Connect with us

Sports

യൊഹാന്‍ ക്രൈഫും ഐ.എം വിജയനും തമ്മിലുള്ള ബന്ധം

Published

on

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്
********************
അമ്പതുകളുടെ അവസാനത്തിലാണ്.
ആംസ്റ്റർഡാമിൽ ദ്രായർ എന്ന് പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. പെട്രൊനെല്ല ബെർനാഡ ദ്രായർ. അയാക്സിന്റെ സ്റ്റേഡിയത്തിലെ തൂപ്പുകാരി. ഭർത്താവ് മരിച്ചപ്പോൾ സ്റ്റേഡിയം വൃത്തിയാക്കുന്ന പണി കൊണ്ട് മക്കളെ നോക്കി.
ആ പണം കൊണ്ട് അതിലൊരുത്തനെ അയാക്സിൽ ഫുട്ബോൾ കളിക്കാനും പഠിക്കാനും വിട്ടു. കളിച്ച് കളിച്ച് ഫുട്ബോളെല്ലാം അവനായി മാറി. ഇപ്പോ അയാളുടെ പേരിലാണ് ആ സ്റ്റേഡിയം. അമ്മ തൂപ്പുകാരിയായിരുന്ന സ്റ്റേഡിയം. യൊഹാൻ ക്രൈഫ് അരീന
******************
എഴുപതുകളിൽ തൃശൂരിൽ അങ്ങനെ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.
ഐ എം വിജയൻ സ്‌പോർട്സ് കോംപ്ലക്സ്.

ഒരു ഇന്റർവ്യൂവിൽ രവി മേനോനാണ് യൊഹാൻ ക്രൈഫിന്റെയും ഐ എം വിജയന്റെയും സമാനതകൾ പറയുന്നത്. അമ്മക്ക് ഗോളുകൾ സമർപ്പിക്കുന്നവർ. അമ്മ വളർത്തിയുണ്ടാക്കിയ ഫുട്ബോൾ ഇതിഹാസങ്ങൾ.
സമീകരിക്കുന്നില്ല.
ക്രൈഫിനെ പോലെയല്ല ഐ എം വിജയൻ.
ക്രൈഫ് മൈതാനത്ത് സോഡ വിൽക്കാൻ പോയിട്ടില്ല.
ക്രൈഫ് പട്ടിണി കിടന്നിട്ടില്ല.
ക്രൈഫ് കഴിക്കാനില്ലാത്തത് കൊണ്ട് സ്കൂളിൽ വൈകിയെത്തിയിട്ടില്ല.
ക്രൈഫ് ക്ലാസ് പൂർത്തിയാക്കും മുമ്പ് ടീച്ചറുടെ സമ്മതം വാങ്ങി സെവൻസ് കളിക്കാൻ പോയിട്ടില്ല.
ക്രൈഫ് സെലക്ഷന് വേണ്ടി വെയിലത്ത് പിന്നെയും പിന്നെയും കളിച്ചിട്ടില്ല.
പ്രായമാകും മുമ്പ് ടീമിലെത്തി കാത്തിരുന്നിട്ടില്ല.
ക്രൈഫ് ഇന്ത്യയിൽ ജനിച്ചിട്ടില്ല, കളിച്ചിട്ടില്ല

കഷ്ടപ്പാടുകളുടെ കഥ പറഞ്ഞ് പറഞ്ഞ് പരന്നൊഴുകിയെന്ന് വിജയേട്ടൻ തന്നെ ഇപ്പോ എല്ലായിടത്തും പറയാറുണ്ട്. അപ്പോ നമുക്ക് ഫുട്ബോളിനെ കുറിച്ച് സംസാരിക്കാം.

250 ആഭ്യന്തര ഗോളുകൾ !
ഇന്നാട്ടിൽ അത് അത്ഭുതമാണ്.
338 മത്സരങ്ങളിൽ നിന്ന് ഐ എം വിജയൻ അടിച്ച് കൂട്ടിയത് 250 ഗോളുകൾ . 
സെവൻസ് ചേർത്തിട്ടല്ല.
ഔദ്യോഗികം മാത്രം.
ശരാശരി 0.739.
വിജയനൊപ്പം ഇന്ത്യൻ ഫുട്ബോളിൽ ചേർത്ത് വായിക്കുന്ന രണ്ട് പേരുകളുണ്ട്. 
ബൂട്ടിയയും ഛേത്രിയും.
ബൂട്ടിയ കരിയറിൽ ആകെ നേടിയത് 100 ഗോളുകൾ. 226 മത്സരങ്ങൾ.
ശരാശരി -0.384
ഛേത്രി ഇതുവരെ 124 ഗോളുകൾ
252 മത്സരങ്ങൾ
ശരാശരി – 0.49
ഛേത്രി എങ്ങനെ ഓടിയാലും വിജയന്റെ 250 ഗോളുകൾ എന്ന ദൂരത്തെത്തില്ല.
അന്താരാഷ്ട്ര ഗോളുകളോ?
ഐ എം – 40 ഗോൾ 79 മത്സരം
ബൂട്ടിയ – 40 ഗോൾ 104 മത്സരം 
ഛേത്രി – 67 ഗോൾ 107 മത്സരം
വിജയൻ കളിച്ചിരുന്നത് ബൂട്ടിയക്കൊപ്പമാണെന്ന ഓർമകളും ഈ സ്റ്റാറ്റിൽ മറഞ്ഞ് കിടക്കുന്നുണ്ട്.
ഇതൊക്കെ കണക്ക്.
ഇനി കളിയഴകിലേക്ക് വന്നാൽ,

ഒ ആർ രാമചന്ദ്രൻ ഒരനുഭവം എഴുതിട്ടുണ്ട്.
“എയര്‍ ക്ലബ്ബാണ്‌ എരുമപ്പെട്ടിയിലെ വലിയ ടീം. തൃശ്ശൂരില്‍ നിന്നൊരു നേതാജി ക്ലബ്ബ്‌ വരുന്നു, അവരോടു കളിക്കാന്‍. ജോബ്‌ മാസ്റ്റര്‍ ട്രോഫി സെവന്‍സ്‌, ലോകകപ്പ്‌ ഫുട്ബോളിനേക്കാളൊക്കെ വലുതായി തോന്നിയിരുന്ന കാലത്തെ കാര്യമാണ്‌.

ഏതു ടീം കളിച്ചാലുമുണ്ടാകും കുമ്മായവര മറഞ്ഞു കാണികള്‍. ഗ്രൗണ്ടില്‍ നേരത്തെ എത്തണം. ഇല്ലെങ്കില്‍ സ്ഥലം കിട്ടില്ല. കളിക്കു പോകാന്‍ അനുമതി കിട്ടല്‍ തന്നെ ലോകകപ്പു കാണാന്‍ അവസരം കിട്ടുന്നതു പോലെയാണ്‌. അപൂര്‍വഭാഗ്യം.

നേരത്തെ എത്തിയാല്‍ കളിക്കാര്‍ ബൂട്ടു കെട്ടുന്നതും കാണാം. രഹസ്യഭാഗങ്ങളില്‍ കൈകടത്തി അവര്‍ എന്താണ്‌ തിരുകി വെക്കുന്നത്‌? കളിക്കിടെ മൂത്രമൊഴിക്കാന്‍ വെക്കുന്ന ബൗളാണെന്ന്‌ ദാസന്‍ പറഞ്ഞത്‌ കളിയായോ കാര്യമായോ എന്നോര്‍മ്മയില്ല. അബ്്ഡൊമന്‍ ഗാര്‍ഡെന്ന വാക്കു പോലും അന്നു കേട്ടിട്ടില്ല.

എതിര്‍ടീം എത്തിയിരിക്കുന്നു. നിരാശ തോന്നി: 13 വയസ്സു തികയാത്ത കുറെ ചെക്കന്മാര്‍. മെലിഞ്ഞുണങ്ങിയ കറുത്ത ചെക്കന്‌ ഏറിയാല്‍ 12 വയസ്സുണ്ടാവും. അതിലും കുറവേ തോന്നിക്കൂ. കളിക്കിറങ്ങും മുമ്പ്‌ അവനിത്തിരി കഞ്ഞി വെള്ളം പാര്‍ന്നു കൊടുക്കടാ എന്നാരോ പറഞ്ഞപ്പോള്‍ ടീം ബൂട്ടു കെട്ടുന്നതു കാണാന്‍ വട്ടം കൂടി നിന്ന കുട്ടികള്‍ ആര്‍ത്തു ചിരിച്ചു.

എയര്‍ ക്ലബ്ബ്‌ കത്തി നില്‍ക്കുന്ന കാലമാണ്‌. എവിടെപ്പോയാലും ജയം. സാലി എന്ന ഞങ്ങളുടെ റൊണാള്‍ഡോ മൈതാനത്തിന്റെ ഏതു ഭാഗത്തു നിന്നടിച്ചാലും ഗോളാണ്‌. ഇടവേളക്കു മുമ്പു തന്നെ അഞ്ചു ഗോളടിച്ച്‌ എയര്‍ക്ലബ്ബിന്റെ വമ്പന്മാരൊക്കെ ബൂട്ടഴിച്ചു. കാണികളും കുറെ പിരിഞ്ഞു. പന്തുരുളാന്‍ തുടങ്ങിയാല്‍ അതു നിലയ്ക്കും വരെ നിന്നിടത്തു നിന്നനങ്ങില്ലെന്നുള്ള ഞങ്ങള്‍ കുറച്ചു പേര്‍ മാത്രം ബാക്കിയായി. ദാസന്‍ പറഞ്ഞു. കളി തുടങ്ങിയാല്‍ കഴിഞ്ഞേ പോകാവൂ.

ഇടവേളക്ക്‌ കഞ്ഞിവെള്ളം പോലും കുടിക്കാത്ത കറുമ്പന്‍ ചെക്കന്‍ ഇറങ്ങി. ഊര്‍ന്നു പോകുന്ന ട്രൗസര്‍ വലിച്ചു കയറ്റണം. ബനിയന്‍ ഇടയ്ക്കിടെ വലിച്ചുയര്‍ത്തി മുഖം തുടയ്ക്കണം. പാകമല്ലാത്തആരുടെയോ വാങ്ങിക്കെട്ടിയ ബൂട്ട്‌ ഇടയ്ക്കിടെ ലേസ്‌ കെട്ടണം. കാണികള്‍ ചിരിച്ചു മറിയുന്നു.

എയര്‍ ക്ലബ്ബ്‌ തലക്കനത്തിലാണ്‌ കളി. ഡ്രിബ്ല് ചെയ്ത്‌ ഗോളിയെയും കടന്ന്‌ ഗോളടിക്കാതെ മടങ്ങുന്നു. ബാക്‌ പാസ്‌ ചെയ്യുന്നു. പകരമിറങ്ങിയവര്‍ക്ക്‌ പന്തു നല്‍കി കളിപ്പിക്കുന്നു. ഒരു പരിശീലന മാച്ചിന്റെ ലാഘവം.

ദാസന്‍ പറഞ്ഞു. ചെക്കന്‍മാര്‍ക്ക്‌ കയ്യടിക്കടാ. നാട്ടുകാര്‍ക്ക്‌ തലക്കനമിത്തിരി കൂടുതലാ.

ഒറ്റക്കു തുടങ്ങിയ ദാസന്‌ കുറച്ചു കഴിഞ്ഞപ്പോഴേക്കും പത്തു പേരെക്കൂടി കൂട്ടു കിട്ടി. കറുമ്പന്‍ ചെക്കന്‌ അവര്‍ പ്രത്യേകം നല്‍കി കയ്യടി. ഒരു ബാക്പാസ്‌ ഗോളി സത്താറില്‍ നിന്നു റാഞ്ചി ചെക്കന്‍ ആദ്യഗോളടിച്ചതോടെ ഗ്രൗണ്ട്‌ മുഴുവന്‍ അവര്‍ക്കൊപ്പമായി.

പിന്നീടുള്ള 20 മിനുട്ട്‌ കണ്ട ഫുട്്ബോളാണ്‌ ഫുട്ബോള്‍. കറുമ്പന്‍ എലുമ്പന്‍ വമ്പന്മാരെയൊക്കെ മൂക്കു കൊണ്ട്‌ നിലത്തെഴുതിച്ചു. ഇടത്തു കൂടിയും വലത്തു കൂടിയും പാഞ്ഞു. ‘സെന്റര്‍ ഔട്ട’്‌ എന്നു കുട്ടികള്‍ തര്‍ക്കിക്കുന്ന, മധ്യവരക്കപ്പുറത്തു നിന്നുള്ള ഗോളുകള്‍ ഉതിര്‍ത്തു. ഓരോ അഞ്ചു മിനുട്ടിടവേളക്കും വന്നു ഓരോ ഗോള്‍. കളി തീരുമ്പോള്‍ സ്കോര്‍ 5-5. പരിഭ്രമിച്ച സംഘാടകര്‍ എക്സ്ട്രാ ടൈമും ഷൂട്ടൗട്ടും ഉപേക്ഷിച്ച്‌ അടുത്ത ഞായറാഴ്ച വീണ്ടും കളിക്കുമെന്ന്‌ പ്രഖ്യാപിച്ചു തടിതപ്പി.

വിസില്‍ മുഴങ്ങിയപ്പോള്‍ ഷര്‍ട്ടൊക്കെ വലിച്ചൂരി, ആര്‍ത്തുവിളിച്ച്‌ ദാസന്‍ ഗ്രൗണ്ടിലേക്കു പാഞ്ഞു. പൂഴി വാരി മേലേക്കെറിഞ്ഞു. ചെരുപ്പൂരി തലക്കു മേലേ പൊക്കി ക്ലാപ്പടിച്ചു. കറുമ്പനെ എടുത്തുയര്‍ത്തി വട്ടം ചുറ്റി. ഗ്രൗണ്ടിനു പുറത്തുള്ള ഐസ്ക്രീംകാരന്റെ പെട്ടിയില്‍ നിന്ന്‌ രണ്ടു കയ്യിലും രണ്ടു നിറമുളള ഐസ്ക്രീമുകള്‍ വാങ്ങിത്തന്നു. രണ്ടു കിലോമീറ്ററോളം ദൂരെയുള്ള വീട്ടിലേക്കു മടങ്ങുമ്പോള്‍ പെട്ടെന്നു പെയ്ത മഴ നനഞ്ഞു കൊണ്ടു തന്നെ നടന്നു. കളിയില്‍ വലിയവരും ചെറിയവരുമില്ലെടാ. കളി തീരും വരെ എന്തും നടക്കുമെടാ.. മദ്യപിച്ച പോലെയും സ്വപ്നത്തിലെന്ന പോലെയും കളിയെക്കുറിച്ചുതന്നെ അവന്‍ പുലമ്പിക്കൊണ്ടിരുന്നു.”
നിസംശയം
ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനി വളപ്പിൽ മണി വിജയനാണ്.

കടപ്പാട്:. WhatsApp Forward

Local Sports

ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്‌സിന്റെ (“ലൂക്ക”) പ്രഥമ ദേശീയ ടൂര്‍ണമെന്റ് മല്‍സരങ്ങള്‍ക്ക് തുടക്കമായി

Published

on

ടെക്സസിലെ ഡാലസ് കേന്ദ്രമായി പ്രവർത്തിക്കുന്ന “ലൂക്ക” (LUKA – League of United Kerala Athletes) എന്ന സംഘടനയുടെ ചരിത്രത്തിലെ പ്രഥമ ദേശീയ ടൂർണമെന്റ് മൽസരങ്ങൾ അമേരിക്കയിലെ മലയാളികൾ കായികരംഗത്ത് ഒറ്റക്കെട്ടായി ഒന്നിച്ചു കൂടിയ ശ്രദ്ധേയമായ നവ്യാനുഭവമായി മാറി. 2025 ഏപ്രിൽ 26-നും 27-നുമായി ടെക്സാസിലെ ഡാലസിൽ വച്ച് നടന്ന ഈ ടൂർണമെന്റ്, പിക്കിൾബോൾ, വോളിബോൾ തുടങ്ങിയ വിവിധ മത്സരങ്ങളിലൂടെ അമേരിക്കൻ മലയാളി സമൂഹത്തിൽ ആവേശ പൂർവ്വമായ ഒരു കായിക മൽസര വേദിയായി മാറുകയായിരുന്നു. മത്സരം മാത്രം അല്ല, സൗഹൃദം, ഐക്യം, പങ്കാളിത്തം എന്നിവയുടെ ഉത്സവമായി രണ്ടുദിവസങ്ങൾ മലയാളികൾ കൊണ്ടാടി.

കൂടാതെ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾക്കായി സൗജന്യ താമസസൗകര്യങ്ങൾ, ഭക്ഷണം, വിമാനത്താവളത്തിൽ നിന്നുള്ള പിക്കപ്പ്-ഡ്രോപ്പ് എന്നിവ ഉൾപ്പെടുത്തി സംഘാടകരെരായ ലൂക്ക ഒരുക്കിയ ചിട്ടയും കൃത്യതയുമാർന്ന ക്രമീകരണങ്ങളും, വേദിയും പങ്കെടുത്തവരെയെല്ലാം അമ്പരപ്പിച്ചു. ഈ ടൂർണമെന്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത് ബഹുമാന്യ എം.എൽ.എ യും കായിക പ്രേമിയുമായ പി.കെ. ബഷീർ ആയിരുന്നു. ചടങ്ങിൽ KMCC വേൾഡ് ട്രഷറർ യു.എ. നസീർ (ന്യൂയോർക്ക്) മുഖ്യാഥിതിയായും “നന്മ” തുടങ്ങിയ സംഘടനാ ഭാരവാഹികളും കായികപ്രേമികളും, മാധ്യമപ്രവർത്തകരും, മറ്റു മലയാളി പ്രൊഫഷണലുകളും പങ്കെടുത്തു. നന്മ ഭാരവാഹികളായ റഷീദും കമാലും ആശംസ പ്രസംഗം നടത്തി.

ഉൽസവച്ഛായ കലർന്ന ഉൽഘാടന ചടങ്ങിൽ ൽ ലൂക്കയുടെ ഔദ്യോഗിക ലോഗോ പ്രകാശനം, വെബ്സൈറ്റ് (www.lukausa.org), സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ യു.എ. നസീർ പ്രകാശനം ചെയ്തു.

Rockwall Oasis Pickleball Club-ആയിരുന്നു പിക്കിൾബോൾ മത്സരങ്ങളുടെ വേദി. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ ഡാളസിന്റെ ശരീഫും കാലിഫോർണിയയുടെ ഫിറോസും ചേർന്ന് ‘ഫ്ലോറിഡയിലെ ചുണക്കുട്ടികൾ’ എന്നറിയപ്പെടുന്ന ഷാൻ സാബിർ കൂട്ടുകെട്ടിനെ കീഴടക്കി വിജയകിരീടം സ്വന്തമാക്കി.
ഇന്റർമീഡിയറ്റ് വിഭാഗത്തിൽ, റോളറ്റിൽ നിന്നുള്ള അൻവർ-റാഷിദ് കൂട്ടു കെട്ടിന്നെതിരെ തന്ത്രപൂർവം കളിച്ച ഡാലസിന്റെ അൻസാരി-നഹീദ് ടീമാണ് വിജയം വരിച്ചത്.

വോളിബോൾ മത്സരങ്ങളിൽ അന്താരാഷ്ട്ര പരിശീലനപരിചയമുള്ള കോച്ച് മമ്മുവിന്റെ നേതൃത്വത്തിലുള്ള ടീം റൗലറ്റ് മാഫിയ മികച്ച പ്രകടനം കാഴ്ചവെച്ച് കിരീടം സ്വന്തമാക്കി. ഡാലസ് വാരിയേഴ്സ് (Dallas Warrios) രണ്ടാം സ്ഥാനവും ലൂക്കാസ് ഇല്ലൂമിനാലിറ്റി (Lucas Illuminati) മൂന്നാം സ്ഥാനവുമാണ് വാശിയേറിയ മൽസരങ്ങളിൽ കരസ്തമാക്കിയത്. “ഇത് ഒരു ചരിത്രവിജയമാണ്. വരാനിരിക്കുന്ന എല്ലാ ടൂർണമെന്റുകളിലും ഞങ്ങൾ പങ്കെടുക്കും,” എന്ന് ടീം റൗലറ്റിന്റെ കോച്ച് മമ്മു അഭിമാനത്തോടെ പ്രഖ്യാപിച്ചു. പ്രിൻസ്ടൺ team ഉടമയും പ്രധാന സ്പോന്സറുമായ സഹീർ അവസാന നിമിഷം പിന്മാറിയത് ശരിയായില്ലെന്ന് മമ്മു പറഞ്ഞു. സഹീർ അടുത്ത ടൂർണമെന്റിൽ ശക്തമായി തിരിച്ചു വരണമെന്ന് മമ്മു ആവശ്യപ്പെട്ടു. താൻ ടാമ്പായിൽ നിന്നും ടീമിനെ അയച്ചത് കപ്പടിക്കാനാണെന്നും പിക്കിൾബോൾ ഫൈനലിൽ തോറ്റത് അന്വേഷിക്കുമെന്നും ടാമ്പാ ടിം മാനേജർ സമീർ പ്രസ്താവിച്ചു. കാലിഫോണിയായ ടീമിന്റെ പെർഫോമൻസ് നിരാശാജനകമായണെന്നും ഡയലോഗല്ല കളിയാണ് വേണ്ടതെന്നും ഇങ്ങനെ പോയാൽ താൻ ടീമിൽ നിന്നും രാജിവെക്കുമെന്നും കുഞ്ഞു പ്രസ്താവിച്ചു. സഗീറിന്റെ നേതൃത്തത്തിൽ താൻ അയച്ച ടിം അവസരത്തിന് ഒത്തു ഉയർന്നില്ല എന്ന ടിം സ്പോൺസർ ഗഫൂർക്ക കുറ്റപ്പെടുത്തി. പാംഇൻഡ്യ സലീംകയുടെ തലശ്ശേരി ബിരിയാണി മാത്രം ലക്ഷ്യമാക്കി കളിക്കാൻ പോകരുതെന്നും അടുത്ത ടൂര്ണമെന്റിനുള്ള ടീമിനെ ഉടച്ച് വാർക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.

വിദൂര സ്ഥലങ്ങളിലിരുന്നു സോഷ്യൽ മീഡിയയിലൂടെ മാത്രം സൗഹൃദം പങ്കുവെച്ചിരുന്ന സുഹൃത്തുക്കൾക്ക് നേരിൽ തന്നെ സ്നേഹത്തോടെയും സന്തോഷത്തോടെയും കൊമ്പു കോർക്കാൻ അവസരമൊരുക്കിയ ലൂക്കയുടെ ഈ സംരംഭം തുടർന്നും കൂടുതൽ ടീമുകളെ പങ്കെടുപ്പിച്ച് മലയാളി കായിക ഐക്യത്തിന് വഴിയൊരുക്കുന്നതിന്റെ തുടക്കം മാത്രമാണെന്ന് ലൂക്ക പ്രസിഡണ്ട് നജീബ് ഡാലസ് പറഞ്ഞു. ഡാളസ് മലയാളികളുടെ താല്പര്യവും പങ്കാളിത്തവുമാണ് ഈ വിജയത്തിന്റെ അടിസ്ഥാനം. അടുത്ത സെപ്റ്റംബറിൽ ദേശീയതല ബാഡ്മിന്റൺ ടൂർണമെന്റിനൊരുങ്ങുകയാണ്. തുടർന്നു എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ ഉൾപ്പെടുത്തി ‘ നാഷണൽ മലയാളി സ്പോർട്ട്സ് ഡേ’ (National Malayali Sports Day) സംഘടിപ്പിക്കാനാണ് പദ്ധതിയിടുന്നത്, എന്ന് നജീബ് അറിയിച്ചു. വർഷത്തിൽ ഒരിക്കൽ, വിവിധ ഏജ് ഗ്രൂപ്പുകളിലായി പിക്കിൾബോൾ, വോളിബോൾ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ എന്നിവ ഉൾപ്പെടുത്തി ദേശീയതല ടൂർണമെന്റുകൾ സംഘടിപ്പിക്കുക എന്നതാണ് ലൂക്കയുടെ ദീർഘകാല ലക്ഷ്യം. വലിയ ചിലവുകൾ ഇല്ലാതെ പ്രായഭേദമന്യെ ആർക്കും എളുപ്പത്തിൽ സ്വായത്തമാക്കാനും , ആരോഗ്യവും ഉന്മേഷവും സൗഹൃദവും നിലനിർത്താനും ഉതകുന്ന പിക്കിൾബാൾ നമ്മുടെ നാട്ടിലും എളുപ്പത്തിൽ പ്രചാരണം കൊടുക്കാനും അത് വഴി സോഷ്യൽ മീഡിയുടെ അപകടകരമായ അതിപ്രസരവും മറ്റു ദുഷിച്ച ശീലങ്ങളിലേക്കുളള ആകർഷണങ്ങളും ഒഴിവാക്കാൻ കഴിയും എന്ന് ലൂക്ക ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചു.

ലൂക്കയുടെ 2025–2026 കാലയളവിലേക്കുള്ള ബോർഡ് അംഗങ്ങളായി, നജീബ് പ്രസിഡന്റായും, ഹാരിസ് സെക്രട്ടറിയായും, അബു ജോയിന്റ് സെക്രട്ടറിയായും, ബഷീർ ട്രഷററായും , മുഹമ്മദ് പരോൾ ജോയിന്റ് ട്രഷററായും , നജാഫ് മാർക്കറ്റിംഗ് ഹെഡായും, ഷമീർ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഹെഡ്, സംജാദ് പ്രോഗ്രാം കോർഡിനേറ്റർ , രാജ റഷീദ് പ്രോഗ്രാം അഡ്മിനിസ്സ്ട്രേറ്റർ എന്നീ ചുമതലകളും ഏറ്റെടുത്തു.

ഈ ടൂർണമെന്റിന്റെ വിജയത്തിനൊപ്പം നിറഞ്ഞ പിന്തുണയും സംഭാവനയും നൽകിയ പ്രധാന സ്പോൺസർമാരെയും വളണ്ടിയർമാരെയും പ്രത്യേകം അഭിനന്ദനിയ രാണ്. ടൈറ്റിൽ സ്പോൺസറായി സഗീറിന്റെ പേവിന്റ് (Paywint), ഗോൾഡ് സ്പോൺസറായി സലിമിന്റെ പാം ഇന്ത്യ (Palm India), പ്ലാറ്റിനം സ്പോൺസർമാരായ റോക്സി(Roux)ന്റെ സിറോക്കോ (Siroco)യും അൻസാരിയുടെ അൽഹംറ (Al Hamra)യും, സമ്മാന സ്പോൺസറായി അനൂപിന്റെ നെക്സസ് (Nexus), സിൽവർ സ്പോൺസറായി അബിന്റെ എം.ഐ.എച്ച് റിയേൽ റ്റേർസ് (IMH Realtors) തുടങ്ങിയവരാണ് ലൂക്കയുടെ വിജയത്തിലേക്ക് കൈ കോർത്തത്.

Continue Reading

india

ടെസ്റ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത്;  ഇനി ഏകദിനത്തില്‍ മാത്രം

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം

Published

on

ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹിത് ശര്‍മ. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. ഏവരെയും അമ്പരപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യക്കുവേണ്ടി ഇനി ഏകദിന ക്രിക്കറ്റില്‍ മാത്രമാകും താരം കളിക്കുക. 67 ടെസ്റ്റുകളില്‍നിന്ന് 4301 റണ്‍സാണ് ഇതുവരെ താരം ഇന്ത്യക്കായി നേടിയത്. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.

‘ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കുന്ന വിവരം ഏവരെയും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. വെള്ളക്കുപ്പായത്തില്‍ രാജ്യത്തിനുവേണ്ടി കളിക്കാനായത് വലിയ അംഗീകാരമാണ്. ഇത്രയുംകാലം നിങ്ങള്‍ തന്ന സ്‌നേഹത്തിനും പിന്തുണക്കും നന്ദി. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റില്‍ തുടരും’ -രോഹിത് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

ജൂണ്‍ 20നാണ് ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. മോശം ഫോമിലുള്ള രോഹിത്തിനെ നേരത്തെ തന്നെ ടെസ്റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2024 ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തിനു പിന്നാലെ രോഹിത് അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റില്‍നിന്ന് വിരമിച്ചിരുന്നു.

38കാരനായ രോഹിത്തിന്റെ കീഴിലാണ് ഇന്ത്യ കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ ആസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങിയതും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആസ്‌ട്രേലിയയോട് നാണംകെട്ടതും രോഹിത്തിന്റെ നായക പദവി തുലാസിലാക്കിയിരുന്നു. രണ്ടു പരമ്പരകളിലും രോഹിത് ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയത്തോടെ രോഹിത് തന്നെ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം.

Continue Reading

Cricket

‘ഇനി കളി മാറും’; കൊല്‍ക്കത്തക്കെതിരെ 28 പന്തില്‍ സെഞ്ച്വറി നേടിയ ഉര്‍വില്‍ പട്ടേലിനെ കളത്തിലിറക്കി ചെന്നൈ

പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി

Published

on

കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടക്കുന്ന ഐപിഎല്‍ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിംഗ്. ടോസ് നേടിയ ഹോം ടീം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ വന്‍ഷ് ബേദിക്ക് പകരക്കാരനായി ചെന്നൈ നിരയില്‍ യുവതാരം ഉര്‍വില്‍ പട്ടേല്‍ കളത്തില്‍ ഇറങ്ങി.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിംഗ് റെക്കോര്‍ഡുള്ള താരമായ ഉര്‍വിലിനെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കാണ് ചെന്നൈ സ്വന്തമാക്കിയത്. 47 മത്സരങ്ങളില്‍ നിന്നും രണ്ട് സെഞ്ച്വറികളും നാല് അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പടെ 1162 റണ്‍സാണ് താരം നേടിയത്. 26.40 ശരാശരിയും 170.38 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. ടി-20 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരം കൂടിയാണ് ഉര്‍വില്‍ പട്ടേല്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗുജറാത്തിനു വേണ്ടി 28 പന്തില്‍ നിന്നുമാണ് താരം സെഞ്ച്വറി നേടിയത്. ഇത്ര പന്തില്‍ നിന്നും ടി20 സെഞ്ച്വറി നേടിയ അഭിഷേക് ശര്‍മയുടെ റെക്കോര്‍ഡിനൊപ്പവും ഉര്‍വില്‍ പട്ടേല്‍ തന്റെ പേര് എഴുതി ചേര്‍ത്തിട്ടുണ്ട്.

ഇത്തവണ നിരാശാജനകമായ പ്രകടനങ്ങളാണ് ചെന്നൈ കാഴ്ച്ചവെച്ചത്. പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്നും ചെന്നൈ പുറത്തായിരുന്നു. 11 മത്സരങ്ങളില്‍ നിന്നും രണ്ട് ജയവും ഒമ്പത് തോല്‍വിയും അടക്കം നാല് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങള്‍ ജയിച്ചുകൊണ്ട് മടങ്ങാനാവും ചെന്നൈ ലക്ഷ്യം വെക്കുക.

ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാത്രേ, ഉര്‍വില്‍ പട്ടേല്‍, ഡെവണ്‍ കോണ്‍വേ, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, രവിചന്ദ്രന്‍ അശ്വിന്‍, എംഎസ് ധോണി(വിക്കറ്റ് കീപ്പര്‍/ക്യാപ്റ്റന്‍), അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ്(വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ(ക്യാപ്റ്റന്‍), അംഗ്കൃഷ് രഘുവംശി, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍, റിങ്കു സിംഗ്, മോയിന്‍ അലി, രമണ്‍ദീപ് സിംഗ്, വൈഭവ് അറോറ, വരുണ്‍ ചക്രവര്‍ത്തി.

Continue Reading

Trending