കോഴിക്കോട്: 99 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി നഗരത്തില്‍ രണ്ടു പേരെ പൊലിസ് പിടികൂടി. മലപ്പുറം മോങ്ങം ഷംസുദ്ദീന്‍ (41), മൊറയൂര്‍ സ്വദേശി സല്‍മാന്‍ (20) എന്നിവരെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തിലെ സഭാ സ്‌കൂളിനു പിറകുവശത്തുനിന്ന് കസബ പൊലിസ് പിടികൂടിയത്. കാറില്‍ രഹസ്യ അറകളുണ്ടാക്കി അതില്‍ മൂന്നു പേപ്പര്‍ കവറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. കാറിന്റെ അടിയിലും സീറ്റിന്റെ അടിയിലും പ്രത്യേകമായി ഡിസൈന്‍ ചെയ്ത അറകളാണ് സജ്ജീകരിച്ചത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ജില്ലയിലെ കൊടുവള്ളി, കുന്ദമംഗലം, നരിക്കുനി ഭാഗങ്ങളിലും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മോങ്ങം, വള്ളുവമ്പ്രം എന്നിവിടങ്ങളിലും വിതരണത്തിനുള്ളതാണ് പണമെന്നും വിതരണത്തിന് 60,000 രൂപ കമ്മീഷന്‍ ലഭിക്കുമെന്നും പിടിയിലായവര്‍ പറഞ്ഞതായി പൊലിസ് അറിയിച്ചു. പിടിയിലായത് കള്ളനോട്ടുകളാണെന്ന സംശയത്തെത്തുടര്‍ന്ന് വിദഗ്ധ പരിശോധന നടത്തി ഒറിജിനലാണെന്ന് സ്ഥിരീകരിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം പണവും പിടിയിലായവരെയും ആദായനികുതി വകുപ്പിന് കൈമാറും.
കസബ സി.ഐ പ്രമോദ്, എസ്.ഐമാരായ രംജിത്ത്, ഉണ്ണി, നോര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പണം പിടികൂടിയത്.