Connect with us

Sports

കോലി വിതച്ചു; ബൗളര്‍മാര്‍ കൊയ്തു; ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഇന്ത്യ

Published

on

നാഗ്പൂര്‍: ആവേശം അവസാന ഓവര്‍വരെ നീണ്ട രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ എട്ടു റണ്‍സിന് തകര്‍ത്ത് ഏകദിന പരമ്പരയില്‍ 2-0 ന് മുന്നിലെത്തി. ടോസ് നഷ്ടമായി ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യ ക്യാപ്്ടന്‍ കോലിയുടെ 40-ാം ശതകത്തിന്റെ ബലത്തില്‍ 250 റണ്‍സെടുത്തപ്പോള്‍ സന്ദര്‍ശകര്‍ 49.3 ഓവറില്‍ 242 ന് എല്ലാവരും പുറത്തായി. ഇന്ത്യന്‍ ഇന്നിങ്‌സിനെ ഏറെക്കുറെ ഒറ്റക്ക് താങ്ങിനിര്‍ത്തിയ കോലിയാണ് (116) മാന്‍ ഓഫ് ദി മാച്ച്.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനു ക്ഷണിച്ച ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ കണക്കുകൂട്ടല്‍ ശരിവെക്കുന്ന തരത്തിലായിരുന്നു ആദ്യ ഓവറില്‍ തന്നെ ഓപണിങ് ബാറ്റ്‌സമാന്‍ രോഹിത് ശര്‍മയുടെ പുറത്താവല്‍. പാറ്റ് കമ്മിന്‍സിന്റെ ആറാം പന്തില്‍ ആദം സാംപക്ക് ക്യാച്ച് നല്‍കി സംപൂജ്യനായായിരുന്നു ഉപനായകന്റെ മടക്കം. തുടര്‍ന്ന് നായകന്‍ കോലിയുമായി ചേര്‍ന്ന് ശിഖര്‍ ധവാന്‍ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടാന്‍ ശ്രമിച്ചെങ്കിലും മാക്‌സ്‌വെല്‍ എറിഞ്ഞ ഒന്‍പതാം ഓവറില്‍ എല്‍.ബി.ഡബ്ല്യു ആയി പുറത്തായി. 29 പന്തില്‍ നാല് ബൗണ്ടറികളോടെ 21 റണ്‍സ് ആയിരുന്നു ധവാന്റെ സമ്പാദ്യം.

രണ്ട് ഓപണര്‍മാരും കൂടാരം കയറിയിതിനു പിറകെ വന്ന റായ്ഡു കോലിയൊടൊപ്പം രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. സ്‌കോര്‍ 75ല്‍ നില്‍ക്കെ ലിയോണിന്റെ ബോളില്‍ എല്‍.ബി.ഡബ്ല്യു ആയി റായിഡു മടങ്ങി. 32 ബോളില്‍ രണ്ട് ബൗണ്ടറികളോടെ 18 റണ്‍സാണ് റായിഡുവിനു നേടാനായത്. തുടര്‍ന്നുവന്ന വിജയ് ശങ്കറാണ് ഇഴഞ്ഞുനീങ്ങിയ ഇന്ത്യന്‍ സ്‌കോറിനു വേഗം കൂട്ടിയത്.

ഒരു വശത്ത് നായകന്‍ കരുതിക്കളിച്ചപ്പോള്‍ ശങ്കര്‍ ആക്രമണ ചുമതല ഏറ്റെടുത്തു. ഇതിനിടയില്‍ 53 ബോളില്‍ കോലി അര്‍ധ സെഞ്ച്വറി കടന്നു. സ്‌കോര്‍ ശക്തമായ നിലയിലെത്തുമെന്നു തോന്നിച്ച ഘട്ടത്തില്‍ അപ്രതീക്ഷിതമായുണ്ടായ ശങ്കറിന്റെ റണ്‍ഔട്ട് ഇന്ത്യയ്ക്കു തിരിച്ചടിയായി. സാംപ എറിഞ്ഞ പന്തില്‍ കോലിയുടെ സ്‌ട്രൈറ്റ് ഹിറ്റ് ബൗളറുടെ കൈയില്‍ തട്ടി നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലെ സ്റ്റംപ് തെറിപ്പിക്കുമ്പോള്‍ ശങ്കര്‍ ക്രീസിനു പുറത്തായിരുന്നു. 41 പന്തില്‍ അഞ്ച് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 46 റണ്‍സാണ് വിജയ് നേടിയത്.

കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി കേദാര്‍ ജാദവിനു കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. 11 റണ്‍സുമായി സാംപയുടെ ബൗളില്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. ആറാമനായി ഇറങ്ങിയ ധോണി വന്നതു പോലെ മടങ്ങുകയും ചെയ്തു. സാംപയുടെ തന്നെ ബൗളില്‍ ഉസ്മാന്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കിയ സംപൂജ്യനായി ധോണി മ
ടങ്ങുമ്പോള്‍ ഇന്ത്യ സ്‌കോര്‍ ആറിന് 171.
തുടര്‍ന്ന് ഒന്നിച്ച കോലിയും രവീന്ദ്ര ജഡേജയും കരുതലോടെ കളിച്ച് സ്‌കോര്‍ 200 കടത്തി. പിറകെ കോള്‍ട്ടര്‍ നൈലിന്റെ പന്ത് അതിര്‍ത്തി കടത്തി കോലി നാല്‍പതാം ഏകദിന ശതകവും സ്വന്തമാക്കി.

അതിനിടെ, സ്‌കോര്‍ 238ല്‍ നില്‍ക്ക കമ്മിന്‍സിന്റെ പന്തില്‍ ഖവാജയ്ക്ക് ക്യാച്ച് നല്‍കി ജഡേജ മടങ്ങി. 40 ബൗളില്‍ 21 ആയിരുന്നു ജഡേജ സ്വന്തമാക്കിയത്. അധികം വൈകാതെ കോലിയും ഇന്നിങ്‌സ് അവസാനിപ്പിച്ചു. 120 പന്തില്‍ നാല് ബൗണ്ടറികളോടെ 116 റണ്‍സ് അടിച്ചെടുത്ത ക്യാപ്റ്റനെ കമ്മിന്‍സിന്റെ പന്തില്‍ സ്റ്റോയ്‌നിസ് പിടിച്ചു. തുടര്‍ന്നു വന്ന കുല്‍ദീപ് യാദവും ബുംറയും കാര്യമായൊന്നും ചെയ്യാനില്ലാതെ കൂടാരം പുല്‍കി.
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരില്‍ 29ന് നാല് വിക്കറ്റ് പിഴുത പാറ്റ് കമ്മിന്‍സാണ് തിളങ്ങിയത്. സാംപ രണ്ടും കോള്‍ട്ടര്‍ നൈല്‍, മാക്‌സ്‌വെല്‍, ലയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

താരതമ്യേന എളുപ്പമെന്ന് തോന്നിച്ച സ്‌കോര്‍ തേടി ബാറ്റിങ് ആരംഭിച് ഓസീസിന് ഓപണര്‍മാര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും അവസാനം വരെ ക്രീസില്‍ നില്‍ക്കാന്‍ മുന്‍നിരക്കാര്‍ ഇല്ലാത്തത് തിരിച്ചടിയായി. ഫിഞ്ച് (37), ഉസ്മാന്‍ ഖവാജ (38), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (48), മാര്‍ക്കസ് സ്‌റ്റോയ്‌നിസ് (52) എന്നിവര്‍ തിളങ്ങിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരം പിടിച്ചെടുത്തു. ഡെത്ത് ഓവറുകളില്‍ ജസ്പ്രിത് ബുംറയുടെയും വിജയ് ശങ്കറിന്റെയും ബൗളിങ് ആണ് കൈവിടുമെന്ന് തോന്നിച്ച മത്സരത്തില്‍ ഇന്ത്യയെ തിരിച്ചെത്തിച്ചത്. കുല്‍ദീപ് 54 റണ്‍സിന് മൂന്നു വിക്കറ്റെടുത്തപ്പോള്‍ ബുംറ 29-ന് രണ്ടും വിജയ് ശങ്കര്‍ 15 ന് രണ്ടും വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജയും കേദാര്‍ ജാദവും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി.

ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണമായിരുന്ന അവസാന ഓവറില്‍ സ്‌റ്റോയ്‌നി സിനെയും ആദം സാംപയെയും പുറത്താക്കിയാണ് വിജയ് ടീമിനെ വിജയതീരമണിയിച്ചത്. ആദ്യപന്തില്‍ സ്റ്റോയ്‌നിസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ശങ്കര്‍ മൂന്നാം പന്തില്‍ സാംപയുടെ കുറ്റി തെറിപ്പിക്കുകയായിരുന്നു.

Cricket

പെർത്തിൽ ഇന്ത്യക്ക് കൂട്ടത്തകർച്ച; 47 റൺസിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

Published

on

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് കൂട്ടത്തകർച്ച. 47 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് 4 വിക്കറ്റുകൾ നഷ്ടമായി. മത്സരം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 51 റൺസ് എന്ന നിലയിലാണ്

സ്‌കോർ 5ൽ നിൽക്കെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പൂജ്യത്തിനാണ് ഇന്ത്യൻ ഓപണർ പുറത്തായത്. സ്‌കോർ 14ൽ മൂന്നാമനായി ഇറങ്ങിയ ദേവ്ദത്ത് പടിക്കലും പൂജ്യത്തിന് വീണു. നാലാമനായി ഇറങ്ങിയ വിരാട് കോഹ്ലിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷകൾ ഏറെയും. പക്ഷേ 5 റൺസെടുത്ത് കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി

ക്രീസിൽ ഉറച്ചെന്ന് തോന്നിച്ച കെഎൽ രാഹുലാണ് നാലാമനായി പുറത്തായത്. 74 പന്തിൽ 26 റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. നിലവിൽ 10 റൺസുമായി റിഷഭ് പന്തും നാല് റൺസുമായി ധ്രുവ് ജുറേലുമാണ് ക്രീസിൽ. ഓസ്‌ട്രേലിയക്കായി മിച്ചൽ സ്റ്റാർക്കും ഹേസിൽവുഡും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി

Continue Reading

Football

പുതിയ യൂട്യൂബ് അതിഥിയെ വെളിപ്പെടുത്തി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി.

Published

on

ഫുട്‌ബോള്‍ ലോകം കാത്തിരുന്ന യൂട്യൂബ് അതിഥിയാരെന്ന സസ്‌പെന്‍സ് പൊളിച്ച് പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഓഗസ്റ്റ് 21ന് റൊണാള്‍ഡോ ആരംഭിച്ച തന്റെ യൂട്യൂബ് ചാനല്‍, യൂട്യൂബ് റെക്കോഡുകള്‍ തകര്‍ത്താണ് കുതിച്ചത്.

നിലവില്‍ 6.73 കോടി പേര്‍ ചാനല്‍ സബ്‌സ്‌െ്രെകബ് ചെയ്തിട്ടുണ്ട്. അടുത്തിടെ ചാനലിലെ പുതിയ അതിഥി ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുമെന്ന് റൊണാള്‍ഡോ പറഞ്ഞതിനു പിന്നാലെ വലിയ ആകാംക്ഷയിലായിരുന്നു ആരാധകര്‍. സാക്ഷാല്‍ ലയണല്‍ മെസ്സിയായിരിക്കും ആ അതിഥിയെന്ന തരത്തില്‍ അഭ്യൂഹങ്ങളും ഏറെ ഉയര്‍ന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ചാനലിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് റോണോ.

പ്രമുഖ യൂട്യൂബറായ ‘മിസ്റ്റര്‍ ബീസ്റ്റ’ ആണ് കാത്തിരുന്ന ആ അതിഥി. യൂട്യൂബില്‍ തരംഗം സൃഷ്ടിച്ച മിസ്റ്റര്‍ ബീസ്റ്റിന്റെ റെക്കോര്‍ഡുകള്‍ തകര്‍ത്തായിരുന്നു റൊണാള്‍ഡോയുടെ യൂട്യൂബ് രംഗപ്രവേശം. യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ളയാളാണ് മിസ്റ്റര്‍ ബീസ്റ്റ്.

നേരത്തേ യുട്യൂബ് ചാനല്‍ തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗോള്‍ഡ് പ്ലേ ബട്ടണും ഡയമണ്ട് പ്ലേ ബട്ടണും റോണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 10 കോടി സബ്‌സ്‌ക്രൈബേഴ്‌സിനുള്ള റെഡ് ഡയമണ്ട്‌പ്ലേ ബട്ടണാണ് റോണോയെ ഇനി കാത്തിരിക്കുന്നത്. ചാനലില്‍ കുടുംബം, ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം തുടങ്ങിയവയാണ് ഉള്ളടക്കം.

Continue Reading

News

വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി; ഇന്ത്യക്ക് വിജയക്കിരീടം

ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

Published

on

ബിഹാറിലെ രാജ്ഗിറില്‍ നടന്ന വനിതാ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യക്ക് വിജയക്കിരീടം. ഫൈനലില്‍ ചൈനയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ഇന്ത്യ വിജയിച്ചത്.

ദീപികയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. മത്സരത്തില്‍ 31ാം മിനിറ്റില്‍ ദീപിക ഇന്ത്യക്കായി ഗോള്‍ നേടുകയായിരുന്നു. ടൂര്‍ണമെന്റില്‍ 11 ഗോളുകളുമായി ദീപിക മികച്ച സ്‌കോററായി. നേരത്തെ ലീഗ് ഘട്ടത്തില്‍ ഇന്ത്യ 3-0ത്തിന് ചൈനയെ കീഴക്കിയിരുന്നു.

ടൂര്‍ണമെന്റില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജപ്പാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.

കിരീടമണിഞ്ഞ ടീമിലെ അംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യ 3 ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു. ടീമംഗങ്ങള്‍ക്ക് ബിഹാര്‍ ഗവര്‍മെന്റ് 10 ലക്ഷം വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

Trending