ലോക്‌സഭാ തെരഞ്ഞടുപ്പില്‍ മണ്ഡി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കങ്കണ റണൗട്ടിന്റെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലാണ് താരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചൊവ്വാഴ്ചയാണ് താരം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആകെ 91 കോടിയിലധികം രൂപയുടെ ആസ്തി തനിക്കുണ്ട് എന്നാണ് കങ്കണ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
8.7 കോടി ജംഗമ സ്വത്തുക്കളും 62.9 കോടി സ്ഥാവര സ്വത്തുക്കളും ഉള്‍പ്പെടെ 91.5 കോടി രൂപയിലധികം ആസ്തി, 5 കോടി രൂപ വിലമതിക്കുന്ന 6.7 കിലോഗ്രാം സ്വര്‍ണാഭരണങ്ങളും 50 ലക്ഷം രൂപ വിലമതിക്കുന്ന 60 കിലോ വെള്ളിയും 3 കോടി രൂപ വിലമതിക്കുന്ന വജ്രാഭരണങ്ങളും സ്വത്തില്‍ ഉണ്ട്. കൂടാതെ മൂന്നു ആഢംബര കാറുകളും കണക്കിലുണ്ട്. 98 ലക്ഷം രൂപ വിലമതിക്കുന്ന ബിഎംഡബ്ലു, 58 ലക്ഷം രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെന്‍സ്, 3.91 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് മേബാക്ക് എന്നിവയാണ് താരത്തിന്റെ ആഢംബര കാറുകള്‍. കങ്കണയുടെ പേരില്‍ 50 എല്‍ ഐസി പോളിസികളുണ്ട്.
മുംബൈയില്‍ മൂന്നു ഫ്‌ളാറ്റുകളും മണാലിയില്‍ ഒരു ബംഗ്ലാവും ഉണ്ട്. ബാന്ദ്രയിലെ അപാര്‍ട്‌മെന്റിന് മാത്രം 23.98 കോടി രൂപ വില വരും. മണാലിയിലെ വസതിയുടെ മൂല്യം 7.97 കോടി രൂപയാണ്. കങ്കണയുടെ പേരില്‍ 8 ക്രിമിനല്‍ കേസുകളുണ്ട്. ഇതില്‍ മൂന്നെണ്ണം മതവികാരം വ്രണപ്പെടുത്തിയെന്ന കേസാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12-ാം ക്ലാസ് വിദ്യാഭ്യാസമാണ് നാമനിര്‍ദേശപത്രികയില്‍ കങ്കണ റണൗട്ട് നല്‍കിയിരിക്കുന്നത്. ജൂണ്‍ ഒന്നിന് മാണ്ഡിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് ആണ് കങ്കണ റണൗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. അമ്മയ്ക്കും സഹോദരിക്കുമൊപ്പമെത്തി ഇന്നലെയാണ് കങ്കണ റണൗത്ത് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്.