X

ആഘോഷങ്ങളുടെ അകപ്പൊരുള്‍- റാശിദ് ഗസ്സാലി

റാശിദ് ഗസ്സാലി

വ്രതനാളുകള്‍ പൂര്‍ത്തിയാക്കി പെരുന്നാളിന്റെ നിറവിലാണ് നാടും നഗരവും. പ്രതിസന്ധികളുടെ വര്‍ത്തമാനങ്ങള്‍ വേദനയോടെ പങ്കുവെക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് നന്മയും സൗഹൃദവും സ്‌നേഹവും പങ്കുവെക്കുന്ന ഈദാഘോഷങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.വര്‍ഷത്തില്‍ രണ്ട് ദിനങ്ങള്‍ ദൈവത്തിന് ഏറ്റവും പ്രിയമുള്ള വ്രതം പോലും അനുവദനീയമല്ല. ആഘോഷിക്കുക എന്നത് അനിവാര്യ ധര്‍മ്മമായി അവതരിക്കപ്പെട്ട സുദിനം. ഒന്ന്, വ്രതവിശുദ്ധിയുടെ ധന്യതക്കൊടുവില്‍ നിറവോടെ ആചരിക്കുന്ന ഈദ് ഉല്‍ ഫിത്ര്‍, രണ്ട്, ഹജ്ജിന്റെ ത്യാഗസ്മരണയില്‍ ആവേശപൂര്‍വം വരവേല്‍ക്കുന്ന ഈദുല്‍ അസ്ഹ.

വിശ്വാസി ഹൃദയങ്ങളില്‍ ഗുണപരമായ മാറ്റത്തിന്റെ അലയൊലികള്‍ തീര്‍ക്കുന്ന ആത്മീയ കര്‍മങ്ങളുടെ പൂര്‍ണതയാണ് ഈ ആഘോഷങ്ങളുടെ ചൈതന്യം. ഒരിടത്ത് ധാന്യങ്ങള്‍ പങ്കുവെച്ചും മറ്റൊരിടത്തു ആട് മാടുകളെ ബലിയറുത്ത് നല്‍കിയും ഈദ് ആഘോഷങ്ങളുടെ ധന്യത നമുക്കിടയില്‍ സജീവമാകുന്നു.

ഈദ് എന്ന പദംപോലും ആവര്‍ത്തിച്ച് വരുന്ന ആഘോഷങ്ങള്‍ എന്ന മാനത്തില്‍ കാണാവുന്നതാണ്. ഇവിടെ ഉറപ്പ് വരുത്തേണ്ടത് നാമും കൂടെയുള്ളവരും മനസ്സറിഞ്ഞു സന്തോഷിക്കുന്നെവെന്നതാണ്. ഭക്ഷണവും വസ്ത്രവും വിരുന്നുകളും ഈദിവസത്തിന്റെ മാധുര്യമാണ്. ഉള്ളതില്‍ പുതിയ ഉടുപ്പണിഞ്ഞ് പറ്റാവുന്നതില്‍ മികച്ച ഭക്ഷണമുണ്ടാക്കി കഴിയാവുന്നത്രയും ആഹ്ലാദ പൂര്‍ണമാക്കുക എന്നതാണ് ഈദ് നമ്മോട് ആവശ്യപ്പെടുന്നത്.

ചുറ്റുമുള്ള മനുഷ്യരുടെ ആധികളും വ്യാധികളും തിരിച്ചറിയാനും അവര്‍ക്ക് സ്‌നേഹത്തിന്റെ തണലേകാനും നമുക്ക് കഴിയണം. വീട്ടിലെ വിരുന്നില്‍ വിശപ്പനുഭവിക്കുന്ന ഒരു കുടുംബത്തിനെങ്കിലും സ്‌നേഹപൂര്‍വ്വം ആതിഥ്യമരുളിയെന്നു അഭിമാനത്തോടെ പറയാന്‍ നമുക്കാവണം. അനാഥരും അഗതികളുമായ നിരാലംബര്‍ക്ക് വിരുന്നൊരുക്കുന്നതിനെക്കാള്‍ അമൂല്യമായതെന്തുണ്ട്. പെരുന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ ചിരിച്ച് കളിച്ചുല്ലസിക്കുമ്പോള്‍, മാറിയിരുന്നു മുഷിഞ്ഞ വസ്ത്രവുമായി കരയുന്ന പാവം കുട്ടിയെ പ്രവാചകര്‍ കാണാനിടയായി. കാരണം തിരക്കിയപ്പോള്‍ മാതാപിതാക്കളില്ലാത്ത തനിക്ക് ഭക്ഷണവും വസ്ത്രവും ഇല്ലാത്തതിന്റെ വേദനയാണ് ആ കുഞ്ഞ് കരഞ്ഞു പങ്കുവെക്കുന്നത്.

വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി അവനു പുതുവസ്ത്രവും വയറു നിറച്ചു ഭക്ഷണവും നല്‍കി സന്തോഷിപ്പിച്ച് കൊണ്ട് തിരുമേനി പറഞ്ഞ വാക്കുകള്‍ ചരിത്രപരമാണ്. ‘മോനെ നീ പോയി കൂട്ടുകാരോടൊപ്പം കളിച്ചുല്ലസിക്കുക. അവരു ചോദിച്ചാല്‍ എന്റെ പിതാവ് തിരുമേനിയാണെന്നും ഉമ്മ ആയിഷ ആണെന്നും സഹോദരി ഫാത്തിമയാണെന്നും അഭിമാനത്തോടെ പറയുക’. സനാഥത്വത്തിന്റെ തണലും കരുതലും നല്‍കി തിരുമേനി പകര്‍ന്നു നല്‍കിയ സന്ദേശം നമ്മളിലൂടെ തുടരേണ്ടതാണ്. കുടുംബ ബന്ധം ചേര്‍ത്തും, ദാനധര്‍മങ്ങള്‍ തുടര്‍ന്നും, പാപമോചനത്തിനായി പ്രാര്‍ത്ഥിച്ചും ആത്മാര്‍ത്ഥമാവണം ഈ ദിനത്തിലെ ഓരോ നിമിഷങ്ങളും. വ്രതനാളുകളിലെ പരിശുദ്ധി നശിപ്പിക്കും വിധം തെറ്റായ ചെയ്തികളിലും അരുതാത്ത കൂട്ടായ്മകളിലും ഇടപെടാതെ മാന്യവും ലളിതവുമാകണം നമ്മുടെ ആഘോഷങ്ങള്‍. മാതൃകപൂര്‍ണ്ണമായ ജീവിതമായിരിക്കണം തുടര്‍ന്ന്‌നും നാം നയിക്കുന്നത്.

ചന്ദ്രിക റമസാന്‍ നിലാവ് ഇവിടെ പൂര്‍ണമാകുന്നു. വ്രത വിശുദ്ധിയുടെ കര്‍മ്മശാസ്ത്ര പരിസരത്തിനപ്പുറം അതിന്റെ താത്വികവും മാനുഷികവുമായ തലങ്ങളാണ് റമസാന്‍ നിലാവിലൂടെ ഈ വിനീതന്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചത്. നാഥന്‍ സ്വീകരിക്കട്ടെ. ഹൃദയംഗമായ ഈദാശംസകള്‍ നേരുന്നു… (അവസാനിച്ചു)

Test User: