Connect with us

Video Stories

ഭരണ കേന്ദ്രങ്ങളില്‍ ബ്രിട്ടീഷ് പ്രേതങ്ങളോ

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

രാജ്യത്തെ നിരപരാധികളും അസംഘടിതരുമായ പൗരന്മാരെ ദ്രോഹിച്ചുകൊണ്ടും അവരെ ഉന്മൂലനം ചെയ്തുകൊണ്ടും നടമാടിക്കൊണ്ടിരിക്കുന്ന സംഘടിത ആള്‍ക്കൂട്ട കൊലകളെ അമര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അതിനുശേഷം 185 കലാ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതി രംഗത്ത്‌വന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വിറ്ററിലൂടെ ശക്തമായ പ്രതികരണം പ്രകടിപ്പിക്കുകയും അത് തുറന്ന കത്തായി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് അടക്കമുള്ള സംഘടനകള്‍ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞു. സാംസ്‌കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും മാത്രമല്ല, നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും നടപടിക്കെതിരെ പ്രതികരണവുമായി രംഗത്ത്‌വന്നിട്ടുണ്ട്. ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസും 20 ാം നിയമ കമ്മീഷന്റെ ചെയര്‍മാനായിരുന്ന അജിത് പ്രകാശ് ഷാ ഒക്ടോബര്‍ 7 ലെ ദ ഹിന്ദു പത്രത്തില്‍ ‘വിമര്‍ശനം രാജ്യദ്രോഹമല്ല’ (ഇൃശശേരശാെ ശ െിീ േലെറശശേീി) എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം പ്രധാനമന്ത്രിയടക്കമുള്ള നിയമനിര്‍മ്മാണ സമൂഹത്തിന്റെയും ഭരണ നിര്‍വഹണ സമൂഹത്തിന്റെയും ന്യായാധിപ സമൂഹത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ്.
ഇന്ത്യയുടെ പല ഭാഗങ്ങളിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന, പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സമ്മതിക്കുകയും നടപടി സ്വീകരിക്കുമെന്ന് പറയുകയും ചെയ്ത, നിരവധി കോടതികളില്‍ ചര്‍ച്ച ചെയ്യപ്പെടുകയും സര്‍ക്കാരിനോട് നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത ആള്‍ക്കൂട്ടക്കൊലകള്‍ നിര്‍ബാധം തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ ആവശ്യപ്പെട്ടു മാത്രമാണ് ജാതിമത വ്യത്യാസങ്ങള്‍ക്കതീതമായി സാംസ്‌കാരികപ്രവര്‍ത്തകരും ചരിത്രകാരന്മാരും ഭിഷഗ്വരന്മാരും അടങ്ങുന്ന 49 പേര്‍ ഒരുമിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ഈ കത്തിന്റെ പേരിലാണ് കത്തെഴുതിയ പ്രമുഖര്‍ക്കെതിരെ ബീഹാര്‍ പൊലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹം, പൊതു ശല്യം, മതവികാരത്തെ വ്രണപ്പെടുത്തല്‍, സമാധാനം ലംഘിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രാഥമികാന്വേഷണ രേഖകള്‍ പൊലീസ് തയ്യാറാക്കിയിട്ടുള്ളത്. ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സംവദിക്കല്‍, വിയോജിക്കല്‍, പ്രശ്‌നാധിഷ്ഠിതമായി നിയമപരമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിന്റെ അധികാരങ്ങളെ ചോദ്യംചെയ്യല്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ മാത്രമാണ് കത്തെഴുതിയവര്‍ സ്വീകരിച്ചിട്ടുള്ളൂ എന്ന് പൊതുവില്‍ എല്ലാവരും അംഗീകരിക്കുന്ന സത്യമാണ്. ഇതൊരു സാധാരണഗതിയിലുള്ള പൊലീസ് നടപടിയായി കണ്ടു കൂടാ. സുധീര്‍ ഓഝ എന്ന അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ മുസാഫര്‍പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരി ആഗസ്ത് 20ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് സദര്‍ പൊലീസ് കേസെടുത്തത്. ജനാധിപത്യരീതിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിക്കുകയെന്നു പറയുന്നത് ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പുതിയ പ്രവണതയുടെ തുടക്കമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനാധിപത്യ സമൂഹവും സംവിധാനങ്ങളും ഈ വിഷയം സജീവമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
സ്വാതന്ത്ര്യ സമരകാലം കഴിഞ്ഞിട്ട് 72 സംവത്സരങ്ങള്‍ പിന്നിട്ടിട്ടേയുള്ളൂ. ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യയിലെ ജനത ഇത്തരത്തിലുള്ള പ്രതിഷേധമാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. അന്ന് ബ്രിട്ടീഷുകാര്‍ കത്തെഴുതുന്നവര്‍ക്കെതിരെയും പ്രതിഷേധിക്കുന്നവര്‍ക്കെതിരെയും ജയിലുകളൊരുക്കി രാജ്യദ്രോഹം ആരോപിച്ച് കടുത്ത ശിക്ഷകള്‍ നടപ്പാക്കിയിരുന്നു. രാജ്യം സ്വതന്ത്രമായിട്ടും പുതിയ ഭരണസംവിധാനങ്ങളില്‍ ബ്രിട്ടീഷുകാരുടെ പ്രേതങ്ങള്‍ ഇരിക്കുന്നുവോ എന്നാരെങ്കിലും ചോദിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല. രാജ്യദ്രോഹങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ നേരത്തെ ഇന്ത്യന്‍ ജനതക്കെതിരെ ദുരുപയോഗം ചെയ്തത് ബ്രിട്ടീഷുകാര്‍ ആയിരുന്നുവെങ്കില്‍ ഇന്ന് രാജ്യത്തെ പൗരന്മാര്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തന്നെ സര്‍ക്കാരിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിച്ചതിന്റെ പേരില്‍ പൗരന്മാര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുകയാണ് ചെയ്യുന്നത്.
ഭരണകൂടത്തെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നിയമങ്ങള്‍ 17ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലാണ് ആദ്യമായി ആവിഷ്‌കരിക്കപ്പെടുന്നത്. സര്‍ക്കാരിനെ കുറിച്ചുള്ള നല്ല അഭിപ്രായങ്ങള്‍മാത്രം അതിജീവിച്ചാല്‍ മതിയെന്നും മോശം അഭിപ്രായങ്ങള്‍ സര്‍ക്കാരിന് ദോഷകരമാകയാല്‍ അത് തമസ്‌കരിക്കപ്പെടണമെന്നും ഇംഗ്ലണ്ടില്‍ അഭിപ്രായമുണ്ടായി. അതിവൈകാരികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്തപ്പെട്ടതും രാജഭരണത്തിന് യോജിക്കുന്നതും യുക്തിയുടെയും നീതിയുടെയും പിന്‍ബലമില്ലാത്തതുമായ ഈ നിയമം പിന്നീട് ബ്രിട്ടീഷ് സംവിധാനത്തിന്റെ തുടര്‍ച്ചയായി ഇന്ത്യയിലേക്ക് കടന്നുവരികയും ഇന്ത്യന്‍ പീനല്‍ കോഡിലേക്ക് ചേക്കേറുകയും ചെയ്തു.
സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യയില്‍ അതിശക്തമായ പോരാട്ടം നടന്നിരുന്ന സമയത്ത് സ്വാഭാവികമായും ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നു. ബ്രിട്ടീഷ് വാഴ്ച്ചക്കെതിരെ ഇന്ത്യക്കാര്‍ പല തരത്തിലുള്ള സമരമുറകള്‍ ആവിഷ്‌കരിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു തൂലികാസമരം. ബാലഗംഗാധര തിലക് തൂലിക പടവാളാക്കിയ സമരനായകനായിരുന്നു. കേസരി പത്രത്തിലൂടെ അദ്ദേഹം ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നിക്കാന്‍ ആഹ്വാനം ചെയ്തു. 1897ല്‍ ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ബാലഗംഗാധര തിലകിനെ ശിക്ഷിക്കാന്‍ വേണ്ടിയാണ് ഐ.പി.സി 124 ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത്. 1897, 1909, 1916 എന്നീ വര്‍ഷങ്ങളില്‍ മൂന്നു തവണ അദ്ദേഹം ബ്രിട്ടീഷ് വിമര്‍ശനത്തിന്റെ പേരില്‍ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. 1916ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തിലകിനെതിരെ രാജ്യദ്രോഹം ചുമത്തി ജയിലിലടച്ചപ്പോള്‍ അദ്ദേഹത്തിന്‌വേണ്ടി വാദിക്കുകയും ജയിലില്‍നിന്നും പുറത്തിറക്കുകയും ചെയ്തത് അന്ന് ബോംബെയിലെ അറിയപ്പെട്ട അഭിഭാഷകനായിരുന്ന മുഹമ്മദലി ജിന്നയായിരുന്നുവെന്ന് ചരിത്രമാണ്. 1908 ല്‍ അറസ്റ്റിനെതിരെ പ്രതിഷേധത്തോടെ തിലക് പറഞ്ഞു: ‘സര്‍ക്കാര്‍ രാജ്യത്തെയൊന്നാകെ ജയിലാക്കി മാറ്റി, ഞങ്ങള്‍ (ഇന്ത്യക്കാര്‍) എല്ലാവരും തടവുകാരാണ്.’ യംഗ് ഇന്ത്യയിലെ ലേഖനത്തെ തുടര്‍ന്ന് ഗാന്ധിജിക്കെതിരെയും ബ്രിട്ടീഷ് ഭരണകൂടം രാജ്യദ്രോഹകുറ്റം ചുമത്തിയിരുന്നു. തിലകിന്റെ കേസില്‍ ജിന്നയുടെ ശക്തമായ വാദത്തിനൊടുവിലാണ് ഐ.പി.സി 124ല്‍ ഭേദഗതിവന്നത്. സര്‍ക്കാരിനെ കേവലം വിമര്‍ശിക്കുന്നത് രാജ്യദ്രോഹമോ കുറ്റകൃത്യമോ ആവുകയില്ലെന്നും വിദ്വേഷം, അധിക്ഷേപം, വെറുപ്പ് എന്നിവ പ്രചരിപ്പിക്കുന്നതാണെങ്കില്‍ മാത്രമേ കുറ്റകൃത്യമാവുകയുള്ളൂവെന്നുമുള്ള ഭേദഗതി അന്നു മുതലാണുണ്ടായത്. വിദ്വേഷം, അധിക്ഷേപം, വെറുപ്പ് എന്നിവയൊന്നുമില്ലാതെ സര്‍ക്കാര്‍ നടപടികളെയോ ഭരണകൂടത്തെയോ വിമര്‍ശിക്കുന്നത് ഈ വകുപ്പിന്റെ പരിധിയില്‍ വരില്ലെന്ന് ഐ.പി.സി 124അ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയുടെ പ്രഥമ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ സര്‍ക്കാരിനെതിരെയുള്ള തുറന്ന വിമര്‍ശനങ്ങളെ രാജ്യദ്രോഹ പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ചില വാദങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ അത് ഉപയോഗിക്കുമെന്ന ഭയത്താല്‍ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് ആ വാദങ്ങളെ തള്ളിക്കളയുകയാണുണ്ടായത്. പ്രഥമ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയില്‍ നടന്ന വാദങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് 1950 ലെ ബ്രിജ് ഭൂഷണ്‍ ഡല്‍ഹി സ്റ്റേറ്റ് കേസിലും റൊമേഷ് താപ്പര്‍ മദ്രാസ് സ്റ്റേറ്റ് കേസിലും സുപ്രീംകോടതി വിധി പറഞ്ഞത്. രാജ്യത്തെ ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആര്‍. എസ്.എസ് മുഖപത്രത്തിനെതിരെ നല്‍കപ്പെട്ട ഹരജിയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്ന സുപ്രീംകോടതി വിധിയാണ് ബ്രിജ് ഭൂഷണ്‍ കേസ് എന്ന കാര്യം ആര്‍.എസ്.എസും സംഘ്പരിവാറും മറന്നു പോകരുത്. ആര്‍.എസ്.എസിന്റെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ എന്ന് വ്യാഖ്യാനിക്കപ്പെട്ടവ പോലും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19ന്റെ അടിസ്ഥാനത്തില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരെ പ്രതികരിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്നവര്‍ക്ക് ഓര്‍മ്മയുണ്ടായിരിക്കണം. ഈ വിധിയെ തുടര്‍ന്നാണ് 1951 ലെ പ്രസിദ്ധമായ ഒന്നാം ഭരണഘടനാഭേദഗതിയുടെ ഭാഗമായി ആര്‍ട്ടിക്കിള്‍ 19ല്‍ ആവശ്യമായ ഭേദഗതി വരുത്തിയത്.
1951ല്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പാര്‍ലമെന്റില്‍ ഐ.പി.സി 124 റദ്ദ് ചെയ്യണമെന്ന് പ്രസ്താവിച്ചിരുന്നു. സര്‍ക്കാര്‍ വിരുദ്ധ കാര്‍ട്ടൂണ്‍ വരച്ച ഒരു കാര്‍ട്ടൂണിസ്റ്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയ സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹത്തിന്റെ ഇടപെടല്‍ ഉണ്ടായത്. 124 അ അങ്ങേയറ്റം ആക്ഷേപകരവും വെറുപ്പുളവാക്കുന്നതുമായ നിയമമാണെന്നും പ്രായോഗികവും ചരിത്രപരവുമായ കാരണങ്ങളാല്‍തന്നെ ആ നിയമത്തിനു യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. എത്രയുംപെട്ടെന്ന് രാജ്യത്തെ അത്തരം നിയമങ്ങളില്‍നിന്നും രക്ഷപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
1962 ലെ കേദര്‍നാഥ്‌സിങ് ബീഹാര്‍ സ്റ്റേറ്റ് കേസിന്റെ വിധി പ്രസ്താവത്തില്‍ രാജ്യദ്രോഹത്തിന്റെ പരിധി നിശ്ചയിക്കാനുള്ള കോടതിയുടെ ശ്രമത്തിനൊടുവില്‍ ഐ.പി.സി 124 പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികാവകാശം ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 നോട് വിയോജിക്കുന്നുവെന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് കണ്ടെത്തിയിരുന്നു. ക്രമസമാധാന പ്രശനങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഉദ്ദേശ്യം, ക്രമസമാധാനം തടസ്സപ്പെടുത്തല്‍, അല്ലെങ്കില്‍ അക്രമത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ പ്രവൃത്തികളില്‍ പ്രസ്തുത വകുപ്പിനെ പരിമിതപ്പെടുത്തി സുപ്രീംകോടതി രാജ്യദ്രോഹത്തിന് ഭരണഘടനാനുസൃതമായ നിര്‍വചനം നല്‍കുകയുണ്ടായി. 1995 ലെ ബല്‍വന്ത് സിങ് പഞ്ചാബ് സ്റ്റേറ്റ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവരുടെ പേരിലുള്ള കേസ് ‘ഖാലിസ്ഥാന്‍ സിന്ദാബാദ്, ഹിന്ദുക്കള്‍ പഞ്ചാബ് വിടുക, ഞങ്ങള്‍ ഭരിക്കട്ടെ’ തുടങ്ങിയ മുദ്രാവാക്യം വിളിച്ചതായിരുന്നു. എന്നാല്‍ കോടതി ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യദ്രോഹമല്ലെന്നു കണ്ടെത്തി പ്രതികളെ വെറുതെ വിടുകയായിരുന്നു. ഇങ്ങനെയൊരു വിധി പ്രസ്താവിക്കാന്‍ സുപ്രീംകോടതിയെ പ്രേരിപ്പിച്ചത് പ്രതികള്‍ വിളിച്ചുവെന്ന് പറയുന്ന മുദ്രാവാക്യങ്ങള്‍ കാരണം ക്രമസമാധാനപ്രശ്‌നമോ പൊതുസമൂഹത്തില്‍നിന്നുള്ള പ്രതികരണമോ ഉണ്ടായിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ഐ.പി.സി 124 ന്റെ പരിധിയില്‍ വരില്ലെന്നുമായിരുന്നു.
ഇങ്ങനെയുള്ള മുദ്രാവാക്യങ്ങളോ സാമുദായിക വിദ്വേഷം ജനിപ്പിക്കുന്നതോ ആയ യാതൊന്നുമില്ലാത്ത ഒരു കത്തിന് രാജ്യദ്രോഹത്തിന്റെ ‘പദവി’ സമ്മാനിക്കുകയെന്നു പറയുന്നത് ജനാധിപത്യത്തോടും ജുഡീഷ്യറിയോടുമുള്ള അവഹേളനമാണെന്നു പറയാതിരിക്കാന്‍ കഴിയില്ല. കാരണം 49 പേരും പിന്നീട് 185 പേരും മറ്റുള്ളവരും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അധിക്ഷേപം, വെറുപ്പ്, അവഹേളനം തുടങ്ങിയ ഘടകങ്ങളില്ല. രാജ്യത്ത് നിലനില്‍ക്കുന്ന വലിയ പ്രശ്‌നത്തെ ചൂണ്ടിക്കാണിക്കുകയും ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഇടപെടലുകള്‍ ഇല്ലാതാകുന്ന അവസ്ഥക്കെതിരെ പ്രതികരിക്കുകയും മാത്രമാണ് അവര്‍ ചെയ്തിട്ടുള്ളത്. അവരുടെ കത്തിന്റെ പേരില്‍ രാജ്യത്ത് കലാപങ്ങളൊന്നും അരങ്ങേറിയിട്ടില്ല. ഇനി അഥവാ കത്തില്‍ അവഹേളനങ്ങളോ അധിക്ഷേപങ്ങളോ ഉണ്ടെങ്കില്‍ തന്നെയും അതൊന്നും അക്രമത്തിന് പ്രേരിപ്പിച്ചിട്ടില്ലെങ്കില്‍ രാജ്യദ്രോഹമാകുകയില്ലെന്ന സുപ്രീംകോടതിയുടെ വിധികള്‍ മുഖവിലക്കെടുത്ത് കത്തില്‍ ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. വിമര്‍ശനങ്ങള്‍ സഹിക്കാന്‍ സാധിക്കാത്തവിധം ഒരു ജനാധിപത്യ സംവിധാനത്തിലെ ഭരണകൂടം മാറുന്നുവെങ്കില്‍ ഫാസിസത്തിന്റെ പ്രകടമായ ഉറഞ്ഞുതുള്ളല്‍ മാത്രമായിട്ടേ അതിനെ കാണാനാവൂ. അതല്ലെങ്കില്‍ പഴയ ബ്രിട്ടീഷ് പ്രേതങ്ങള്‍ ഇപ്പോഴും രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളില്‍ സൈ്വരവിഹാരം നടത്തുന്നുവെന്ന് വേണം കരുതാന്‍.

film

പകരം വീട്ടാൻ ‘പരാക്രമം’. കോമഡി, റൊമാന്റിക്, മാസ്സ് ആക്ഷൻ ട്രെയ്‌ലർ പുറത്തിറങ്ങി

ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

Published

on

‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് ദേവ് മോഹന്റെ  പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്തു വിട്ടു. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ ഒരുക്കിയ ഒരു പവർ പാക്കഡ്‌ എന്റെർറ്റൈനെർ തന്നെയാകും ‘പരാക്രമം’ എന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ചിത്രം നവംബർ 22ന് തീയേറ്ററുകളിൽ എത്തും.

‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി,  കിരൺ പ്രഭാകരൻ  എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ. സംഗീത സംവിധാനം- അനൂപ് നിരിച്ചൻ, ഗാനരചന- സുഹൈൽ എം കോയ,രഞ്ജിത്ത് ആർ നായർ. സംഘടനം- ഫീനിക്‌സ് പ്രഭു, പി സി സ്റ്റണ്ട്സ്, അഷ്‌റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ ഡിസൈനർ – ദിലീപ് നാഥ്, മേക്കപ്പ് – മുഹമ്മദ് അനീസ്, കോസ്റ്റ്യൂം – ഇർഷാദ് ചെറുകുന്ന്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, ഓഡിയോഗ്രാഫി – രാജകൃഷ്‌ണൻ എം ആർ, പ്രൊമോഷൻ കൺസൽട്ടന്‍റ് – വിപിൻ കുമാർ, പ്രൊമോഷൻസ്- ടെൻ ജി മീഡിയ, പബ്ലിസിറ്റി സ്റ്റിൽസ് – ഷഹീൻ താഹ, ഡിസൈനർ – യെല്ലോ ടൂത്ത്‌സ്, പി ആർ ഒ – എ എസ് ദിനേശ്.

Continue Reading

Video Stories

സി.പി.എം-ബി.ജെ.പി സംയുക്ത ഇന്നോവ കൊല്ലാൻ വേണ്ടി അയക്കുമോ എന്ന് ഭയക്കുന്നു -സന്ദീപ് വാര്യർ

ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

Published

on

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണെന്നും അതിന് കാരണം പാണക്കാട് കുടുംബമാണെന്നും സന്ദീപ് വാര്യര്‍. കോണ്‍ഗ്രസിൽ ചേർന്നതിന് പിന്നാലെ പാണക്കാടെത്തി ലീഗ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. അത് മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട് കുടുംബവും അവരുടെ പ്രയത്‌നവുമാണ്. കേരളത്തിനും രാജ്യത്തിനും തന്നെ മാതൃകയായ ഈ പാരമ്പര്യം മാനവിക സൗഹാര്‍ദ്ദത്തിന് അടിത്തറ പാകിയത് ഈ കുടുംബമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഈ കാര്യം അംഗീകരിക്കുന്നതാണ്. ഉയര്‍ന്ന ചിന്തയോടെ മനുഷ്യര്‍ ഒരുമിച്ച് പോകണമെന്നും മാനവ സൗഹാര്‍ദമാണ് എല്ലാത്തിനും മുകളില്‍ എന്ന് വിശ്വസിക്കുന്ന കുടുംബമാണിത്. ഏത് നേരത്തും ആര്‍ക്കും ഏത് സഹായവും ചോദിച്ച് ഇവിടെ വരാന്‍ സാധിക്കും.

കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച് ഇവിടേയ്ക്ക് കടന്നുവരാന്‍ സാധിക്കുമ്പോള്‍ ചാരിതാര്‍ത്ഥ്യമുണ്ട്. ബിജെപിയുടെ രാഷ്ടീയം സംസാരിക്കുന്ന സമയത്ത് ഹൃദയവേദനയുണ്ടായവര്‍ക്ക് എന്റെ ഈ വരവ് ആ മുറിവുണക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. വ്യക്തിപരമായി മതത്തിന്റെ അടിസ്ഥാനത്തില്‍ ആരോടും പെരുമാറുന്നയാളല്ല ഞാന്‍. അത് എന്റെ നാട്ടുകാര്‍ക്ക് അറിയാം. ലീഗ് നേതാക്കളില്‍ നിന്നും അനുഭവിക്കുന്ന സ്‌നേഹം വിവരിക്കാനാകാത്തതാണ്. ഒരുപാട് സന്തോഷമുണ്ട്. ഇതെൻ്റെ ആദ്യത്തെ വരവാണ്. ഇനിയെപ്പോഴും വരാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്’, സന്ദീപ് വാര്യർ മാധ്യമങ്ങളോട് പറഞ്ഞു.

‘ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് ഉദ്ഘാടനത്തിന് എത്തിയിരുന്നു. അന്ന് ദൂരെ നിന്നും എന്നെ കണ്ട അദ്ദേഹം എന്നേയും ചേര്‍ത്താണ് ആ ഉദ്ഘാടനം നടത്തിയത്. എന്റെ പാര്‍ട്ടിയിലെ ചില നേതാക്കള്‍ അദ്ദേഹത്തെ കണ്ട് പഠിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. വലിയ കസേരകള്‍ കിട്ടട്ടെ എന്നല്ലേ ഇന്നലെ പറഞ്ഞത്. ഇരിക്കുന്ന കസേരയുടെ മഹത്വം അറിയാത്തവരാണ് ഇത്തരം കാര്യങ്ങള്‍ പറയുന്നത്. ഇന്ന് എനിക്ക് കിട്ടിയത് ഒരു വലിയ കേസരയാണ്. കൊടപ്പനക്കല്‍ വന്ന് തങ്ങളുടെ കൂടെ ഇരിക്കാന്‍ പറ്റിയാല്‍ അത് എനിക്ക് ഏറ്റവും വലുതാണ്.

ഭക്ഷണം വസ്ത്രം ഭാഷ ഇതൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണ്. അത് സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് മതനിരപേക്ഷ ശക്തികള്‍ ഒരുമിച്ച് നില്‍ക്കേണ്ടത്. രാഷ്ട്രീയം ഒരാളുടെ വ്യക്തിപരമായ താത്പര്യമാണ്, അത് സ്വീകരിക്കുന്ന സമയത്ത് എംബി രാജേഷ് ഇത്ര അസഹിഷ്ണുത കാണിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ കൊല്ലാന്‍ ഇന്നോവ അയക്കുന്നത് ബിജെപിയും സിപിഐഎമ്മും ചേര്‍ന്നാണോ എന്ന് സംശയമുണ്ട്. ഈ രണ്ട് കൂട്ടരും ഒന്നിച്ചാണ് കേരളത്തില്‍ രാഷ്ട്രീയം നടത്തുന്നത്. ഒരേ ഫാക്ടറിയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന വിദ്വേഷമാണ് ഇവര്‍ വിളമ്പുന്നത്. കോണ്‍ഗ്രസിന്റെ ഭാഗമായി മാറിയത് ഒരു കണ്ടീഷനോട് കൂടിയാണ്. പ്രതിപക്ഷത്ത് നില്‍ക്കുന്ന പാര്‍ട്ടിയിലേക്കാണ് വന്നത്. വെറുപ്പിന്റെ ഫാക്ടറിയില്‍ പ്രവര്‍ത്തിച്ച് മനം മടുത്തിട്ടാണ് മാനവികതയുടെ കോണ്‍ഗ്രസിലേക്ക് എത്തിയത്’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Continue Reading

Video Stories

ശബരിമല നട തുറന്നു

Published

on

മണ്ഡലകാലത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നട തുറന്നു. വൈകീട്ട് നാലു മണിയോടെയാണ് നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷാണ് നട തുറന്നത്. ദേവസ്വം ബോര്‍ഡ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. ശബരിമല മേല്‍ശാന്തിയായി എസ് അരുണ്‍കുമാറും മാളികപ്പുറം മേല്‍ശാന്തിയായി വാസുദേവന്‍ നമ്പൂതിരിയും ചുമതലയേറ്റെടുക്കും.

നാളെ മുതല്‍ ദര്‍ശനത്തിനായി ഭക്തര്‍ക്ക് പ്രവേശനം ലഭിക്കും. പ്രതിദിനം എഴുപതിനായിരം പേര്‍ക്ക് ദര്‍ശനം നടത്താനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനുള്ള സൗകര്യമാണ് ഏര്‍പ്പെടുത്തിയത്. പതിനായിരം പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിനുള്ള സൗകര്യവുമുണ്ടായിരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. 30,000 പേരാണ് ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം ബുക്ക് ചെയ്തത്. നവംബര്‍ 29 വരെ ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

എന്നാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് വഴി സമയം ലഭിച്ചവര്‍ എന്തെങ്കിലും കാരണവശാല്‍ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നാല്‍ ഉടന്‍ ബുക്കിങ് കാന്‍സല്‍ ചെയ്യാനുള്ള നിര്‍ദേശവുമുണ്ട്. അല്ലെങ്കില്‍ പിന്നീട് ദര്‍ശനാവസരം നഷ്ടമാകും. കാന്‍സല്‍ ചെയ്യുന്ന സമയം സ്‌പോട്ട് ബുക്കിങിലേക്ക് മാറുന്നതായിരിക്കും. പതിനായിരം പേര്‍ക്ക് പമ്പ, എരുമേലി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് സ്‌പോട്ട് ബുക്കിങ് വഴി മലകയറാവുന്നതാണ്. സ്‌പോട്ട് ബുക്കിങ്ങിന് ആധാറോ അതിന്റെ പകര്‍പ്പോ കാണിക്കണം. അതില്ലാത്തവര്‍ പാസ്‌പോര്‍ട്ടോ വോട്ടര്‍ ഐ ഡി കാര്‍ഡോ ഹാജരാക്കേണ്ടതാണ്. കെട്ടുമായെത്തുന്ന ഒരു ഭക്തനുപോലും മടങ്ങിപ്പോകേണ്ട സാഹചര്യമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

 

Continue Reading

Trending