ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രാഈല്‍ അംഗീകരിച്ചാല്‍ മാത്രമേ ഇസ്രാഈലിനും അറബ് ലോകത്തിനുമിടയില്‍ സമാധാനം സാധ്യമാകൂ എന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി. ഇസ്രാഈല്‍ ഏകപക്ഷീയമായി തീവ്ര നിലപാടുകളെടുക്കുകയാണെന്നും ഇസ്രാഈലിനെ അന്ധമായി പിന്തുണക്കുക എന്നത് അമേരിക്കയുടെ നയമല്ലെന്നും നയപ്രസംഗത്തില്‍ കെറി വ്യക്തമാക്കി.
‘അവര്‍ (ഇസ്രാഈല്‍) ഈ സുഹൃത്തിനെ (അമേരിക്ക) തിരിച്ചറിയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. മറ്റേതു രാജ്യത്തേക്കാളും ഇസ്രാഈലിനെ പിന്തുണക്കുകയും ഇസ്രാഈലിനെ നശിപ്പിക്കാനുള്ള നീക്കങ്ങളെ നിര്‍വീര്യമാക്കുകയും ചെയ്ത സുഹൃത്തിനെ. മേഖലയിലെ സമാധാനത്തിനായി ഞങ്ങള്‍ മുന്നോട്ടുവെച്ച ഇരുരാഷ്ട്ര പരിഹാരം ഞങ്ങളുടെ കണ്‍മുന്നില്‍ നശിപ്പിക്കപ്പെടുമ്പോള്‍ ഇസ്രാഈലിനെ വേണ്ടവിധം സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല.’ – കെറി പറഞ്ഞു.
ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലില്‍ ഫലസ്തീന്‍ ഭൂമിയിലെ ഇസ്രാഈലിന്റെ അനധികൃത നിര്‍മാണത്തിനെതിരായ പ്രമേയം വോട്ടിനിട്ടപ്പോള്‍ അമേരിക്ക വീറ്റോ ചെയ്യാതെ വിട്ടുനിന്നിരുന്നു. പ്രമേയം പാസായത് ഇസ്രാഈലിനെ ചൊടിപ്പിച്ചു. അമേരിക്ക എതിര്‍ത്ത് വോട്ടു ചെയ്യുമെന്നാണ് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നത് എന്ന് ഇസ്രാഈല്‍ അംബാസഡര്‍ ഡാനി ഡാനന്‍ വ്യക്തമാക്കുകയും ചെയ്തു.
ഐക്യരാഷ്ട്ര സഭയിലെ പ്രമേയം ദ്വിരാഷ്ട്ര പരിഹാരം നിലനിര്‍ത്തുന്നതിനു വേണ്ടിയായിരുന്നുവെന്നും, ഇസ്രാഈലിനെതിരാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കെറി പറഞ്ഞു. ‘ജൂത ജനാധിപത്യ രാഷ്ട്രമായി ഇസ്രാഈല്‍ നിലനിന്നു കാണാനും അയല്‍ രാഷ്ട്രങ്ങളുമായി സൗഹൃദത്തില്‍ മുന്നോട്ടു പോകാനുമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് ദ്വിരാഷ്ട്ര പരിഹാരം മുന്നോട്ടു വെക്കുന്നത്. പ്രമേയം ഇസ്രാഈലിനെ നശിപ്പിക്കാനാണെന്ന വിമര്‍ശനം തള്ളിക്കളയുന്നു. ഈ പ്രമേയമല്ല ഇസ്രാഈലിനെ ഒറ്റപ്പെടുത്തുന്നത്. അനധികൃത ഭൂമി കയ്യേറി അവര്‍ കെട്ടിട നിര്‍മാണം നടത്തുന്നതാണ് സമാധാന പ്രക്രിയ അവതാളത്തിലാക്കുന്നത്.’ കെറി പറഞ്ഞു. ഇസ്രാഈലില്‍ ഇപ്പോഴുള്ള ബെഞ്ചമിന്‍ നെതന്യാഹു ഗവണ്‍മെന്റ് ചരിത്രത്തിലെ ഏറ്റവും വലിയ വലതുപക്ഷ ഭരണമാണെന്നും കെറി വിമര്‍ശിച്ചു.
കയ്യേറ്റത്തിലും കെട്ടിട നിര്‍മാണത്തിലുമുള്ള നയങ്ങളായിരിക്കും ഇസ്രാഈലിന്റെ ഭാവി തീരുമാനിക്കുകയെന്നും ഇക്കാര്യത്തില്‍ പിടിവാശി കാണിക്കുന്നത് അവരുടെ സുരക്ഷാ ഉത്തരവാദിത്തം വര്‍ധിപ്പിക്കുമെന്നും കെറി മുന്നറിയിപ്പ് നല്‍കി. കുടിയേറ്റവും സമാധാനവും ഒന്നിച്ചു പോകില്ല. ഓസ്ലോ കരാര്‍ മാനിക്കാതെ ഇസ്രാഈല്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കുന്നുണ്ടെന്നും കെറി ചൂണ്ടിക്കാട്ടി.