പി. ഇസ്മായില്‍
ജനദ്രോഹ നടപടികള്‍ ആവര്‍ത്തിക്കുന്ന പിണറായി സര്‍ക്കാരിനെതിരെ ഭരണ സിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിലേക്ക്ജനാധിപത്യ മാര്‍ഗത്തില്‍ സേവ് കേരള മാര്‍ച്ച് നടത്തിയ യൂത്ത്‌ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തതില്‍ പ്രതികാര രാഷ്ട്രീയമാണ് പ്രകടമായത്. സമരക്കാരെ പിരിച്ചു വിടാന്‍ സാധാരണ ഗതിയില്‍ ആദ്യ ഘട്ടം പൊലിസ് ജലപീരങ്കി പ്രയോഗിക്കാറുണ്ട്. അതിനു പകരം ആദ്യം തന്നെ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു ശ്വാസം മുട്ടിക്കാനാണ് പൊലീസ് തുനിഞ്ഞത്.ലാത്തിചാര്‍ജിലും കണ്ണീര്‍ വാതക പ്രയോഗത്തിലുമായി നിരവധി സമര ഭടന്‍മാര്‍ക്കാണ് പരിക്കേറ്റത്.
ഇരുപത്തി എട്ടോളംപ്രവര്‍ത്തകരെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്തത്.സമാധാനപരമായി സമരം നടത്തിയവര്‍ക്ക് നേരെ പൊലീസ് പ്രകോപിതരാവുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു നിയമ സഭക്ക് മുന്നിലെ സമരപന്തലില്‍ ഇരിക്കുന്ന സ്ത്രീകളും വഴി യാത്രക്കാരും വരെ പൊലീസിന്റെ കണ്ണീര്‍ വാതകത്തിന് ഇരകളായി തീര്‍ന്നു. സമരത്തില്‍ പങ്കാളികളായ ആയിരങ്ങളെ കണ്ടതോ ടെയാണ് പോലിസ് കലിതുള്ളിയത്. പൊലീസിന്റെ യൂണിഫോമും ബോഡി വോണ്‍ ക്യാമറ വാങ്ങുന്നതിലും വരെ പി.പി.ഇ കിറ്റ് മോഡലില്‍ പര്‍ച്ചേഴ്‌സ് നടത്തി കയ്യിട്ടുവാരുന്നവരെ തുറന്നു കാട്ടിയും സ്ത്രീ പീഡനത്തിലും പോക്‌സോ കേസിലും പ്രതികളായി കാക്കിയുടെ വിശ്വാസം കളഞ്ഞുകുളിച്ച ക്രിമിനലുകളെ പുറത്താ ക്കാനും മുഷ്ടി ചരുട്ടിയവരുടെ മുതു കത്തും മൂക്കിലുമാണ് നിയമപാലകര്‍ പരിക്കേല്പിച്ചത്.
റിമാന്‍ഡിലായപ്രവര്‍ത്തകരുടെ ജാമ്യവുമായി ബന്ധപ്പെട്ടു പൊലീസ് സ്‌റ്റേഷനിലും കോടതിയിലും കയറി ഇറങ്ങുന്നതിനിടയിലാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസിനെ സമരം കഴിഞ്ഞു അഞ്ചാം നാള്‍ അറസ്റ്റു ചെയ്തത്. പിണറായി സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്ന രീതിയുലുള്ള പോരാ ട്ടങ്ങള്‍ക്ക് യൂത്ത് ലീഗിന്റെ തലപ്പത്തിരുന്നു നേതൃത്വം നല്‍കിയതു കൊണ്ടുള്ള വിരോധം ഒന്ന് മാത്രമാണ് ഫിറോസിനെ അറസ്റ്റ് ചെയ്യാനുള്ള കാരണം .ടി. പി ചന്ദ്രശേഖരന്‍ കൊലപാതക കേസ്സില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുറന്നു വിടാന്‍ ഗവര്‍ണ്ണര്‍ക്ക് കത്തെഴുതിയ മുഖ്യമന്ത്രിയുടെ ഭരണത്തിലാണ് ജനങ്ങള്‍ക്കു വേണ്ടി ശബ്ദിച്ച യൂത്ത് ലീഗുകാരെ പൂജപ്പുര ജില്ലാ ജയിലിലടച്ചത്.
വര്‍ഗീയ പരാമര്‍ശം നടത്തിയവര്‍ക്കും സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായവര്‍ക്കും അറസ്റ്റ് വാറണ്ട് കയ്യില്‍ വെച്ചു പൊതുവേദികളില്‍ പ്രത്യക്ഷപെടാനും കൊലപാതക കേസ്സിലെ പ്രതിപട്ടികയില്‍ പേരുള്ള നിയമസഭാ സമാജികന് സഭയില്‍ കയറി പ്രസംഗി ക്കാനും അവസരം ഒരുക്കി കൊടുത്തവരാണ് യൂത്ത്‌ലീഗുകാരെ കള്ളകേസ് ചുമത്തി വേട്ടയാടുന്നത്. പ്രതിഷേധി ക്കുന്നവരെ കയ്യാമം വെച്ചും കല്‍ത്തുറങ്കില്‍ അടച്ചും വര്‍ഗീയ പട്ടം ചാര്‍ത്തിയും നിശബ്ദമാകുന്ന മോഡിയുടെ സമീപനമാണ് ഇപ്പോള്‍ പിണറായിയും നടപ്പിലാക്കുന്നത്.ഫിറോസിനെ അറസ്റ്റു ചെയ്ത് യൂത്ത് ലീഗിന്റെ സമര വീര്യം ചോര്‍ത്തിക്കളയാമെന്നത് സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാന്നെന്നു വിളിച്ചോതുന്ന പ്രതിഷേധങ്ങളാണ് നാട് നീളെ നടക്കുന്നത്.
രണ്ടു വര്‍ഷത്തെ പിണറായി ഭരണത്തില്‍ സ്വന്തം പാര്‍ട്ടിയിലെയും മുന്നണിയിലേയും നേതാക്കള്‍ വരെ അസംതൃപ്തിയിലാണ്. ആനത്തലവട്ടം ആനന്ദനും കെ.ഇ ഇസ്മായിലും ഇയ്യിടെയാണ് സര്‍ക്കാരിന്റെ കാര്യക്ഷമതക്കെതിരെ തുറന്നടിച്ചത്. പൊതു വിപണിയിലെ പൂഴ്ത്തി വെപ്പും കരിഞ്ചന്തയും തടഞ്ഞ് അവശ്യ വസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പകരം ജനത്തെ കൊള്ളയടിക്കാനാണ് സര്‍ക്കാറിനു പോലും താല്പര്യം. പൊതു വിപണിക്ക് സമാനമായ അവസ്ഥയില്‍ സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചതും ഇന്ധന വില കുറക്കുന്നതിലെ താല്പര്യ കുറവ് ഉദാഹരണമാണ്.സാധാ രണക്കാരുടെ ആശ്രയ കേന്ദ്രമായ റേഷന്‍ കടകള്‍ എല്ലാ ദിവസവും തുറന്നു പ്രവര്‍ത്തിക്കാത്ത സാഹചര്യമാണുള്ളത്.ചോറ്റരിയും ഗോതമ്പും ഇന്ന് റേഷന്‍ കടകളില്‍ കിട്ടാഖനിയാണ്.
ജനങ്ങള്‍ക്ക് സ്വസ്ഥമായി ഉറങ്ങാനോ പുറത്ത് ഇറങ്ങി നടക്കാനോ കഴിയാത്ത വിധം ക്രമസമാധാന രംഗം അത്യാസന്ന നിലയിലാണ്. കാപ്പ നിയമം ചുമത്തി ഗുണ്ടകളെ ജയിലില ടക്കാന്‍ സര്‍ക്കാര്‍ അമാന്തം കാണിക്കുന്നതിനാല്‍ നഗര പട്ടണ വ്യത്യാസമില്ലാതെ ക്വട്ടേ ഷന്‍ സംഘം പിടിമുറുകിയിരിക്കുകയാണ്.തെരുവ് നായയുടെ കടിയില്‍ നിന്ന് പോലും ജനങ്ങള്‍ക്കു രക്ഷ കൊടുക്കാന്‍ സര്‍ക്കാരിന് സാധ്യമായിട്ടില്ല.ഒറ്റ വര്‍ഷത്തില്‍ മാത്രം ഇരുപത്തി ഒന്ന് പേരാണ് തെരുവ് നായയുടെ കടിയേറ്റ് മരിച്ചത്.കാട്ടാനയുടെയും കടുവയുടെയും അക്രമത്തില്‍ ആളുകള്‍ മരിക്കുന്നതും പതിവാവുകയാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം ക്ഷേമ പെന്‍ഷന്‍ മുടങ്ങുമ്പോഴും സര്‍ക്കാറിന്റെ ധൂര്‍ത്തിനു ഒട്ടും കുറവില്ല.നാട്ടു കാരോട് സാമ്പത്തിക അച്ചടക്കം പാലിക്കാന്‍ ഉപദേശം നല്‍കിയതിന് ശേഷമാണ്
ലക്ഷങ്ങള്‍ വിലവരുന്ന ആഡംബര വാഹനം മുഖ്യമന്ത്രി തരപ്പെടുത്തിയതും അര ക്കോടിയോളം ചിലവഴിച്ചു ക്ലിഫ് ഹൗസില്‍ കാലി തൊഴുത്തു നിര്‍മാണം നടത്തിയതും. വീടുകളില്‍ പെന്‍ഷന്‍ എത്തിക്കുന്നവരുടെ കമ്മീഷന്‍ അന്‍പത് രൂപയില്‍ നിന്ന് മുപ്പത് രൂപയാക്കി ചുരുക്കിയ തീരുമാനം പ്രഖ്യാപിച്ച അന്നേ ദിവസം തന്നെയാണ് യുവജന കമ്മീഷന്‍ചെയര്‍ പേഴ്‌സണ്‍ ചിന്താ ജെറോമിന്റെ ശമ്പളം അര ലക്ഷത്തില്‍ നിന്ന് മുന്‍കാല പ്രാബല്യത്തില്‍ ഒരു ലക്ഷമാക്കി ഉയര്‍ത്തി ഉത്തരവിറക്കിയതും .അഭ്യസ്ത വിദ്യരുടെ തൊഴില്‍ കവര്‍ന്നെടുത്തുംബന്ധു ജനങ്ങള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വീതം വെക്കുന്നതില്‍ മനം നൊന്തും ക്വിറ്റ് കേരള എന്ന മുദ്രാവാക്യം ഉയര്‍ത്തി ദിനേന നൂറുകണക്കിന് യുവാക്കള്‍ തൊഴില്‍ തേടി കേരളം വിട്ടുപോവുമ്പോഴും കുംഭ കര്‍ണ്ണനെ പോലെ പിണറായി ഉറക്കത്തിലാണ് .
സക്കറിയയുടെ ഭാസ്‌ക്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവലില്‍ ദക്ഷിണ കന്നടയില്‍ ജന്മിയായി വിലസുന്ന പട്ടേലരും കേരളത്തില്‍ നിന്ന് കുടിയേറിയത്തിയ തൊമ്മിയെന്ന തൊഴിലാളിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. പട്ടേലര്‍ അധികാരത്തിന്റെയും തൊമ്മി വിനീത വിധേയത്വത്തിന്റെയും പ്രതീകങ്ങളാണ്. പട്ടേലരുടെ അടിയും ചവിട്ടും ചീത്ത വിളിയും തൊമ്മി വാങ്ങി കൂട്ടുന്നതിനിടയിലും പട്ടേലര്‍ തന്റെ ഭാര്യയെ പീഡിപ്പിച്ചത് അയാള്‍ക്ക് സഹിക്കാനായില്ല. ”അയാളെ ഞാന്‍കൊല്ലും ‘ തൊമ്മി ആത്മരോഷം കൊണ്ടു. അപ്പോഴേക്കും തൊമ്മിയെ പട്ടേലര്‍ വിളിപ്പിച്ചു.തൊമ്മിയ്ക്കും ഭാര്യ ഓമനക്കും പുതിയ ഉടുപ്പുകള്‍ വാങ്ങി കൊടുത്തു.ഷാപ്പിലെ എടുത്തു കൊടുപ്പുകാരനായി ജോലിയും തരപ്പെടുത്തി.
ഒപ്പം പട്ടേലരുടെ പ്രധാന അടിമയെന്ന പട്ടവും ചാര്‍ത്തി കൊടുത്തു. അതോടെ തൊമ്മിയുടെ ദേഷ്യംഇല്ലാതായി. നിനക്കിപ്പോള്‍ പട്ടേലരുടെ സെന്റിന്റെ മണമാണ്. എനിക്ക് ഇഷ്ടമാണ് ഈ മണമെന്ന് ഭാര്യയോട് പറയുന്ന തരത്തിലേക്കു ള്ള തൊമ്മിയുടെ മനം മാറ്റമാണ് നോവലില്‍ കാണുന്നത്. തൊമ്മി വിധേയനായത് പട്ടേലരുടെ പണത്തിന് മുന്നിലായിരുന്നുവെങ്കില്‍ ഉറപ്പ് എന്ന തുറുപ്പ് ചീട്ട് ഉപയോഗിച്ച് എതിര്‍ക്കുന്നവരെ വരുതിയിലാക്കാനുള്ള ശ്രമമാണ് പിണറായിയും പയറ്റുന്നത് . വഴങ്ങാത്തവരെ അധികാരത്തിന്റെ മുഷ്ടി കൊണ്ടാണ് ഭരണകൂടം നേരിടുന്നത്. ജനവിരുദ്ധ നിലപാടുകളുമായി മുന്നോട്ട് പോവുന്ന ഭരണാധികാരികള്‍ക്കെതിരെ ഗോള്‍ വലയം കാക്കുന്നതില്‍ നിന്നും വിഭിന്നനായി ഗോള്‍ ലൈന്‍ മറികടന്ന് ഗോളടിച്ചും കിക്കെടുത്തും ശ്രദ്ധേയനായ കൊളംബിയന്‍ മുന്‍ഗോള്‍ കീപ്പര്‍ ഹിഗ്വിറ്റയ പോലെ പോരാളിയായി യൂത്ത്‌ലീഗ് നടത്തുന്ന തുടര്‍സമരങ്ങളിലും പങ്കാളിയാവുമെന്ന ആയിരങ്ങളുടെ ഉറച്ച ശബ്ദമാണ് അന്യായമായ അറസ്റ്റിനെതിരെ എ. സ് പി ഓഫീസുകള്‍ക്ക് മുന്നിലെ ധര്‍ണ്ണയില്‍ മുഴങ്ങിയത് .ഡല്‍ഹിയില്‍ പുതിയ പാര്‍ലിമെന്റ് മന്ദിരം നിര്‍മിക്കുന്നത് പോലെ നിലവിലെ സെക്രട്ടേറിയറ്റ് മാറ്റി സ്ഥാപിക്കാനുള്ള ആലോചനയാണ് പിണറായിയെങ്കില്‍ അവിടെ നിന്നും സര്‍ക്കാറിനെ താഴെ ഇറക്കാനുള്ള പോരാട്ടത്തിനാണ് യൂത്ത് ലീഗ് നേതൃത്വം നല്‍കുന്നത്. പോരാട്ടത്തിന് ഇന്ധനമാവും അറസ്റ്റും റിമാന്റും.