X

ലഹരി വിപത്ത് പാഠ്യവിഷയമാവണം

പി.ഇസ്മായില്‍ വയനാട്

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാനിലെ കറുപ്പ് കൃഷി (ഓപ്പിയം) 37 ശതമാനം വര്‍ധിപ്പിച്ചതായുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐക്യരാഷ്ട്ര സംഘടനയുടെ ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്റ് ക്രൈം വാര്‍ഷിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്റര്‍നാഷണല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബോര്‍ഡ് കറുപ്പ് കൃഷിയുമായി ബന്ധപ്പെട്ട് നല്‍കിയ മുന്നറിയിപ്പുകളാണ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. ദക്ഷിണാഫ്രിക്ക, നേപ്പാള്‍, ബ്രസീല്‍, അര്‍ജന്റീന, പാക്കിസ്താന്‍, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നുള്ള ലഹരിയൊഴുക്ക് ഇന്ത്യ നേരിടുന്ന മുഖ്യപ്രശ്‌നമാണ്. റെഡ് കോറിഡോര്‍ അഥവാ ചുവപ്പിന്റെ ഇടനാഴി എന്നറിയപ്പെട്ടിരുന്ന ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, അസം, ബംഗാള്‍, ഒഡീഷ, ആന്ധ്ര എന്നീ സ്‌റ്റേറ്റുകള്‍ അടങ്ങുന്ന മധ്യ വടക്കു കിഴക്കന്‍ വനമേഖലയെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ വിശേഷിപ്പിക്കുന്നത് ഡ്രഗ് കോറിഡോര്‍ എന്നാണ്. ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കും റോഡ് മാര്‍ഗവും കപ്പല്‍ വഴിയും ട്രയിന്‍ ഉപയോഗിച്ചും വന്‍തോതില്‍ ലഹരി കടത്തുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ ഓറഞ്ച് കാര്‍ട്ടനിലൂടെ 1470 കോടിയുടെയും ഗ്രീന്‍ആപ്പിള്‍ കാര്‍ട്ടനിലൂടെ 520 കോടിയുടെയും ലഹരിക്കടത്തിന്റെ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ആയുധവ്യാപാരത്തിന് തുല്യമായ രീതിയില്‍ കോടികളുടെ ലഹരി ഇടപാടുകളാണ് സംസ്ഥാനത്ത് നടക്കുന്നത്.

കുട്ടികളെയും സ്ത്രീകളെയും കാരിയര്‍മാരാക്കിയാണ് ലഹരിമാഫിയക്കാര്‍ പിടിമുറുക്കുന്നത്. സൗജന്യമായി ലഹരി നല്‍കി വലയിലാക്കലാണ് ആദ്യനടപടി. പിന്നീട് മയക്കുമരുന്നിന് പണം ആവശ്യപ്പെടും. തുടര്‍ന്ന് ഇവരെ കാരിയര്‍മാരാക്കി മാറ്റും. ഇടപാടുകള്‍ക്കായി വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ പോലുമുണ്ട്. അതിര്‍ത്തി കടന്നുള്ള ലഹരികടത്തിനെതിരെ അന്വേഷണം ഊര്‍ജിതമാക്കിയപ്പോള്‍ കൊറിയര്‍ വഴിയും പാഴ്‌സല്‍ വഴിയും ലഹരി വസ്തുക്കള്‍ എത്തിച്ചാണ് കച്ചവടം നടത്തുന്നത്. ലഹരി കേസുകളില്‍ പിടിക്കപ്പെടുന്നവരിലും ലഹരി ചികിത്സക്കായി വിമുക്തി കേന്ദ്രങ്ങളില്‍ എത്തുന്നവരിലും കുട്ടികളുടെ എണ്ണക്കൂടുതല്‍ കേരളത്തിന്റെ ഉറക്കം കെടുത്തുകയാണ്.
ലഹരി ഉപയോഗിക്കുന്നവരുടെ പ്രായപരിധി 28ല്‍ നിന്ന് 12 വയസിലേക്ക് അഥവാ സ്‌കൂള്‍ തലത്തിലേക്ക് മാറിക്കഴിഞ്ഞു. കോളജില്‍ പഠിക്കുന്നവരില്‍ 31 ശതമാനം പേരും ലഹരി ഉപയോഗിക്കുന്നവരാണെന്ന പഠനങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.

ഞാനോ കുടുംബമോ ലഹരി ഉപയോഗിക്കുന്നില്ല, അതിനാല്‍ തങ്ങള്‍ സേഫ് സോണിലാണെന്ന ചിന്തയെ മനസില്‍ നിന്ന് നീക്കം ചെയ്യലാണ് ലഹരി വിരുദ്ധ പോരാട്ടത്തില്‍ ആദ്യം ചെയ്യേണ്ട കാര്യം. ലഹരി ഉപയോഗിക്കുന്നവര്‍ മാത്രമല്ല അതിന്റെ ഗന്ധമോ രുചിയോ അറിയാത്തവരും ഇരകളായി തീരാറുണ്ട്. ലഹരി ഉപയോഗിക്കുന്നവര്‍ കൊല നടത്താനോ പിടിച്ചുപറിക്കാനോ ബലാത്സംഗം ചെയ്യാനോ മടിയില്ലാത്തവരാണ്. ലഹരിക്കാരുടെ ഇത്തരം ക്രൂരവിനോദങ്ങളില്‍ ലഹരി ഉപയോഗിക്കാത്തവരും ജീവഹാനിക്കും മാനഹാനിക്കും ഇരയായിത്തീരാറുണ്ട്.

യുവാല്‍ ഹരാരിയുടെ ‘സാപിയന്‍സ്’ എന്ന പുസ്തകം സമൂഹത്തിന്റെ വളര്‍ച്ചക്കും നിലനില്‍പ്പിനും ആശയവിനിമയം അനിവാര്യമാണെന്ന കാര്യമാണ് മാനവരാശിയെ ഉണര്‍ത്തുന്നത്. സന്തോഷവും വിഷമവും രക്ഷിതാക്കളോട് പങ്കുവെക്കാന്‍ കഴിയാതെ പല വീടുകളിലും കുട്ടികള്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ്. സ്‌നേഹശൂന്യത നേരിടുന്ന അത്തരം കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെയാണ് ലഹരിമാഫിയക്കാര്‍ നോട്ടമിടുന്നത്. ജീവിതത്തിരക്കില്‍ സ്‌നേഹം, അഭിനന്ദനം, പ്രോത്സാഹനം തുടങ്ങിയ കാര്യങ്ങള്‍ രക്ഷിതാക്കള്‍ മറന്നു പോവുമ്പോള്‍ കുട്ടികള്‍ ഒറ്റപ്പെടലിനു വിധേയരാകും. നിരാശാകൗമാരങ്ങള്‍ക്ക് മദ്യക്കുപ്പിയിലും കഞ്ചാവിന്റെ പൊതിയിലും മയക്കുമരുന്നിന്റെ പാക്കറ്റിലുമായി ലഹരിമാഫിയക്കാര്‍ കൃത്രിമ സ്‌നേഹം വിളമ്പി അവരെ വശീകരിക്കും. ഒരു കുട്ടിയുടെ ഏറ്റവും വലിയ മാതൃകയായി മാറേണ്ടത് രക്ഷിതാക്കളാണ്. ലഹരി ഉപയോഗിക്കാത്തവരായി മാതൃക തീര്‍ക്കാനും കുട്ടികളോട് ഉള്ളു തുറന്ന് സംസാരിക്കാനും അവരെ ചേര്‍ത്തുപിടിക്കാനും രക്ഷിതാക്കള്‍ ശീലിക്കേണ്ടതും വീടുകള്‍ അതിഥി മന്ദിരങ്ങളാവാതെ സ്‌നേഹാലയമായി മാറേണ്ടതും ലഹരിയെ നാടുനീക്കാന്‍ അനിവാര്യമാണ്.

വീട്ടില്‍ ചിലവഴിക്കുന്നതിനേക്കാളും സമയം കുട്ടികള്‍ കൂട്ടുകാര്‍ക്കൊപ്പമാണ് കഴിച്ചുകൂട്ടാറുള്ളത്. മത ഭക്തിയുള്ള വീടുകളില്‍ നിന്ന് വരുന്നവര്‍ വഴിതെറ്റുന്നതായും അധാര്‍മിക അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ ധാര്‍മിക മൂല്യങ്ങള്‍ പാലിക്കുന്നവരായും കാണപ്പെടാറുണ്ട്. വഴിതെറ്റിക്കുന്നതിലും നേര്‍വഴി കാണിക്കുന്നതിലും ചങ്ങാത്തമാണ് പ്രധാനം. ജീവിതത്തില്‍ ഒരാള്‍ക്കും മാതാപിതാക്കളെയോ സഹോദരങ്ങളെയോ തിരഞ്ഞെടുക്കാനാവില്ല. ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പോലും സുഹൃത്തുക്കളുടെ സ്വാധീനം കാണാനാവും. കുട്ടികളുടെ കൂട്ടുകാരാവാനും മക്കളുടെ കൂട്ടുകാരെ അറിയാനും മാതാപിതാക്കള്‍ക്ക് കഴിയേണ്ടതുണ്ട്.

യുദ്ധങ്ങളും പരിസ്ഥിതി നാശങ്ങളും മാനവരാശിക്ക് ഏല്‍പിക്കുന്ന ആഘാതങ്ങള്‍ സ്‌കൂള്‍ സിലബസിലുണ്ട്. ലഹരി സൃഷ്ടിക്കുന്ന ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവുമായ വിപത്തും പാഠ്യപദ്ധതിയുടെ ഭാഗമാവണം. താന്‍ പഠിപ്പിച്ച കുട്ടികള്‍ ലഹരി ഉപയോഗിക്കാത്തവരാണെന്ന് പറയുന്നതില്‍ അധ്യാപകരും അഭിമാനം കൊള്ളണം. എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്റ് കേഡറ്റ് തുടങ്ങിയ പ്രസ്ഥാനങ്ങളെ ഒരു കുടക്കീഴിലാക്കി ലഹരി വിരുദ്ധ പോരാട്ടത്തിന് ചൈല്‍ഡ് ആര്‍മിയെക്കുറിച്ചും ആലോചിക്കാവുന്നതാണ്. സ്‌കൂളുകളില്‍ പേരിനു മാത്രമുള്ള കായിക പിരീഡുകള്‍ കാര്യക്ഷമമാക്കാനും കൂട്ടികളെ കൂട്ടത്തോടെ കളിക്കളത്തില്‍ എത്തിക്കാനും സാധിക്കണം.

ലഹരി വില്‍പ്പനയുടെ പേരില്‍ പിടിക്കപ്പെടുന്ന പ്രതികള്‍ക്ക് ജയിലുകളില്‍ ലഭിക്കുന്ന സുഖവാസം വീണ്ടും കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണയായി മാറുന്ന സ്ഥിതി വിശേഷവും അവസാനിക്കണം. സെന്‍ട്രല്‍ ജയിലുകളിലെ അടുക്കളയില്‍ ലഹരി പൂക്കുന്നത് തടയാനും എക്‌സൈസ് സേനയെ കാര്യക്ഷമമാക്കുന്നതും രഹസ്യമായി വിവരം അറിയിക്കുന്നവരുടെ വിവരങ്ങള്‍ ലഹരിമാഫിയക്കാര്‍ക്ക് കൈമാറുകയും പിടികൂടുന്ന ലഹരി വസ്തുക്കള്‍ മറിച്ചുവില്‍പ്പന നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് മാതൃകാപരമായി ശിക്ഷ ഉറപ്പുവരുത്താനും സര്‍ക്കാരിന് കഴിയേണ്ടതുണ്ട്. ലഹരി എന്നാല്‍ മയക്കുമരുന്ന് മാത്രമാണെന്ന് സ്ഥാപിക്കാനാണ് മന്ത്രി എം.ബി രാജേഷ് കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ശ്രമിച്ചത്. രാഷ്ട്രത്തിന്റെ പുരോഗതിക്ക് നേതൃത്യം നല്‍കേണ്ടവരും നാടിനും കുടുംബത്തിനും ഊന്നുവടിയായി നിലകൊള്ളുകയും ചെയ്യേണ്ട കൗമാരവും യുവത്വവും അലിഞ്ഞും പുകഞ്ഞും ഇല്ലാതാക്കുന്ന ലഹരിക്കെതിരെ നാടൊന്നായ് കൈകോര്‍ക്കുമ്പോള്‍ മദ്യത്തിന് സ്വീകാര്യത നല്‍കിക്കൊണ്ടുള്ള ലഘൂകരണം വിപരീത ഫലം ചെയ്യും.

Test User: