X

മലപ്പുറത്ത് രണ്ടര വര്‍ഷത്തിനിടെ വകുപ്പുതല അന്വേഷണം നേരിട്ട് 98 പൊലീസുകാര്‍; പൊലീസിനെ കുടുക്കി ആഭ്യന്തര വകുപ്പിന്റെ കണക്ക്

മലപ്പുറം: പൊലീസിലെ ക്രിമിനല്‍ ആരോപണങ്ങള്‍ ശരിവെച്ച് ആഭ്യന്തര വകുപ്പിന്റെ പുതിയ കണക്ക്. മലപ്പുറത്ത് രണ്ടര വര്‍ഷത്തിനിടെ വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് 98 പൊലീസുകാരാണ് വകുപ്പ് തല അന്വേഷണം നേരിട്ടത്. താനൂരില്‍ താമിര്‍ ജിഫ്രിയുടെ കസ്റ്റഡിമരണത്തില്‍ പൊലീസിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തു വരുന്നത്.
ക്രിമിനല്‍ കേസില്‍ പ്രതി, മണല്‍ മാഫിയ, സ്വര്‍ണക്കടത്തുമായി ബന്ധം, പെരുമാറ്റ ചട്ടലംഘനം, പൊതുജനങ്ങളോട് മോശമായി പെരുമാറല്‍,കൈക്കൂലി ആവശ്യപ്പെടുല്‍,അലക്ഷ്യമായി ജോലി നോക്കുക,ക്രമിനല്‍ കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കുക, ലോട്ടറി ചൂതാട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജില്ലയില്‍ രണ്ടര വര്‍ഷത്തിനിടെ 98 പേര്‍ക്കെതിരേയാണ് പൊലീസ് നടപടിയുണ്ടായത്. ഇതില്‍ 39 പൊലീസുകാര്‍ സസ്‌പെന്‍ഷനിലാണ്.

59 പേര്‍ക്കെതിരേ അച്ചടക്ക നടപടികളുമുണ്ടായി. പത്ത് പേര്‍ വിവിധ കാരണങ്ങളാല്‍ സ്വമേധയ സര്‍വീസില്‍ നിന്ന് വിരമിച്ചിട്ടുമുണ്ട്.എന്നാല്‍ എസ്.പിക്ക് സപ്പോര്‍ട്ടു ചെയ്യാത്ത പൊലീസുകാര്‍ക്കെതിരെ അകാരണമായി നടപടി കൈക്കൊള്ളുന്നതായും ചില പൊലീസുകാര്‍ ആരോപിക്കുന്നുണ്ട്. ഇത്തരത്തില്‍ നടപടി നേരിട്ടവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് പൊലീസ് അസോസിയേഷേന്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. താനൂരില്‍ താമിര്‍ ജിഫ്രി കസ്റ്റഡിമരണത്തില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ അതില്‍ രക്ഷനേടാന്‍ എസ്.പിയുടെ നേതൃത്വത്തില്‍ വലിയ കളികളാണ് നടക്കുന്നത്. കേസ് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. നിലവില്‍ എട്ട് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്. താമറിന്റെ ശരീരത്തിലുള്ള മുറിവുകള്‍ കസ്റ്റഡിയിലിരിക്കെ ക്രൂര മര്‍ദനമേറ്റതാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയ ലഹരി വസ്തുക്കളുടെ രാസ പരിശോധന ഫലം ലഭിച്ചിട്ടില്ല. ഇത് ലഭിക്കുന്നതോടെ മരണ കാരണം വ്യക്തമാവും. നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.

webdesk11: