Connect with us

Video Stories

സഹകരണ മേഖലയുടെ പ്രസക്തി

Published

on

എ.കെ മുഹമ്മദലി

ചൂഷക വര്‍ഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും സാധാരണക്കാരന് മോചനമേകാന്‍ രൂപം കൊണ്ട സഹകരണ പ്രസ്ഥാനം ഇന്ന് ജീവിതത്തിന്റെ നിഖില മേഖലകളിലും സജീവ സാന്നിധ്യമായി മാറിയിരിക്കുകയാണ്. 19 ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്നുണ്ടായ സാമൂഹ്യ-സാമ്പത്തിക അവസ്ഥകളാണ് സഹകരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത്. യൂറോപ്പില്‍നിന്നും മറ്റ് വന്‍കരകളിലേക്ക് പടിപടിയായി വ്യാപിച്ച സഹകരണ പ്രസ്ഥാനത്തിന് ഇന്ന് 92 രാജ്യങ്ങളിലായി 100 കോടി അംഗങ്ങളുണ്ട്. സഹകരണ പ്രസ്ഥാനത്തിന്റെ സ്വീകാര്യതയും മേന്മയും കൊണ്ട് മാത്രമാണ് വിവിധ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വ്യവസ്ഥിതികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈ പ്രസ്ഥാനം വ്യാപരിക്കാന്‍ കാരണമായത്. അന്തര്‍ദേശീയ മാനമുള്ള തത്വസംഹിതയായതുകൊണ്ടാണ് മുതലാളിത്ത-സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥകളുടെ മധ്യമമായി സഹകരണ പ്രസ്ഥാനത്തിന് മാറാനായത്.
സഹകരണ മേഖലയുടെ വൈവിധ്യത അതിന്റെ പ്രായോഗികതയുടെ ഏറ്റവും വലിയ തെളിവാണ്. ഇംഗ്ലണ്ടിലെ ഉപഭോക്തൃ സംഘങ്ങളും ജര്‍മ്മനിയിലെ വായ്പാസംഘങ്ങളും റഷ്യയിലെ കൂട്ടുകൃഷി സംഘങ്ങളും ചൈനയിലെ വ്യവസായ സംഘങ്ങളും ഡെന്മാര്‍ക്കിലെ ക്ഷീര സംഘങ്ങളും ലോകത്തിന് മാതൃകയാണ്. വികസിതവും വികസ്വരവും അവികസിതവുമായ എല്ലാ രാഷ്ട്രങ്ങളിലും സഹകരണ പ്രസ്ഥാനത്തിന്റെ പ്രഭാവം ദൃശ്യമാണ്. കക്ഷിരാഷ്ട്രീയത്തിനതീതമായും സാമൂഹ്യ ഉച്ഛനീചത്വങ്ങള്‍ പരിഗണിക്കാതെയും സഹകരണ മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും അനുസൃതമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് പ്രസ്ഥാനത്തിന് മറ്റ് സംഘടനാരൂപങ്ങളില്‍നിന്ന് സ്വന്തമായ വ്യക്തിത്വവും ഉല്‍കര്‍ഷവും നിലനിര്‍ത്താന്‍ കഴിയുന്നതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഘടകമായ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 2007 മുതല്‍ തുടര്‍ച്ചയായി ഉണ്ടായ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ പല സ്വകാര്യ സ്ഥാപനങ്ങളും ബാങ്കുകളും നിലംപരിശായപ്പോള്‍ സഹകരണ സംഘങ്ങളേയും ബാങ്കുകളേയും അത് സ്പര്‍ശിക്കാതെ പോയതിനുള്ള കാരണവും അതുതന്നെയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനം രൂപം കൊള്ളുന്നത് സര്‍ക്കാര്‍ സഹായത്തോടെയാണ്. ആദ്യത്തെ സഹകരണ സംഘം നിയമം 1904 ല്‍ നിലവില്‍ വന്നതോടെയാണ് ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കമിടുന്നത്. പിന്നീട് വന്ന നിരവധി കമ്മിറ്റികളുടേയും കമ്മീഷനുകളുടേയും ശിപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും കൈക്കൊണ്ട നടപടികളാണ് പ്രസ്ഥാനത്തിന്റെ ഇന്ന് കാണുന്ന വളര്‍ച്ചക്ക് കാരണമായത്. ഇന്ത്യയില്‍ അഞ്ച് ലക്ഷം സംഘങ്ങളിലായി 24 കോടി അംഗങ്ങളുണ്ട്. സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം 2.5 ലക്ഷം കോടി രൂപയാണ്. രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനത്തിന്റെ 55 ശതമാനവും രാസവളത്തിന്റെ 36 ശതമാനവും സഹകരണ മേഖലയുടെ സംഭാവനയാണ്.
എന്‍.സി.ഡി.സി, നബാര്‍ഡ്, എന്‍.സി.യു.ഐ, വിവിധ അപ്പെക്‌സ് സഹകരണ സംഘങ്ങള്‍, സഹകരണ വിദ്യാഭ്യാസ പരിശീലനസ്ഥാപനങ്ങള്‍ എന്നിവയുടെ രൂപീകരണം, സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം, വിളവായ്പ, പ്രൊഫഷണലിസം, ഘടനാപരമായ മാറ്റങ്ങള്‍, നിയമപരിഷ്‌കരണം എന്നിവ വഴി ഇന്ത്യയില്‍ സഹകരണ മേഖലയുടെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. സഹകാരികളുടെ അശ്രാന്ത പരിശ്രമം കൂടിയായപ്പോള്‍ അമുല്‍, ഇഫ്‌കോ, ക്രിപ്‌കോ, കാംകോ തുടങ്ങിയ കൂറ്റന്‍ സഹകരണ സംഘങ്ങള്‍ പ്രസ്ഥാനത്തിന്റെ അഭിമാനസ്തംഭങ്ങളായി വളര്‍ന്നുവരികയുണ്ടായി.
കേരളത്തില്‍ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത് 1913 ലെ തിരുകൊച്ചി സഹകരണ നിയമത്തോടെയാണ്. തുടര്‍ന്ന് 1914 ല്‍ തിരുവിതാംകൂര്‍ സഹകരണ നിയമവും 1932 ല്‍ മദ്രാസ് സഹകരണ നിയമവും നിലവില്‍വന്നു. ഐക്യകേരളപ്പിറവിക്ക് ശേഷം 1969 ലെ കേരള സഹകരണ നിയമം പ്രസ്ഥാനത്തിന്റെ വളര്‍ച്ച ത്വരിതഗതിയിലാക്കി. ഇന്ന് കേരളത്തില്‍ 1603 പ്രാഥമിക വായ്പാസംഘങ്ങളും സംസ്ഥാനസഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും 60 ല്‍പരം അര്‍ബന്‍ ബാങ്കുകളും സംസ്ഥാന കാര്‍ഷിക വികസന ബാങ്കും പ്രാഥമിക കാര്‍ഷിക വികസനബാങ്കുകളും വനിതാസഹകരണ സംഘങ്ങളും വായ്പാമേഖലയിലും ഇതര മേഖലകളിലായി പതിനയ്യായിരത്തിലധികം മറ്റു സംഘങ്ങളും പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ ദാതാവായ സഹകരണ പ്രസ്ഥാനത്തില്‍ ഇന്ന് 1.25 ലക്ഷം ജീവനക്കാര്‍ ജോലി ചെയ്യുന്നു. കേരളത്തിലെ സഹകരണ വായ്പാമേഖല രാജ്യത്തിന് മാതൃകയാണ്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1969 ല്‍ നടപ്പിലാക്കിയ ബാങ്ക് ദേശസാത്കരണത്തോടെ ഇന്ത്യയിലെ ബാങ്കിങ് വ്യവസായത്തിന് തന്നെ പുതിയ മാനം കൈവരികയുണ്ടായി. വരേണ്യവര്‍ഗം മാത്രം നടത്തിയിരുന്ന ബാങ്കിടപാടുകള്‍ പൊതു സമൂഹത്തിന്കൂടി പ്രാപ്യമാക്കിയതില്‍ ബാങ്ക് ദേശസാത്കരണത്തിനുള്ള പങ്ക് വിസ്മരിക്കാനാവില്ല. കേരളത്തില്‍ ക്ലാസ് ബാങ്കിങ്ങില്‍നിന്നും മാസ് ബാങ്കിങ്ങിലേക്കുള്ള മാറ്റത്തില്‍ സഹകരണ മേഖല നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പ്രാഥമിക വായ്പാ സഹകരണ സംഘങ്ങള്‍. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അസൂയാവഹമായ വളര്‍ച്ചയാണ് കേരളത്തിലെ സഹകരണ മേഖല കൈവരിച്ചത്. കേരളത്തിലെ അത്രയും വൈവിധ്യപൂര്‍ണ്ണമായ സഹകരണ സംഘങ്ങള്‍ മറ്റൊരു സംസ്ഥാനത്തുമില്ല. മാത്രമല്ല, ഏറെ പരാധീനതകളുള്ള കയര്‍, കൈത്തറി, വനിത, പട്ടികജാതി/പട്ടികവര്‍ഗം, കണ്‍സ്യൂമര്‍, മാര്‍ക്കറ്റിങ് തുടങ്ങിയ രംഗങ്ങളിലൊക്കെ പ്രതികൂലാവസ്ഥയിലും പിടിച്ചുനില്‍ക്കാന്‍ ഇവിടുത്തെ സഹകരണ സംഘങ്ങള്‍ക്കാവുന്നുണ്ട്. അസംഘടിത മേഖലയില്‍ സേവനത്തിന്റെ കൈത്താങ്ങുമായി സഹകരണ പ്രസ്ഥാനം ഇന്ന് സജീവമാണ്.
കേരളത്തില്‍ ഇപ്പോള്‍ ത്രിതല വായ്പാസംവിധാനമാണ് നിലവിലുള്ളത്. പ്രാഥമിക വായ്പാ സംഘങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സര്‍വീസ് സഹകരണ ബാങ്കുകള്‍ പ്രൈമറി തലത്തിലും സെന്‍ട്രല്‍ ബാങ്കുകള്‍ എന്നറിയപ്പെടുന്ന 14 ജില്ലാ സഹകരണ ബാങ്കുകള്‍ ജില്ലാ തലത്തിലും സംസ്ഥാന സഹകരണ ബാങ്ക് സംസ്ഥാന തലത്തിലും പ്രവര്‍ത്തിക്കുന്നു. വായ്പാ മേഖലയിലെ ത്രിതല സംവിധാനത്തെ ദ്വിതലമാക്കി മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതുവഴി ജില്ലാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന ബാങ്കില്‍ ലയിപ്പിച്ച് പുതിയ കേരളബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ സംസ്ഥാന സഹകരണ ബാങ്ക് ഭീമമായ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭൂരിഭാഗം ജില്ലാ ബാങ്കുകളും ലാഭത്തിലാണ്. കേരള ബാങ്കിന്റെ തുടക്കം തന്നെ സഞ്ചിത നഷ്ടത്തോടെയാവുമെന്നര്‍ത്ഥം. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിശദമായി പഠനം നടത്താന്‍ നിയോഗിക്കപ്പെട്ട ശ്രീരാം കമ്മിറ്റിയുടെയും തുടര്‍ന്ന് വന്ന ടാസ്‌ക് ഫോഴ്‌സിന്റെയും ശിപാര്‍ശയെ തുടര്‍ന്ന് കേരള ബാങ്കിനുള്ള അനുമതിക്കായി സര്‍ക്കാര്‍ റിസര്‍വ് ബാങ്കിനെ സമീപിക്കുകയും ഉപാധികളോടെ തത്വത്തില്‍ ആര്‍.ബി.ഐയുടെ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെന്നപോലെ കേരളം സഹകരണ മേഖലയിലും ലോകത്തിന് മാതൃകയാണ്. കേരളത്തിലെ സഹകരണ സംഘങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ച് പരിഹാരം കാണാനും കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജ്ജിക്കാനും ജീവനക്കാരും സഹകാരികളും ഭരണകൂടവും ഒന്നിച്ച് കൈകോര്‍ക്കേണ്ടതുണ്ട്. 65-ാമത് സഹകരണ വാരാഘോഷ വേളയില്‍ അതിനായി പ്രതിജ്ഞ പുതുക്കാം.
(സി.ഇ.ഒ സംസ്ഥാന കമ്മിറ്റി ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending