ഭോപ്പാല്‍- ഭോപ്പാലിലെ ജലസംസ്‌കരണ പ്ലാന്റില്‍ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ മദര്‍ ഇന്ത്യ കോളനിയിലെ ജലസംസ്‌കരണ പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത്. പ്ലാന്റിലെ ക്ലോറിന്‍ സിലിണ്ടറില്‍ നിന്ന് വാതകം ചോര്‍ന്നതോടെ പ്രദേശവാസികള്‍ക്ക് അസ്വസ്ഥത നേരിട്ടു. ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതോടെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഗ്നിശമന സേനാംഗങ്ങള്‍ എത്തി സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. 900 കിലോ തൂക്കമുള്ള സിലിണ്ടറായിരുന്നു ചോര്‍ന്നത്. 1984 ലെ ഭോപ്പാല്‍ വാതക ദുരന്തം നടന്ന ഇഡ്ഗ ഹില്‍സിനു സമീപത്തെ കോളനിയാണ് ഇപ്പോള്‍ വാതക ചോര്‍ച്ചയുണ്ടായ മദര്‍ ഇന്ത്യാ കോളനി. വാതക ചോര്‍ച്ചയുണ്ടാകാനുള്ള കാരണം അന്വേഷിക്കുമെന്ന് അധിക്യതര്‍ അറിയിച്ചു.