ഉണ്ണികളേ ഒരു വാട്‌സാപ് കഥ പറയാം – കുറ്റിക്കാട്ടില്‍ ഒളിച്ചുനിന്ന കള്ളനെ പിടിക്കാന്‍ പൊലീസ് ദേശീയ ഗാനം മീട്ടി. ഗാനം കേട്ടതോടെ കള്ളന്‍ എഴുന്നേറ്റു നിന്നത്രെ. കള്ളന്‍ ബി.ജെ.പി.ക്കാരനായിരുന്നുവെന്നാണ് കഥ. ‘ദേശഭക്തിയില്‍ സംഘ്പരിവാറിന്റേത് ഇതുവരെ ചെയ്യാത്തോര്‍ അത് ചെയ്താല്‍ എന്താണ്ടോ കൊണ്ട് ആറാട്ട് എന്ന ചൊല്ലിനെ ഓര്‍മിപ്പിക്കുന്നു. ചലച്ചിത്ര സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിന്റെ വീട്ടിലേക്ക് യുവമോര്‍ച്ചക്കാര്‍ നടത്തിയ മാര്‍ച്ചില്‍ ദേശീയ ഗാനം ആലപിച്ചതും മറ്റൊന്നല്ല തെളിയിക്കുന്നത്. ദേശീയ ഗാനം ആര്‍ക്കും എവിടെയും എങ്ങനെയും ചൊല്ലാവുന്നതല്ല, ദേശീയ പതാക എവിടെയും ഏത് സമയത്തും പറത്താവുന്നതുമല്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷമാണ് രാജ്യമുണ്ടായതെന്ന പരുവത്തിലാണല്ലോ മോദി തന്നെയും-ചീഞ്ഞഴുകിയ രാവണര്‍മാര്‍.
രാജ്യം സ്വാതന്ത്ര്യത്തിലേക്ക് നടന്നടുത്തത് ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ചോരയും അധ്വാനവും ബലി നല്‍കിയിട്ടാണ്. അതിലൊരു ബലി രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടേതായിരുന്നു. സ്വാതന്ത്ര്യത്തിന് ഒരു വയസ്സാകുന്നതിന് മുമ്പാണ് രാഷ്ട്രപിതാവിന്റെ നെഞ്ചിന്‍ കൂടിന് നേരെ ആര്‍.എസ്.എസുകാരനായിരുന്ന നാഥുറാം വിനായക് ഗോഡ്‌സെ നിറയൊഴിച്ചത്. ഒരു സംഘ്പരിവാറുകാരന്‍ ദേശീയസ്വാതന്ത്ര്യത്തിന് വേണ്ടി ഒരു കവാത്തെങ്കിലും നടത്തിയതായി ചരിത്രത്തിലില്ല. വീരന്‍ എന്ന് വാഴ്ത്തുന്ന സവര്‍ക്കര്‍ പോലും ബ്രിട്ടീഷുകാരുടെ മുമ്പില്‍ മാപ്പെഴുതി നല്‍കിയതാണ്. ഇപ്പോള്‍ അവരാണ് രാജ്യസ്‌നേഹം എന്ത് , ആര് രാജ്യസ്‌നേഹികള്‍ എന്നെല്ലാം തിട്ടപ്പെടുത്തുന്നത്. രാജ്യസ്‌നേഹത്തിനും ജാതിയും മതവുമുണ്ടെന്നാണ് ബി.ജെ.പി.യുടെ പക്ഷം.
സുപ്രീംകോടതി വിധിയാണ്, ചലച്ചിത്രം ആരംഭിക്കും മുമ്പ് തിയറ്ററില്‍ ദേശീയഗാനം ആലപിക്കുകയും എല്ലാരും എഴുന്നേറ്റുനിന്ന് ആദരിക്കുകയും വേണമെന്നത്്. ചലച്ചിത്രം കിംകി ഡുക്ക് സംവിധാനം ചെയ്തതോ ഷക്കീല നടിച്ചതോ ഒക്കെയായാലും ദേശീയഗാനാലാപനം നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി കണിശമായി പറയാന്‍ തന്നെ കാരണം കമലിന്റെ നാടായ കൊടുങ്ങല്ലൂരില്‍ നിന്നുള്ള ഒരു ചലച്ചിത്ര സൊസൈറ്റിയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയെ ഇതില്‍നിന്ന് ഒഴിവാക്കിക്കൂടേ എന്നായിരുന്നു സുപ്രീംകോടതിയോട് വണക്കത്തോടെ ചോദിച്ചത്. പറ്റില്ലെന്ന് കോടതി കട്ടായം പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രമേള നടക്കുന്ന തിയറ്ററില്‍ ഓരോ പ്രദര്‍ശനത്തിനും ദേശീയഗാനാപലനത്തിന് സംവിധാനമുണ്ടായിക്കിയിരുന്നു. പക്ഷെ ചില പൗരന്മാര്‍ എഴുന്നേറ്റില്ല. അതൊക്കെ നോക്കാനും റിപ്പോര്‍ട്ട് അയക്കാനും അവിടെ ആളുകളുമുണ്ട്. പോലീസ് ഇവരെ അറസ്റ്റ് ചെയ്തപ്പോഴാണ് കമല്‍ ഇടപെട്ടത്. തിയറ്ററില്‍ കയറി അലമ്പാക്കരുത് എന്ന് പൊലീസിനോട് പറഞ്ഞെന്നേയുള്ളൂ.
ബാപ്പ അബ്ദുല്‍ മജീദോ ഉമ്മ സുലൈഖാബിയോ തെകച്ച് വിളിച്ചിട്ടില്ല, കമാലുദ്ദീനേയെന്ന്. യുവമോര്‍ച്ചക്കാര്‍ അതു ചെയ്തു. കമല്‍ എന്നു കേട്ടാല്‍ തിളക്കാത്ത ചോര കമാലുദ്ദീന്‍ എന്നു കേട്ടാല്‍ തിളച്ചുമറിയണമെന്ന് ഓരോ കവാത്തിലും ഇവരെ പഠിപ്പിച്ചിട്ടുണ്ടല്ലോ. അത്തരമൊരു വിവാദത്തില്‍ ചെന്ന് ചാടാനുള്ള മെയ്‌വഴക്കം കമലൊട്ടു പഠിച്ചിട്ടുമില്ല. പഠിച്ചത് സിനിമയാണ്. അത് ഏതാണ്ട് രക്തത്തില്‍ അലിഞ്ഞതുമാണ്. അമ്മാവനായിരുന്ന യൂസുഫ് പടിയത്താണ് സിനിമയില്‍ ഉറപ്പിച്ചു നിര്‍ത്തിയത്. കുടുംബക്കാരനായിരുന്നു അഭിനേതാവായ ബഹദൂര്‍. തൃശൂരിലെ കലാഭാരതി ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്ന് സിനിമ പഠിച്ചു. ഭരതന്റയും പി.എന്‍. മേനോന്റെയും കെ.എസ്. സേതുമാധവന്റേയും പിന്തുടര്‍ച്ചക്കാരനായെത്തിയ കമലിന്റെ ആദ്യ സിനിമ 1986ല്‍ മിഴിനീര്‍ പൂക്കളാണ്. തുടര്‍ന്ന് ഉടനെ പുറത്തിറങ്ങാനിരിക്കുന്ന ആമി വരെ 43 ചിത്രങ്ങള്‍. ഇതില്‍ ഒന്ന് തമിഴും (പിരിയാത വരും വീണ്ടും), ഒന്ന് ഹിന്ദിയും (സമീര്‍) ആയിരുന്നു. അജയ്‌ദേവ്ഗണാണ് ഹിന്ദി സിനിമയിലെ നായകന്‍.
മലയാളത്തിന് ജനപ്രിയ സിനിമകള്‍ ഏറെ സംഭാവന ചെയ്ത കമല്‍, വിജയിച്ച ചലച്ചിത്ര സംവിധായകരിലൊരാളാണ്. കമലിന്റെ മിക്ക ചിത്രങ്ങള്‍ക്കും അദ്ദേഹം തന്നെയാണ് കഥയും തിരക്കഥയും എഴുതിയത്. അഗ് മാര്‍ക്ക് ദേശഭക്തരെ വെച്ചാണ് കമല്‍ ഏറെയും സിനിമകളെടുത്തത്. 12 ചിത്രങ്ങളില്‍ ജയറാമാണ് നായകന്‍. കേണല്‍ മോഹന്‍ലാല്‍ നായകനായ ആറു ചിത്രങ്ങളും കമല്‍ എടുത്തപ്പോള്‍ മമ്മൂട്ടിയോടൊപ്പം ഉണ്ടായത് നാലു ചിത്രങ്ങള്‍. ദിലീപും കമലിന്റെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തൂവല്‍ സ്പര്‍ശം, അഴകിയ രാവണന്‍, മഴയെത്തും മുമ്പെ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, ഈ പുഴയും കടന്ന്, മേഘമല്‍ഹാര്‍, പെരുമഴക്കാലം, ഗദ്ദാമ, കറുത്ത പക്ഷികള്‍…..
2013ല്‍ സെല്ലുലോയിഡിന് ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചു. മികച്ച ഫീച്ചര്‍ ഫിലിമായി ദേശീയ പുരസ്‌കാരം. 208ല്‍ കറുത്ത പക്ഷികള്‍ക്ക് മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ച ശേഷം അഞ്ചു വര്‍ഷം കഴിഞ്ഞാണ് അംഗീകാരം കമലിനെ തേടിയെത്തിയത്. സാമൂഹ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത സിനിമയന്ന നിലയില്‍ ദേശീയ പുരസ്‌കാരം പെരുമഴക്കാലത്തിന് ലഭിച്ചത് 2005ല്‍. മഴയെത്തുംമുമ്പെ, മേഘമല്‍ഹാര്‍, ഉള്ളടക്കം എന്നിവക്കെല്ലാം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ ചിത്രമെടുത്ത ജെ.സി.ഡാനിയലിന്റെ കഥയായിരുന്നു സെല്ലുലോയിഡിലെ വിഷയം. അതും വിവാദമാകാതിരുന്നില്ല. ആ സിനിമയിലെ നായിക റോസിയെച്ചൊല്ലിയായിരുന്നു തര്‍ക്കം. തെരഞ്ഞെടുപ്പു വരുമ്പോഴെല്ലാം ഇടതു സ്വതന്ത്രന്മാരുടെ പേരുകളിലൊന്നായി കമല്‍ അവതരിക്കാറുണ്ട്. ആ ബന്ധം തന്നെയാണിപ്പോള്‍ ചലച്ചിത്ര അക്കാദമി അധ്യക്ഷ പദവിക്ക് കാരണവും. .