Culture
യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ എസ്.എഫ്.ഐ നേതാവ് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാം റാങ്കുകാരന്‍; പി.എസ്.സിയുടെ സുതാര്യതയെ കുറിച്ച് ചോദ്യമുയരുന്നു

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് ശിവരഞ്ജിത്ത് പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഒന്നാമന്‍. വിദ്യാര്‍ത്ഥിയെ കുത്തിയ മറ്റൊരു എസ്.എഫ്.ഐ നേതാവായ നസീമിന് ഇതേ പരീക്ഷയില്‍ 28-ാം റാങ്കുണ്ട്. നേരത്തെ പൊലീസുകാരെ പരസ്യമായി തല്ലിയ കേസില്‍ പ്രതിയായ ഇയാളെ പൊലീസ് പിടികൂടാതെ ഒത്തുകളിക്കുകയായിരുന്നു. ഗുണ്ടായിസവും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനവുമായി നടക്കുന്ന ഇവര്‍ ഇത്ര വലിയ വിജയം നേടിയതില്‍ ദുരൂഹതയുണ്ട് എന്നാരോപിച്ച് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുകയാണ്. ഇത് സംബന്ധിച്ച ഒരു പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരാഴ്ച മുമ്പാണ് പി.എസ്.സി പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. അതില്‍ കാസര്‍കോട് ബറ്റാലിയനില്‍ ഒന്നാംറാങ്ക് ശിവരഞ്ജിത്ത്, രണ്ടാംറാങ്ക് പ്രണവ്, 28-ാം റാങ്ക് നസീം എന്നിവര്‍ക്ക് ലഭിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് ശിവരഞ്ജിത്തും നസീമും, എഴുത്ത് പരീക്ഷയില്‍ മാത്രം ശിവരഞ്ജിത്ത് നേടിയത് 78.33 മാര്‍ക്കാണ്. പ്രണവ് ആകട്ടെ 78 മാര്‍ക്കും. ഇയാള്‍ അവിടത്തെ യൂണിറ്റ് ഭാരവാഹിയാണ്. കേരളത്തിലെ എല്ലാ ബറ്റാലിയന്‍ കൂടെ നോക്കിയാലും ഇവര്‍ രണ്ട് പേരുമാണ് മുന്നിട്ട് നില്‍ക്കുന്നത്. അടുത്തെങ്ങും ആരുമില്ല. ലക്ഷങ്ങള്‍ പരീക്ഷ എഴുതിയതാണെന്നു ഓര്‍ക്കണം. നസീം പോലീസുകാരെ ആക്രമിച്ച കേസിലും പ്രതിയാണ്. പാളയത്ത് സിഗ്‌നല്‍ ലംഘിച്ച് പാഞ്ഞ ബൈക്ക് തടഞ്ഞതിനാണ് ഇയാള്‍ പോലീസുകാരെ പൊതുനിരത്തില്‍ വളഞ്ഞിട്ട് തല്ലിയത്. അക്രമംനടന്നതിന് തൊട്ടുപിന്നാലെ കണ്‍ട്രോള്‍റൂമില്‍നിന്ന് പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റുചെയ്യാതെ മടങ്ങി. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇയാളെ പ്രതിയാക്കി കേസെടുക്കാന്‍ പോലീസ് തയ്യാറായത്. കേസില്‍നിന്ന് ഒഴിവാക്കാനും വന്‍ സമ്മര്‍ദമുണ്ടായി. നസീം ഒളിവിലാണെന്നായിരുന്നു പോലീസ് ഭാഷ്യം. എന്നാല്‍ നസീം തലസ്ഥാനത്തുതന്നെ ഉണ്ടായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജിലും എസ്.എഫ്.ഐ. ഓഫീസിലും ഇയാള്‍ എത്താറുണ്ട്. മന്ത്രി എ.കെ. ബാലന്‍ പങ്കെടുത്ത പൊതുചടങ്ങിലും പങ്കെടുത്തിരുന്നു. മാധ്യമങ്ങളില്‍ വാര്‍ത്തവന്നതോടെയാണ് അറസ്റ്റുചെയ്യാന്‍ പോലീസ് തയ്യാറായത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ് നസീം വീണ്ടും യൂണിവേഴ്‌സിറ്റി കോളേജില്‍ സജീവമായത്.
അക്രമ രാഷ്ട്രീയവും കത്തികുത്തുമായി നടക്കുന്ന ഇവര്‍ക്ക് ഉന്നതവിജയം നേടിയത് സംശയത്തിനിട നല്‍കുന്നു. ഈ പരീക്ഷ എഴുതിയവര്‍ക്ക് അറിയാം എത്രത്തോളം കഠിനമായിരുന്നുവെന്ന്. എന്നിട്ടും മുമ്പ് ഒരു പരീക്ഷയിലും മികവ് കാട്ടാത്ത ഇവര്‍ക്ക് എങ്ങനെ 78 മാര്‍ക്ക് വാങ്ങിക്കാന്‍ കഴിഞ്ഞു. കാസര്‍കോട് ബറ്റാലിയനില്‍ എഴുത്ത് പരീക്ഷയില്‍ മൂന്നാമത്തെ ഉയര്‍ന്ന മാര്‍ക്ക് നേടിയ ആള്‍ക്ക് കിട്ടിയത് 71 മാത്രം. ലക്ഷങ്ങള്‍ എഴുതിയ ഒരു പരീക്ഷക്ക് ഒരിക്കലും ഇങ്ങനെ വ്യത്യാസം വരുക അസാധ്യം. പരമാവധി 2 മാര്‍ക്കാണ് വ്യത്യാസം വരുക. പി.എസ്.സിയുടെ ഏത് റാങ്ക്‌ലിസ്റ്റ് പരിശോധിച്ചാലും നിങ്ങള്‍ക്ക് അതു മനസിലാവും
ഇവര്‍ മൂന്നു പേരും പരീക്ഷ എഴുതിയത് യൂണിവേഴ്‌സിറ്റി കോളേജില്‍ തന്നെയാണെന്ന് ആരോപണം ഉണ്ട് (ആ വസ്തുത പരിശോധിച്ച് നിജസ്ഥിതി പുറത്തുവരണം. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ പി.എസ്.സി യില്‍ ജോലി ചെയ്യുന്നവരുടെ ഒത്താശയോടു കൂടിയാണെന്ന് വ്യക്തം)
ഒരാളെ ഗൂഡാലോചന നടത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്ക് എങ്ങനെയാണ് ഇത്ര ക്ഷമയോടെ പഠിച്ചു ഉയര്‍ന്ന റാങ്ക് വാങ്ങാന്‍ കഴിയുക? അല്ലെങ്കില്‍ ഇത്ര കഷ്ടപ്പെട്ട് റാങ്ക് വാങ്ങിയ ഒരാള്‍ക്ക് എങ്ങനെയാണ് ജോലി നഷ്ടപ്പെടും എന്നുറപ്പുളള ഒരു പ്രവൃത്തി ചെയ്യാന്‍ കഴിയുക?
ലക്ഷക്കണക്കിന് ആളുകള്‍ വര്‍ഷങ്ങളോളം പഠിച്ചാണ് ഒരു റാങ്ക്‌ലിസ്റ്റില്‍ എങ്കിലും ഇടം നേടുക. അവിടെയാണിവര്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്നത്. ഇതുപോലെ എത്രപേര്‍ ജോലിയില്‍ കയറിയിട്ടുണ്ടാവും
പി.എസ്.സി 100% സുതാര്യമാവണം അല്ലെങ്കില്‍ അത് വിദ്യാഭ്യാസമുള്ള ഒരു ജനതയോട് ചെയ്യുന്ന പൊറുക്കാന്‍ കഴിയാത്ത തെറ്റാണ്. പൊതുസമൂഹത്തില്‍ ഇത് ചര്‍ച്ച ചെയ്യണം. സമഗ്രമായ അന്വേഷണം വേണം. നീതി നടപ്പാക്കണം
Film
‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’, 200 കോടിയും കടന്ന് ‘തുടരും’: മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.
200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.
മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.
Film
ആസിഫ് അലി വിജയം തുടരും.. കുടുംബപ്രേക്ഷകരും കുട്ടികളും ഒരുപോലെ ഏറ്റെടുത്ത “സർക്കീട്ട്”

ആസിഫ് അലിയെ നായകനാക്കി തമർ സംവിധാനം ചെയ്ത സർക്കീട്ട് മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. മനുഷ്യബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പ്രദിപാദിക്കുന്ന ചിത്രത്തിൽ ആസിഫ് അലിയുടെ അമീര്‍ എന്ന കഥാപാത്രം വലിയ കൈയ്യടിയാണ് തീയേറ്ററുകളിലുണ്ടാക്കുന്നത്. പരാജയപ്പെട്ട ആദ്യശ്രമത്തിന് ശേഷം വീണ്ടും ജോലി തേടി സന്ദർശകവിസയ്ക്ക് യുഎഇയിലെത്തിയ ഗൾഫിൽ ജോലിയില്ലാതെ കഷ്ടപ്പെടുന്ന അമീറിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ കുടുംബപ്രേക്ഷകരാണ് ഏറ്റെടുത്തിരിക്കുന്നത്. എഡിഎച്ച്ഡി അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസ്ഓർഡർ എന്ന രോഗാവസ്ഥയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.
ആസിഫ് അലിയുടെ കരിയറിലെ മറ്റൊരു ഗംഭീര സിനിമയാണ് സർക്കീട്ട്. ആമിർ എന്ന കഥാപാത്രത്തിന്റെ നിസ്സഹായവസ്ഥയുടെ നോവും നീറ്റലും കാണിക്കുന്ന ചിത്രം അതിഗംഭീര അഭിനയ മുഹൂർത്തങ്ങളിലൂടെയാണ് ആസിഫ് അലിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്. അയാസ് ആണ് സിനിമയുടെ ഛായാഗ്രാഹകൻ. പ്രവാസജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതാണ് അയാസിന്റെ ഫ്രെയിമുകൾ. ഗോവിന്ദ് വസന്തയുടെ സംഗീതം കഥയുടെ ആഴങ്ങളിലേക്ക് തീവ്രതയോടെ പ്രേക്ഷകരെ എത്തിക്കുന്നതാണ്. ആസിഫ് അലിയുടെ മിന്നും പ്രകടനം തന്നെയാണ് സർക്കീട്ടിന്റെ പ്രധാന ഹൈലൈറ്റ്. നമ്മളുടെ കൂട്ടത്തിൽ എവിടെയോ കണ്ട ഒരു വ്യക്തിയുടെ ഇമോഷൻസ് വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ നായകൻ എന്ന നിലയിൽ ആസിഫിന് കഴിഞ്ഞിട്ടുണ്ട്.
കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ചിത്രം കൂടിയാണ് സർക്കീട്ട്. താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സർക്കീട്ടിൽ ബാലതാരം ഒർഹാനും പ്രധാന വേഷം ചെയ്തിട്ടുണ്ട്. അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് സർക്കീട്ടിലൂടെ വന്നിരിക്കുന്നത്. ഏതായാലും ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് ആസിഫ് അലിയിപ്പോൾ. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം – വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമായി സഹ സംവിധായകന്‍ പിടിയില്‍. നേമം സ്വദേശി അനീഷ് അലിയാണ് പിടിയിലായത്. മൂന്നുകിലോ കഞ്ചാവാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. തുടര്‍ന്ന് വാഹനപരിശോധനയ്ക്കിടെ അനീഷിനെ എക്‌സൈസ് സംഘം പിടികൂടി. നാലോളം സിനിമകളുടെ സഹസംവിധായകനാണ്. ഇയാളുടെ ഒരു സിനിമ പുറത്തിറങ്ങാന്‍ ഇരിക്കുകയാണെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
അതേസമയം ഇന്ന് കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്.
-
india3 days ago
വ്യാജ നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കരുത്; മുന്നറിയിപ്പ് നല്കി പ്രതിരോധ വകുപ്പ്
-
india2 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
More3 days ago
മെയ് 12 ഇന്ന് ലോക നഴ്സസ് ദിനം
-
india3 days ago
രാജ്യാതിര്‍ത്തിയില്‍ ഉപഗ്രഹ നിരീക്ഷണം തുടര്‍ന്ന് ഐഎസ്ആര്‍ഒ
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
Cricket3 days ago
മെയ് 17 മുതല്‍ ഐപിഎല്‍ പുനരാരംഭിക്കും: ഫൈനല്‍ ജൂണ്‍ 3ന്
-
india3 days ago
ഹൈദരാബാദിലെ കറാച്ചി ബേക്കറി ആക്രമിച്ച് ബിജെപി പ്രവർത്തകർ
-
kerala3 days ago
നിപ; യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു; രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്