കല്‍പ്പറ്റ: മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം രക്ഷിക്കാന്‍ സ്വന്തം വാര്‍ത്തകള്‍ തിരുത്തി സി പി എം മുഖപത്രം. ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് നല്‍കിയ നിരവധി വാര്‍ത്തകള്‍ക്കാണ് ദേശാഭിമാനി ഇപ്പോള്‍ തിരുത്തുമായി എത്തിയിരിക്കുന്നത്.
ഈ മാസം ആഗസ്റ്റ് 14, 15 തിയ്യതികളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളില്‍ വെള്ളപൊക്കം രൂക്ഷമാകാന്‍ കാരണം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നുവിട്ടതാണെന്ന് നിരവധി തവണ ദേശാഭിമാനി വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കാന്‍ മുന്നറിയിപ്പിന്റെ ആവശ്യമില്ലെന്നും, ഡാം തുറന്നത് മൂലം നാശനഷ്ടങ്ങളുണ്ടായി എന്നത് തെറ്റാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെയാണ് ഇന്നലെത്തെ പത്രത്തില്‍ തിരുത്തുമായി മുഖപത്രമെത്തിയിരിക്കുന്നത്.
ആഗസ്റ്റ് 14നും, 15നും ശേഷം ആഗസ്റ്റ് 20ന് പ്രസിദ്ധീകരിച്ച മറുകര തേടി ഒറ്റപ്പെട്ട തീരത്തില്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയിലും കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ കാരണം ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതാണെന്ന് വ്യക്തമായി സൂചിപ്പിച്ചിരുന്നു. ”ജൂലൈ രണ്ടാംവാരം മഴ കനത്തപ്പോള്‍ വെള്ളം പൊങ്ങി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 110 സെ.മീ ഉയര്‍ത്തിയപ്പോള്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ അല്‍പ്പം ശമിച്ചെങ്കിലും വെള്ളം ഒഴിഞ്ഞുപോയില്ല. തുടര്‍ന്ന് ബോട്ടുകളിലാണ് പ്രദേശവാസികള്‍ക്ക് അത്യാവശ്യ സാധനങ്ങള്‍ വിതരണം ചെയ്തത്.
കാലവര്‍ഷം കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 290 സെ.മ ീ കൂടി ഉയര്‍ത്തിയപ്പോഴാണ് വെള്ളപ്പൊക്കം രൂക്ഷമായത്.
ഇപ്പോള്‍ ഷട്ടറുകള്‍ 30 സെ.മീ മാത്രം തുറന്നിട്ടും വെള്ളം ഒഴിഞ്ഞുപോയില്ല.” ഇതാണ് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നതുമായി ബന്ധപ്പെട്ട് ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്ത.
ബാണാസുര അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നപ്പോഴെല്ലാം തന്നെ വെള്ളപൊക്കം രൂക്ഷമായെന്ന് ഇത്തരത്തില്‍ പലവട്ടമാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ഇതാണ് സംഭവം വിവാദമായപ്പോള്‍ തിരുത്തിയിരിക്കുന്നത്. നേര് പറഞ്ഞ് തുടങ്ങിയ മുഖപത്രം നില്‍ക്കകള്ളിയില്ലാതെ വന്നപ്പോള്‍ നുണയുമായി എത്തിയിരിക്കുകയാണിപ്പോള്‍. ആഗസ്റ്റ് 24ലെ പത്രത്തില്‍ ”ജില്ലയിലെ വെള്ളപൊക്കം ബാണാസുര സാഗര്‍ ഡാമിന്റെ സൃഷ്ടിയാണെന്ന വാദം പൊളിയുന്നു” എന്ന തലക്കെട്ടില്‍ നല്‍കിയ വാര്‍ത്തയില്‍ നേരത്തെ പറഞ്ഞതെല്ലാം ഒന്നൊന്നായി മാറ്റിപറയുകയാണ് പാര്‍ട്ടിപത്രം.അതേസമയം, ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത് മൂലം പുതുശ്ശേരിക്കടവ്, കുറുമണി, പനമരം, പടിഞ്ഞാറത്തറ, വെണ്ണിയോട്, കോട്ടത്തറയിലെ വിവിധ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ വെള്ളപൊക്കം രൂക്ഷമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാതെ റവന്യൂ അധികൃതര്‍, ജനപ്രതിനിധികള്‍, പഞ്ചായത്ത്, ആരോഗ്യ വകുപ്പ്, പോലീസ് വകുപ്പ് തുടങ്ങിയ യാതൊരു സംവിധാനവുമായി കൂടിയാലോചിക്കാതെ കെ. എസ്. ഇ. ബി. അധികൃതര്‍ നിരുത്തര വാദപരമായി രാത്രിയില്‍ ഷട്ടര്‍ തുറന്ന് വിട്ട് ഡാമിന്റെ താഴ്വാരം വെള്ളത്തില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ചതായും, ഇതിന് ഉത്തരവാദികളായ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അടക്കമുള്ളവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് വാരാമ്പറ്റ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി പ്രദേശവാസികളുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നിരുന്നു. ഇത് ഉദ്ഘാടനം ചെയ്തത് സി കെ ശശീന്ദ്രന്‍ എം എല്‍ എയായിരുന്നു. പ്രദേശവാസികളുടെ പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് എം എല്‍ എ തന്നെ യോഗത്തില്‍ പങ്കെടുത്തത്. ഈ യോഗത്തില്‍ കനത്ത പേമാരിയില്‍ ബാണാസുരസാഗര്‍ ഡാം ഷട്ടര്‍തുറന്നത് മൂലം സംഭവിച്ചിട്ടുള്ള നഷ്ട്ടം കെ.എസ്.ഇ.ബിയും, ഹൈഡല്‍ ടൂറിസവും നല്‍കണമെന്നായിരുന്നു പടിഞ്ഞാറത്തറ പഞ്ചായത്ത് സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടത്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ വെള്ളം കയറുന്നത്.
നിരവധി വീടുകള്‍ പൂര്‍ണ്ണമായും തകരുകയും വെള്ളംകയറി ഭാഗികമായി തകര്‍ന്ന വീടുകളില്‍ ലക്ഷക്കണക്കിന് രുപയുടെ സാധനങ്ങളും കോടിക്കണക്കിന് രുപയുടെ കൃഷികളും നശിച്ചിട്ടുണ്ട്.
ഈ നഷ്ടങ്ങളൊന്നും റവന്യുവകുപ്പില്‍ നിന്നു ലഭിക്കുകയില്ല. ബാണാസുരസാഗര്‍ ഡാമില്‍ നിന്നും ദിവസേന ലക്ഷക്കണക്കിന് രുപയുടെ വരുമാനമാണ് കെ.എസ്.ഇ.ബിക്കും ഹൈഡല്‍ ടൂറിസത്തിനും ലഭിക്കുന്നത്. ഇതില്‍ നിന്നും നിശ്ചിതശതമാനം തുക ഇതുമൂലമുണ്ടായ നഷടപരിഹാരത്തിന് മാറ്റിവെക്കണമെന്നും സര്‍വ്വകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു.