ഇതെന്തു ന്യായം ഇതെന്തു നീതി എന്ന മുദ്രാവാക്യം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിയത് ഇടത് സഖാക്കള്‍ ആണെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷം ഭരിക്കുന്ന പ്രബുദ്ധ കേരളത്തില്‍ പൊതുജനം ഈ ചോദ്യം ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരിക്കുകയാണ്. സമസ്ത മേഖലയിലും ഭരണ വര്‍ഗത്തില്‍പെട്ടവര്‍ക്ക് ഒരു നീതി പൊതുജനങ്ങള്‍ക്ക് മറ്റൊരു നീതി എന്ന അവസ്ഥയിലേക്ക് സംസ്ഥാനഭരണം മാറിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍കൊണ്ട് നട്ടംതിരിയുകയും കടമെടുക്കാന്‍പോലും കഴിയാത്തത്ര ബുദ്ധിമുട്ടിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയുംചെയ്ത സാഹചര്യത്തില്‍ പോലും ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വന്തക്കാര്‍ക്ക്‌വേണ്ടി പണം വാരിക്കോരി ചിലവഴിക്കാന്‍ യാതൊരു മടിയും കാണിക്കുന്നില്ലെന്നതും പൊതുജനത്തിന് സര്‍ക്കാര്‍ പുല്ലുവില പോലും കല്‍പിക്കുന്നില്ലെന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കയാണ്. യുവജനകാര്യ കമ്മീഷന്‍ ചെയര്‍മാനും പാര്‍ട്ടിയുടെ യുവജന നേതാവുമായ വ്യക്തിക്ക് മുന്‍കാല പ്രാബല്യത്തോടെ ശമ്പളം ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് മുതല്‍ വിവിധ ജനകീയ കേസ് നടത്തിപ്പുകളില്‍വരെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പും സ്വജനപക്ഷപാതിത്വവും അതിശക്തമായി തുടരുകയാണ്.
സര്‍ക്കാരിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് സമരത്തിന് ഇറങ്ങുന്ന ജയനകീയ സമരക്കാരോട് ഒരു നീതിയും മന്ത്രിമാരുള്‍പ്പെടെ ഭരണവര്‍ഗവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് മറ്റൊരു നീതിയും എന്നതിന് വ്യക്തമായ കണക്കുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മന്ത്രിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട 125 കേസുകള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനകം പിന്‍വലിച്ച സര്‍ക്കാര്‍ ജനകീയ സമരങ്ങള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്നത്് പ്രഖ്യാപനത്തില്‍ ഒതുക്കിയിരിക്കുകയാണ്. സര്‍ക്കാരിനെതിരെയുള്ള ജനകീയ സമരങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെയും ഇത്തരം സമരങ്ങള്‍ ഇനി ഉണ്ടാകാതിരിക്കുന്നതിനുമുള്ള ആസൂത്രിത നീക്കത്തിന്റെയും ഭാഗമായാണ് ജനകീയസമരവുമായി ബന്ധപ്പെട്ട കേസുകള്‍ നിലനിര്‍ത്തികൊണ്ടിരിക്കുന്നത്. മന്ത്രിമാരും എം.എല്‍.എമാരും അകപ്പെട്ട കേസുകള്‍ യാതൊരു ന്യായവും ഇല്ലാതെ പിന്‍വലിക്കുമ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ അടക്കം സര്‍ക്കാര്‍ മനപ്പൂര്‍വം നിലനിര്‍ത്തുകയാണ്.
സില്‍വര്‍ലൈന്‍ കേസുകളും വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് എടുത്ത കേസുകളും പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങുകയാണ്. ശബരിമല യുവതി പ്രവേശനത്തിനെതിരെ സമരം നടത്തിയതിന് എടുത്ത കേസുകളും ഈ പട്ടികയില്‍ ഉണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് സി.പി.എംകൂടി പിന്തുണ പ്രഖ്യാപിച്ചതാണ്. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രം മാത്രമായിരുന്നെന്ന് പൊതുജനം വ്യാഖ്യാനിച്ചാല്‍ തെറ്റ് പറയാന്‍ ആവില്ല. പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട് 6847 പേരെ പ്രതിയാക്കി 835 കേസുകളാണ് എടുത്തിരുന്നത്. കേസുകള്‍ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ട് ഇത്ര കാലമായിട്ടും 34 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചത്. സില്‍വര്‍ലൈന്‍ അടക്കമുള്ള ജനകീയ സമരങ്ങളിലും ഇതുതന്നെയാണ് സ്ഥിതി.
ബഫര്‍ സോണ്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനും മറ്റു സമരങ്ങളുടെ ഗതി വരുമെന്നതില്‍ സംശയമില്ല. ജനകീയ സമരത്തിന്റെ ഭാഗമായി സില്‍വര്‍ലൈന്‍ പോലുള്ള പദ്ധതികളില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടി വന്നിട്ട് പോലും സമരക്കാര്‍ക്കെതിരായ കേസുകള്‍ മാറ്റമില്ലാതെ തുടരുന്നു എന്നത് സര്‍ക്കാരിന്റെ ഏറ്റവും വലിയ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. കേസുകള്‍ പിന്‍വലിക്കാതിരിക്കാന്‍ കാരണങ്ങള്‍ തേടുകയും തൊടുന്യായങ്ങള്‍ ഇതിനുവേണ്ടി കണ്ടെത്തുകയുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സില്‍വര്‍ലൈന്‍ സമരം നടന്നത് കോവിഡ് കാലത്തായതുകൊണ്ട് ആ കേസുകളില്‍ ഭൂരിഭാഗത്തിലും കോവിഡ് വകുപ്പുകള്‍ പ്രധാനമായി ചേര്‍ത്തിരിക്കയാണ്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയ വകുപ്പുകൂടി ചേര്‍ത്തതോടെ കാലാകാലം ഈ കേസുകള്‍ തുടരുമെന്നുറപ്പായിരിക്കയാണ്. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരായ 12 കേസും എം.എല്‍.എമാര്‍ക്കെതിരായ 94 കേസുമുള്‍പ്പെടെ 128 കേസുകളാണ് അഞ്ച് വര്‍ഷത്തിനിടെ പിന്‍വലിച്ചത്. 22 കേസുകള്‍കൂടി ഉടന്‍ പിന്‍വലിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്.
സര്‍ക്കാരിന്റെ ദൈനംദിന ചിലവുകള്‍ക്കുപോലും പണമില്ലാതിരിക്കെയാണ് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗംകൂടിയായ സംസ്ഥാന യുവജന കമ്മിഷന്‍ ചെയര്‍പഴ്‌സണ്‍ ചിന്ത ജെറോമിന്റെ ഒരു വര്‍ഷത്തെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചുനല്‍കിയത്. ചെയര്‍പഴ്‌സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്. 2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചുതുടങ്ങിയത്. അതിന് മുമ്പ് അന്‍പതിനായിരം രൂപയായിരുന്നു ശമ്പളം. മുന്തിയ ഇനം കാറുകള്‍ വാങ്ങാന്‍ അടക്കം ഭരണവര്‍ഗവുമായി ബന്ധപ്പെട്ട സ്വന്തക്കാരുടെ ആഡംബരങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സന്റെ വന്‍തോതിലുള്ള ശമ്പള വര്‍ധന. ഇടതുഭരണത്തില്‍ സ്വന്തക്കാര്‍ക്ക് മാത്രമേ രക്ഷയുള്ളൂ എന്നതാണ് അവസ്ഥ. ഭരണവര്‍ഗത്തിന് ഒരു നിയമവും പൊതുജനത്തിന് മറ്റൊരു നിയമവും എന്നത് ഇനിയും അവസാനിപ്പിച്ചില്ലെങ്കില്‍ കേരളം ജനകീയ സമരങ്ങളുടെ വേലിയേറ്റത്തിനാകും സാക്ഷ്യംവഹിക്കുക എന്നതില്‍ സംശയമില്ല.