X

കരിയറില്‍ 900 ഗോളുകള്‍, സിആര്‍7ന്‌ ചരിത്ര നേട്ടം

ഔദ്യോഗിക മത്സരങ്ങളില്‍ രാജ്യത്തിനും ക്ലബിനുമായി 900 ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ഇട്ട് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്രൊയേഷ്യക്കെതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ പോര്‍ച്ചുഗലിനായി 34ാം മിനിറ്റില്‍ നൂനോ മെന്‍ഡസിന്റെ ക്രോസ് വലയിലെത്തിച്ചാണ് അദ്ദേഹത്തിന്റെ ചരിത്രം നേട്ടം. ഗോളടിച്ച ശേഷം വികാരഭരിതനായ താരം ഗ്രൗണ്ടില്‍ കിടന്നു.

മറ്റെല്ലാ നാഴികകല്ല് പോലെയാണ് ഈ നേട്ടവും എന്നാണ് തോന്നുക. എന്നാല്‍ ഇതിന് എത്രമാത്രം പരിശ്രമിച്ചിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയികയുള്ളൂ എന്നായിരുന്നു റൊണാള്‍ഡോ മത്സര ശേഷം പറഞ്ഞത്. ‘900 ഗോള്‍ നേട്ടം മറ്റെല്ലാ നാഴികകല്ല് പോലെ തന്നെ തോന്നും. എന്നാല്‍ ഇതിന് പിന്നിലെ കഠിന പ്രയത്‌നം എനിക്ക് മാത്രമെ അറിയുകയുള്ളൂ. 900 ഗോള്‍ നേടാന്‍ എല്ലാ ദിവസവും എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് അറിയാം. എന്റെ കരിയറിലെ തന്നെ അതുല്യമായ ഒരു നേട്ടമാണ് ഇത്. ഞാന്‍ റെക്കോര്‍ഡ് തകര്‍ക്കാറില്ല റെക്കോഡാണ് എന്നെ വേട്ടയാടുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗലിനായി 131 ഗോള്‍ നേടിയ റോണോ ക്ലബ് തലത്തില്‍ റയല്‍ മാഡ്രിഡിനായി 450ഉം മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി 145ഉം യുവന്റസിനായി 101ഉം അല്‍നസ്‌റിനായി 68ഉം ഗോളുകളാണ് അടിച്ചുകൂട്ടിയത്. റൊണാള്‍ഡോയുടെ തൊട്ടുപിന്നില്‍ ഗോള്‍വേട്ടയില്‍ രണ്ടാമതുള്ളത് അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയാണ്. ഔദ്യോഗിക മത്സരങ്ങളില്‍ നിന്നും 838 ഗോളാണ് മെസ്സിയുടെ അക്കൗണ്ടിലുള്ളത്. റൊണാള്‍ഡോക്ക് പുറമെ ഡിയോഗോ ഡലോട്ട് ഗോളും സെല്‍ഫ് ഗോളും നേടിയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 2-1നാണ് ക്രൊയോഷ്യക്തെതിരെ വിജയിച്ചത്.

webdesk13: