കെ.എസ് മുസ്തഫ
കല്‍പ്പറ്റ: അമര്‍ ദീപ്, സ്വന്തം മകന് കണ്ടെത്തിയ പേര് സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച പിതാവിന് ജീവിക്കുന്ന സ്മാരകമാവുകയാണ്. സൈനിക സേവനത്തോടുള്ള ആത്മാര്‍ത്ഥതയും അടങ്ങാത്ത രാജ്യസ്‌നേഹവുമാണ് ഏക മകന് അമര്‍ദീപ് എന്ന് പേരുവിളിക്കാന്‍ വൈത്തിരി താലൂക്കിലെ ലക്കിടി കുന്നത്തിടവക പൂക്കോട് വാഴക്കണ്ടിയില്‍ പരേതനായ വാസുദേവന്‍ – ശാന്ത ദമ്പതികളുടെ മകന്‍ വി.വി വസന്തകുമാറി(44)നെ പ്രേരിപ്പിച്ചത്. സൈനിക സേവനത്തിനിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ചിന്നിച്ചിതറിപ്പോയ വസന്തകുമാറിന്റെ ഓര്‍മ്മകളില്‍ കരയുന്ന വാഴക്കണ്ടിവീട്ടില്‍ ഇനി ആണ്‍തരിയായി ബാക്കിയുള്ളതും അച്ഛന്‍ പേരുചൊല്ലി വിളിച്ച അമര്‍ദീപെന്ന യു.കെ. ജിക്കാരന്‍ മാത്രം.
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീരജവാന് അനുശോചനമറിയിച്ച് വസന്തകുമാറിന്റെ വീട്ടിലേക്ക് ഒഴുകുകയായിരുന്നു ഒരു ജില്ലയാകെ ഇന്നലെ. ലക്കിടിയിലെയും സുഗന്ധഗിരിയിലെയും താമസക്കാര്‍ മുഴുവന്‍ ഈ വിട്ടില്‍ തന്നെയായിരുന്നു. അവര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു വാഴക്കണ്ടി കുടുംബം. തൃക്കൈപ്പറ്റ സ്വദേശികളായിരുന്ന വസന്ത് കുമാറിന്റെ കുടുംബം സുഗന്ധഗിരി കാര്‍ഡമം പ്രൊജക്ടിന്റെ ഭാഗമായാണ് പൂക്കോട് എത്തുന്നത്. വെള്ളക്കുറുമ ആദിവാസി വിഭാഗത്തില്‍ പെട്ട ഇവര്‍ മികച്ച കര്‍ഷകരായിരുന്നു. ഒരാഴ്ചക്ക് മുമ്പ് നാട്ടില്‍ വന്ന് മടങ്ങുമ്പോള്‍ ഇനി രണ്ട്്് വര്‍ഷം കൂടിയേ ഈ യാത്രയുള്ളുവെന്നും അതുകഴിഞ്ഞ് നാട്ടില്‍ കൃഷിയുമായി കഴിഞ്ഞുകൂടണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ മോഹങ്ങള്‍ പാതിവഴിയിലിട്ട് വസന്തകുമാര്‍ യാത്രയായി. 18 വര്‍ഷത്തെ സ്ത്യുത്യര്‍ഹമായ സേവനത്തിനൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരമാണ് വാഴക്കണ്ടി കുടുംബത്തിന് കാണേണ്ടിവരിക. സി.ആര്‍.പി.എഫിന്റെ 82-ാം ബറ്റാലിയനില്‍ കമാന്‍ഡന്റ് ആയിരുന്ന വസന്തകുമാറിന് അടുത്തിടെയാണ് ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചത്. പ്രമോഷനോടനുബന്ധിച്ചുള്ള അവധിക്കായി ഫെബ്രുവരി രണ്ടിനാണ് നാട്ടിലെത്തിയത്. ഒരാഴ്ചക്കുശേഷം എട്ടാംതിയ്യതി മടങ്ങുകയും ചെയ്തു. ശ്രീനഗറിലെത്തിയ വസന്തകുമാര്‍ രണ്ട് ദിവസം മുമ്പാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്.
ഇന്നലെ തെക്കന്‍ കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയ്ക്കടുത്ത് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് വസന്തകുമാര്‍ ഉള്‍പ്പെടെ 44 പേര്‍ മരിച്ചത്. സി. ആര്‍. പി.എപിന്റെ 76ാം നമ്പര്‍ ബറ്റാലിയന്റെ എച്ച്.ആര്‍. 49 എഫ് 0637 ബസ്സാണ് ചാവേര്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നത്.
കൈമല്‍സിംഗ് എന്ന ജവാനായിരുന്നു ബസ്സിന്റെ ഡ്രൈവര്‍, ശ്യാംബാബു, അശ്വിനി കുമാര്‍, പ്രദീപ് കുമാര്‍, അജയ്കുമാര്‍, മഹേഷ്‌കുമാര്‍ തുടങ്ങി വസന്തകുമാറിനൊപ്പമുണ്ടായിരുന്ന ബസ്സിലെ എല്ലാവരും വീരമൃത്യു വരിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ മുള്ളുക്കുറുമ വിഭാഗക്കാരാണ് വസന്തകുമാറിന്റെ കുടുംബം പൂക്കോട് വെറ്ററിനറി സര്‍വകലാശാല പരിധിയില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമിയിലാണ് താമസം. ഒരു വര്‍ഷം മുമ്പാണ് പിതാവ് മരിച്ചത്.
ഏകസഹോദരി വസുമിതയും അമ്മ ശാന്തയും വെറ്ററിനറി സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരിയായ ഭാര്യ ഷീനയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു വസന്തകുമാര്‍. മൂത്തമകള്‍ അനാമിക വൈത്തിരി സെന്റ് ക്ലാരറ്റ് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയും ഇളയമകന്‍ അമര്‍ദീപ് ഇതേ സ്‌കൂളിലെ യു.കെ .ജി. വിദ്യാര്‍ത്ഥിയുമാണ്.
പ്രണബ് കുമാര്‍ മുഖര്‍ജി രാഷ്ട്രപതിയായിരിക്കെ ഒരു ചടങ്ങിനെത്തിയ അദ്ദേഹത്തോടൊപ്പം വസന്തകുമാര്‍ നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെ നിരവധി ചിത്രങ്ങളും മെഡലുകളും വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. അപകടത്തിന് രണ്ട് മണിക്കൂര്‍ മുമ്പ് വസന്തകുമാര്‍ അമ്മയുമായി ഫോണില്‍സംസാരിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് സൈനികവൃത്തങ്ങള്‍ ഔദ്യോഗികമായി മരണവിവരം കുടുംബാംഗങ്ങളെ അറിയിച്ചത്. ഇതറിഞ്ഞത് മുതല്‍ വീട്ടുകാരും നാട്ടുകാരും ദേശസ്നേഹികളും നൊമ്പരമടക്കാനാവാതെ ദു:ഖത്തില്‍ പങ്കുചേര്‍ന്നു.
മകള്‍ അനാമിക ഇടയ്ക്കിടെ അച്ഛന്റെ ഫോട്ടോയും മെഡലുകളും നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത് കാണാമായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ക്കാര്‍ക്കും ദു:ഖം സഹിക്കാനായില്ല. കുറുമവിഭാഗത്തില്‍പ്പെട്ടതിനാല്‍ സമുദായാചരപ്രകാരമായിരിക്കും സംസ്‌ക്കാരച്ചടങ്ങുകള്‍ നടക്കുകയെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെ കരിപ്പൂരിലെത്തുന്ന വസന്തകുമാറിന്റെ മൃതദേഹം സുഗന്ധഗിരിയിലെ വീട്ടിലെത്തിച്ച ശേഷം പ്രാഥമിക വിദ്യാഭ്യാസം നടത്തിയ പൂക്കോട് എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
ദുരന്തവാര്‍ത്തയറിഞ്ഞത് മുതല്‍ നിരവധി പേരാണ് വാഴക്കണ്ടിയിലെ വീട്ടിലെത്തിയത്. ജില്ലാ കലക്ടര്‍ എ.ആര്‍ അജയകുമാര്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, നിയോജകമണ്ഡലം ലീഗ് ട്രഷറര്‍ സലിം മേമന, വാര്‍ഡ് മെമ്പര്‍ ബഷീര്‍ പൂക്കോടന്‍ തുടങ്ങിയവര്‍ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ രാവിലെ തന്നെ വീട്ടിലെത്തി.