Connect with us

Culture

താരപ്പകിട്ടില്‍ മുംബൈ നോര്‍ത്ത്

Published

on

സക്കീര്‍ താമരശ്ശേരി

ഒരുകാലത്ത് ബോളിവുഡില്‍ പ്രഭ വിതറിയ ഗ്ലാമര്‍ താരം ഊര്‍മിള മാതോംഡ്കറെ എങ്ങനെ മറക്കും ?. രംഗീല, സത്യ, പ്യാര്‍ തുനെ ക്യാ കിയാ, പിന്‍ജര്‍, ഭൂത് എന്നിങ്ങനെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍. പ്രേക്ഷകരെ കോരിത്തരിപ്പിച്ച് അസാധാരണ മെയ്‌വഴക്കത്തോടെ ബോളിവുഡില്‍ ആടിപ്പാടിയ ഊര്‍മിള ഇന്ന് രാഷ്ട്രീയത്തിലും താരമാണ്. മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. തികച്ചും അപ്രതീക്ഷിതമായ രംഗപ്രവേശം. എതിരാളികള്‍ക്കു ചങ്കിടിപ്പും അനുയായികളില്‍ ആവേശവും വിതറി ഊര്‍മിള കുതിപ്പ് തുടങ്ങിക്കഴിഞ്ഞു. നടിയെന്നതിലുപരി ജനകീയ നേതാവാകാനുള്ള കരുത്തും തലയെടുപ്പും തനിക്കുണ്ടെന്ന് ഇതിനകം തന്നെ തെളിയിച്ചു അവര്‍. ബി.ജെ.പിയുടെ സിറ്റിങ് സീറ്റില്‍ അട്ടിമറി തന്നെ ലക്ഷ്യം. നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 29ന് മുംബൈ നോര്‍ത്തും പോളിങ് ബൂത്തിലെത്തും.

അഭ്രപാളിയില്‍
രംഗീല എന്ന ഒറ്റ സിനിമ മതി ഊര്‍മിളയുട ഗ്രാഫ് അളക്കാന്‍. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മയുടെ പ്രിയ നായിക. താരത്തിന്റെ സിനിമകളും ഗാനരംഗങ്ങളും ഇന്നും യൂ ട്യൂബില്‍ ആസ്വദിക്കുന്നവരേറെ. 42-ാം വയസിലായിരുന്നു വിവാഹം. ഭര്‍ത്താവ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്‌സിന്‍ അക്തര്‍. തന്നെക്കാള്‍ 10 വയസ് കുറവാണ് ഭര്‍ത്താവിനെന്ന് ഈര്‍മിള അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. മൊഹ്‌സിന് ആദ്യമായി നിര്‍മിക്കുന്ന മാധുരി എന്ന മറാഠി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിലായിരുന്നു അപ്രതീക്ഷിത നീക്കം. വിവാഹ ശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. 2014 ല്‍ അജോബ എന്ന മറാത്തി ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ബ്ലാക്ക്‌മെയില്‍ എന്ന സിനിമയില്‍ ഐറ്റം ഡാന്‍സിലും പ്രത്യക്ഷപ്പെട്ടിരുന്നു.

ഉരുക്കുകോട്ടയിലെ
വിള്ളല്‍
ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു മുംബൈ നോര്‍ത്ത്. 1957ലും 1962ലും മലയാളിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വി.കെ. കൃഷ്ണമേനോന്‍ വിജയിച്ച തട്ടകം. 1980ല്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മലയാളി രവീന്ദ്ര വര്‍മയും ഇതേ മണ്ഡലത്തില്‍നിന്നു വിജയിച്ചു. മൊറാര്‍ജി ദേശായ് സര്‍ക്കാരില്‍ തൊഴില്‍പാര്‍ലമെന്ററികാര്യ മന്ത്രിയായിരുന്ന അദ്ദേഹം മാവേലിക്കര സ്വദേശിയാണ്. പിന്നീട് മണ്ഡലം പുനര്‍നിര്‍ണിയിച്ചു. ബോറിവ്‌ലി, മലാഡ് വെസ്റ്റ്, കാന്തിവ്‌ലി, ചാര്‍കോപ് എന്നീ മേഖലകള്‍ ഉള്‍പ്പെടുന്നതാണ് നിലവില്‍ മുംബൈ നോര്‍ത്ത് മണ്ഡലം. 2004ല്‍ ഗോവിന്ദയും 2009ല്‍ സജ്ഞയ് നിരുപമും കോണ്‍ഗ്രസിനെ വിജയതീരത്തെത്തിച്ചു. 2014ല്‍ ബി.ജെ.പിയുടെ ഗോപാല്‍ ഷെട്ടി മണ്ഡലം പിടിച്ചെടുത്തത് നാലര ലക്ഷം വോട്ടിന്റെ വ്യത്യാസത്തില്‍. തോറ്റത് കോണ്‍ഗ്രസിന്റെ കരുത്തനായ നേതാവ് സജ്ഞയ് നിരുപം.

പോരാളി
പ്രതികൂല സാഹചര്യങ്ങളേറെയുണ്ട്. എതിരാളിക്ക് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലം കോണ്‍ഗ്രസിനുവേണ്ടി തിരിച്ചുപിടിക്കണം. ഉത്തരവാദിത്തം ആത്മവിശ്വാസത്തോടെ ഏറ്റെടുത്തു ഈര്‍മിള. ഇച്ഛാശക്തിയോടെയും ദൃഢനിശ്ചയത്തോടെയും ജനങ്ങളിലേക്കിറങ്ങി. തിരക്കിട്ട പ്രചാരണവുമായി എല്ലായിടവും ഓടിയെത്തും. പാര്‍ട്ടിക്ക് സ്വാധീനം നഷ്ടപ്പെട്ട ഒരു മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ ആവേശത്തിലാവാന്‍ ഇനിയെന്തു വേണം. താരമായല്ല, ഒരു സാധാരണക്കാരിയായാണ് ജനങ്ങളിലേക്കിറങ്ങുന്നതെന്ന് ഊര്‍മിള അടിവരയിടുന്നു. മണ്ഡലത്തിലെ പ്രശ്‌നങ്ങളെക്കുറിച്ചും നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ചും നല്ല ധാരണയുണ്ട്. ചേരികളുടെ വികസനം, കുടിവള്ള ദൗര്‍ലഭ്യം, സ്ത്രീകളുടെ ആരോഗ്യം, പൊതുശൗചാലയം തുടങ്ങി ഒരുപിടി നിര്‍ദേശങ്ങള്‍.

ഒളിയാക്രമണം
ഊര്‍മിളയുടെ താരപ്പകിട്ടില്‍ ഞെട്ടിയിരിക്കുകയാണ് ബി.ജെ.പി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുമ്പ് കോണ്‍ഗ്രസിനായിരുന്നു ചങ്കിടിപ്പെങ്കില്‍ ഇപ്പോള്‍ ബിജെപി ക്യാംപിലാണ് ആശങ്ക. പതിവ് കുതന്ത്രം തന്നെ അവര്‍ പ്രയോഗിച്ചു. വര്‍ഗീയതയും വ്യക്തിഹത്യയും. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ഊര്‍മിള ഹിന്ദുമതത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി. പിന്നാലെ അധിക്ഷേപവും. സൗന്ദര്യമാണ് ഊര്‍മിളയെ രാഷ്ട്രീയത്തിലെത്തിച്ചതെന്ന് വരെ പരാമര്‍ശം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗോപാല്‍ ഷെട്ടി തന്നെ ഇത് പലകുറി ആവര്‍ത്തിച്ചു. എന്നാല്‍ ഉരുളക്കുപ്പേരി പോലെ ഊര്‍മിളയുടെ മറുപടി. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണ്. മഹത്തായ മതത്തിന് ചീത്തപ്പേരുണ്ടാക്കുംവിധം ജനങ്ങളെ വഴിതെറ്റിക്കുകയാണ് ബി.ജെ.പി. ഹിന്ദുമതം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമാധാനത്തിന്റെയും അക്രമരാഹിത്യത്തിന്റെയും മതമാണ്. അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ പലരെയും ഇരയാക്കിയതു പോലെ തന്നെയും വേട്ടയാടുകയാണ്. എന്നാല്‍ ഇതൊന്നും വിലപ്പോവില്ല- ഇരുത്തം വന്ന നേതാവിന്റെ പ്രതികരണം.

അവസാന അടവ്
ഊര്‍മിളയുടെ ജനപ്രീതിയില്‍ അരിശംപൂണ്ട് ശാരീരികമായി ആക്രമിക്കാനും നീക്കമുണ്ടായി. മുംബൈയിലെ ബോറിവാലിയില്‍ കഴിഞ്ഞദിവസം നടന്ന ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി അലങ്കോലമാക്കാനായിരുന്നു നീക്കം. റാലിയിലേക്ക് ഇരച്ചുകയറിയ ബി.ജെ.പി മോദിക്ക് മുദ്രാവാക്യം വിളിക്കുകയായിരുന്നു. സ്ത്രീകള്‍ക്ക് നേരെ അശ്ലീല പദപ്രയോഗവും കയ്യേറ്റവുമുണ്ടായി. തുടര്‍ന്ന് പൊലീസ് സംരക്ഷണത്തോടെയാണ് പരിപാടി നടന്നത്.

Film

‘1650 ദിവസമാണ് ഷൂട്ടിംഗ് ഉണ്ടായിരുന്നത്, ബറോസിലൂടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്’: മോഹന്‍ലാല്‍

Published

on

സംവിധായകനായി താന്‍ അരങ്ങേറ്റം കുറിച്ച ചിത്രം ബറോസ് തിയറ്ററുകളിലെത്തിയതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍. “തികച്ചും വേറിട്ടൊരു സിനിമയാണ് ബറോസ്. ഒരു ചില്‍ഡ്രന്‍ ഫ്രണ്ട്‍ലി സിനിമയാണ്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും കാണാവുന്ന സിനിമ. എന്നെ സംബന്ധിച്ച് ഒരു നിയോഗമാണ് ഇത്, ഒപ്പം ഭാഗ്യവും. ഒരുപാട് നാള്‍ മുന്‍പ് തുടങ്ങിയതാണ്. റിലീസ് ആയതോടെ എനിക്കാണ് മോക്ഷം കിട്ടിയിരിക്കുന്നത്”, മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. ഈ വര്‍ഷം മാര്‍ച്ച് 28 ആയിരുന്നു ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന റിലീസ് തീയതിയെങ്കിലും ചിത്രം ഇപ്പോഴാണ് എത്തുന്നത്.

ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. കൗമാരക്കാരനായ സംഗീത വിസ്മയം ലിഡിയന്‍ നാദസ്വരമാണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍. അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സിബിഎസിന്‍റെ വേള്‍ഡ്സ് ബെസ്റ്റ് പെര്‍ഫോമര്‍ അവാര്‍ഡ് നേടിയ ലിഡിയന്‍റെ ആദ്യ സിനിമയാണ് ബറോസ്.

അതേസമയം റിലീസിന് മുന്നോടിയായി ദുബൈയില്‍ ഒരു സ്പെഷല്‍ ഷോ ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്കായും വിതരണക്കാര്‍ക്കായും മോഹന്‍ലാല്‍ സംഘടിപ്പിച്ചിരുന്നു. സംവിധാനത്തിനൊപ്പം ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. സന്തോഷ് ശിവന്‍ ആണ് ഛായാഗ്രഹണം. ബറോസ് റിലീസില്‍ മോഹന്‍ലാലിന് ആശംസയുമായി നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും എത്തിയിരുന്നു.

Continue Reading

Film

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി ഫഹദ് ഫാസില്‍; നായകനാകുന്ന കാര്യം സ്ഥിരീകരിച്ച് സംവിധായകന്‍ ഇംതിയാസ് അലി

തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്

Published

on

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഫഹദ് ഫാസിലിനൊപ്പമുള്ള സിനിമയെക്കുറിച്ചുള്ള വാർത്ത സ്ഥിരീകരിച്ച് വിഖ്യാത ബോളിവുഡ് സംവിധായകൻ ഇംതിയാസ് അലി. ‘ദ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ’ എന്ന് പേരിട്ട സിനിമ ബോളിവുഡിലേക്കുള്ള ഫഹദ് ഫാസിലിന്റെ നായക അരങ്ങേറ്റമായിരിക്കും. ഈയടുത്ത് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഇംതിയാസ് അലി തന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്.

‘സിനിമയെക്കുറിച്ച് പ്രഖ്യാപിച്ച് കഴിഞ്ഞു, എന്നാൽ പ്രഖ്യാപനം ഏറെ നേരത്തെയാണ്. ഒരു സിനിമ താൻ നിർമിക്കാൻ ശ്രമിക്കുന്നുണ്ട്, അടുത്ത സിനിമയാകുമോ അതിനടുത്ത സിനിമയാണോ എന്നറിയില്ല, എന്നാൽ ഇഡിയറ്റ് ഓഫ് ഇസ്താംബുൾ എന്ന പേരിലാണ് സിനിമ നിർമിക്കുന്നത്’ എന്നായിരുന്നു ഇംതിയാസ് അലി പറഞ്ഞത്. 2025ലാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്.

അനിമൽ, ഭൂൽ ഭുലയ്യ ത്രീ, ബുൾബുൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച തൃപ്തി ദിമ്രിയായിരിക്കും സിനിമയിൽ ഫഹദിന്റെ നായിക എന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഫഹദിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ജബ് വി മെറ്റ്, തമാഷ, ഹൈവേ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന സിനിമയെക്കുറിച്ച് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ദിൽജിത്ത് ദോസഞ്ചും പരിണീതി ചൊപ്രയും അഭിനയിച്ച അമർസിങ് ചംകീല ആയിരുന്നു ഇംതിയാസ് അലിയുടെ അവസാന സിനിമ. സിനിമയിൽ ഫഹദ് ഫാസിൽ ഒരു ശ്രദ്ധേയ വേഷത്തെ അവതരിപ്പിച്ചിരുന്നു.

Continue Reading

Film

 ‘മാർക്കോ’ തെലുങ്ക് റൈറ്റ്‌സിനു റെക്കോർഡ് തുക

Published

on

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ബോക്സോഫീസില്‍ തരംഗം സൃഷ്ട്ടിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സോളോ സൂപ്പർ ഹിറ്റിലേക്കാണ് മാർക്കോ കുതിക്കുന്നത്. ചിത്രത്തിന്റെ കളക്ഷൻ ആദ്യ ആഴ്ചയിൽ തന്നെ 50 കോടി കടന്നു. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞ മാർക്കോ യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചിരിക്കുകയാണ്.

ഉണ്ണി മുകുന്ദൻ എന്ന താരത്തെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർത്തിയ ബെഞ്ച് മാർക്ക് ചിത്രം കൂടിയാണ് മാർക്കോ. ചിത്രത്തിന്റേതായി പുറത്തു വരുന്ന പ്രോമോകൾ എല്ലാം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ വിശേഷണവുമായിട്ടാണ് മാർക്കോയുടെ പുതിയ സക്സസ് ടീസർ അണിയറപ്രവത്തകർ പുറത്തു വിട്ടത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ജനുവരി ഒന്നിന് പ്രദർശനത്തിനെത്തും. മൂന്ന് കോടി രൂപയ്ക്കാണ് തെലുങ്ക് റൈറ്റ്‌സ് വിറ്റ് പോയത്. മാർക്കോയുടെ ഹിന്ദി പതിപ്പിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ക്യൂബ്‌സ് എൻറർടെയ്ൻമെൻറ്‌സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളം ഇതുവരെ കാണാത്ത വിധത്തിലുള്ള മോസ്റ്റ് വയലൻറ് ഫിലിം എന്ന ലേബലിൽ എത്തുന്ന ‘മാർക്കോ’യുടെ സംഗീതമൊരുക്കുന്നത് ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ്.

അസാധാരണമായ വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി ‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റൺ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.

ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ,  സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാനാ ഷെരീഫ്. ഗാനരചന: വിനായക് ശശികുമാർ. ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്. ചിത്രസംയോജനം: ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ. കലാസംവിധാനം: സുനിൽ ദാസ്. മേക്കപ്പ്: സുധി സുരേന്ദ്രൻ. കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ബിനു മണമ്പൂർ. ഓഡിയോഗ്രഫി: എം.ആർ. രാജകൃഷ്ണൻ. സൗണ്ട് ഡിസൈൻ: കിഷൻ. പ്രൊമോഷൻ കൺസൽട്ടന്റ്: വിപിൻ കുമാർ ടെൻ ജി മീഡിയ. വിഎഫ്എക്സ്: 3 ഡോർസ്. സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്ണൻ.

Continue Reading

Trending