X

ഖത്തര്‍ യാത്രക്ക് ടിക്കറ്റ് തേടി കരുത്തര്‍

ലണ്ടന്‍: ഖത്തറിലേക്കുള്ള അവസാന ഘട്ട യാത്ര ഇന്ന് മുതല്‍ വന്‍കരകളില്‍ ആരംഭിക്കുന്നു. മൂന്ന് വഴികളിലാണ് യൂറോപ്യന്‍ പോരാട്ടങ്ങള്‍. ആഫ്രിക്കയില്‍ അഞ്ച് പേരെ നിശ്ചയിക്കാന്‍ പത്ത് പേര്‍ രംഗത്ത്. ലാറ്റിനമേരിക്കയില്‍ ബ്രസീലിനും അര്‍ജന്റീനക്കും പിറകെ ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്കും പ്ലേ ഓഫ് സ്ഥാനത്തേക്കും ആരെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം. ഏഷ്യയില്‍ നിന്ന് ഇത് വരെ ആരും ഔദ്യോഗികമായി ടിക്കറ്റ് നേടിയിട്ടില്ല. ഇറാനും ദക്ഷിണ കൊറിയയുമാണ് സിറ്റ് ഉറപ്പിച്ചവര്‍.

യൂറോപ്പില്‍ പത്ത് ഗ്രൂപ്പുകളിലായിട്ടായിരുന്നു മല്‍സരങ്ങള്‍. ഇതില്‍ ഗ്രൂപ്പിലെ പത്ത് ഒന്നാം സ്ഥാനക്കാര്‍ യോഗ്യത നേടിയപ്പോള്‍ ശേഷിക്കുന്നത് മൂന്ന് സ്ഥാനങ്ങള്‍. ഇതിനായി ഗ്രൂപ്പിലെ പത്ത് രണ്ടാം സ്ഥാനക്കാരും യുവേഫ നാഷന്‍സ് ലീഗിലെ രണ്ട് ഗ്രൂപ്പ് ജേതാക്കാളും. അങ്ങനെ 12 ടീമുകള്‍ മൂന്ന് വഴികളിലായി മല്‍സരിക്കുമ്പോള്‍ നെഞ്ചിടിപ്പ് ഗ്രൂപ്പ് സി യിലാണ്. ഇവിടെ മല്‍സരിക്കുന്ന നാല് പേരില്‍ പോര്‍ച്ചുഗലും ഇറ്റലിയുമുണ്ട്. ഒപ്പം തുര്‍ക്കിയും നോര്‍ത്ത് മാസിഡോണിയയും. ഇന്ന് സെമി ഘട്ടമാണ്. പോര്‍ച്ചുഗല്‍ തുര്‍ക്കിയെയും ഇറ്റലി നോര്‍ത്് മാസിഡോണിയയെയും നേരിടും. ഇതില്‍ പോര്‍ച്ചുഗലും ഇറ്റലിയും ജയിച്ചാല്‍ ഇവര്‍ തമ്മിലാണ് ഗ്രൂപ്പിലെ ഫൈനല്‍. അപ്പോള്‍ ഇറ്റലിയോ പോര്‍ച്ചുഗലോ മാത്രം. കൃസ്റ്റിയാനോ റൊണാള്‍ഡോയില്ലാത്ത ഒരു ലോകകപ്പ് ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആലോചിക്കാനാവില്ല. ഇറ്റലിയാവട്ടെ പോയ ലോകകപ്പില്‍ കളിക്കാത്തവരാണ്. നിലവില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരും. യൂറോപ്പില്‍ ഇന്ന് രണ്ട് മല്‍സരങ്ങള്‍ റഷ്യ, യുക്രെയിന്‍ യുദ്ധം കാരണം മാറ്റി വെച്ചിരിക്കയാണ്. റഷ്യക്കെതിരെ കളിക്കില്ലെന്ന് പോളണ്ട് വ്യക്തമാക്കിയപ്പോള്‍ യുക്രെയിന്‍-സ്‌ക്കോട്ട്‌ലന്‍ഡ് മല്‍സരം മാറ്റിവെച്ചിരിക്കുന്നു. സ്വിഡനും ചെക് റിപ്പബ്ലിക്കും വെയില്‍സും ഓസ്ട്രിയയും പരസ്പരം മല്‍സരിക്കും. ലാറ്റിനമേരിക്കയില്‍ ഇന്ന് ബ്രസീല്‍ ചിലിയെയും കൊളംബിയ ബൊളീവിയയെയും പരാഗ്വേ ഇക്വഡോറിനെയും യുറഗ്വായ് പെറുവിനെയും നേരിടും. ബ്രസീലിന് മാത്രമാണ് ഇതില്‍ ടെന്‍ഷന്‍ ഇല്ലാത്തത്. ബാക്കിയെല്ലാവര്‍ക്കും സാധ്യത നിലനില്‍ക്കുന്നു. ഏഷ്യയില്‍ കൊറിയ ഇറാനെയും ലെബനോണ്‍ സിറിയയെയും ഇറാഖ് യു.എ.ഇയെയും ഓസ്‌ട്രേലിയേ ജപ്പാനെയും വിയറ്റ്‌നാം ഒമാനെയും ചൈന സഊദി അറേബ്യയെയും നേരിടുന്നു. ആഫ്രിക്കയില്‍ നാളെ സലാഹ്- മാനേ പോരാട്ടവുമുണ്ട്.

Test User: