വി.ബി രാജേഷ്
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്‌ശേഷം നവകേരള മിഷനിലെ നാല് മിഷനുകളില്‍ പ്രധാനപ്പെട്ട ഒന്നായാണ് ലൈഫ്പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 3000 വീടുകള്‍ മാത്രമേ നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളുവെന്ന് സഖാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. ലൈഫ് പദ്ധതി ക്കായി യു.എ.ഇയിലെ റെഡ് ക്രസന്റ് വാഗ്ദാനം ചെയ്ത 20 കോടി രൂപയില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിയൂണിടാക് 3.6 കോടി രൂപ സ്വപ്‌നക്കും കൂട്ടാളികള്‍ക്കുംകമ്മീഷന്‍ നല്‍കി എന്ന വാര്‍ത്ത പുറത്ത്‌വന്നതോടെ ലൈഫ് പദ്ധതി വിവാദങ്ങളില്‍ നിറയുകയും ചെയ്തു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പി. എം.ആര്‍.വൈ, ഐ.എ.വൈ, ഇ.എം.എസ് ഭവന പദ്ധതി മുന്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായി ജൂബിലി, ആശ്രയം, മിത്രം, സുകൃതം, സാഫല്യം, സ്വാന്തനം, തണല്‍, അനുഗ്രഹം, കാരുണ്യ തുടങ്ങിയ പേരുകളില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്നിരുന്ന എല്ലാ ഭവന പദ്ധതികളും അവസാനിപ്പിച്ച് ഒരൊറ്റ കുടക്കീഴില്‍ ഒറ്റപ്പേരില്‍ മാറ്റിയാണ് ഇടത് സര്‍ക്കാര്‍ ലൈഫ് പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീയെ ഉപയോഗിച്ച് നടത്തിയ സര്‍വേയിലൂടെ ഭൂമി ഉണ്ടായിട്ടും വീട്ടില്ലാത്ത 184255 പേരും ഭൂമിയും വീടും ഇല്ലാത്ത 3,37,416 പേരും ഉള്‍പ്പെടെ 5,21,671 പേരുണ്ടെന്ന് കണ്ടെത്തി. മൂന്ന് ഘട്ടങ്ങളുള്ള പദ്ധതിയില്‍ രണ്ടാം വിഭാഗത്തെ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് മാറ്റിവെച്ചു. പദ്ധതിയുടെ ഒന്നാംഘട്ടം യു.ഡി.എഫ് കാലത്ത് പണി ആരംഭിച്ചതും എഗ്രിമെന്റ് വെച്ചവരുമായി ബന്ധപ്പെട്ടായിരുന്നു. അതില്‍ 54260 പേരില്‍ 51831 പേരും ആ കാലത്ത് തന്നെ തുക കൈപ്പറ്റിയവര്‍ ആയിരുന്നു. ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കളായി എണ്ണുന്നവരില്‍ 51831 പേരും യു.ഡി.എഫ് സര്‍ക്കാരിന്റെ എക്കൗണ്ടില്‍ വരുമെന്ന് ചുരുക്കം. ലൈഫിന്റെ രണ്ടാം ഘട്ടത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുടെ നിബന്ധന പ്രകാരം 100618 പേരെയാണ് അര്‍ഹരായി കണ്ടെത്തിയത്. ഇതില്‍ 97312 പേര്‍ക്കാണ് അലോട്ട്‌മെന്റ് നടന്നത്. 5/2/2019 ന് നിയമസഭയില്‍ പറഞ്ഞ മറുപടി പ്രകാരം 79384 പേരാണ് എഗ്രിമെന്റ് വെച്ചത്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ രണ്ട് ലക്ഷം കടന്നു എന്ന പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാക്കള്‍ ചോദ്യംചെയ്തത്.
യഥാര്‍ത്ഥത്തില്‍ 4,14,000 വീടുകള്‍ യു.ഡി. എഫ് കാലത്ത് വലിയ പരസ്യങ്ങളോ കൊട്ടിഘോഷങ്ങളോ ഇല്ലാതെ പാവങ്ങള്‍ക്ക് നല്‍കി എന്നതാണ് യാഥാര്‍ത്ഥ്യം. യു.ഡി.എഫ് കാലത്ത് ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം 2,14,656 വീടുകള്‍, പട്ടികജാതി വിഭാഗത്തിന് 24,141, പട്ടിക വര്‍ഗ വിഭാഗത്തിന് 38309, മല്‍സ്യ തൊഴിലാളികള്‍ക്ക് 19212, പഞ്ചായത്തുകള്‍ മുഖേന 91929, മുന്‍സിപ്പാലിറ്റികള്‍ മുഖേന 12938, കോര്‍പറേഷനുകള്‍ മുഖേന 12815 എന്നിങ്ങനെയാണ് 4,14,000 വീടുകള്‍ അനുവദിച്ചത്. ഇത് സര്‍വകാല റിക്കാര്‍ഡാണ്. യു.ഡി.എഫ് കാലത്ത് ഇത് പ്രചാരണ വിഷയമാക്കാന്‍ അനുബന്ധ ചെലവുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ സര്‍ക്കാര്‍ 5 കോടിയോളമാണ് പരസ്യത്തിനായി ചിലവിട്ടത്. (ഏതാണ്ട് 150 പേര്‍ക്ക് വീട് നിര്‍മ്മിക്കാനുള്ള പണം). ഗ്രാമ പഞ്ചായത്തുകള്‍ക്ക് 25000 വീതവും സര്‍ക്കാര്‍ മാത്രം 2 കോടിയും അനുവദിച്ചു. ലൈഫ് പദ്ധതി പ്രകാരം 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഇതില്‍ ഒരു ലക്ഷം രൂപയാണ് സംസ്ഥാന വിഹിതമായി നീക്കിവെക്കുന്നത്. രണ്ട് ലക്ഷത്തി ഇരുപതിനായിരം രൂപ ഹഡ്‌കോയില്‍ നിന്നുള്ള വായ്പ, 80000 രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വിഹിതം എന്നിങ്ങനെയാണ് നാല് ലക്ഷം രൂപ. വായ്പാതിരിച്ചടവ് വരും സര്‍ക്കാരുകളുടെ കൂടെ ബാധ്യതയാണെന്ന് ചുരുക്കം.
കപടമായ അവകാശവാദങ്ങളെ മാറ്റിനിര്‍ത്തിയാലും കുറെ സാധാരണ ജനങ്ങള്‍ക്ക് പ്രയോജനകരമാകേണ്ടതാണ് ലൈഫ് പദ്ധതി. എന്നാല്‍ ഈ പദ്ധതിയെപോലും അഴിമതിക്കുള്ള ഉപാധിയാക്കിമാറ്റിയിരിക്കുന്നു ഇടത് സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ 2018 ഒക്ടോബറിലെയു.എ.ഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി 2019 ജൂലൈ 11ന് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിടുന്നു. സര്‍ക്കാര്‍ അനുവദിക്കുന്ന ഭൂമിയില്‍ ഭവന നിര്‍മ്മാണത്തിന് 20 കോടി രൂപ യു.എ.ഇയിലെ ചാരിറ്റി സംഘടനയായ റെഡ്ക്രസന്റ് നല്‍കും എന്നാണ് റെഡ്ക്രസന്റ് ഡപ്പ്യൂട്ടി ജനറല്‍ സെക്രട്ടറിയും ലൈഫ് മിഷനും തമ്മിലുള്ള ധാരണാപത്രം. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ ധാരണാപത്രം പ്രകാരം രണ്ടാം കക്ഷി സര്‍ക്കാറാണ്. സര്‍ക്കാരിന് കീഴിലുള്ള ഹാബിറ്റാറ്റ് കമ്പനി 13 കോടിക്ക് ചെയ്യാന്‍ തയ്യാറാക്കിയ പദ്ധതിയില്‍നിന്ന് അവര്‍ എങ്ങിനെ ഒഴിവാക്കപ്പെട്ടു. സര്‍ക്കാര്‍ രണ്ടാം കക്ഷിയായ കരാറിലെ 20 കോടി യൂണിടാക് എന്ന കമ്പനിക്ക് എങ്ങിനെ ലഭിച്ചു. 3.6 കോടി രൂപ സ്വപ്‌നക്ക് കമ്മീഷനായി ലഭിക്കാന്‍ എന്ത് സ്വാധീനമാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറിയുടെ ചാര്‍ട്ടേഡ് എക്കൗണ്ടിന്റെ കൂടി എക്കൗണ്ടിലെ ലോക്കറില്‍ അത് എത്താന്‍ കാരണമെന്ത്? ഉത്തരമില്ലാത്ത ചോദ്യങ്ങളായി ഇവ മാറരുത്. കാരണം ഇതിലെ ഓരോ പൈസയും ഒരു പാട് പേരുടെ സ്വപ്‌നങ്ങളാണ്. ആ സ്വപ്‌നങ്ങള്‍ ഒരു സ്വപ്‌നയുടെയും കൈകളാലും തകര്‍ക്കപ്പെടേണ്ടവയല്ല