പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പദവികളില്‍ നിന്ന് പ്രതിപക്ഷ പ്രതിനിധികളെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തിന്റെ കീഴ് വഴക്കങ്ങളെ കാറ്റില്‍ പറത്തുന്നതാണ്. പാര്‍ലമെന്ററി സമിതികളെ പുന:സംഘടിപ്പിച്ച് ചൊവ്വാഴ്ച ഇറക്കിയ ഉത്തരവ് പ്രകാരം സുപ്രധാന സമിതികളായ ആഭ്യന്തരം, ധനകാര്യം, ഐടി, പ്രതിരോധം, വിദേശകാര്യം, ആരോഗ്യം എന്നിവയുടെ അധ്യക്ഷ സ്ഥാനത്തുനിന്നാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിനേയും രണ്ടാമത്തെ വലിയ പ്രതിപക്ഷ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനേയും പാടെ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ ആഭ്യന്തര പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് എം.പി മനു അഭിഷേക് സിങ്‌വിയും ഐ.ടി സമിതിയുടെ തലപ്പത്ത് നിന്ന് ശശി തരൂരും പുറത്തായി.
ബി.ജെ.പി സര്‍ക്കാറിന്റെ ഈ നീക്കത്തിലൂടെ കോണ്‍ഗ്രസിന് ഒരു ചെയര്‍മാന്‍ പദവി മാത്രമാവുകയും തൃണമൂല്‍ കോണ്‍ഗ്രസിന് ഓരൊറ്റ ചെയര്‍മാന്‍ പദവിയും ഇല്ലാതായിരിക്കുകയുമാണ്. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ അധ്യക്ഷരായ സമിതികള്‍ക്ക് കാര്യമായ മറ്റങ്ങളൊന്നും വരുത്തിയിട്ടില്ല താനും.
വിവിധ വകുപ്പുകള്‍ക്ക് കീഴിലായി പാര്‍ലമെന്റിന് 24 സ്ഥിരം സമിതികളാണുള്ളത്. ഇതില്‍ എട്ടെണ്ണത്തിന്റെ ചെയര്‍മാന്‍ സ്ഥാനം പ്രതിപക്ഷ കക്ഷികള്‍ക്ക് നല്‍കുക എന്നതാണ് പാര്‍ലമെന്റിന്റെ ഇതുവരെയുണ്ടായിരുന്ന കീഴ്‌വഴക്കം. ബഹളങ്ങളും നിര്‍ത്തിവെക്കലുമെല്ലാമായി സഭയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുമ്പോഴും ഭരണപരമായ കാര്യങ്ങള്‍ തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇത്തരം സമിതികള്‍ക്കുള്ളത്. അത്‌കൊണ്ട് തന്നെ ഈ സമിതികളില്‍ എല്ലാ കക്ഷികളുടെയും കൃത്യമായ പ്രാതിനിത്യം ഉറപ്പുവരുത്താന്‍ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ശ്രമിക്കാറുമുണ്ട്. പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായിത്തീര്‍ന്ന ഐ.കെ ഗുജറാളും അടല്‍ ബിഹാരി വാജ്‌പേയിയും വിവിധ കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്ത് വിദേശ കാര്യ സമിതിയുടെ അധ്യക്ഷ പദവിയിലിരുന്നവരാണ്.
വ്യത്യസ്ത കക്ഷികളുടെ പ്രതിനിധികളാണ് ഇത്തരം സമിതികളില്‍ അംഗങ്ങളെന്നിരിക്കെ ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായം അറിയാന്‍ സാധിക്കുമെന്നതാണ് ഈ സമിതികളുടെ ഏറ്റവും വലിയ സവിഷേശത. അതു കൊണ്ടു തന്നെ പാര്‍ലമെന്ററി സമിതികളുടെ തീരുമാനങ്ങള്‍ പലപ്പോഴും നിഷ്പക്ഷമാവാറുമുണ്ട്. എന്നാല്‍ സമിതികളുടെ നേതൃത്വം പൂര്‍ണമായും സര്‍ക്കാറിന്റെ വരുതിയിലാക്കുകയും വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ഭരണകക്ഷിക്ക് തലവേദനയുണ്ടാക്കുന്ന ചോദ്യങ്ങളുയര്‍ത്തുന്ന അധ്യക്ഷന്‍മാരെ ഇല്ലാതാക്കുകയും ചെയ്യുക എന്നതു മാത്രമാണ് മോദി സര്‍ക്കാറിന്റെ ഉദ്ദേശ്യമെന്നത് വ്യക്തമാണ്.
ആഭ്യന്തര വകുപ്പിന് കീഴിലുള്ള സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയെ നീക്കംചെയ്യാനുള്ള കാരണമായി പറഞ്ഞത് രാജ്യസഭയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ കുറഞ്ഞുവെന്നാണ്. എങ്കില്‍ ലോക്‌സഭാ അംഗങ്ങളുടെ കാര്യത്തില്‍ മാറ്റമെന്തിനെന്ന ചോദ്യത്തിന് ബി.ജെ.പിക്ക് ഒരു ഉത്തരവും നല്‍കാനില്ല. രണ്ടാം മോദി സര്‍ക്കാറിലെ സ്ഥിരം സമിതികള്‍ രൂപീകരിക്കപ്പെട്ട ശേഷം ലോക്‌സഭയില്‍ ഒരു അംഗത്തിന്റെ വര്‍ധനവാണ് കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത്. മാത്രവുമല്ല, ഒരു സര്‍ക്കാര്‍ നിലവില്‍വന്നതിന് ശേഷം പാര്‍ലമെന്ററി സമിതികള്‍ ഇടക്കാലത്ത് പുനസംഘടിപ്പിക്കുക എന്നതും ഇദംപര്യന്തമാണ്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചുകൊണ്ടിരുന്ന ഒരു സമിതിയായിട്ടാണ് ശശി തരൂര്‍ അധ്യക്ഷനായ ഐ.ടി സമിതി വിലയിരുത്തപ്പെട്ടിരുന്നത്. അദ്ദേഹത്തെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ പ്രസ്തുത സമിതിയിലെ അംഗങ്ങള്‍ തന്നെ ലോകസഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത് ഇതിനുദാഹരണമാണ്.
ചുരുക്കത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഏകാധിപത്യ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് പാര്‍ലമെന്ററി സമിതികളുടെ അധ്യക്ഷ പുനസംഘടനയിലൂടെ വ്യക്തമാകുന്നത്. പാര്‍ലമെന്റിനെ പോലും നോക്കുകുത്തിയാക്കുന്ന ഒരു സര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവികം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി കൈയേറ്റം ചെയ്തുകൊണ്ടിരിക്കുന്ന ബി.ജെ.പി ഭരണകൂടത്തില്‍ നിന്ന് ഇത്തരം കാര്യങ്ങളില്‍ നീതിപൂര്‍വമായ ഒരു ഇടപെടല്‍ പ്രതീക്ഷിക്കുന്നത് തന്നെ വിഡ്ഡിത്തമാണ്. എന്നാല്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തിനാണ് ഇത്തരം കീഴ് വഴക്ക ലംഘനങ്ങളിലൂടെ കത്തിവെച്ചുകൊണ്ടിരിക്കുന്നത് എന്നതാണ് ഏറെ ഖേദകരം.