വിദ്യാഭ്യാസരംഗം വിദേശ സര്‍വകലാശാലകള്‍ക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം ഗൗരവമേറിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനം നല്‍കുന്നതിനുള്ള കരട് നയരേഖ യു.ജി.സി പുറത്തിറക്കിയതോടെ പുതിയ നീക്കത്തിന്റെ നേട്ടവും കോട്ടവും സംബന്ധിച്ചും രാജ്യത്തിന്റെ വിദ്യാഭ്യാസ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ജാഗ്രത പുലര്‍ത്തേണ്ടത് സംബന്ധിച്ചും സര്‍ക്കാര്‍ തലത്തിലും അല്ലാതെയും കാര്യക്ഷമമായ ചര്‍ച്ചകളാണ് നടന്നുവരുന്നത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിനും അന്താരാഷ്ട്ര തലത്തില്‍ മറ്റേതൊരു രാജ്യത്തിന്റേയും വിദ്യാഭ്യാസ രംഗത്തോട് കിടപിടിക്കുന്നതിന് പ്രാപ്തമാക്കുന്നതിനും വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കണമെന്ന വാദത്തിനാണ് മേല്‍ക്കോയ്മ ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഹിന്ദിയിലേക്ക് മാറ്റുന്നതടക്കമുള്ള തലതിരിഞ്ഞ പരിഷ്‌കാരവുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ വിദേശ സര്‍വകലാശാലകള്‍ക്ക് ഇവിടെ എത്രമാത്രം പിടിച്ചുനില്‍ക്കാന്‍ ആവുമെന്ന സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. മധ്യപ്രദേശ് ബി.ജെ.പി സര്‍ക്കാര്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഹിന്ദിയിലേക്ക് മാറ്റിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. യു.പിയിലും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് പഠനമാധ്യമം ഹിന്ദി ആക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ നവീകരണത്തിന്റെ ഭാഗമായാണ് വിദേശ സര്‍വകലാശാലകെള ഇവിടേക്ക് സ്വാഗതം ചെയ്യുന്ന ഈ ചുവടുവയ്‌പ്പെന്നവകാശപ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ നിലവിലുള്ള വിദ്യാഭ്യാസരംഗം വര്‍ഗീയവത്കരിക്കാനുള്ള നീക്കങ്ങളില്‍നിന്ന് പിന്‍വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. മെഡിക്കല്‍ വിദ്യാഭ്യാസം പോലും ഹിന്ദിയിലും മറ്റു പ്രാദേശിക ഭാഷകളിലും ആക്കണമെന്ന് വാദിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ വിദേശ സര്‍വകലാശാലകളുടെ പ്രസക്തി ചോദ്യംചെയ്യപ്പെടുന്നതില്‍ സന്ദേഹിക്കാനാവില്ല. മെഡിക്കല്‍ വിദ്യാഭ്യാസം ഹിന്ദിയില്‍ ആക്കിയ മധ്യപ്രദേശില്‍ മൂന്നു മാസത്തിനിടെ കുട്ടികള്‍ ഗണ്യമായി കൊഴിഞ്ഞുപോയത് പ്രായോഗിക തലത്തില്‍ ഇത് വിജയിക്കില്ലെന്നതിന് നിദാനമാണ്. മെഡിസിനും എന്‍ജിനീയറിങും ഉള്‍പ്പെടെ ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ ഇംഗ്ലീഷില്‍തന്നെ പഠിക്കണം എന്ന് ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുമ്പോഴാണ് രാജ്യത്തെ പിന്നോട്ട് നയിക്കുന്ന നടപടികളുമായി പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷ മാധ്യമമാക്കുന്നത് പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാരുകള്‍ മുന്നോട്ടുപോകുന്നത്. ഹിന്ദി മാധ്യമത്തില്‍ പഠിച്ചിറങ്ങുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മധ്യപ്രദേശിലോ മറ്റ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലോ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂവെന്ന് വ്യക്തമാക്കി മധ്യപ്രദേശ് ജൂനിയര്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്.
മികച്ച വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് വിദേശ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള മാര്‍ഗരേഖയുടെ കരട് യു.ജി.സി പ്രസിദ്ധപ്പെടുത്തിയത്. വിദേശ സര്‍വകലാശാലകള്‍ എത്തുന്നത് ഈ മേഖലയില്‍ വന്‍തോതില്‍ സ്വകാര്യവത്കരണത്തിന് വഴിവെക്കുമെന്നും സാധാരണക്കാര്‍ക്ക് ഉന്നത വിദ്യാഭ്യാസം എന്നത് സ്വപ്‌നം മാത്രമായി അവശേഷിക്കുമെന്നുമാണ് വിദേശ സര്‍വകലാശാലകള്‍ക്കെതിരെയുള്ള പ്രധാന വിമര്‍ശനം. വിദ്യാഭ്യാസരംഗത്ത് രാജ്യത്ത് നിലനില്‍ക്കുന്ന സംവരണം വിദേശ സര്‍വകലാശാലകള്‍ വരുന്നതോടെ ഇല്ലാതാകുമെന്നും ആക്ഷേപമുണ്ട്. ഉന്നത വിദ്യാഭ്യാസത്തിനായി വര്‍ഷംതോറും ഇവിടെനിന്ന് വിദേശങ്ങളിലേക്ക് ഒഴുകുന്ന കോടികള്‍ ആഭ്യന്തരമായി ഉപയോഗപ്പെടുത്താം എന്നതാണ് വിദേശ സര്‍വകലാശാലകളെ സ്വാഗതം ചെയ്യുന്നത്‌വഴി ഏറ്റവും നേട്ടമായി കണക്കാക്കപ്പെടുന്നത്. നാലരലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് 2021ല്‍ വിദേശരാജ്യങ്ങളില്‍ ഉപരിപഠനത്തിന് പോയത്. കഴിഞ്ഞവര്‍ഷം ഇത് ഏഴ് ലക്ഷത്തോളമായി ഉയരുകയും ചെയ്തു. മൂന്നുലക്ഷം കോടി രൂപയാണ് ഇതുവഴി പുറം രാജ്യങ്ങളിലേക്ക് ഒഴുകുന്നത്. ചൈന യുക്രെയ്ന്‍ റഷ്യ ജോര്‍ജിയ ഉസ്ബകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇന്ത്യന്‍ സമ്പത്ത് ഈ വിധത്തില്‍ എത്തിച്ചേരുന്നത്.
വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇവിടുത്തെ സാധാരണക്കാര്‍ക്കും ഈ കോഴ്‌സുകള്‍ പ്രാപ്യമാകും എന്നാണ് യു.ജി.സി ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. ആഗോള റാങ്കിങില്‍ 500 നുള്ളില്‍ നില്‍ക്കുന്ന വിദേശ സര്‍വകലാശാലകളെ മാത്രമേ അനുവദിക്കുയെന്ന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇടക്ക്‌വെച്ച് പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ ഈ സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി പൂര്‍ണമായും സുരക്ഷിതമാക്കുന്നതരത്തിലും വ്യവസ്ഥകള്‍ യു.ജി.സി മുമ്പോട്ട്‌വെക്കുന്നുണ്ട്. വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ വരുന്നതുമായി ബന്ധപ്പെട്ട ഉയര്‍ന്ന ആശങ്കകള്‍ക്ക് യു.ജി.സിതന്നെ പരിഹാരം കാണും എന്നാണ് പൊതുവേ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. എന്നാല്‍ സങ്കുചിത ചിന്താഗതികളോടെ ഇംഗ്ലീഷ് വിരുദ്ധ സമീപനവും വിദ്യാഭ്യാസരംഗത്തെ പൂര്‍ണമായും വര്‍ഗീയവത്കരിക്കാനുള്ള നീക്കവും വിദേശ സര്‍വകലാശാലകളുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവും ഇവിടെയുള്ള നിലനില്‍പ്പും എത്രമാത്രം വിജയിക്കുമെന്നത്് കണ്ട്തന്നെ അറിയേണ്ടിയിരിക്കുന്നു.