തിരുവനന്തപുരം: 12 ജില്ലകളിലെ 28 തദ്ദേശ വാര്‍ഡുകളില്‍ ഫെബ്രുവരി 28ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരെഞ്ഞെടുപ്പില്‍ ഇടുക്കി, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഒഴിവാകും. വിജ്ഞാപനം ഫെബ്രുവരി രണ്ടിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക ഒമ്പത് വരെ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 10ന് നടത്തും. 13 വരെ പത്രിക പിന്‍വലിക്കാം. മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.
23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍, രണ്ട് മുനിസിപ്പാലിറ്റി വാര്‍ഡുകള്‍, കൊല്ലം കോര്‍പറേഷനിലെ മീനത്തുചേരി വാര്‍ഡ്, പാലക്കാട് ജില്ല പഞ്ചായത്തിലെ ആലത്തൂര്‍ വാര്‍ഡ്, തൃശ്ശൂര്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തളിക്കുളം വാര്‍ഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.
ഇതോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ജില്ല, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവന്‍ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ അതാത് വാര്‍ഡുകളിലും ഗ്രാമപഞ്ചായത്തുകളില്‍ മുഴുവന്‍ വാര്‍ഡുകളിലുമാണ് ബാധകം.