Connect with us

kerala

പെരിയയില്‍ പഠിക്കുമോ പിണറായി സര്‍ക്കാര്‍

Published

on

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് ഇളംചെറുപ്പക്കാരെ രാഷ്ട്രീയ വിരോധത്തിന്റെപേരില്‍ ഇരുട്ടിന്റെ മറവില്‍ ഇഞ്ചിഞ്ചായി കൊല ചെയ്തവര്‍ക്കായി പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അമ്പേ പരാജയപ്പെട്ട് നിയമത്തിനും സാമാന്യനീതിക്കും മനുഷ്യത്വത്തിനും മുന്നില്‍ തുണിയുരിയപ്പെട്ട് നില്‍ക്കുകയാണ് ഇടതുമുന്നണി സര്‍ക്കാര്‍. സംസ്ഥാനത്തെ ജനങ്ങളുടെ ഒരുകോടിയോളം രൂപയുടെ നികുതിപ്പണം അഭിഭാഷകര്‍ക്ക് വീതിച്ചുനല്‍കി വാദിച്ചിട്ടും പെരിയ കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയെ ഡിവിഷന്‍ ബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍പോയത് പ്രതികളും കൂട്ടുപ്രതികളുമായ സ്വന്തം രാഷ്ട്രീയ നേതാക്കളെയും പ്രവര്‍ത്തകരെയും എന്തു വിലകൊടുത്തും രക്ഷിക്കാനായിരുന്നു. അത് ചീറ്റിപ്പോയെന്ന് മാത്രമല്ല, ജനങ്ങളുടെ പണം തിരികെ ഏല്‍പിക്കേണ്ട ധാര്‍മിക ബാധ്യതകൂടി പിണറായി സര്‍ക്കാരിന് വന്നുചേര്‍ന്നിരിക്കുകയാണ്.
ഒന്‍പതു മാസവും ഒന്‍പതു ദിവസവും കഴിഞ്ഞ് ഇന്നലെയാണ് കേസ് സി.ബി.ഐക്ക് വിട്ടുകൊണ്ടുള്ള സിംഗിള്‍ബെഞ്ച്‌വിധി ശരിവെച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം ആറു മാസത്തിനകം തീര്‍പ്പുകല്‍പ്പിക്കപ്പെടേണ്ട വിധിയാണ് സര്‍ക്കാര്‍ കാരണം ഇത്രത്തോളം നീണ്ടുപോയത്. സി.ബി.ഐ വന്നാല്‍ തങ്ങളുടെ കൈപൊള്ളുമെന്നും നേതാക്കളടക്കം അകത്താകുമെന്നുമുള്ള ഭീതിയാണ് സര്‍ക്കാരിനെ ഇത്രത്തോളം അധമത്വത്തിലേക്ക് എത്തിച്ചത്. പ്രമാദമായ ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.പി.എം നേതൃത്വം പൊലീസിലും കോടതിയിലും ജയില്‍ വകുപ്പിലുമൊക്കെ ഇടപെട്ട് എങ്ങനെയെല്ലാമാണോ നീതി തമസ്‌കരിക്കാന്‍ പരിശ്രമിച്ചത്, സമാനമായ തരംതാണ പൊറാട്ടുനാടകമാണ് പെരിയ ഇരട്ടക്കൊലക്കേസിലും സി.പി.എം അനുവര്‍ത്തിച്ചത്. അന്ന് സി.പി.എം സംസ്ഥാന നേതൃത്വമായിരുന്നു പ്രതിക്കൂട്ടിലെങ്കില്‍ ഇന്ന് ജനങ്ങളുടെ ചെലവിലാണ് ജീവിതം പിച്ചവെച്ചു തുടങ്ങുന്ന രണ്ട് ചെറുപ്പക്കാരെ വെട്ടിക്കൊലപ്പെടുത്തിയ കശ്മലന്മാര്‍ക്കുവേണ്ടി ഒരു ജനാധിപത്യ സര്‍ക്കാര്‍ നെറികേടിന്റെ തനിസ്വരൂപം പുറത്തെടുത്തത്.
കഴിഞ്ഞ വര്‍ഷത്തെ സിംഗിള്‍ ബെഞ്ച് വിധിയില്‍, പ്രതികളുടെ മൊഴി അപ്പടി വിശ്വസിച്ചാണ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയതെന്നായിരുന്നു കോടതിയുടെ പ്രസ്താവം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ വാദം നിഷേധിച്ച് സി.പി.എം നേതാക്കളായ കെ.വി കുഞ്ഞിരാമനും വി.പി.പി മുസ്തഫക്കും ഗൂഢാലോചനയില്‍ പങ്കില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കൊലക്ക് കാരണം മുഖ്യപ്രതിയും സി.പി.എം നേതാവുമായ പീതാംബരന്റെ വ്യക്തിവിരോധമാണെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. ഇത് സി.പി.എമ്മിന്റെ തന്നെ വാദമായിരുന്നു. പീതാംബരനുള്‍പ്പെടെ 14 പേരെയാണ് പൊലീസ് പ്രതിയാക്കിയത്. കുറ്റപത്രംറദ്ദാക്കിയ വിധി റദ്ദാക്കിയെങ്കിലും ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം കൊല്ലപ്പെട്ടവരുടെ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും സമാധാനകാംക്ഷികളായ സര്‍വജനങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്നു. ടി.പി കേസിലും കണ്ണൂലിലെ അരിയില്‍ഷുക്കൂര്‍, ശുഹൈബ്, ഫസല്‍ കേസുകളിലെല്ലാം ഏറിയും കുറഞ്ഞും ഇതേനിലപാടു തന്നെയായിരുന്നു പിണറായിഭരണകൂടവും പൊലീസും സ്വീകരിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ അതേ ചോരക്കറയാണ് ആഭ്യന്തര വകുപ്പിന്റെയും അതിനെ നിയന്ത്രിക്കുന്ന സി.പി.എം നേതൃത്വത്തിന്റെയും മുഖത്ത് ഈ കേസിലും കാണാനാവുന്നത്. മന:സാക്ഷി ലവലേശമില്ലാത്ത ആള്‍ക്കൂട്ടത്തിന് മാത്രമേ ഇതുപോലെ പ്രവര്‍ത്തിക്കാനാകൂ.
കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളം അതീവ ഗൗരവമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെയാണ് 2019 ഫെബ്രുവരി 17ന് കേരളത്തെ ഞെട്ടിച്ച മറ്റൊരു രാഷ്ട്രീയക്കൊലപാതകം കൂടി സി.പി.എമ്മിന്റെ ആശിസ്സുകളോടെ സംസ്ഥാനത്ത് സംഭവിക്കുന്നത്. കാസര്‍കോട് പെരിയയില്‍ ക്ഷേത്രോല്‍സവ സംബന്ധിയായ യോഗത്തില്‍ പങ്കെടുത്തശേഷം രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കൃപേഷ്, ശരത്‌ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസിന്റെ ചുറുചുറുക്കുള്ള പ്രവര്‍ത്തകരെയാണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുവീഴ്ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. തികച്ചും ദരിദ്ര സാഹചര്യത്തില്‍ വളരുന്ന കുടുംബമായിരുന്നു ഇരുവരുടേത്. സി.പി.എമ്മിനെതിരായ ഒരു രാഷ്ട്രീയകക്ഷിയില്‍ പ്രവര്‍ത്തിക്കുകയും സ്വന്തമായി അഭിപ്രായം കൊണ്ടുനടക്കുകയും ചെയ്തുവെന്നതായിരുന്നു പ്രതികള്‍ ചെയ്ത തെറ്റ്. കൊലപാതകത്തിന് ദിവസങ്ങള്‍ക്കുമുമ്പ് സി.പി.എം കമ്മിറ്റി യോഗം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. ആദ്യം കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥനെ മാറ്റിയപ്പോള്‍തന്നെ കേസിന്റെ ഗതിയെക്കുറിച്ച് സംശയം ജനമനസ്സുകളില്‍ രൂപപ്പെട്ടിരുന്നു. അതിശക്തമായ ജനകീയ ചെറുത്തുനില്‍പും നീതിക്കുവേണ്ടി ഏതറ്റം വരെയുംപോകുമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിശ്ചയദാര്‍ഢ്യവുമാണ് ഇന്നലത്തെ വിധിയിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചത്. കൊലപാതകത്തിന്് പിന്നിലെ ഗൂഢാലോചനക്കെതിരെ കൃപേഷിന്റെ പിതാവ് കൃഷ്ണനാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഈ വിധി ഇടതുസര്‍ക്കാരിനും മുഖ്യമന്ത്രിക്കും സി.പി.എമ്മിനും ബി.ജെ.പിക്കുമെല്ലാം കൊലപാതക രാഷ്ട്രീയത്തിനെതിരായ മറ്റൊരു മുന്നറിയിപ്പാണെങ്കിലും നിരവധി കൊലപാതകക്കേസുകളുടെ കാര്യത്തിലെന്നതുപോലെ ഇതും കാരിരുമ്പിന്റെ ഹൃദയമുള്ള രാഷ്ട്രീയ നേതൃത്വങ്ങളില്‍ നേരിയ ഇളക്കമെങ്കിലും സൃഷ്ടിക്കുമെന്ന് കരുതാന്‍ വയ്യ. ടി.പി വധത്തിന്‌ശേഷം മന്ത്രിമാരും എം.എല്‍.എമാരുമടക്കമുള്ള സി.പി.എം നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗുണ്ടാഭീഷണികള്‍ ജനങ്ങള്‍ അതേപടി കാണുകയാണിപ്പോഴും. ടി.പി കേസിലെ കുറ്റവാളിയെ ഏരിയാകമ്മിറ്റിയില്‍ നിലനിര്‍ത്തുകയും തോന്നിയപോലെ പരോള്‍ അനുവദിക്കുകയുംചെയ്ത സര്‍ക്കാരില്‍നിന്ന് നീതി പ്രതീക്ഷിക്കാനും വയ്യ. കാസര്‍കോട് ലോക്‌സഭാമണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിന് സി.പി.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയംഗത്തിന് സിറ്റിങ്‌സീറ്റ് നഷ്ടമായിട്ടുപോലും ജനങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും നീതിപീഠങ്ങളെയും വെല്ലുവിളിച്ച് പഴയ നീക്കത്തിലാണ് സി.പി.എമ്മും സര്‍ക്കാരും. കേസിലെ പ്രതികള്‍ക്കുവേണ്ടി വാദിക്കാന്‍ കൊടുത്ത നാട്ടുകാരുടെ അധ്വാനപ്പണമായ 88 ലക്ഷം രൂപ ട്രഷറിയിലേക്ക് തിരിച്ചടക്കാനുള്ള ആര്‍ജവമെങ്കിലും സി.പി.എം നേതൃത്വം കാണിക്കണം. പക്ഷേ അത്രയെങ്കിലും മന:സാക്ഷിയും സമാധാനബോധവും തൊട്ടുതീണ്ടിയിട്ടുണ്ടെങ്കില്‍ എത്രയോ ചെറുപ്പക്കാര്‍ കേരളത്തിലിന്നും ജീവിച്ചിരിക്കുമായിരുന്നല്ലോ!

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞു’: എ. വിജയരാഘവനെതിരെ ദീപിക ദിനപത്രം

വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപിക ദിനപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ കോടതിക്ക് മുന്നില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടി പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ചും പൊതുജനങ്ങളെ അപഹസിച്ചും സംസാരിച്ച സിപിഎം നേതാവ് എ. വിജയരാഘവനെതിരെ പ്രതിഷേധം കടുക്കുന്നു. വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനമാണ് ദീപിക ദിനപത്രത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയില്‍ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ലെന്ന് ‘സഖാവേ, കാളവണ്ടിയുഗം കഴിഞ്ഞു’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ പറയുന്നു. പോളിറ്റ് ബ്യൂറോ അംഗത്തിന്റേത് മാരക ന്യായീകരണമായിരുന്നു. പാവങ്ങളുടെ പാര്‍ട്ടിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാര്‍ട്ടിയില്‍ കാറില്ലാത്ത എത്ര നേതാക്കളുണ്ടെന്നും ദീപിക ചോദിക്കുന്നു.

രാഷ്ട്രീയക്കാരന്റെ മേലങ്കി അഹങ്കാരത്തിനു കാരണമായാല്‍ അതു സഹിക്കാനുള്ള ബാധ്യത പൊതുജനത്തിനില്ല. പൊതുജനത്തിന്റെ ആധി അറിയുന്ന ഒരുവനും പൊതുവഴിയില്‍ വേദികെട്ടി പ്രസംഗിക്കാനുള്ള തൊലിക്കട്ടി ഉണ്ടാകില്ല. പൊതുവഴി സ്റ്റേജ് കെട്ടാനുള്ളതാണന്നും, നിയമസഭ മേശപ്പുറത്ത് നൃത്തമാടാനുള്ളതാണെന്നും കരുതുന്നവരുടെ രാഷ്ട്രീയമനസ് ഇനിയും ഇരുണ്ട യുഗത്തിന്റെ തമസില്‍ തപ്പിത്തടയുകയാണെന്നു പറയേണ്ടിവരുമെന്നും ദീപിക പത്രത്തില്‍ പറയുന്നു.

കാറുള്ളവര്‍ കാറില്‍ പോകുന്നതുപോലെ പാവങ്ങള്‍ക്കു ജാഥ നടത്താനും അനുവാദം വേണമെന്നു പറഞ്ഞ വിജയരാഘവന്‍, അറിഞ്ഞോ അറിയാതെയോ തൊലിയുരിഞ്ഞുപോകുന്ന സെല്‍ഫ് ഗോള്‍ തന്നെയാണ് പാര്‍ട്ടിയുടെ ഗോള്‍ പോസ്റ്റില്‍ അടിച്ചുകയറ്റിയിരിക്കുന്നത്. പാവങ്ങളുടെ പാര്‍ട്ടിയെന്നു സ്വയം വിശേഷിപ്പിക്കുന്ന നിങ്ങളുടെ പാര്‍ട്ടിയില്‍ കാറില്ലാത്ത എത്ര നേതാക്കളുണ്ട്. കുന്നംകുളത്തെ സമ്മേളനത്തില്‍ പ്രസംഗിക്കാന്‍ സഖാവ് വിജയരാഘവന്‍ നടന്നാണോ വന്നതെന്നും ദീപിക മുഖപ്രസംഗത്തിലൂടെ ചോദിക്കുന്നു.

കഴിഞ്ഞ ദിവസമാണ് വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയതിനെ ന്യായീകരിച്ച് വിജയരാഘവന്‍ രംഗത്തെത്തിയത്. കാറില്‍ പോകേണ്ട കാര്യമുണ്ടോ നടന്നും പോകാമല്ലോ എന്നായിരുന്നു സിപിഎം കുന്നംകുളം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനത്തില്‍ വിജയരാഘവന്‍ ചോദിച്ചത്.

Continue Reading

kerala

ആലുവ പൊലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി

മൂക്കന്നൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്

Published

on

കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനില്‍നിന്നു രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയില്‍ ചാടി രക്ഷപ്പെട്ടത്. മൂക്കന്നൂരില്‍നിന്നാണ് ഇയാളെ പിടികൂടിയത്. സെല്ലില്‍ അടച്ച പ്രതിയെ പൂട്ടിയിട്ടിരുന്നില്ലെന്നാണ് വിവരം.

പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ മറ്റു പൊലീസ് സറ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പൊലീസ് അറിയിച്ചത്.

Continue Reading

kerala

വടകരയില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു

Published

on

കോഴിക്കോട്: വടകര സാന്‍ഡ് ബാങ്ക്‌സില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.രക്ഷാപ്രവര്‍ത്തനത്തിന് കോസ്റ്റ് ഗാര്‍ഡ് എത്താത്തതില്‍ സ്ഥലത്ത് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചു.

ഇന്ന് രാവിലെയാണ് അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം തിരമാലയില്‍ എടുത്തെറിഞ്ഞാണ് അപകടമുണ്ടായത്. ഇബ്രാഹിമാണ് അബൂബക്കറിനെ കരയില്‍ എത്തിച്ചത്. സാന്‍ഡ് ബാങ്ക്‌സില്‍ അപകടം പതിവായതോടെ പ്രദേശത്ത് 24 മണിക്കൂറും കോസ്റ്റ് ഗാര്‍ഡ് സേവനം ഉണ്ടാകുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അപകട വിവരം അറിയിച്ചെങ്കിലും കോസ്റ്റ് ഗാര്‍ഡ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് എത്താതിരുന്നതോടെ മല്‍സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലേക്ക് കടക്കുകയായിരുന്നു.

Continue Reading

Trending