അഷ്‌റഫ് വേങ്ങാട്ട്
സഊദി അറേബ്യക്ക് ഇന്ന് തൊണ്ണൂറാമത് ദേശീയ ദിനം. ദേശീയദിനാഘോഷത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേക്ക് നടന്നടുക്കാന്‍ ഒരു ദശാബ്ദം ബാക്കി. അത്ഭുതകരമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഒന്‍പത് പതിറ്റാണ്ടുകള്‍. കോവിഡിന്റെ പിടിയില്‍നിന്ന് പതുക്കെ മോചിതരായിവരുന്ന സഊദി ജനത ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും നിറവിലാണ്. ആധുനിക സഊദിയുടെ ചിറകിലേറി രാജ്യത്തെ വിദേശികളും ദേശീയ ദിനം കൊണ്ടാടുന്നു. ആഗോളതലത്തില്‍ സാമ്പത്തിക സൈനിക ശക്തിയായി കഴിഞ്ഞ ദിവസം അമേരിക്കയിലെ ഇന്‍സൈഡര്‍ വെബ്‌സൈറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ അഞ്ചാമത്തെ സ്ഥാനമലങ്കരിക്കുന്ന സഊദി അത്ഭുതകരമായ വളര്‍ച്ചയുമായി വികസനകുതിപ്പ് തുടരുകയാണ്. പരമ്പരാഗതമായ കാഴ്ചപ്പാടുകളില്‍ കാലോചിതമായ മാറ്റങ്ങള്‍വരുത്തി സമൂല പരിവര്‍ത്തനങ്ങള്‍ക്കാണ് സഊദി സാക്ഷിയാവുന്നത്.
സമഗ്രവികസനം സാധ്യമായ ഒരു രാഷ്ട്രമെന്ന പ്രൗഢിയില്‍ തന്നെയാണ് സഊദി അറേബ്യ. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ഭരണമികവില്‍ തൃപ്തരാണ് വിശുദ്ധ ഗേഹങ്ങള്‍ ഉള്‍കൊള്ളുന്ന ഈ രാജ്യത്തെ മൂന്നര കോടിയോളം വരുന്ന ജനങ്ങള്‍. സല്‍മാന്‍ രാജാവിന്റെ കീഴില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം സഊദിയുടെ ചരിത്രത്തില്‍ സുവര്‍ണ്ണ കാലമായി ജനങ്ങള്‍ കാണുന്നു . രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ചടുലതയാര്‍ന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെപിടിച്ച് പൂര്‍വികര്‍ തെളിച്ച പാതയിലൂടെ രാജ്യത്തെ നയിക്കുകയാണ് സല്‍മാന്‍ രാജാവ്. അന്താരാഷ്ട്ര സമാധാന ശ്രമങ്ങളില്‍ അതീവ ജാഗ്രതയോടെയാണ് സല്‍മാന്‍ രാജാവിന്റെ ഇടപെടല്‍. 2005 മുതല്‍ ഔദ്യോഗികമായി ആഘോഷിക്കാന്‍ തുടങ്ങിയ ഓരോ ദേശീയ ദിനവും രാജ്യ പുരോഗതിയുടെയും വികസനത്തിന്റെയും വിലയിരുത്തലുകള്‍ക്കുള്ള വാര്‍ഷിക ദിനമായി മാറിയിരിക്കുന്നു. ആധുനിക സഊദിയുടെ ശില്‍പിയായി അറിയപ്പെടുന്ന അബ്ദുല്‍ അസീസ് രാജാവ് സഊദി അറേബ്യ രൂപീകരിച്ചതിന്റെ സ്മരണ ഉയര്‍ത്തുന്നതാണ് രാജ്യത്തെ ദേശീയ ദിനാഘോഷം.
ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങളുടെ കേന്ദ്രമാണിന്ന് സഊദി അറേബ്യ. 1938ല്‍ എണ്ണപ്പാടങ്ങള്‍ കണ്ടെത്തിയതോടെയാണ് രാജ്യത്തിന്റെ ഭൗതികാന്തരീക്ഷം ഫലഭൂയിഷ്ഠമാവുന്നത്. പെട്രോളിന്റെ കണ്ടെത്തല്‍ മണല്‍ രാജ്യത്തെ വന്‍ സാമ്പത്തിക മുന്നേറ്റത്തിലേക്ക് നയിച്ചു. 1953ലാണ് ആധുനിക സഊദി അറേബ്യയുടെ പിതാവായ അബ്ദുല്‍ അസീസ് രാജാവ് മരണമടയുന്നത്. അബ്ദുല്‍ അസീസ് രാജാവിന്റെ മരണശേഷം മക്കളായ സഊദ് ബിന്‍ അബ്ദുല്‍ അസീസ് (1953 – 1964), ഫൈസല്‍ രാജാവ് (1964- 1975), ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് (1975 -1982), ഫഹദ് രാജാവ് (1982 -2005), അബ്ദുല്ല രാജാവ് (2005 -2015) എന്നിവര്‍ ഭരണം തുടര്‍ന്നു. 2015 ല്‍ അബ്ദുല്ല രാജാവിന്റെ നിര്യാണത്തെതുടര്‍ന്നാണ് അന്ന് കിരീടാവകാശിയായിരുന്ന സല്‍മാന്‍ രാജാവ് അധികാരമേറ്റെടുക്കുന്നത്. ആധുനിക സഊദിയുടെ ശില്‍പിയെന്ന നിലയില്‍ അബ്ദുല്‍ അസീസ് രാജാവ് തുടക്കമിട്ട വികസന പദ്ധതികള്‍ പില്‍ക്കാലത്ത് വന്ന രാജാക്കന്‍മാര്‍ നടപ്പാക്കി. വിശുദ്ധ ഹറമുകളുടെ നവീകരണ പ്രവര്‍ത്തനങ്ങളും ആരോഗ്യ, വിദ്യാഭ്യാസ, സാമ്പത്തിക, സാമൂഹിക രംഗങ്ങളിലെ വളര്‍ച്ചയും സാധ്യമായത് വിവേകപൂര്‍ണമായ ഭരണം കൊണ്ടാണ്.
സാമ്പത്തിക നഗരങ്ങളെന്ന നൂതന കാഴ്ചപ്പാടിലൂടെ സാമ്പത്തിക ഭദ്രതയും സംതുലനവും ഉറപ്പുവരുത്താനായത് സല്‍മാന്‍ രാജാവിന്റെ സാമ്പത്തിക കാഴ്ചപ്പാടിന്റെ ഉയര്‍ച്ച കൊണ്ടാണ്. ധാരാളം തൊഴിലവസരങ്ങളും വികസന നിക്ഷേപ മേഖലകളും സൃഷ്ടിച്ച് സാമൂഹിക ജീവിത നിലവാരത്തെ മികച്ച നിലയിലേക്ക് ഉയര്‍ത്താന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായിട്ടുണ്ട്. ദേശസ്‌നേഹികളായ സഊദി പൗരന്മാര്‍ പ്രത്യേകിച്ച് യുവതലമുറ ഭരണാധികാരികളുടെ നവ്യമായ ശൈലിയിലും നൂതനമായ മാറ്റങ്ങളിലും അങ്ങേയറ്റം പിന്തുണക്കുന്നുവെന്നതാണ് തൊണ്ണൂറിലെത്തി നില്‍ക്കുമ്പോഴുള്ള സവിശേഷത. ലോകത്തിലെ ഏറ്റവും വലിയ ശക്തികളിലേക്ക് ഉയര്‍ത്തപ്പെട്ട അറബ് ലോകത്തെ കിങ്‌മേക്കറായ സഊദി അറേബ്യ ഇന്ന് ജി 20 രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നു, അറബ് ലോകത്തെയും മുസ്‌ലിം ലോകത്തെയും പ്രശ്‌നങ്ങളെ അന്തര്‍ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനും പരിഹാരം കണ്ടെത്താനും നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട് സഊദി ഭരണകൂടം.
ഗള്‍ഫ് മേഖലയില്‍ സമാധാനത്തിന്റെ സന്ദേശ വാഹകരായി നിലകൊള്ളുമ്പോള്‍തന്നെ അനീതിയോടൊപ്പം കൈകോര്‍ക്കാന്‍ സഊദി മുതിരാറില്ല. സുരക്ഷാ തലത്തില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊപ്പം തന്നെ തീവ്രവാദ, ഭീകരവാദ വിരുദ്ധ പോരാട്ടത്തിന് ആശയ തലത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആഗോള സമൂഹത്തിന്റെ വരെ പ്രശംസ പിടിച്ച് പറ്റി. നൂറ് കണക്കിന് തീവ്രവാദികളെയും ഭീകരരെയും തെറ്റ് ബോധ്യപ്പെടുത്തി മുഖ്യധാരയില്‍ ലയിപ്പിക്കുന്നതിന് കൗണ്‍സിലിങ് പ്രോഗ്രാമിലൂടെ സാധിച്ചു. തീവ്രവാദവും ഭീകരവാദവും വെടിയുന്നവര്‍ക്ക് സുരക്ഷിതമായ സാമൂഹിക ജീവിതം നയിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സഹായവും ഗവണ്‍മെന്റ് നല്‍കുന്നുണ്ട്. ആഗോള തലത്തില്‍ ഭീകരവിരുദ്ധ പോരാട്ടത്തിന് സഊദി അറേബ്യ മുന്‍നിരയിലുണ്ട്. സിറിയയില്‍ ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്ന സഖ്യസേനയിലെ സജീവ പങ്കാളിയാണ് സഊദി അറേബ്യ.
ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയുന്നതിന് ധന നിയമങ്ങള്‍ പരിഷ്‌കരിക്കുകയും പുതിയ നിയമങ്ങള്‍ നിര്‍മിക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പുണ്യകേന്ദ്രങ്ങളായ മക്കയുടെയും മദീനയുടെയും സംരക്ഷണ ചുമതല കാര്യക്ഷമമായി നടപ്പിലാക്കാനും അവര്‍ണ്ണനീയമായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ഭരണകൂടം എറെ ശ്രദ്ധചെലുത്തുന്നു. തീര്‍ഥാടകര്‍ക്കായി ഒരുക്കുന്ന വിപുലമായ സൗകര്യങ്ങളും വികസന പദ്ധതികളും ശ്രദ്ധേയമാണ്. ചരിത്രം കുറിക്കുന്ന വിപുലീകരണ പ്രവര്‍ത്തനങ്ങളാണ് വിശുദ്ധ ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ ഹജ്ജ് കര്‍മം പോലും നിയന്ത്രിച്ചുകൊണ്ട് പുണ്യഭൂമിയില്‍ സുരക്ഷയില്‍ അതീവ ജാഗ്രത പുലര്‍ത്തിയപ്പോള്‍ അത് ചരിത്ര രേഖയായി മാറി. കോവിഡ് നിയന്ത്രണം തുടങ്ങിയത് മുതല്‍ ഉംറ കര്‍മ്മവും നിര്‍ത്തുകയും വിശുദ്ധ ഗേഹങ്ങളില്‍ നമസ്‌കാരമടക്കം നിയന്ത്രിക്കുകയും ചെയ്തിരുന്നു. സകല മേഖലകളിലും സമൂലമായ മാറ്റങ്ങള്‍ക്കാണ് രാജ്യം വിധേയമായി കൊണ്ടിരിക്കുന്നത്. എണ്ണ വരുമാനത്തിനപ്പുറം സാമ്പത്തിക അടിത്തറയുണ്ടാക്കുന്ന അനേകം പദ്ധതികള്‍ക്കാണ് ഇക്കാലയളവില്‍ തുടക്കമായത്.