Connect with us

Video Stories

പരിധി വിട്ട് ഇറാന്‍ കരാര്‍ വഴിത്തിരിവില്‍

Published

on


കെ. മൊയ്തീന്‍കോയ
യുറേനിയം സമ്പുഷ്ടീകരണ പരിധി ലംഘിച്ച് കൊണ്ടുള്ള ഇറാന്‍ നീക്കം നയതന്ത്ര രംഗത്ത് അമേരിക്കന്‍ തന്ത്രങ്ങളെ നിഷ്പ്രഭമാക്കുന്നു. ഇറാനുമായി 2015-ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അമേരിക്ക ഏകപക്ഷീയമായി പിന്‍വാങ്ങുകയും ഇറാനെ വരിഞ്ഞുമുറുക്കി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ആത്മീയ നേതാവ് ആയത്തുല്ല അലി ഖുമേനി ഉള്‍പ്പെടെ ഇറാന്‍ നേതാക്കള്‍ക്ക് എതിരെ പോലും സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം, അമേരിക്കയുടെ താല്‍പര്യം ഉള്‍ക്കൊള്ളുന്ന പുതിയൊരു ആണവ കരാറിന് ഇറാന് മേല്‍ സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തിരിച്ചടി! കരാറിന് ഒപ്പം നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിക്കുകയും അതോടൊപ്പം അമേരിക്കന്‍ ഉപരോധത്തെ മറികടക്കുവാന്‍ ഇറാന് സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന കരാറിലെ പങ്കാളി രാജ്യങ്ങള്‍ക്കും ഇറാന്‍ നീക്കം അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ഇറാന് ഒപ്പം നിലകൊണ്ട് അമേരിക്കയുടെ ഉപരോധം മറികടക്കുവാന്‍ സഹായിക്കുക, അല്ലെങ്കില്‍ അമേരിക്കയോടൊപ്പം ചേര്‍ന്ന് ഇറാന് എതിരെ നടപടി സ്വീകരിക്കുക. രണ്ടാമത്തെ നിലപാട് ആണ് യൂറോപ്യന്‍ ശക്തികള്‍ സ്വീകരിക്കുന്നതെങ്കില്‍ വന്‍ അനീതിയും ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ച് വരുത്തുന്നതുമായിരിക്കും. എന്തായാലും കരാറിലെ പങ്കാളി രാഷ്ട്രങ്ങള്‍ക്ക് അനങ്ങാപാറ നിലപാട് ഉപേക്ഷിക്കാന്‍ സമയമായി.
ദീര്‍ഘനാളത്തെ ചര്‍ച്ചക്ക് ശേഷമാണ് ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ കരാറിന് രൂപമായത്. രാജ്യത്തെ കടുംപിടുത്തക്കാരെ അവഗണിച്ച് 2015-ല്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഉള്‍പ്പെടെ വന്‍ശക്തി രാഷ്ട്രത്തലവന്മാരുമായി ഒപ്പ് വെച്ച കരാറിനെ സംരക്ഷിക്കേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാ രാഷ്ട്രങ്ങള്‍ക്കും ഉണ്ട്. ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ പഞ്ചമഹാ ശക്തികളായ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നിവര്‍ക്ക് പുറമെ ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവയും കരാറില്‍ ഒപ്പ് വെച്ചതാണ്.
ലോക സമൂഹത്തെ വെല്ലുവിളിച്ച് കഴിഞ്ഞ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുമ്പോള്‍ അവ സംരക്ഷിക്കേണ്ടുന്ന ബാധ്യത മറ്റുള്ളവര്‍ക്കുണ്ട്. അവര്‍ ഗ്യാലറിയില്‍ ഇരുന്ന് കളി കാണുകയായിരുന്നുവല്ലോ. ലോക രാഷ്ട്രങ്ങള്‍ തമ്മിലുണ്ടാക്കുന്ന ഇത്തരം കരാറുകള്‍ക്ക് വിലയില്ലെങ്കില്‍ പരസ്പര വിശ്വാസം എങ്ങനെ നിലനിര്‍ത്തുവാന്‍ കഴിയും? മാത്രമല്ല, ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പോലും യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി നിര്‍ത്തലാക്കി. ഇതിലൊന്നും ഭാഗമല്ലെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഇറാന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയും നിര്‍ത്തി. അടുത്ത മാസം മുതല്‍ ഇറാന്‍ എണ്ണയുടെ അഭാവം ഇന്ത്യന്‍ വിപണിയെ പിടിച്ചുലക്കുമെന്നതില്‍ സംശയമില്ല.
ആണവ കരാറില്‍ അമേരിക്ക പിന്മാറി ഒരു വര്‍ഷത്തോളം കാത്തിരുന്ന ശേഷമുള്ള ഇറാന്റെ പുതിയ നിലപാടിനോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ഐക്യരാഷ്ട്ര സംഘടന, യൂറോപ്യന്‍ യൂണിയന്‍, സൂപ്പര്‍ പവര്‍ രാഷ്ട്രങ്ങള്‍ എന്നിവക്കൊന്നും ധാര്‍മ്മികമായി കഴിയില്ല. എന്നാല്‍ ആണവശേഷി പുതിയൊരു രാഷ്ട്രം കൂടി സമ്പാദിക്കുന്നത് ലോക സമൂഹത്തിനാകമാനം ഭീഷണി തന്നെ. മധ്യപൗരസ്ത്യ ദേശത്ത്, ശാക്തിക ബന്ധങ്ങള്‍ അവ മാറ്റിമറിക്കുമെന്ന ആശങ്കയും അസ്ഥാനത്തല്ല. അയല്‍പക്ഷ രാഷ്ട്രങ്ങളിലെ അഭ്യന്തര സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കുകയും അവരെ സഹായിക്കുകയുമാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ അറബ്, ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കുണ്ടാകുന്ന ഉല്‍കണ്ഠ ഗൗരവമേറിയതുമാണ്. അതേസമയം, ഞങ്ങള്‍ക്ക് അല്ലാതെ മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാഷ്ട്രവും ആണവശേഷി നേടിയെടുത്തുകൂടെന്നും അതിന് അനുവദിക്കില്ലെന്നുമുള്ള ഇസ്രാഈലി ധാര്‍ഷ്ട്യവും അംഗീകരിക്കാനാവില്ല.
അമേരിക്കയുടെ മൗനാനുവാദത്തോടെയാണ് ഇസ്രാഈല്‍ അണ്വായുധ നിര്‍മ്മാണം! 1967-ലെ അറബ്-ഇസ്രാഈലി യുദ്ധത്തിന് ശേഷമാണ് നിര്‍മ്മാണം. ആണവ ശാസ്ത്രജ്ഞന്‍ മോര്‍ഡേച്ചയ്‌വനുനു അണ്വായുധ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത്. ‘ജോണ്‍ ക്രോസ്മാന്‍’ എന്നും അറിയപ്പെടുന്ന ഇദ്ദേഹം പിന്നീട് അണ്വായുധത്തിന് എതിരെ രംഗത്ത് വന്നു. അദ്ദേഹം ജയിലില്‍ അടയ്ക്കപ്പെട്ടു.
ഇസ്രാഈലിന്റെ ആണവ നിലയം സന്ദര്‍ശിക്കാന്‍ നാളിതുവരെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല. 2006-ല്‍ ഐക്യരാഷ്ട്ര സഭയില്‍ ”മധ്യപൗരസ്ത്യ ദേശം ആണവ മുക്തമാക്കണം” എന്ന പ്രമേയം ഈജിപ്ത് മുന്നോട്ട് വെച്ചപ്പോഴും ആണവായുധം കൈവശമുണ്ടെന്ന വസ്തുത തുറന്ന് പറയാനോ, നിഷേധിക്കാനോ ഇസ്രാഈല്‍ തയാറായില്ല. ആണവ രാജ്യങ്ങളില്‍ ആറാമതായി ഇസ്രാഈലിനെ പരിഗണിക്കുന്നുണ്ട്. ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഇസ്രാഈല്‍ ഇനിയും ഒപ്പ് വെച്ചില്ല. 2018-ല്‍ ഏറ്റവും ഒടുവില്‍ യു.എന്‍ ഏജന്‍സി പുറത്തുവിട്ട കണക്ക് പ്രകാരം ഇസ്രാഈലിന്റെ വശം എണ്‍പത് ആണവായുധം ഉണ്ട്. മധ്യപൗരസ്ത്യ ദേശത്ത് മറ്റൊരു രാജ്യത്തിനുമില്ല. ഏറ്റവും കൂടുതല്‍ റഷ്യക്ക് ആണ്. തൊട്ടടുത്ത അമേരിക്ക, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ഇന്ത്യ, പാകിസ്താന്‍, ഉത്തര കൊറിയ എന്നിങ്ങനെയാണ് സ്ഥാനം.
ഹൈഡ്രജന്‍ ബോംബ് ഘടിപ്പിച്ച ഭൂഖണ്ഡാന്തര മിസൈല്‍ കൈവശം ഉണ്ടെന്ന് പ്രഖ്യാപിച്ച ഉത്തര കൊറിയയുടെ മണ്ണില്‍ കാല് കുത്തിയതിനെ ചരിത്ര പ്രാധാന്യമുള്ളതെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം! ഉത്തര കൊറിയന്‍ സര്‍വാധികാരി കിം ജോംഗ് ഉന്നിനെ ഹസ്തദാനം ചെയ്യാനുള്ള ആഗ്രഹം മൂലമാണത്രെ ട്രംപ് ഉത്തര കൊറിയയില്‍ എത്തിയത്. കിമ്മിനെ വശത്താക്കാന്‍, ഭയന്നാണെങ്കിലും അല്ലെങ്കിലും ട്രംപ് നടത്തുന്ന നീക്കത്തിന്റെ ഒരംശം ആത്മാര്‍ത്ഥത മധ്യപൗരസ്ത്യ പ്രശ്‌നങ്ങളില്‍ പ്രകടിപ്പിച്ചാല്‍ തീരാവുന്നതേയുള്ള സംഘര്‍ഷം!!
അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഇറാന്റെ പുതിയ നീക്കത്തോടുകൂടി ലോക സമൂഹത്തിന്റെ ആശങ്കയായി വളര്‍ന്നു. സമ്പുഷ്ടീകരണത്തിന്റെ പരിധിയായ 300 കിലോഗ്രാമിന് മുകളിലെത്തിയെന്ന് ഇറാന്‍ വിദേശമന്ത്രി മുഹമ്മദ് ജവാദ് ശരീഫ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചര്‍ച്ചയുടെയും സമാധാനത്തിന്റെയും വാതില്‍ ഇറാന്‍ കൊട്ടി അടച്ചില്ല. ”കരാറിലേക്ക് മടങ്ങാനും ഇറാന്‍ പ്രതിജ്ഞാബദ്ധ”മാണെന്ന് ഇറാന്‍ നേതാവ് വ്യക്തമാക്കുന്നത് ശുഭ സൂചന തന്നെ. നയതന്ത്ര ചര്‍ച്ചക്ക് ഇറാനെ പ്രതിനിധാനം ചെയ്യേണ്ടുന്ന വിദേശകാര്യ മന്ത്രിയെ അടക്കം ഉപരോധ പരിധിയില്‍ കൊണ്ടുവരികയും ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്ന അമേരിക്കയുടെ നിലപാട് വിചിത്രമായ വിരോധാഭാസമാണ്.
ആണവ പ്രശ്‌നത്തില്‍ റഷ്യയുമായി ഏര്‍പ്പെട്ടിരുന്ന കരാര്‍, പാരീസ് കാലാവസ്ഥ കരാര്‍ എന്നിവയില്‍ നിന്നുമൊക്കെ ഏകപക്ഷീയമായി പിന്‍മാറിയ ട്രംപിനെ പോലുള്ള ഭരണാധികാരികള്‍ ലോക സമാധാനത്തിന് ഭീഷണിയാകുന്നു. ഇവിടെ ഉത്തരവാദിത്തപ്പെട്ട ഐക്യരാഷ്ട്ര സഭയും യുറോപ്യന്‍ യൂണിയനും വന്‍ ശക്തികളും സന്ദര്‍ഭോചിതം ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നപരിഹാരം അകലെയല്ല.

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Trending