ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ലക്ഷം കടന്ന് 9 യുഡിഎഫ് സ്ഥാനാര്‍ഥികളുടെ ലീഡ് നില. എറണാകുളം, ഇടുക്കി, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പൊന്നാനി, വടകര, വയനാട് എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ലീഡ് നില ലക്ഷത്തിന് മുകളിലെത്തിച്ചത്. കേരളത്തില്‍ രാഹുല്‍ ഗാന്ധിയുടേതാണ് ഏറ്റവും ഉയര്‍ന്ന ലീഡ് നില. 3,44,709 ആണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് നില.
വടകരയില്‍ ഷാഫി പറമ്പില്‍ 1,15,157 ലീഡാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷൈലക്കെതിരെ നേടിയത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്‍ സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിച്ചു. 2,50,385 എന്ന ലീഡാണ് ഹൈബി ഈഡന്‍ നേടിയത്. എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ഡിഎഫിന്റെ കെ ജെ ഷൈനിന് നിലവില്‍ ലഭിച്ച ആകെ വോട്ടിനേക്കാള്‍ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു.
2019ല്‍ 169153 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി സ്വന്തമാക്കിയത്. ഇതുവരെ എറണാകുളം മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം അതായിരുന്നു. ഇതോടെ സ്വന്തം പേരിലുള്ള റെക്കോഡ് തന്നെ ഹൈബി തിരുത്തിക്കഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി രാജീവ് 32,2110 വോട്ട് സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡന്‍ നേടിയത് 49,1263 വോട്ടാണ്.
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്റെ ലീഡ് 1,48,655 എന്ന നിലയില്‍ ലീഗ് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുകേഷിനെയും എന്‍ഡിഎ സ്ഥാനാര്‍ഥി കൃഷ്ണ കുമാറിനെയും പിന്തള്ളിയാണ് പ്രേമചന്ദ്രന്‍ ജയം ഉറപ്പിച്ചത്. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി 1,12,909 എന്ന നിലയിലാണ് കെ സുധാകരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജനെ പരാജയപ്പെടുത്തിയത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ 1,46,176 എന്ന നിലയിലാണ് ലീഡ് ഉയര്‍ത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബിജെപിയുടെ എം ടി രമേശ് ആണ് മൂന്നാം സ്ഥാനത്ത്.
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിന്റെ ലീഡ് 1,33, 727ആണ്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീര്‍ 2, 98,759 എന്ന നിലയില്‍ വന്‍ ഭൂരിപക്ഷം നേടിയപ്പോള്‍ പൊന്നാനിയില്‍ എം പി അബ്ദുസമദ് സമദാനി 2,34, 792 എന്ന ലീഡ് നേടി.