ന്യൂഡല്‍ഹി: 2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നിരോധിച്ച 500 , 1000 രൂപ നോട്ടുകളുടെ 99.3 ശതമാനവും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഔദ്യോഗികമായി അറിയിച്ചു. നോട്ട് അസാധുവാക്കുമ്പോള്‍ പ്രാബല്യത്തിലുണ്ടായിരുന്ന 15.41 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളില്‍ 15.31 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയതെന്ന് ഇന്ന് പുറത്തു വിട്ട റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബാങ്കുകളില്‍ മടങ്ങിയെത്തിയ മൊത്തം നോട്ടുകളും എണ്ണിത്തിട്ടപ്പെടുത്തി സുരക്ഷാ പരിശോധന കൃത്യതയോടെ, വിജയകരമായി പൂര്‍ത്തിയാക്കിയതായി ആര്‍.ബി.ഐ അറിയിച്ചു. മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ചു നടപ്പാക്കിയ നോട്ട് നിരോധനം സമ്പൂര്‍ണ പരാജയം ആയിരുന്നുവെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉള്ളത്.
ആറ് മുതല്‍ ഏഴു ശതമാനം നോട്ടുകള്‍ തിരിച്ചു വരില്ലെന്നാണ് സര്‍ക്കാര്‍ കരുതിയിരുന്നത്. എന്നാല്‍ 100 ശതമാനത്തോളം നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണ വേട്ടയ്ക്കായുള്ള നീക്കം അമ്പേ പാളി എന്നത് ഉറപ്പായി. നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ആര്‍ ബി ഐ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ കറന്‍സിയായി കള്ളപ്പണം ഇല്ലായിരുന്നു എന്ന് സമ്മതിക്കേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
രണ്ടു വര്‍ഷമെടുത്താണ് റിസര്‍വ് ബാങ്ക് ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കള്ളനോട്ടുകളുടെ കാര്യത്തില്‍ വര്‍ധന പ്രകടമായതായി ആര്‍.ബി.ഐ അറിയിച്ചു. 100 രൂപ നോട്ടുകളില്‍ കള്ളനോട്ടുകള്‍ 35 ശതമാനം കൂടി. എന്നാല്‍ അമ്പരപ്പിക്കുന്ന വര്‍ധന ഉണ്ടായിരിക്കുന്നത് 50 രൂപയുടെ നോട്ടുകളിലാണ്. ഇതില്‍ 154.3 ശതമാനം വര്‍ധനയാണ് ഒരു വര്‍ഷത്തിനിടയില്‍ ഉണ്ടായത്.
അതേ സമയം ആര്‍.ബി.ഐ റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ മോദിക്കും കേന്ദ്ര സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മോദി നിര്‍മിത ദുരന്തത്തിന്റെ ഏറ്റവും വലിയ തെളിവാണ് പുറത്ത് വന്നതെന്നും ആര്‍.ബി.ഐ റിപ്പോര്‍ട്ട് തന്നെ ഇക്കാര്യം വ്യക്തമാക്കുന്നതായും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു. 2017ലെ സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ നോട്ട് നിരോധനം വഴി മൂന്ന് ലക്ഷം കോടി സംവിധാനത്തിലേക്ക് മടങ്ങി വന്നതായി അവകാശപ്പെട്ടിരുന്നു. മോദിജി ഇനിയെങ്കിലും കള്ളം പറഞ്ഞതില്‍ മാപ്പു പറയുമോ എന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.
രൂക്ഷ പരിഹാസത്തോടെയായിരുന്നു മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ട്വീറ്റുകള്‍. 15.42 ലക്ഷം കോടി നിരോധിക്കപ്പെട്ട നോട്ടുകളില്‍ ഓരോ രൂപയും തിരിച്ചെത്തിക്കഴിഞ്ഞു, മൂന്ന് ലക്ഷം കോടി ബാങ്കുകളില്‍ മടങ്ങി എത്തില്ലെന്നും അത് സംവിധാനത്തിന്റെ ഭാഗമായി മാറുമെന്നും ഇത് സര്‍ക്കാര്‍ നേട്ടമാണെന്നും അവകാശപ്പെട്ടത് ഓര്‍ക്കുന്നില്ലേ. കള്ളപ്പണത്തിന്റെ കൂമ്പാരം നേപ്പാളിലോ, ഭൂട്ടാനിലോ ആയിരിക്കുമെന്ന് താന്‍ ഇപ്പോള്‍ സംശയിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.
100 ആളുകള്‍ മരിച്ചു. 15 കോടി ദിവസ വേതനക്കാരുടെ ജീവിത മാര്‍ഗം ആഴ്ചകളോളം അവസാനിച്ചു. ചെറുകിട വ്യവസായ യൂണിറ്റുകള്‍ പൂട്ടി, ലക്ഷങ്ങള്‍ക്ക് തൊഴില്‍ നഷ്ടം സംഭവി്ച്ചു ഇതാണോ നേട്ടമെന്നും അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.
നോട്ടു നിരോധന വിഷയത്തില്‍ ധവള പത്രം പുറത്തിറക്കണമെന്ന് ആപ് നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.