ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെട്ടും അവരുടെ ഭരണത്തിലുമാണ് ഇന്ത്യയിലെ ഫേയ്സ്ബുകിന്റെയും വാട്‌സആപ്പിന്റെ പ്രവര്‍ത്തനമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍മീഡിയ വിഷയത്തില്‍ മോദി സര്‍ക്കാറിനെതിരെ
കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും രംഗത്ത്. ഇന്ത്യയിലെ ഭരണപക്ഷത്തിന് അനുകൂലമായാണ് ഫേയ്സ്ബുകും അതിന് കീഴിലുള്ള വാട്‌സ്ആപ്പും നിലപാട് സ്വീകരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ടത്.
ബിജെപി നേതാക്കളില്‍ ചിലരുടെ വര്‍ഗീയ പരാമര്‍ശങ്ങളില്‍ നടപടി സ്വീകരിക്കാതെ ഇന്ത്യയില്‍ ഫേയ്സ്ബുക് അതിന്റെ നയങ്ങളില്‍ വെള്ളംചേര്‍ക്കുന്നതായും വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വര്‍ഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎല്‍എ രാജ സിങിനെതിരെ നടപടിയെടുക്കാന്‍ ഫേയ്സ്ബുക്ക് തയ്യാറായില്ലെന്നാണ് ഫേയ്ബുക്കിലെതന്നെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കമ്പനിയുടെ പക്ഷപാത നിലപാട് ചൂണ്ടിക്കാണിക്കുന്നത്. രാജ സിങിനെ ഫേയ്സ്ബുക്കില്‍നിന്ന് വിലക്കാതിരിക്കാന്‍ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അന്‍ഖി ദാസ് ഇടപെട്ടുവെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിഷയത്തില്‍ രൂക്ഷ വിമര്‍ശവുമായി ഇതിനകം തന്നെ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ കക്ഷികളും രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും ബിജെപിയുടേയും ആര്‍എസ്എസിന്റെയും നിയന്ത്രണത്തിലാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചു. ഫെയ്ബുക് മേധാവി സുക്കര്‍ബര്‍ഗും പ്രധാമന്ത്രി നരേന്ദ്രമേദിയും തമ്മിലുള്ള ചിത്രമടങ്ങുന്ന റിപ്പോര്‍ട്ട് പങ്കുവെച്ചാണ് രാഹുലിന്റെ ട്വീറ്റ്.
ബിജെപി-ആര്‍എസ്എസ് നിയന്ത്രണത്തിലായാണ് ഇന്ത്യയില്‍ ഫേസ്ബുക്കും വാട്സ്ആപ്പും പ്രവര്‍ത്തിക്കുന്നത്. അവര്‍ അതിലൂടെ വ്യാജവാര്‍ത്തകളും വിദ്വേഷവും പ്രചരിപ്പിക്കുകയും അത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുന്നു. ഒടുവില്‍ ഫേസ്ബുക്കിനെക്കുറിച്ചുള്ള അമേരിക്കന്‍ മാധ്യമങ്ങള്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്ന വസ്തുതയാണെന്നും, രാഹുല്‍ ട്വീറ്റ് ചെയ്തു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഫേയ്സ്ബുക്കില്‍നിന്ന് രാജ സിങിനെ വിലക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബിജെപിയുടെ ഇടപെടലുകള്‍ ഉണ്ടായത്. ഇത് ഭരിക്കുന്ന പാര്‍ട്ടിയോടുള്ള ഫേയ്സ്ബുക്കിന്റെ പക്ഷപാതപരമായ നടപടിയായാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നേരത്തെ ജോര്‍ജ് ഫ്‌ളോയിഡ് മരണത്തിന് പിന്നാലെ അമേരിക്കയില്‍ ട്രംപ് അനുകൂല നിലപാട് സ്വീകരച്ചതിന് സുക്കര്‍ബര്‍ഗ് വിവാദത്തിലായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ മേധാവിയുമായി വാക്ക്‌പോരിനും ഇത് കളമൊരുക്കിയിരുന്നു.
വിവാദ പ്രസ്താവനകളുടെ പേരില്‍ കുപ്രസിദ്ധനായ രാജ സിങ് റോഹിംഗ്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ നടത്തിയ പ്രസ്താവന ഫെയ്സ്ബുക്കിന്റെ നയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഫേയ്സ്ബുക്ക് തന്നെ വിലയിരുത്തിയിരുന്നു. എന്നാല്‍, ഫെയ്സ്ബുക്ക് നയങ്ങള്‍ ലംഘിക്കുന്നതിന്റെ പേരില്‍ മോദിയുടെ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് തടസ്സമാകുമെന്ന ബിജെപി നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് നിലപാടില്‍ മാറ്റം വരുത്തിയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, കലാപത്തിന് കാരണമാകുന്ന വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷജനകമായ ഉള്ളടക്കങ്ങളും തടയുക എന്നത് ഫെയ്സ്ബുക്കിന്റെ നയമാണെന്നും രാഷ്ട്രീയവും പാര്‍ട്ടി ബന്ധങ്ങളും പരിഗണിക്കാതെ ലോകമൊട്ടുക്കും ഈ നയം നടപ്പാക്കുകയെന്നാണ് കമ്പനിയുടെ നിലപാടെന്നും ഫെയ്സ്ബുക്ക് വക്താവ് പ്രതികരിച്ചു.
അതേസമയം, ഫെയ്സ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരും ബിജെപിയും തമ്മിലുള്ള അടുത്ത ബന്ധമാണ് സംഭവം കാണിക്കുന്നതെന്നും ഇത് ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.