭവം തേടുകയും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം വരിച്ചേക്കാം. വല്ല വ്യാപാരകാര്യമോ വിനോദ വൃത്തിയോ കണ്ടാല്‍ അവര്‍ താങ്കളെ വിട്ട് അങ്ങോട്ട്തിരിയുന്നുവല്ലോ. അവരോടു പറയുക. അല്ലാഹുവിന്റെ പക്കലുള്ളത് വിനോദത്തേക്കാളുംവ്യാപാരത്തേക്കാളുംവിശിഷ്ടമാകുന്നു. വിഭവ ദാതാക്കളില്‍ അത്യുത്തമന്‍ അല്ലാഹുതന്നെ’ (അല്‍ ജുമുഅ: 9-11). വെള്ളിയാഴ്ച ദിവസം ആരാധനക്കായി ഒരുമിച്ചുകൂടാനും ആ സമയത്ത്കച്ചവടവും വിനോദവുമെല്ലാം മാറ്റിവെക്കാനും പറയുമ്പോള്‍ ജുമുഅ അല്ലാഹു കല്‍പ്പിച്ച കാര്യമാണ് എന്നത് സുതരാം വ്യക്തമാകും. ഈ സൂക്തത്തിലുടനീളം അല്ലാഹു കല്‍പ്പനയുടെ ധ്വനിയിലാണ് പറയുന്നത് എന്നതിനാല്‍ ജുമുഅ നിര്‍ബന്ധമായ കാര്യമാണ് എന്നു മനസ്സിലാക്കാം. അതിനാല്‍ ജുമുഅ നമസ്‌കാരവും മറ്റു ആരാധനകളും നിര്‍ബന്ധമാകുന്നവര്‍ക്കെല്ലാം നിര്‍ബന്ധമാണ്. ‘മതിയായ കാരണമില്ലാതെ മൂന്നു ജുമുഅ ഉപേക്ഷിക്കുന്നവരുടെ മനസ്സുകള്‍ അല്ലാഹു സീല്‍ ചെയ്യും’ എന്ന് സ്വഹീഹായ ഹദീസില്‍ നബി(സ) പറഞ്ഞിട്ടുണ്ട്. സത്യത്തിന്റെയും ദൈവത്തോടും മതത്തോടുമുള്ള വിധേയത്വത്തിന്റെയും ഉദ്‌ബോധനങ്ങള്‍ പിന്നെ അത്തരക്കാരുടെ മനസ്സിലേക്ക് കയറില്ലഎന്നാണ് അതിന്റെ വിവക്ഷ.
ജുമുഅ ഉപേക്ഷിച്ച് വിനോദങ്ങളിലും യാത്രകളിലും മറ്റും ഏര്‍പ്പെടുന്നവരുടെ മനസ്സുകളില്‍ മൂന്നാഴ്ച തുടരെ അതുപേക്ഷിക്കുക വഴി ദൈവ നിര്‍ദ്ദിഷ്ടമായ ശാസനകളുടെ ഗൗരവം കെട്ടുപോകുന്നു. മാത്രമല്ല, അത്തരക്കാരെഅതിനു പ്രേരിപ്പിക്കുന്നത് സ്വന്തം ഇഛകളായിരിക്കും. ഇതോടെ ദൈവ വെളിച്ചം ആ ഹൃദയങ്ങളില്‍ മങ്ങും. ഇതാണ് ഈ തിരുവരുളിന്റെ പൊരുള്‍. ഇഛകള്‍ക്കു വിധേയമായി കാര്യങ്ങള്‍ നിശ്ചയിക്കപ്പെടുന്ന സാഹചര്യം മതപരമായി പറഞ്ഞാല്‍ വളരെ ഗുരുതരമാണ്. ഇഛകള്‍ ഇലാഹാവുക എന്ന പ്രയോഗം കഠിനമാണ്. അത് വലിയൊരു അര്‍ഥ ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇഛകളെ ഇലാഹായി സ്വീകരിക്കുകയും അവക്കു വിധേയനായി ജീവിക്കുകയും ചെയ്യുമ്പോള്‍ സത്യത്തില്‍ഒരു മനുഷ്യന്‍ സുഖിക്കുകയോ ആനന്ദിക്കുകയോ അല്ല, സ്വയം നാശത്തിനു നിന്നുകൊടുക്കുകയാണ്. കാരണം ഇഛകള്‍ ആദ്യം കടന്നാക്രമിക്കുന്നത് മനസ്സിന്റെ അചഞ്ചലമായ തീരുമാനത്തെയാണ്. അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടി തുടക്കത്തില്‍ നല്‍കുന്ന മധുരം മാത്രമാണ് ഇഛകള്‍ വഴി ലഭിക്കുക. അതിനാല്‍ മതപരമായി മാത്രമല്ല മനശാസ്ത്രപരമായും ഇഛകള്‍ ഭീഷണിയാണ്. ലോകത്ത് അംഗീകാരം നേടിയ വ്യക്തിത്വങ്ങളൊന്നും ഇഛകളുടെ മടിയില്‍ അഭിരമിച്ചുകിടന്നവരായിരുന്നില്ലഎന്നത് ചരിത്ര വസ്തുതയുമാണ്. ഇഛകള്‍ക്കുവിധേയമാകുന്നതോടെ മനസ്സിന്റെ ശക്തി നശിച്ചുപോകുന്നു. ഈ വസ്തുതയുടെ മറ്റൊരു ഭാഷ്യമാണ് ഇക്കാര്യത്തില്‍ ഇസ്‌ലാമിന്റെ സമീപനവും. അല്ലാഹു നല്‍കുന്ന വെളിച്ചമാണ് മനുഷ്യ ജീവിതത്തിന്റെ വഴിയും വഴികാട്ടിയും. അതില്ലാതെയാകും എന്നാണ് അല്ലാഹു പറയുന്നത്. അല്ലാഹു അതുമായി ബന്ധപ്പെട്ട് പറയുന്നു: ‘ദേഹേഛയെ ആരാധ്യമാക്കിയവനെ താങ്കള്‍ കണ്ടില്ലേ, അല്ലാഹു അവനെ ബോധപൂര്‍വ്വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു. കണ്ണുകള്‍ക്ക് മൂടി ഇട്ടിരിക്കുന്നു. അപ്പോള്‍ അല്ലാഹുവെ കൂടാതെ അവരെ നേര്‍വഴിയിലെത്തിക്കാന്‍ ആരുണ്ട്? എന്നിട്ടും നിങ്ങളൊട്ടും ചിന്തിക്കുന്നില്ലേ?’ (അല്‍ ജാസിയ: 23)
ഈ വാരസംഗമം അര്‍ഥപൂര്‍ണ്ണമാകാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. അവയിലൊന്ന് ആ ദിനത്തെ ആത്മീയമായി പരിഗണിക്കുക എന്നതാണ്. അന്നത്തെ ദിവസത്ത ഭക്തിപൂര്‍വ്വം ജുമുഅക്കായി സമര്‍പ്പിക്കണം. യാത്രകള്‍ തുടങ്ങിയവ മുതല്‍ ജോലികള്‍വരെ അന്നേദിവസം മാറ്റിവെക്കണമെന്നാണ്. ജുമുഅ കഴിഞ്ഞ് അതൊക്കെയാവാം എന്നുണ്ട്. നേരത്തെതന്നെ അതിനായി പുറപ്പെടുകമറ്റൊന്നാണ്. പ്രാധാന്യത്തെകുറിച്ചുള്ള ബോധ്യം മനസ്സിലുണ്ടാക്കുന്ന വികാരമാണ് നേരത്തെ പോകുന്നതിന്റെ പിന്നിലുള്ളത്. സുഗന്ധം ഉപയോഗിക്കുക, നിരകളില്‍ വിനയമായി സ്ഥലം പിടിക്കുക, ചാടിക്കടന്ന് പോലും അസ്വസ്ഥതയുണ്ടാക്കാതിരിക്കുക തുടങ്ങിയവ അതിന്റെ ബാക്കിയാണ്. കര്‍മ്മങ്ങളിലാണെങ്കില്‍ ജനങ്ങളെ ഉപദേശിക്കുക, അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക തുടങ്ങി നിരവധി കാര്യങ്ങളുണ്ട്. ചുരുക്കത്തില്‍ ജുമുഅയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ലക്ഷ്യമാക്കുന്നത് ജുമുഅ എന്നത് പരിപാവനമായ ആത്മീയ വികാരത്തോടെ ഉള്‍ക്കൊള്ളേണ്ട കാര്യമാണ്എന്നതാണ്. നിവേദക പരമ്പരയില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും ‘ജുമുഅ ദരിദ്രരുടെ ഹജ്ജും വിശ്വാസികളുടെ പെരുന്നാളുമാണ്’ എന്നു പറപ്പെട്ടിട്ടുണ്ട്. ഇത് അര്‍ഥമാക്കുന്നത് ആ പറഞ്ഞ ആത്മീയ സമീപനത്തെയാണല്ലോ.
ഇപ്പോള്‍ ഇത് ഇവ്വിധം ഉണര്‍ത്തുന്നതിനു പിന്നില്‍ പ്രത്യേക സോദ്ദേശ്യമുണ്ട്. അത് ജുമുഅയെ ഗൗരവമായി പരിഗണിക്കുന്നതില്‍ സമുദായം പൊതുവെ കാണിക്കുന്ന അലംഭാവമാണ്. ഒത്തുവന്നാല്‍ ജുമുഅക്ക് പോകുന്നവര്‍ തന്നെയാണ് ഏതാണ്ടെല്ലാവരുമെങ്കിലും സമീപനത്തില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട് എന്നു പറയാതെ വയ്യ. ചെറിയ ചെറിയ കാരണങ്ങളുടെ പേരില്‍ ജുമുഅ ഒഴിവാക്കുന്ന സ്വഭാവം അങ്ങനെ വരുന്നതാണ്. ജുമുഅക്കു വരുന്നവരിലുംഇതു പ്രകടമാണ്. യുവതലമുറയില്‍ നല്ല വിഭാഗവും നമസ്‌കാരത്തിന്റെ സമയം ആകുന്നതുവരെ സമീപത്തെ തണലുകളില്‍ സൊറ പറഞ്ഞിരിക്കുകയും സമയമാവുമ്പോള്‍ ഓടിക്കയറി നമസ്‌കരിക്കുകയുമാണ്. ഖുതുബ തുടങ്ങിയ അനുബന്ധ വിഷയങ്ങള്‍ക്ക് പ്രാധാന്യം ഇവര്‍ കാണിക്കുന്നില്ല. ഇത് ജുമുഅ നമസ്‌കരിച്ചവരുടെ ലിസ്റ്റില്‍ പെടാന്‍ പോരെ എന്നു ചോദിച്ചാല്‍ മതിയാകാം എന്നുത്തരമൊക്കെ ലഭിച്ചേക്കും. പക്ഷെ, ജുമുഅ എന്ന ആരാധന ഇവിടെഒരു സമ്പ്രദായം എന്ന അര്‍ഥത്തിലേക്ക് ഇറങ്ങിപ്പോകുന്നുണ്ട്. അതുഗുരുതരമാണ്. സമ്പ്രദായങ്ങള്‍ക്കും ആചാരങ്ങള്‍ക്കും നിന്നുകൊടുക്കുന്നതല്ല മതം. അത് മനസ്സില്‍ ആവാഹിച്ചെടുത്ത് ചെയ്യേണ്ട ഒന്നാണ്. ഇതിനിടയില്‍കോവിഡ് കാലത്ത് ഇത് വളരെ പ്രകടമായിരിക്കുന്നു. ആദ്യത്തില്‍ ജുമുഅയും ജമാഅത്തുകളുമില്ലാതെ പള്ളികള്‍ അടഞ്ഞുകിടക്കുമ്പോള്‍ വളരെ വൈകാരികമായ മുറവിളികള്‍ഉയര്‍ത്തിയവരെ പിന്നെ ജുമുഅ തുടങ്ങിയപ്പോള്‍ കാണാത്ത സാഹചര്യമുണ്ട്. രോഗവ്യാപനം കൂടിവരുന്നതിനനുസരിച്ച് പള്ളികളിലെ ജനസാന്നിധ്യം വളരെ കുറവാണ് എന്ന് അനുഭവ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവരുടെ അകലം കോവിഡ് മാനദണ്ഡങ്ങളുടെ പേരിലാണ് എങ്കില്‍ അതൊരു പൊതു നന്‍മക്കുവേണ്ടിയാണല്ലോ എന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍ ഇത് അങ്ങനെയല്ല. കാരണം ഇവരെ നാം എല്ലായിടത്തും തിക്കുംതിരക്കും കൂട്ടാന്‍ കാണുന്നുമുണ്ട്. പക്ഷേ, മതത്തിന്റെ കാര്യത്തില്‍ ജുമുഅ മുതിര്‍ന്നവര്‍ ഉപേക്ഷിക്കുന്നത്ഒരിക്കലും അനുവദനീയമല്ല. ഗവണ്‍മെന്റുകള്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കലും കടമതന്നെയാണ്. രണ്ടും ഉള്‍ക്കൊള്ളുന്നവരുടെ മനസ്സിനാണ് കൂടുതല്‍ വെളിച്ചവും വികാസവും.