Connect with us

Video Stories

ഏകാധിപത്യത്തിന് വഴിമാറുന്ന ഫെഡറലിസം

Published

on

ഇ.ടി മുഹമ്മദ് ബഷീര്‍

സഹകരണ സ്വഭാവമുള്ള ഫെഡറല്‍ സംവിധാനം രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ പുരോഗതിയുടെ അനിവാര്യഘടകമാണ്. രാജ്യത്തിന്റെ ഭിന്ന തലങ്ങളിലുള്ള വ്യക്തികളുടെയും വിവിധ മേഖലകളുടെയും സമഗ്ര വികസനം ഫെഡറല്‍ സംവിധാനത്തിലൂടെ മാത്രമേ ഉറപ്പുവരുത്താനാകൂ. സ്വാതന്ത്ര്യാനന്തരമുള്ള ഏഴ് പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയുടെ വിവിധ പ്രദേശങ്ങള്‍ തമ്മില്‍ കടുത്ത അസന്തുലിതത്വം നിലനില്‍ക്കുന്നു. ഭരണഘടന വളരെ വിപുലമായ തലത്തില്‍ ഫെഡറല്‍ സംവിധാനത്തെ ഊന്നിപ്പറഞ്ഞത് ഇക്കാരണത്താലാണ്. എന്നാല്‍ കടുത്ത ഭീഷണികളിലൂടെയാണ് രാജ്യത്തെ ഫെഡറല്‍ സംവിധാനം ഇന്നു കടന്നുപോകുന്നത്.
രാജ്യത്ത് ആസൂത്രണ സംവിധാനമാണ് സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തി പദ്ധതിയും അതിന്റെ വിഹിതവും തീരുമാനിക്കുന്നതിന് അവസരമൊരുക്കിയത്. ഇത് ഫെഡറല്‍ സമ്പ്രദായത്തെ ശക്തിപ്പെടുത്തുന്നതും യൂണിയനില്‍ അംഗങ്ങളായ സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായിരുന്നു. ഫെഡറല്‍ തത്വത്തിന്റെ കാര്യത്തില്‍ സമകാലിക ഇന്ത്യയിലെ സ്ഥിതിഗതികള്‍ നിരാശാജനകമാണ്. സമ്പത്തുള്ളവനും ഇല്ലാത്തവനും തമ്മിലെ അന്തരം വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നു. പല ജനവിഭാഗങ്ങളും ക്രൂരമായി അരികുവത്കരിക്കപ്പെടുന്നു. സഹകരണാത്മക ഫെഡറലിസത്തിന്റെ കഴുത്തില്‍ കത്തിവെക്കുന്ന നടപടികളാണ് കാണുന്നത്.
ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി നരേന്ദ്രമോദി അതിന്റെ കടക്കല്‍ കത്തിവെച്ചു. റെയില്‍വേ ബജറ്റ് ഇല്ലാതാക്കി ഫെഡറല്‍ സമ്പ്രദായത്തെ ദുര്‍ബലമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പല ഘട്ടങ്ങളിലായി പ്രഖ്യാപിച്ച പദ്ധതികളെടുക്കുക, അതൊന്നും സംസ്ഥാനങ്ങളുമായി ആലോചിക്കുകയോ പ്രദേശങ്ങളുടെ സാഹചര്യം കണക്കിലെടുക്കുകയോ ചെയ്യാതെ തയ്യാറാക്കിയവയാണെന്ന് കാണാം.
സഹകരണാത്മക ഫെഡറലിസത്തിന്റെ ഘടന ദേശീയതല പദ്ധതികളുടെയും സ്‌കീമുകളുടെയും വിവിധ നയങ്ങളെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇന്ത്യയില്‍ എല്ലാതരം വികസന സംരംഭങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് അതിനിര്‍ണായകമായ പങ്ക് വഹിക്കാനുണ്ട്. നിയമനിര്‍മാണങ്ങള്‍ പലതും നിലവില്‍ ഫെഡറലിസത്തിനെതിരാണ്. സംസ്ഥാനാധികാരങ്ങള്‍ കൂടുതലായി കവര്‍ന്നെടുക്കുകയാണ്. സംസ്ഥാനത്തിന് അധികാരമുള്ള പട്ടികയില്‍നിന്നും കൂടുതല്‍ ഇനങ്ങള്‍ കേന്ദ്ര പട്ടികയിലേക്ക് മാറുന്നു.
സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് കണ്ടെത്താവുന്ന സ്രോതസുകള്‍ ചുരുക്കപ്പെടുന്നു. കേന്ദ്ര വിഭവസ്രോതസ്സുകള്‍ മാത്രം ശക്തിപ്പെടുന്നു. സംസ്ഥാനങ്ങളെ ഞെരിച്ചമര്‍ത്തി കേന്ദ്രം തടിച്ചുകൊഴുക്കുന്നു. ഫെഡറല്‍ സംവിധാനത്തെ യൂണിറ്ററി സംവിധാനം കൊണ്ട് പകരംവെക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ഇല്ലാതാക്കി കേന്ദ്രീകൃത ഭരണക്രമമായ പ്രസിഡന്‍ഷ്യല്‍ ഭരണത്തെപ്പറ്റി ചര്‍ച്ചകള്‍ വന്നുകഴിഞ്ഞു. പരമാധികാരത്തിനും ഭിന്നതാവാദത്തിന്റെയും പേരില്‍ ഉയരുന്ന ശബ്ദങ്ങള്‍ ഫെഡറലിസത്തിന്റെ സാമൂഹ്യഘടനയെ ബാധിക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളെ പരിഗണിക്കുന്നില്ലെന്ന വലിയ ആശങ്കകള്‍ എങ്ങും ഉയര്‍ന്നിട്ടുണ്ട്.
ആഗോളവത്കരണം പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവും സാങ്കേതികവിദ്യാപരവുമായ വൈവിധ്യങ്ങള്‍ക്കിടയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാക്കുന്നുണ്ട്. ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ പ്രാദേശികതലത്തിലും അതേപോലെ സ്വാധീനം ചെലുത്തുന്നു. ഇത് തിരിച്ചറിഞ്ഞുകൊണ്ടു മാത്രമേ കേന്ദ്ര ഭരണം മുന്നോട്ടുകൊണ്ടുപോകാവൂ. ചില സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സംസ്ഥാന സര്‍ക്കാരുകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ്. ത്രിപുരയിലും ഉത്തര്‍പ്രദേശിലും ബംഗാളിലും ആസാമിലും ഇതുണ്ട്.
സംസ്ഥാനത്തെ രാഷ്ട്രീയ വിഷയങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയെ പോലുള്ളവരുടെ അനുഭവവും നമുക്കു മുന്നിലുണ്ട്. പലയിടത്തും സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള അധികാരികളായി മാറിയിരിക്കുകയാണ് ഗവര്‍ണര്‍മാര്‍. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിനു താഴെ അരവിന്ദ് കെജ്രിവാള്‍ നേരിടുന്നത് ഏറ്റവും പ്രയാസകരമായ അവസ്ഥയാണ്. സി.ബി.ഐ, എ.സി.ബി പോലുള്ള കേന്ദ്ര ഏജന്‍സികളെ കൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് അവര്‍. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന്റെ പേരിലായിരുന്നു രാജ്യത്തിന്റെ ഇക്കാലം വരെയുള്ള അഭിമാനബോധം തന്നെ. ഇത് ജനാധിപത്യം, ഫെഡറലിസം, സഹിഷ്ണുത, രാജ്യത്തിന്റെ മതേതര സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു. ഇന്ത്യയുടെ വിജയത്തിന്റെ മുഖ്യഘടകം വൈവിധ്യങ്ങളെ അംഗീകരിച്ച ജനാധിപത്യമായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മതേതര സ്വഭാവം നാള്‍ക്കുനാള്‍ ഇല്ലാതാവുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാവിവത്കരണം വളരെ അപകടകരമായി മുന്നോട്ടുപോകുന്നു. ഗവേഷണം, വിദ്യാഭ്യാസ-സാംസ്‌കാരിക സ്ഥാപനങ്ങള്‍, കമ്മിറ്റികള്‍ എന്നിവയില്‍ ഹിന്ദുത്വ അജണ്ടക്കായി ആളുകളെ നിയോഗിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് തലപ്പത്ത് പ്രൊഫ. ബി.ആര്‍ ഗ്രോവറും ബിബി ലാല്‍, ബി.പി സിന്‍ഹ, കെ.എസ് ലാല്‍ പോലുള്ള സംഘ്പരിവാറുകാരുമാണ് കാര്യങ്ങള്‍ നീക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് മുന്‍ ജനസംഘം എം.പി എം.എല്‍ സോന്ധിയാണ് നയിക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ബി.ജെ.പി സഹയാത്രികനായ ജി.സി പാണ്ഡെ നയിക്കുന്നു. യു.ജി.സി ഹരി ഗൗതം നയിക്കുന്നു. ഇന്ദിര ഗാന്ധി നാഷനല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സ് സിറ്റിങ് ബി.ജെ.പി എം.പി എല്‍.എം സിംഗ്‌വി നയിക്കുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചില്‍ ധറം ഹിന്ദുജ ഇന്റര്‍നാഷനല്‍ സെന്ററിന്റെ പ്രസിഡണ്ടിനെയാണ് ചെയര്‍മാനാക്കിയിരിക്കുന്നത്. നാഷനല്‍ ഫിലിം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ബി.ജെ.പിക്കായി പ്രചാരണരംഗത്തിറങ്ങിയ ഹേമമാലിനി നയിക്കുന്നു.
സഹകരണാത്മക ഫെഡറലിസത്തിന് ഭാഷാവൈവിധ്യത്തെയും കാര്യഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ട്. 2003ല്‍ ബോഡോ, ഡോഗ്രി, മൈഥിലി, സന്താലി തുടങ്ങിയ എട്ടാം ഭരണഘടനാ ഷെഡ്യൂളില്‍ ഉള്‍പെട്ടിരുന്നു. അരികുവല്‍ക്കരിക്കപ്പെട്ട ഭാഷകളിലെ ജനങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് ഭാഷകള്‍ക്ക് പാര്‍ലമെന്ററി കാര്യങ്ങളില്‍ ഇടംകിട്ടുന്നത് സഹായകമാകും. ഇത്തരം ഭാഷക്കും സാഹിത്യത്തിനും കേന്ദ്ര സര്‍ക്കാരിന്റെ വികസന ഫണ്ടുകള്‍ ലഭിക്കാനും ഇതു വഴിയൊരുക്കും.
(ചെന്നൈയിലെ സെന്റ് പീറ്റേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ചിന്റെ ദ്രാവിഡിയന്‍ ഭാഷാ വിഭാഗം ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന സഹകരണാത്മക ഫെഡറലിസത്തെകുറിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണം)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വിളകൾക്ക് വിലയില്ല; കർഷകന്റെ വക മന്ത്രിക്ക് ഉള്ളിമാല

കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Published

on

വിളകളുടെ വില ഇടിഞ്ഞതിനെ തുടർന്ന് പ്രതിഷേധാത്മകമായി മന്ത്രിയെ ഉള്ളിമാലയണിയിച്ച് കർഷകൻ. മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി നിതീഷ് റാണെയെയാണ് കർഷകൻ ഉള്ളിമാല അണിയിച്ചത്. കർഷകൻ മന്ത്രിക്ക് ഉള്ളിമാല അണിയിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

ഒരു മതപരിപാടിയിൽ പങ്കെടുക്കാൻ മന്ത്രി എത്തിയപ്പോഴായിരുന്നു സംഭവം.മന്ത്രി പ്രസംഗിക്കുന്നതിനിടയിൽ ഉള്ളി കർഷകനായ യുവാവ് സ്റ്റേജിലേക്ക് കയറി വരികയും മന്ത്രിയെ ഉള്ളിമാലയണിയിക്കുകയുമായിരുന്നു. തുടർന്ന് കർഷകൻ അൽപനേരം മൈക്കിൽ പ്രസംഗിക്കുകയും ചെയ്തു. എന്നാൽ സ്റ്റേജിൽ ഉണ്ടായിരുന്ന പൊലീസ് കർഷകനെ ബലമായി പിടിച്ച് മാറ്റുകയായിരുന്നു.

വിളകൾക്ക് വിലയിടിഞ്ഞത് മൂലം കർഷകർ ആകെ അസ്വസ്ഥരാണ്.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ഉള്ളിവില ക്വിന്റലിന് 2000 രൂപയോളം കുറഞ്ഞു. വിലയിൽ ഏർപ്പെടുത്തിയിട്ടുള്ള 20 ശതമാനം എക്സ്പോർട്ട് ഡ്യൂട്ടിയാണ് വില ഇടിയുന്നതിന് കാരണമെന്നാണ് കർഷകർ പറയുന്നത്.

ദിവസങ്ങൾക്ക് മുമ്പ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത്ത് പവാർ എക്സ്പോർട്ട് ഡ്യൂട്ടി നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തെഴുതിയിരുന്നു. കാലംതെറ്റി പെയ്ത മഴയും കാലാവസ്ഥാ വ്യതിയാനവുമാണ് കർഷകരെ ദുരിതത്തിലാക്കുന്നത്.

Continue Reading

Video Stories

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു’: മോദിയുടെ ക്രിസ്മസ് ആഘോഷത്തെ വിമർശിച്ച് ഓർത്തഡോക്‌സ് ബിഷപ്പ് മാർ മിലിത്തിയോസ്

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

Published

on

ബിഷപ്പുമാര്‍ക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദല്‍ഹിയിലെ ക്രിസ്മസ് വിരുന്ന് നാടകമെന്ന് ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഡല്‍ഹിയില്‍ നടന്നത് നാടകമെന്നാണ് മെത്രാപ്പോലീത്ത പറഞ്ഞത്.

ഊതിക്കൊണ്ട് കഴുത്തറുക്കുന്ന സമീപനമാണ് ബി.ജെ.പിയുടേതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ദല്‍ഹിയില്‍ പുല്‍ക്കൂടിനെ വണങ്ങുന്ന പ്രധാനമന്ത്രിയുടെ അതേ പാര്‍ട്ടിക്കാര്‍ പാലക്കാട് പുല്‍ക്കൂട് തകര്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ,’  മണിപ്പൂരില്‍ നടക്കുന്നതും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് അംബേദ്കറുടെ പ്രതിമ തകര്‍ക്കപ്പെട്ടുവെന്നും തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കാനുള്ള നിയമഭേദഗതി പാര്‍ലമെന്റില്‍ എത്തിയെന്നും മെത്രാപ്പൊലീത്ത ചൂണ്ടിക്കാട്ടി.

ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ ഹൈന്ദവ പ്രതീകങ്ങളുണ്ടെന്ന് വാദിച്ച് കോടതിയില്‍ പോകുന്നതും അതിനുവേണ്ടി വഴക്കുണ്ടാക്കുന്നതും വിചാരധാരയിലേക്കുള്ള ലക്ഷ്യത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരട്ടത്താപ്പോട് കൂടിയ നിലപാട് ഉള്ളതിനാലാണ് തൃശൂരില്‍ ഒരു ബി.ജെ.പി സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും മെത്രാപ്പൊലീത്ത കൂട്ടിച്ചേര്‍ത്തു. ക്രിസ്ത്യാനികളും ന്യൂനപക്ഷങ്ങളും ഇത് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സവര്‍ക്കറുടെ ‘സവര്‍ണ ഹൈന്ദവ നേതൃത്വം മാത്രം മതി’യെന്ന ചിന്തയെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉയര്‍ത്തി.

പ്രധാനമന്ത്രിയെ കാണാന്‍ പോകുന്ന ക്രൈസ്തവ ന്യൂനപക്ഷ നേതാക്കള്‍ ഇക്കാര്യങ്ങള്‍ അദ്ദേഹത്തോട് തുറന്ന് സംസാരിക്കേണ്ടതാണെന്നും യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

സി.ബി.സി.ഐ ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ വിവിധ കത്തോലിക്ക സഭകളിലെ വ്യക്തികളടക്കം മൂന്നോറോളം പേര്‍ പങ്കെടുത്തു. ക്രിസ്മസ് സന്ദേശത്തില്‍ സമൂഹത്തില്‍ അക്രമം പടര്‍ത്തുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ക്രൈസ്തവ സഭകളോട് നരേന്ദ്ര മോദി ആവശ്യപ്പെട്ടു. ജര്‍മന്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ അടക്കം നടന്ന അക്രമങ്ങള്‍ ഉദ്ധരിച്ചായിരുന്നു പ്രധാമന്ത്രിയുടെ ക്രിസ്മസ് സന്ദേശം.

Continue Reading

Video Stories

ഷാൻ വധക്കേസ്; പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌ പ്രവർത്തകൻ അറസ്റ്റിൽ

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്.

Published

on

ഷാന്‍ വധക്കേസില്‍ പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ആര്‍എസ്എസ്‌  പ്രവർത്തകൻ അറസ്റ്റിൽ. ആലപ്പുഴ പറവൂർ വടക്ക് ദേവസ്വം വെളി വീട്ടിൽ എച്ച്. ദീപക്കിനെയാണ് (44) മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് ഒളിവിൽ പോകാൻ വേണ്ട സഹായം ചെയ്തതിനാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കൊലക്കേസിലെ അഞ്ച്‌ പ്രതികളുടെയും ജാമ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരുടെ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍റെ അപ്പീലിലായിരുന്നു ഹൈക്കോടതി നടപടി. കേസിലെ മറ്റ് 5 പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സെഷന്‍സ് കോടതി ഉത്തരവില്‍ ഇടപെടാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

2021 ഡിസംബർ 18ന് രാത്രിയാണ് എസ്​ഡിപിഐ നേതാവ് കെ.എസ് ഷാൻ കൊല്ലപ്പെട്ടത്. 19ന് രാവിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസും കൊല്ലപ്പെട്ടു. പിന്നാലെ തന്നെ അന്വേഷണം നടത്തി രണ്ട് കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.

ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഒന്നര വർഷമായി പ്രതികൾ ജാമ്യത്തിൽ കഴിയുകയാണ്. അതേസമയം, ബി.ജെ.പി നേതാവ് രൺജീത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് മുഴുവൻ കൂട്ടവധശിക്ഷ വിധിച്ചിരുന്നു.

Continue Reading

Trending