നിത്യോപയോഗസാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വിലക്കയറ്റത്തിലൂടെ ജനജീവിതം നരകതുല്യമാകുമ്പോള്‍ നിസംഗതയുടെ പര്യായമായി മാറുകയാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍. മലയാളികളുടെ പ്രധാന ഭക്ഷണമായ അരിക്ക് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിലവര്‍ധനവാണുണ്ടായിരിക്കുന്നത്. കേരളത്തിലെ അരി ഉപയോഗത്തില്‍ എഴുപത് ശതമാനത്തോളം വരുന്ന ജയ അരിയുടെ വരവ് വൈകുമെന്ന വാര്‍ത്ത വില അടുത്തെങ്ങും കുറയില്ലെന്നതിന്റെ സൂചനയാണ്. അരി ലഭ്യമാക്കുന്നതിന് ആന്ധ്രസര്‍ക്കാറുമായി ചര്‍ച്ച നടത്താന്‍ പോയ മന്ത്രി ജി.ആര്‍ അനില്‍ വെറുംകൈയ്യോടെയാണ് മടങ്ങിയിരിക്കുന്നത്. പച്ചക്കറി വിലയാകട്ടെ രണ്ടു മാസം മുമ്പുള്ളതിന്റെ ഇരട്ടിയിലെത്തി നില്‍ക്കുകയാണ്. സോപ്പ്, പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വിലയും അടിക്കടി ഉയരുകയാണ്. ബിസ്‌ക്കറ്റിന് കമ്പനികള്‍ മത്സരിച്ച് വിലകൂട്ടിയപ്പോള്‍ പാക്കറ്റുകള്‍ക്ക് പത്തുരൂപയിലധികം വര്‍ധിച്ചിരിക്കുകുകയാണ്. ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലകൂടി ചേര്‍ത്തുവെക്കുമ്പോള്‍ ഓരോ ദിവസവും കഴിഞ്ഞുകൂടാന്‍ സാധാരണക്കാരന്‍ പെടാപാട് പെടുകയാണ്.
വിപണിയല്‍ വില കുതിച്ചുയരുമ്പോള്‍ ഇവിടെ ഒരു സര്‍ക്കാറുണ്ടോ എന്ന ചോദ്യമാണ് ജനങ്ങളുടെ മനസില്‍ രൂപപ്പെടുന്നത്. ജി.എസ്.ടി നടപ്പാക്കിയതിലെ അപകാതയുള്‍പ്പെടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളിലൂടെ ഈ ദുരിതപൂര്‍ണമായ സാഹചര്യം സംജാതമാക്കിയ ഒരു സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന കണക്കിന് കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങളെ ജനങ്ങളിലേക്കെത്തിക്കുന്നതിനുള്ള ഇടനിലക്കാരായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. തങ്ങളുടെ എല്ലാ കഴിവുകേടുകളേയും മറച്ചുപിടിക്കാനുള്ള മോദിയുടെ തന്ത്രം ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കുക എന്നതാണെങ്കില്‍ ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരനെ പോലെ വിവാദങ്ങളുണ്ടാക്കി യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധതിരിക്കുന്ന സമീപനമാണ് പിണറായി സര്‍ക്കാറിന്റേത്. വിലക്കയറ്റം അതിന്റെ പാരമ്യതയിലെത്തിനില്‍ക്കുകയും ജനങ്ങള്‍ നെട്ടോട്ടമോടുകയും ചെയ്യുമ്പോള്‍ സര്‍വസന്നാഹങ്ങളുമൊരുക്കി ഗവര്‍ണര്‍ക്കെതിരെയുള്ള പോര് പൊടിപൊടിക്കുന്നതിലായിരുന്നു മുഖ്യമന്ത്രിയുടെ മുഴുവന്‍ ശ്രദ്ധയും.
വിലക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കെല്ലാം സര്‍ക്കാറിന്റെ മറുപടി സപ്ലൈക്കോ എന്നതിലൊതുങ്ങുകയാണ്. എന്നാല്‍ ജനങ്ങള്‍ ആശ്വാസമാകേണ്ട സപ്ലൈക്കോയുടെ അവസ്ഥ ഏറ്റവും പരിതാപകരമാണ്. 90 ലക്ഷത്തിലധികം റേഷന്‍ കാര്‍ഡുടമകളില്‍ പത്തുശതമാനം പേര്‍ക്ക് മാത്രമാണ് സപ്ലൈക്കോ വാഗാദാനം ചെയ്യുന്ന സബ്‌സിഡി നിരക്കില്‍ സാധനങ്ങള്‍ ലഭ്യമാകുന്നത്. ജനങ്ങള്‍ക്ക് ആശ്വാസമാവേണ്ട കണ്‍സ്യൂമര്‍ ഫെഡിന്റെ സ്തിതി ഇതിനേക്കാള്‍ പരിതാപകരമാണ്. അങ്ങിനെയൊരു സംവിധാനം നിലവിലുണ്ടോ എന്നു പോലും സംശയിച്ചു പോവുകയാണ്. പച്ചക്കറി വിപണിയിലെ സര്‍ക്കാറിന്റെ പ്രാതിനിത്യമായ ഹോട്ടികോര്‍പ്പിന്റയും സ്ഥിതി തഥൈവ. എല്ലാ വില വര്‍ധനയുടെയും ഒരു കാരണമായ ഇന്ധന വിലവര്‍ധനയുടെ കാര്യത്തില്‍ ഇരു സര്‍ക്കാറുകളും ഒരുമിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേന്ദ്രം എണ്ണക്കമ്പനികളെ കുറ്റം പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്നൊഴിഞ്ഞ് മാറുമ്പോള്‍ സംസ്ഥാനം കേന്ദ്രത്തിനുമേല്‍ കെട്ടിവെക്കുകയും വിലവര്‍ധനയിലൂടെ ലഭിക്കുന്ന നികുതിപ്പണം വാങ്ങി പോക്കറ്റിലിടുകയുമാണ്. സംസ്ഥാനത്തിന്റെ നികുതി വിഹിതം ഒഴിവാക്കി ഇന്ധനവിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ മാതൃക മുന്നിലുണ്ടായിട്ടും തൊടി ന്യായങ്ങളിലൂടെ അതെല്ലാം വിസ്മരിക്കുകയാണ്.
വാചാടോപങ്ങള്‍ക്കൊണ്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സക്രിയ നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാറുകള്‍ ഇനിയും തയാറാകാത്ത പക്ഷം ജനങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്തിനും ഏതിനും സാമ്പത്തിക ഞെരുക്കം പറയുന്ന സംസ്ഥാന സര്‍ക്കാര്‍ ഇവിടെയും അത് ആവര്‍ത്തിക്കുകയാണ്. ഇത്തരം ജീവല്‍ പ്രശ്‌നങ്ങളുടെ മുന്നില്‍ കൈമലര്‍ത്തുമ്പോള്‍ സര്‍ക്കാറിന് താല്‍പര്യമുള്ള കാര്യങ്ങളില്‍ പണത്തിന് ഒരു പഞ്ഞവും പ്രകടമാവുന്നുമില്ല. കേരള സര്‍വകലാശാലയില്‍ മാര്‍ക്‌സിസ്റ്റ് നേതാക്കളെ കുറിച്ചുള്ള പഠനത്തിന് പത്തുകോടി അനുവദിച്ചതും സ്വര്‍ണക്കടത്തുകേസില്‍ സര്‍ക്കാറിനുവേണ്ടി ഹാജരാകന്‍ പ്രമുഖ അഭിഭാഷകന്‍ കപില്‍സിബലിന് സിറ്റിങ്ങിന് 15 ലക്ഷം രൂപ അനുവദിച്ചതുമെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ഈ സര്‍ക്കാര്‍ തന്നെയാണ്. മന്ത്രിമാരുടെ സകുടുംബമുള്ള വിദേശ യാത്രക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചതും ഇതിനിടയിലാണ്. തങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള മാനസികാവസ്ഥയിലേക്ക് ഇരു സര്‍ക്കാറുകളും ഇനിയെങ്കിലും മടങ്ങിവരണമെന്ന് അഭ്യര്‍ത്ഥനയിലാണ് പാവപ്പെട്ട ജനങ്ങള്‍.