ഹിമാചല്‍പ്രദേശിലെ വോട്ടെടുപ്പിന് എട്ട് ദിവസം ശേഷിക്കെ ഗുജറാത്തിലും നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. 182 മണ്ഡലങ്ങളില്‍ രണ്ട് ഘട്ടങ്ങളായി ഡിസംബര്‍ ഒന്നിനും അഞ്ചിനുമാണ് വിധിയെഴുത്ത്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് ഇരു സംസ്ഥാനങ്ങളിലും ഒന്നിച്ചാണ്. രണ്ടിടത്തും തിരഞ്ഞെടുപ്പ് ഒന്നിച്ച് നടത്താമായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിനെ നീട്ടിക്കൊണ്ടുപോയതില്‍ ദുരൂഹത മണക്കുന്നുണ്ട്. കമ്മീഷന്റെ തീരുമാനം സമാന്യ യുക്തിക്ക് നിരയ്ക്കുന്നതല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തം. ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ കമ്മീഷന്‍ അല്‍പം അറച്ചുനിന്നത് എന്തിനാണെന്ന പ്രതിപക്ഷ ചോദ്യം മറുപടി അര്‍ഹിക്കുന്നുണ്ട്. രാജ്യത്തെ തന്ത്രപ്രധാന ഏജന്‍സികളെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി കളിപ്പാവകളാക്കി മാറ്റിയെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ സംശയങ്ങള്‍ ന്യായമാണ്. ഗുജറാത്തില്‍ തോല്‍വി മണക്കുന്ന ബി.ജെ.പി തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ കമ്മീഷനില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നവരെ കുറ്റം പറയാനാകില്ല. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ മറുപടി തന്നെ രാഷ്ട്രീയം കലര്‍ന്നതായിരുന്നു. കളിയില്‍ തോറ്റ ടീം അമ്പയറെ കുറ്റം പറയുന്നതുപോലെയാണെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ആര്‍ക്കെതിരെയുള്ള കുത്താണെന്ന് എളുപ്പം പിടികിട്ടും.
ഹിമാചല്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തിനെ ഒഴിവാക്കിയത് ഭരണകക്ഷിയായ ബി.ജെ.പിക്ക് കളമൊരുക്കാനാണെന്ന ആരോപണം ശക്തമാണ്. കാരണം സംസ്ഥാനത്ത് ബി.ജെ.പിക്ക് നല്ല പേടിയുണ്ട്. 2017ലെ തിരഞ്ഞെടുപ്പില്‍ തല നാരിഴക്കാണ് ബി.ജെ.പി രക്ഷപ്പെട്ടത്. 99 സീറ്റുകള്‍ നേടി ബി.ജെ.പി അധികാരത്തിലെത്തിയെങ്കിലും 78 സീറ്റുകളില്‍ കോണ്‍ഗ്രസ് ഉജ്വല വിജയം കാഴ്ചവെച്ചിരുന്നു. ഇരു പാര്‍ട്ടികള്‍ തമ്മില്‍ 21 സീറ്റുകളുടെ വ്യത്യാസമാണുണ്ടായിരുന്നത്. അല്‍പം ആഞ്ഞുപിടിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഭരണം പിടിക്കാന്‍ പറ്റുമായിരുന്നു. 1995ല്‍ കേശുഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയശേഷം ബി.ജെ.പി മറ്റൊരു ഘട്ടത്തിലും ഇത്രയേറെ പതറിയിട്ടില്ല. കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടിയിലധികം സീറ്റുകള്‍ സ്വന്തമാക്കിയിരുന്ന പാര്‍ട്ടിയുടെ മനക്കോട്ടകള്‍ ഇത്തവണ പൂര്‍ണമായും ഇടിഞ്ഞുവീഴുമെന്ന ഭയമാണ് തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്. അതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടുനിന്നുവെന്ന ആരോപണം നിസ്സാരമായി തള്ളേണ്ടതല്ല.
മുന്‍ അനുഭവം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് കോണ്‍ഗ്രസ് കാലേകൂട്ടിതന്നെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ശബ്ദകോലാഹലങ്ങളുണ്ടാക്കി എതിര്‍ ചേരിയെ ഉണര്‍ത്താതെ നിശബ്ദ പ്രചാരണങ്ങളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തന്ത്രങ്ങളെ മോദി ആശങ്കയോടെയാണ് കാണുന്നത്. ഒക്ടോബര്‍ ആദ്യം ബി. ജെ.പി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍ അദ്ദേഹം അക്കാര്യം ഓര്‍മിപ്പിക്കുകയും ചെയ്തു. പതിവ് വര്‍ഗീയ കാര്‍ഡ് മാത്രം ഗുജറാത്തില്‍ വിലപ്പോകില്ലെന്ന് ബി. ജെ.പിക്ക് ബോധ്യമുണ്ട്. വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ വെറും പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിരിക്കെ ഏകസിവില്‍ കോഡ് ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷ വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് പാര്‍ട്ടി ശ്രമം. വര്‍ഗീയ പരീക്ഷണങ്ങളാണ് സംസ്ഥാനത്ത് പാര്‍ട്ടിക്ക് അടിത്തറയിട്ടതെന്ന ധാരണയില്‍ തന്നെയാണ് ബി.ജെ.പി നേതൃത്വം ഇപ്പോഴും മുന്നോട്ടുപോകുന്നത്. ഗുജറാത്തില്‍ മോദി വര്‍ഗീയവാദികളുടെ പ്രിയങ്കരനായത് മുസ്‌ലിം വിരുദ്ധ കലാപത്തെ തുടര്‍ന്നായിരുന്നു.
വര്‍ഗീയത പറയാതെയും പ്രചരിപ്പിക്കാതെയും ബി.ജെ. പിക്ക് ഒരു തിരഞ്ഞെടുപ്പിനെയും നേരിടാന്‍ സാധിക്കില്ല. ഗുജറാത്തില്‍ ഇപ്പോള്‍ പിടിക്കാവുന്ന ഏക പിടിവള്ളി ഏക സിവില്‍കോഡാണ്. അതോടൊപ്പം അടുത്തിടെ ഗുജറാത്തിലെത്തി വന്‍കിട പദ്ധതികളുടെ പ്രഖ്യാപനവും മോദി നടത്തി. അവസാന നിമിഷം മറ്റ് സംസ്ഥാനങ്ങള്‍ക്കുകൂടി അര്‍ഹതപ്പെട്ടത് പിടിച്ചുവാങ്ങി ഗുജറാത്തിലേക്ക് കടത്താനും ബി.ജെ.പി ശ്രമിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍വന്നാല്‍ ഇത്തരം കുതന്ത്രങ്ങളൊന്നും നടക്കില്ലെന്നതുകൊണ്ട് കൂടിയാണ് തിരഞ്ഞെടുപ്പ് ഇത്രയും നീട്ടിവെച്ചത്. 2017ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചിരുന്ന ചില പ്രമുഖര്‍ ബി.ജെ.പിയിലേക്ക് പോയിട്ടുണ്ടെങ്കിലും കോണ്‍ഗ്രസ് നല്ല ആത്മവിശ്വാസത്തിലാണ്. കൂറുമാറ്റക്കാരുടെ തനിനിറം തിരിച്ചറിഞ്ഞ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതികരിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
മോര്‍ബി തൂക്കുപാല ദുരന്തം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. ഗുജറാത്ത് മോഡല്‍ വികസനവുമായി മോദിയും സഹപ്രവര്‍ത്തകരും ഓടിനടക്കുമ്പോഴാണ് തൂക്കുപാലം തകര്‍ന്നുവീണത്. മോദിക്ക് ശേഷം പലരെയും പരീക്ഷിച്ച് പരാജയപ്പെട്ട ബി.ജെ.പിക്ക് ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിലും വിശ്വാസമില്ല. നേതൃത്വത്തിന്റെ അഭാവം അവരെ തളര്‍ത്തുകയാണ്. അതോടൊപ്പം ഹിന്ദു കാര്‍ഡിറക്കി ആം ആദ്മി രംഗത്തെത്തിയത് തങ്ങളുടെ വോട്ടുകള്‍ ചോരാന്‍ കാരണമാകുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്. മൊത്തത്തില്‍ കോണ്‍ഗ്രസിന് അനുകൂല ഘടകങ്ങള്‍ ധാരാളമുണ്ട്. അവയൊക്കെയും മുതലെടുത്ത് പ്രവര്‍ത്തിക്കുന്നിടത്താണ് പാര്‍ട്ടിയുടെ വിജയം.