X
    Categories: indiaNews

50 വന്‍കിടക്കാര്‍ ബാങ്കുകളെ പറ്റിച്ചത് 92,000 കോടി

ന്യൂഡല്‍ഹി: വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ പേരില്‍ സാധാരണക്കാരന്റെ കിടപ്പാടം വരെ തട്ടിപ്പറിച്ച് വഴിയാധാരമാക്കുന്ന രാജ്യത്ത്, മെഹുല്‍ ചോക്‌സിയും നീരവ് മോദിയും അടക്കമുള്ള വന്‍കിടക്കാര്‍ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ പറ്റിച്ചത് 92,000 കോടി രൂപ. ലോക്‌സഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കാരാട് രേഖാമൂലം നല്‍കിയ മറുപിടിയിലാണ് കണക്കുകള്‍ പുറത്തുവന്നത്.

മെഹുല്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ജെംസ് മാത്രം 7,848 കോടി രൂപയാണ് വായ്പയെടുത്ത് തിരിച്ചടക്കാതിരുന്നത്. ഏറ്റവും കൂടുതല്‍ തുക കിട്ടാക്കടം വരുത്തിയ 50 പേരുടെ പട്ടികയാണ് പാര്‍ലമെന്റില്‍ കേന്ദ്രം വെളിപ്പെടുത്തിയത്. കൂടുതല്‍ പേരുടെ പട്ടികയെടുത്താല്‍ തുക പിന്നെയും ഉയരും. ഇറ ഇന്‍ഫ്ര (5879 കോടി), റീഗോ ആഗ്രോ (4803 കോടി), കോണ്‍കാസ്റ്റ് സ്റ്റീല്‍ ആന്റ് പവര്‍ (4596 കോടി), എ.ബി.ജി ഷിപ്പ്‌യാര്‍ഡ് (3708 കോടി), ഫ്രോസ്റ്റ് ഇന്റര്‍നാഷണല്‍ (3311 കോടി), വിന്‍സം ഡയമണ്ട് (2931 കോടി), റോട്ടോമാക് ഗ്ലോബല്‍ (2893 കോടി), കോസ്റ്റല്‍ പ്രോജക്ട്‌സ് (2311 കോടി), സൂം ഡവലപ്പേഴ്‌സ് (2147 കോടി) എന്നിങ്ങനെ പോകുന്നു കിട്ടാക്കടത്തിന്റെ കണക്കുകള്‍. അതേസമയം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം കിട്ടാക്കടം 8.9 ലക്ഷം കോടിയില്‍ നിന്ന് മൂന്നു ലക്ഷം കോടിയായി കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കേന്ദ്രം അവകാശപ്പെട്ടു.

10.1 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായും മന്ത്രി വ്യക്തമാക്കി.വായ്പ എഴുതിത്തള്ളിയവരില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ) ആണ് മുന്നില്‍. രണ്ടു ലക്ഷം കോടിയുടെ വായ്പയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 67,214 കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി രണ്ടാം സ്ഥാനത്താണ്.
ഐ.സി.ഐ.സി.ഐ ബാങ്ക് 50,514 കോടി രൂപയുടേയും എച്ച്.ഡി.എഫ്.സി ബാങ്ക് 34,782 കോടി രൂപയുടേയും വായ്പകള്‍ എഴുതിത്തള്ളി. അതേസമയം വായ്പയെടുത്ത ശേഷം തിരിച്ചടക്കാതിരുന്നവരില്‍ നിന്ന് തുക വീണ്ടടുക്കുന്നതിനായി ശക്തമായ നടപടികള്‍ തുടരുമെന്നും ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഇതിനായി നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നതായും മന്ത്രി അവകാശപ്പെട്ടു.

Test User: