Connect with us

main stories

ആരോപണങ്ങള്‍ക്കൊന്നും മറുപടിയില്ല; ലാറ്റിനമേരിക്ക മുതല്‍ അയോധ്യ വരെ- ശങ്കരാടിയെ ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം

പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്‍, കെ.എം ഷാജി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം സര്‍ക്കാറിന്റെ വീഴ്ച്ചകളും ചീഞ്ഞുനാറുന്ന അഴിമതിക്കഥകളും തുറന്നുകാട്ടി

Published

on

തിരുവനന്തപുരം: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാറിന്റെ അഴിമതികള്‍ ഒന്നൊന്നായി പ്രതിപക്ഷം തുറന്നുകാട്ടിയതോടെ ദേശീയ രാഷ്ട്രീയവും അന്തര്‍ദേശീയ രാഷ്ട്രീയവും പറഞ്ഞ് നീട്ടി വലിച്ച് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം. മൂന്ന് മണിക്കൂറിലധികം പ്രസംഗിച്ചിട്ടും സര്‍ക്കാറിനെതിരെ ഉന്നയിക്കപ്പെട്ട വിമര്‍ശനങ്ങള്‍ക്കൊന്നും വ്യക്തമായി മറുപടി പറയാന്‍ മുഖ്യമന്ത്രിക്കായില്ല.

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് തകരുകയാണ്, ബിജെപി കോണ്‍ഗ്രസ് സഖ്യമാണ്, ബാബരി വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണ് തുടങ്ങി പതിവ് ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികള്‍ ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ നിലവാരമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തത്. കേരളത്തിലെ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും സിപിമ്മിന്റെ നേട്ടം മാത്രമായി ഉയര്‍ത്തിക്കാട്ടാനും മുഖ്യമന്ത്രി മറന്നില്ല.

ഭരണപക്ഷത്തെ മികച്ച പ്രസംഗമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആഘോഷിച്ച എം. സ്വരാജിന്റെ പ്രസംഗവും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള രക്ഷപ്പെടലായിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തെക്കുറിച്ചായിരുന്നു സ്വരാജിന്റെ ആശങ്കകള്‍ മുഴുവന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിക്കുകയായിരുന്നു സ്വരാജ്. നാലര വര്‍ഷം ഭരിച്ചിട്ടും ഒരു നിയമനടപടിയും സ്വീകരിക്കാനാവാത്തവര്‍ വീണ്ടും ആരോപണങ്ങളുന്നയിക്കുന്നത് സെല്‍ഫ് ഗോളാണെന്ന കാര്യം പോലും സ്വരാജ് മറന്നു.

പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശന്‍, കെ.എം ഷാജി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം സര്‍ക്കാറിന്റെ വീഴ്ച്ചകളും ചീഞ്ഞുനാറുന്ന അഴിമതിക്കഥകളും തുറന്നുകാട്ടി. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്, ലൈഫ് പദ്ധതിയിലെ അട്ടിമറി, ബെവ്ക്യൂ ആപ്പും ലൈഫ് മിഷന്‍ കൈക്കൂലിയുമായുള്ള ബന്ധം, മന്ത്രി ജലീലിന്റെ അഴിമതി, പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതി തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. രഥയാത്ര, ഹാഗിയ സോഫിയ, സ്വാതന്ത്ര്യ സമര ചരിത്രം, ബിജെപിയുടെ ഭരണവൈകല്യങ്ങള്‍, സംഘപരിവാറിന്റെ കാവിവല്‍ക്കരണം തുടങ്ങിയവയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

kerala

പ്ലസ്ടു കോഴക്കേസ്; സര്‍ക്കാരിന് തിരിച്ചടി; കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി

കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

Published

on

പ്ലസ് ടു കോഴക്കേസില്‍ സര്‍ക്കാരിന് തിരിച്ചടി. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിംകോടതി തള്ളി. കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു.

ഷാജിക്കെതിരായ കോഴക്കേസ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെ സര്‍ക്കാരും ഇഡിയും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹരജിയില്‍ വിധിയില്‍ നിരവധി പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി വീണ്ടും കേസെടുത്ത് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

ജൂണ്‍ 19ന് ഷാജിക്കെതിരെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റേതായിരുന്നു ഉത്തരവ്.

 

Continue Reading

kerala

മുനമ്പത്ത് മുസ്‌ലിംകളെയും ക്രൈസ്തവരെയും തമ്മിലടിപ്പിക്കാന്‍ ആസൂത്രിത ശ്രമം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Published

on

മുനമ്പത്ത് മുസ്ലിം, ക്രൈസ്തവ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുണ്ടെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പാവപ്പെട്ട കർഷകരെയും ന്യൂനപക്ഷങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമം നടക്കുകയാണ്. അതിനെ എതിർക്കുക തന്നെ ചെയ്യും.

സമുദായത്തിന്റെ സ്വത്ത് സംരക്ഷിക്കാൻ മുസ്ലിംകൾ വഖഫിനെ ആശ്രയിക്കുന്നതിൽ എതിർപ്പില്ല. മുനമ്പത്ത് സാധാരണക്കാരന്റെ ഭൂമി പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

india

മസ്ജിദ് കയ്യേറ്റങ്ങള്‍ക്കും മുസ്‌ലിം വംശഹത്യക്കുമെതിരെ യൂത്ത് ലീഗ് രാജ്യവ്യാപക പ്രതിഷേധത്തിന്‌

നവമ്പർ 26 മുതൽ ഡിസംബർ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക.

Published

on

നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്ജിദുകൾ കയ്യേറി സംഘർഷമുണ്ടാക്കുകയും മുസ്ലിം വംശഹത്യക്ക് ശ്രമിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്തു. യു പി സംഭലിൽ ഷാഹി മസ്ജിദ് സർവ്വേയുടെ പേരിൽ 5 പേരെ യു പി പോലീസ് വെടി വച്ച് കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയ യൂത്ത് ലീഗ് കമ്മിറ്റി ദേശീയ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. നവമ്പർ 26 മുതൽ ഡിസംബർ 6 വരെയാണ് ദേശീയ പ്രക്ഷോഭം നടക്കുക. കേരളത്തിൽ നിയോജക മണ്ഡലം തലങ്ങളിലും മറ്റ് സംസ്ഥാനങ്ങളിൽ ജില്ലാ കേന്ദ്രങ്ങളിലും ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ദേശീയ കമ്മിറ്റി അറിയിച്ചു. മസ്ജിദുകൾ അടക്കമുള്ള ന്യൂനപക്ഷ ആരാധനാലയങ്ങളെ ലക്ഷ്യം വക്കുന്നത് രാജ്യത്ത് നിത്യസംഭവമാവുകയാണ്. യാതൊരു തർക്കവും ഉണ്ടായിട്ടില്ലാത്ത ഡൽഹി അഖുഞ്ചി മസ്ജിദ് തകർത്തിട്ട് മാസങ്ങൾ കഴിഞ്ഞിട്ടില്ല. വിവിധ സംസ്ഥാനങ്ങളിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. നിയമ ലംഘനങ്ങൾക്കും നീതി നിഷേധത്തിനും ബിജെപി സർക്കാരുകൾ തന്നെയാണ് നേതൃത്വം നൽകുന്നത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് യുപിയിലെ ഷാഹി മസ്ജിദ്. നേരത്തെ ഗുജറാത്തിലും മുസ്ലിം ആരാധനാലയങ്ങൾ തകർക്കപ്പെട്ടിരുന്നു.

വിശുദ്ധമായി കാണുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ആരാധനാലയങ്ങളെ മുൻനിറുത്തി രാജ്യത്തിന്റെ സമാധാനം തകർക്കുന്ന ഭരണകൂട ഭീകരതയെ രാജ്യത്തെ മതേതര വിശ്വാസികൾ എന്തു വില കൊടുത്തും പ്രതിരോധിക്കണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. 1991 ലെ ആരാധനാലയ സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണമെന്നും നിരപരാധികളായ അഞ്ചു ചെറുപ്പക്കാരെ വെടി വെച്ച് കൊന്ന യുപി പോലിസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്.ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാൻ രാജ്യത്തെങ്ങുമുള്ള യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ആസിഫ് അൻസാരിയും ജനറൽ സെക്രട്ടറി അഡ്വ.വികെ ഫൈസൽ ബാബുവും അഭ്യർത്ഥിച്ചു.

Continue Reading

Trending