‘പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ട. ജീവിതത്തില്‍ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമര്‍ശിക്കുന്നത്. 400ഉം 500ഉം രൂപ മുടക്കി ടിക്കറ്റെടുക്കുന്നവര്‍ക്ക് നികുതിയിളവ് എന്തിനാണ്. നാടിനോ നാട്ടിലെ കായിക താരങ്ങള്‍ക്കോ ഒരുതരത്തിലും പ്രയോജനമില്ലാത്ത കാര്യത്തില്‍ എന്തിന് സര്‍ക്കാര്‍ നികുതിയിളവ് നല്‍കണം. കഴിഞ്ഞ തവണ നികുതിയിളവ് നല്‍കിയിട്ടും ടിക്കറ്റ് നിരക്കില്‍ ഇത് പ്രതിഫലിച്ചില്ല. ഇതൊക്കെ ആരാണ് കൊണ്ടുപോകുന്നതെന്ന് പരിശോധിക്കണം. നികുതിപ്പണം കൊണ്ട് മുട്ടത്തറയില്‍ #ാറ്റ് നിര്‍മിക്കും’. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വാക്കുകളാണിത്.
പാവപ്പെട്ടവരുടെ പാര്‍ട്ടിയെന്ന് സ്വയം അവകാശപ്പെടുന്ന സി.പി.എം മന്ത്രിസഭയിലെ ഒരംഗത്തിന്റെ അഹങ്കാരത്തോടെയുള്ള വാക്കുകള്‍ പ്രബുദ്ധ കേരളത്തെ ഞെട്ടിക്കുക മാത്രമല്ല ചെയ്തത്. മന്ത്രിയുടെ വാക്കുകളുടെ പൊരുള്‍ ഉള്‍ക്കൊണ്ട് കേരള ജനത മന്ത്രിയെയും സര്‍ക്കാറിനെയും ഒരു പാഠം പഠിപ്പിക്കുകകൂടി ചെയ്തിരിക്കുകയാണ്. കാര്യവട്ടം ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിന മത്സരമാണ് കാണികളില്ലാതെ നാണംകെട്ടത്. ഗ്രീന്‍ഫീല്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികളുമായാണ് മത്സരം നടന്നത്. നാല്‍പതിനായിരത്തോളം പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ആകെ കാണികള്‍ 16,210 പേര്‍ മാത്രമായിരുന്നു. ഇതില്‍ പണം നല്‍കി ടിക്കറ്റ് വാങ്ങിയവര്‍ 6201 പേര്‍ മാത്രവും. കോംപ്ലിമെന്ററി ടിക്കറ്റ് ലഭിച്ചവരായിരുന്നു അധികവും.
മത്സരത്തിന്റെ ടിക്കറ്റിന് ജി.എസ്.ടിക്ക്പുറമെയുള്ള വിനോദ നികുതിയാണ് കുത്തനെ ഉയര്‍ത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ അഞ്ച് ശതമാനമായിരുന്ന വിനോദ നികുതിയാണ് ഇത്തവണ 12 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തില്‍ മാത്രം അധികം നല്‍കേണ്ടിവന്നു. ഇതിന്പുറമെ 18 ശതമാനം ജി.എസ്.ടിയും അടക്കം ആകെ നികുതി 30 ശതമാനമായി. നികുതി എത്ര ഉയര്‍ത്തിയാലും അതിന്റെ ബാധ്യത ടിക്കറ്റ് എടുക്കുന്നവരുടെ തലയിലാണ് വന്നുചേരുക.
മത്സരം കാണാന്‍ ആളു കുറഞ്ഞതിന് കാരണം മന്ത്രി വി. അബ്ദുറഹ്മാന്റെ പിടിവാശിയും അഹങ്കാരവുമാണ്. സാധാരണക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും താങ്ങാനാവാത്തതായിരുന്നു ടിക്കറ്റ് നിരക്ക്. പണമുള്ളവര്‍ കണ്ടാല്‍ മതിയെന്നും അല്ലാത്തവര്‍ വരേണ്ടെന്നുമുള്ള മന്ത്രിയുടെ അഹങ്കാരം നിറഞ്ഞ വാക്കുകളാണ് തിരിച്ചടിയായത്. മലയാളിയുടെ ആത്മാഭിമാനത്തെയാണ് മന്ത്രി ചോദ്യം ചെയ്തത്. കേരളത്തെ നാണം കെടുത്തിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും മന്ത്രി അബ്ദുറഹ്മാനാണ്. എങ്ങനെയും ജനങ്ങളെ കൊള്ളയടിക്കുക എന്നതാണ് സര്‍ക്കാരിന്റെ രീതി.
മന്ത്രിയുടെ പ്രസ്താവനയും ഒഴിഞ്ഞ സ്റ്റേഡിയവും ചില കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ട്. അത് സര്‍ക്കാറിനുകൂടിയുള്ള മുന്നറിയിപ്പാണ്. മാളികപ്പുറത്തിരിക്കുന്ന മന്ത്രിക്ക് നാട്ടിലെ വിലക്കയറ്റത്തെക്കുറിച്ച് അറിയണമെന്നില്ല. മുണ്ടു മുറുക്കിയുടുത്തുതന്നെയാണ് ആളുകള്‍ ഇവിടെ കഴിഞ്ഞുകൂടുന്നത്. ഉപ്പു തൊട്ട് കര്‍പ്പൂരം വരെ എല്ലാ സാധനങ്ങള്‍ക്കും അതിരൂക്ഷ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. അവശ്യ സാധനങ്ങളുടെ വില വര്‍ധന കാരണം ജനങ്ങള്‍ വല്ലാത്ത പ്രയാസത്തിലാണ്. പലരുടെയും കുടുംബ ബജറ്റ് താളംതെറ്റി. വിലക്കയറ്റമുണ്ടാകില്ലെന്ന് പറഞ്ഞ് അധികാരത്തിലെത്തിയതാണ് പിണറായി സര്‍ക്കാര്‍. എന്നാല്‍ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തും ഇപ്പോഴും വിലക്കയറ്റം രൂക്ഷമായ അവസ്ഥയാണ്.
വെള്ളക്കരം വര്‍ധിപ്പിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. പാലുള്‍പ്പെടെ എല്ലാത്തിനും വില കൂടിക്കൊണ്ടിരിക്കുകയാണ്. വിലക്കയറ്റം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുന്നില്ല. അവശ്യസാധനങ്ങള്‍ക്കുമാത്രമല്ല നിര്‍മാണ സാമഗ്രികളുള്‍പ്പെടെ സകലതിനും അതിരൂക്ഷ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. ഇതുകാരണം സാധാരണ കൂലി പണിക്കുപോകുന്നവര്‍ക്ക് ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമാണ് തൊഴില്‍ ലഭിക്കുന്നത്. ഇതുകൊണ്ട് ഒരു കുടുംബം എങ്ങനെ കഴിയും. അക്ഷരാര്‍ത്ഥത്തില്‍ മുഴു പട്ടിണിയുടെ നാളുകളാണ് കേരളത്തിലിപ്പോഴുള്ളത്. അധികാരത്തിന്റെ അഹങ്കാരം തലക്കുപിടിച്ച മന്ത്രിമാര്‍ക്കും പരിവാരങ്ങള്‍ക്കും ഇതൊന്നുമറിയില്ല എന്നതാണ് സത്യം. അവരെ ഇക്കാര്യങ്ങളൊന്നു ബോധ്യപ്പെടുത്താന്‍ കിട്ടിയ അവസരമാണ് മന്ത്രിയായിട്ടുതന്നെ സാധാരണക്കാര്‍ക്ക് നല്‍കിയത്. അതവര്‍ ശരിക്കും ഉപയോഗപ്പെടുത്തിയതാണ് ഗ്രീന്‍ഫീല്‍ സ്റ്റേഡിയത്തില്‍ കണ്ട ആളില്ലാ കസേരകള്‍. കേരളം മുഴുവന്‍ പട്ടിണിയിലാണെന്ന് വിളിച്ചുപറയുന്നതാണിത്. സര്‍ക്കാറിനുകൂടിയുള്ള മുന്നറിയിപ്പായി ഇതിനെ കാണണം.
ജനങ്ങള്‍ക്ക് ഇനിയൊരവസരമുണ്ടായിരുന്നുവെങ്കില്‍ അവര്‍ ഈ ജനദ്രോഹ സര്‍ക്കാറിനെ മറിച്ചിടുമായിരുന്നു എന്നാണ് ജനങ്ങളുടെ പ്രതികരണം കാണിക്കുന്നത്. പാവപ്പെട്ട ജനങ്ങളെ മറന്നാണ് പിണറായി സര്‍ക്കാര്‍ ആറാടുന്നത്. ഇത്ര അഹങ്കാരത്തോടെ മന്ത്രി നടത്തിയ പ്രസ്താവന ജനങ്ങള്‍ ഉള്‍ക്കൊണ്ട സാഹചര്യത്തില്‍ ആ സ്ഥാനത്ത് തുടരാന്‍ മന്ത്രിക്ക് അര്‍ഹതയുണ്ടോ എന്ന് ആലോചിക്കണം. കേരള ജനതയോട് മാപ്പുപറയാനും മന്ത്രി തയാറാകണം.