Connect with us

News

മധ്യകേരളത്തില്‍ ചരിത്രം തിരുത്തും

Published

on

അഷ്‌റഫ് തൈവളപ്പ്

ലോക്‌സഭ തെരഞ്ഞെടുപ്പിന് അഞ്ചു ദിവസം മാത്രം ശേഷിക്കെ മധ്യകേരളത്തില്‍ നിലവിലെ കോട്ടകള്‍ നിലനിര്‍ത്താനും നഷ്ടപ്പെട്ടവ തിരിച്ചു പിടിക്കാനും ശക്തമായ പോരാട്ടം. പൊന്നാപുരം കോട്ടകളായ എറണാകുളം, കോട്ടയം മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന മധ്യകേരളത്തിലെ എട്ടു സീറ്റുകളില്‍ എട്ടും ഇത്തവണ കൂടെപോരുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. 2014 തെരഞ്ഞെടുപ്പില്‍ അഞ്ചു മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനായിരുന്നു വിജയം. രാജ്യത്തൊട്ടാകെയുള്ള ഭരണ വിരുദ്ധ തരംഗം കേരളത്തിലും ശക്തമായി പ്രതിഫലിക്കുമെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. മറുഭാഗത്ത് നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്താനുള്ള ജീവന്‍ മരണ പോരാട്ടത്തിലാണ് എല്‍.ഡി.എഫ്. ഉറച്ച മണ്ഡലങ്ങളായി എല്‍ഡിഎഫ്എക്കാലവും കണക്കാക്കുന്ന ആലത്തൂരിലും പാലക്കാട്ടും ഇത്തവണ മാറ്റത്തിന്റെ കാറ്റ് വീശുമെന്നാണ് പ്രവചനം. ജനകീയ എംപി എന്ന ലേബലില്‍ ഇരുമണ്ഡലങ്ങളിലും എല്‍ഡിഎഫ് നടത്തുന്ന പ്രചാരണത്തെ മണ്ഡലത്തിന്റെ അവികസിത കണക്കുകള്‍ അക്കമിട്ട് നിരത്തിയാണ് യുഡിഎഫ് പ്രതിരോധിക്കുന്നത്. തോല്‍വി മുന്നില്‍ കണ്ട് ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ വരെ സൈബര്‍ സഖാക്കളും മുതിര്‍ന്ന നേതാക്കളും വ്യാപക പ്രചാരണം നടത്തുന്നുണ്ടെങ്കിലും യുഡിഎഫിന്റെ ആത്മവിശ്വാസം വോട്ട് ദിവസം അടുക്കുതോറും വര്‍ധിക്കുന്നു. ഫലത്തില്‍ കേരളം തന്നെ ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നായി ആലത്തൂര്‍ മാറുകയും ചെയ്തു. പാലക്കാട്ട് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ അട്ടിമറി പ്രതീക്ഷയിലാണ് യുഡിഎഫ്. മുമ്പെങ്ങുമില്ലാത്ത വിധം മികവാര്‍ന്ന പ്രചാരണമാണ് മണ്ഡലത്തില്‍ യുഡിഎഫ് നടത്തുന്നത്.
സിറ്റിങ് എംപിമാരെ വച്ച് മാറിയതു മൂലം കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ട തൃശൂരും ചാലക്കുടിയും ഇത്തവണ മോദി വിരുദ്ധ, രാഹുല്‍ തരംഗത്തില്‍ തിരികെ പോരുമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ വിശ്വാസം. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിന് മുമ്പേ മണ്ഡലത്തില്‍ സജീവമായിരുന്ന ടി.എന്‍ പ്രതാപനും ബെന്നി ബെഹന്നാനുമാണ് യഥാക്രമം ഇരുമണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികള്‍. തൃശൂരില്‍ സിറ്റിങ് എംപി സി.എന്‍ ജയദേവനെ മാറ്റിയതിലുള്ള അതൃപ്തി സിപിഐയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും ബാക്കി. പലയിടത്തും പാര്‍ട്ടിയിലും മുന്നണിയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്. ജനകീയനായ ടി.എന്‍ പ്രതാപനാണെങ്കില്‍ മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. അവസാന നിമിഷം പ്രഖ്യാപിക്കപ്പെട്ട സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തില്‍ കാര്യമായ ചലനമുണ്ടാക്കുമെന്ന് ബിജെപിക്കാര്‍ പോലും വിശ്വസിക്കുന്നില്ല.
ഹൃദ്രോഗത്തെ തുടര്‍ന്ന് രണ്ടാഴ്ച്ച ചികിത്സയിലായിരുന്നുവെങ്കിലും ചാലക്കുടിയില്‍ യുഡിഎഫ് പ്രചാരണത്തിന് ഒട്ടും മാറ്റ് കുറഞ്ഞില്ല. ബെന്നി ബെഹന്നാന്‍ വിശ്രമിച്ചപ്പോള്‍ മണ്ഡലത്തിലെ നാലു യുവ എംഎല്‍എമാര്‍ പ്രചാരണം ഏറ്റെടുത്തത് മണ്ഡലത്തിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കിയ ആവേശവും ആത്മവിശ്വാസവും ചെറുതല്ല. കഴിഞ്ഞ ദിവസം ബെന്നി ബെഹന്നാന്‍ പ്രചാരണം രംഗത്തേക്ക് തിരികെ വരികയും ചെയ്തു. സിനിമ നടനെന്ന ലേബലില്‍ കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി ജയിച്ചു കയറിയ ഇന്നസെന്റ് ഇത്തവണ വോട്ടര്‍മാര്‍ക്കിടയില്‍ വിയര്‍ക്കുന്നു. അണികളുടെ അതൃപ്തി അവഗണിച്ച് സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ വീണ്ടും കളത്തിലെത്തിയ സ്ഥാനാര്‍ഥിക്കായി സ്വന്തം ചിഹ്നം അനുവദിച്ചിട്ടും പ്രവര്‍ത്തകരില്‍ പഴയ ആവേശം ഒട്ടുമില്ല. എം.പിയുടെ 700 കോടിയുടെ വികസന കണക്കുകള്‍ കഴിഞ്ഞ ദിവസം യുഡിഎഫ് എംഎല്‍എമാര്‍ തെളിവുസഹിതം പൊളിച്ചടക്കി. ജയിച്ചതില്‍ പിന്നെ എം.പിയെ മണ്ഡലത്തില്‍ കാണാന്‍ കിട്ടിയില്ലെന്ന ആക്ഷേപം നേരത്തെയുണ്ട്. ഇതിനെല്ലാം പുറമെ പ്രളയ ഏറെ നഷ്ടമുണ്ടാക്കിയ മണ്ഡലത്തില്‍ എംപിയുടെ അസാനിധ്യവും ഒളിച്ചോട്ടവും എല്‍ഡിഎഫിനെ വോട്ടര്‍മാര്‍ക്കിടയില്‍ അവസാന നിമിഷവും പ്രതിരോധത്തിലാക്കുന്നുണ്ട്. നാടിളക്കിയുള്ള പ്രചാരണവും ബെന്നിക്ക് വോട്ടര്‍മാര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകരണവും യുഡിഎഫിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ അഞ്ചു സീറ്റുകള്‍ കൈവിട്ടപ്പോള്‍ യുഡിഎഫിനൊപ്പം ഉറച്ച് നിന്ന മൂന്ന് മണ്ഡലങ്ങളായിരുന്നു എറണാകുളം, കോട്ടയം, ആലപ്പുഴ. സ്വന്തന്ത്രരെ വിട്ട് മുന്‍ രാജ്യസഭ എം.പി പി.രാജീവിനെയാണ് ഇത്തവണ എറണാകുളത്ത് സിപിഎം പരീക്ഷിക്കുന്നത്. രാജ്യസഭ എംപിയെന്ന നിലയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ലോക്‌സഭയിലെത്തിക്കണമെന്നാണ് ആവശ്യം. പാര്‍ട്ടിക്ക് അത്ര ആത്മാര്‍ഥതയുണ്ടെങ്കില്‍ രാജ്യസഭയിലേക്ക് സീറ്റ് ഒഴിവുണ്ടായ സമയത്ത് വീണ്ടും പരിഗണിക്കരുതായിരുന്നോ എന്ന വോട്ടര്‍മാരുടെ ചോദ്യത്തിന് പാര്‍ട്ടിക്കും മുന്നണിക്കും മറുപടിയില്ല. രാജീവിന്റെ സ്ഥാനാര്‍ഥിത്വം മറ്റൊരു പരീക്ഷണം മാത്രമെന്ന് ചുരുക്കം. പിതാവിന്റെ പാരമ്പര്യത്തിനപ്പുറം എംഎല്‍എ എന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഹൈബി ഈഡന്‍ യുഡിഎഫിനായി വോട്ടു ചോദിക്കുന്നത്. സര്‍വേ ഫലങ്ങളില്‍ ഹൈബിക്ക് ഈസി വാക്കോവര്‍ പ്രവചിക്കുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം. ആലപ്പുഴയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുമ്പ് വലിയ വിജയ പ്രതീക്ഷയിലായിരുന്ന എല്‍ഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാക്കിയാണ് യുഡിഎഫ് സാരഥി ഷാനിമോള്‍ ഉസ്മാന്റെ പ്രചാരണ തേരോട്ടം. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എല്‍ഡിഎഫി നെ ഷാനിമോള്‍ പ്രചാരണ രംഗത്ത് പിന്നിലാക്കി. മണ്ഡലത്തിലുടനീളം സുപരിചിതയായ ഷാനിമോള്‍ക്ക് പര്യടനത്തിനിടയില്‍ കിട്ടുന്നത് വീട്ടമ്മമാരുടേതടക്കം വലിയ പിന്തുണ. വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ട്.
കോട്ടയത്ത് തോമസ് ചാഴിക്കാടനും അനായാസ വിജയമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളെ ഇളക്കാന്‍ വി.എന്‍ വാസവന്റെ സ്ഥാനാര്‍ഥിത്വത്തിനായിട്ടില്ല. മലയോര മണ്ണിനെ ഇളക്കി മറിച്ചുള്ള പ്രചാരണമാണ് ഇടുക്കിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റേത്. 2014ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ബാനറില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്‌സ് ജോര്‍ജ്ജിനായിരുന്നു വിജയം. വലിയ വാഗ്ദാനങ്ങള്‍ നല്‍കി വിജയിച്ച ജോയ്‌സിനോട് ഇത്തവണ മണ്ഡലത്തിലെ വോട്ടര്‍മാര്‍ തിരിഞ്ഞു നില്‍ക്കുന്നു. ചാലക്കുടിയിലെ പോലെ ഇടുക്കിയിലും ഇല്ലാത്ത വികസന കണക്കുകള്‍ എല്‍ഡിഎഫ് നിരത്തിയെങ്കിലും പൊളിഞ്ഞു പാളീസായി. സര്‍വേ ഫലങ്ങളിലടക്കം വന്‍ ഭൂരിപക്ഷത്തിലുള്ള വിജയമാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഇക്കുറി പ്രവചിക്കപ്പെടുന്നത്.

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

kerala

കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി

Published

on

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

Continue Reading

india

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു, 2 അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം

അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

Published

on

കർണാടകയിലെ ഹുബ്ബള്ളിയൽ ​ഗ്യാസ് സിലിണ്ടർ ചോർന്നുള്ള പൊട്ടിത്തെറിയിൽ രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം. 7 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ. ഗുരുതരമായി പരുക്കേറ്റ് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നവരാണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ഏഴ് പേരും ഇതേ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. അയ്യപ്പ ഭക്തർ ഉപയോഗിച്ചിരുന്ന പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച അർദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം.

ഹുബ്ബള്ളിയിലെ ഒരു പ്രാദേശിക ക്ഷേത്രത്തിന് സമീപത്തുവെച്ച് ഭക്തരുടെ സംഘത്തിലെ ഒരാൾ എൽപിജി സ്റ്റൗ അലക്ഷ്യമായി കൈകാര്യം ചെയ്തതാണ് ഗ്യാസ് ചോർച്ചയ്ക്കും പിന്നാലെ പൊട്ടിത്തെറിക്കും കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു. ചോർച്ചയുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ തീപിടിക്കുകയും തീ അതിവേഗം ആളിക്കത്തുകയും ചെയ്തു.

ഭക്തർ കിടന്നുറങ്ങിയിരുന്ന മുറിയ്ക്ക് ഒരു വാതിലും ജനലും മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ പുറത്തിറങ്ങാൻ സാധിക്കാതെ ഇവ‍ർ മുറിയ്ക്കുള്ളിൽ കുടുങ്ങി. പിന്നീട് ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.

പരുക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. പരുക്കേറ്റവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭ്യമാക്കുന്നതിന് അഭ്യർത്ഥന നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading

Trending