അബ്ദുല്ല വാവൂര്‍
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നാളെ മുതല്‍ വീണ്ടും അധ്യയനത്തിന് സജീവമാകുകയാണ്. 2020 മാര്‍ച്ച് മാസം പൊതു പരീക്ഷകള്‍ക്കിടയില്‍ കോവിഡ് തീര്‍ത്ത പ്രതിസന്ധിമൂലം 2020-21, 2021-22 അധ്യയന വര്‍ഷം ജൂണില്‍ ആരംഭിക്കാന്‍ കഴിയാതെ അടഞ്ഞുകിടക്കുകയായിരുന്നു. എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 15436 വിദ്യാലയങ്ങള്‍ സംസ്ഥാനത്ത് ഉണ്ട്. 38 ലക്ഷത്തോളം കുട്ടികള്‍ ഈ വിദ്യാലയങ്ങളിലുണ്ട്.
കുട്ടികളുടെ പ്രവേശന നിരക്കില്‍ നേരിയ വര്‍ധന ഇപ്പോള്‍ പ്രകടമാണ്. കോവിഡ് മഹാമാരിക്ക്മുമ്പുള്ള 2019ലെ കണക്ക് പ്രകാരം 3703818 കുട്ടികളാണ് പൊതു വിദ്യാലയത്തിലുള്ളത്. വിദ്യാലയങ്ങള്‍ വീണ്ടും സജീവമാകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി കാണേണ്ട വിഷയമാണ് കുട്ടികളില്‍ കോവിഡ് തീര്‍ത്ത പഠന വിടവ്. കോവിഡ് സമയത്ത് ജൈവിക പഠനത്തിന്പകരം മുന്നോട്ട്‌വെച്ച ഓണ്‍ലൈന്‍ പഠനം തീര്‍ത്തും കുറ്റമറ്റതാണെന്ന അഭിപ്രായം വിദ്യാഭ്യാസ വകുപ്പിന് പോലും ഇല്ല. 2020-21ല്‍ ഒന്നാം തരത്തില്‍ ചേര്‍ന്ന കുട്ടി ഇപ്പോള്‍ മൂന്നിലും അഞ്ചില്‍ ചേര്‍ന്ന കുട്ടി ഏഴിലും എട്ടില്‍ ചേര്‍ന്ന കുട്ടി പത്തിലും എത്തുകയാണ്. ഈ കുട്ടികളില്‍ നല്ലൊരു വിഭാഗത്തില്‍ കണ്ട്‌വരുന്ന പഠന വിടവ് വിദ്യാഭ്യാസ മേഖല അഭിമുഖീക്കുന്ന വലിയ അക്കാദമിക പ്രതിസന്ധിയാണ്. കുട്ടികളില്‍ ആശയ തലത്തിലും നൈപുണീ തലത്തിലും ഈ വിടവ് പ്രകടമാണ്. വായന, എഴുത്ത്, ഗണിതാശയങ്ങളുടെ വികാസം, ഭാഷാ വികസനം, പ്രശ്‌ന പരിഹരണ ശേഷി തുടങ്ങി ആശയ പ്രായോഗിക തല നൈപുണീശോഷണം കുട്ടികളുടെ പഠന വികാസത്തില്‍ വലിയ വിടവുണ്ടാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളും ഈ അക്കാദമിക പ്രതിസന്ധി പരിഹരിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാനം ഇവ്വിഷയകമായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചതായി അറിയില്ല.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ക്ലാസ് മുറികളില്‍ വിനിമയം ചെയ്യുന്ന പാഠ്യപദ്ധതി ഒരു മാറ്റവും വരുത്തിയിട്ടില്ല. മാറുന്ന ലോകത്തിനനുസരിച്ച് ജ്ഞാന സമൂഹത്തില്‍ വന്ന നൂതനാശയങ്ങള്‍ നമ്മുടെ കുട്ടികള്‍ക്ക് ലഭ്യമാവാതെ പോകുകയാണ്. ദേശീയ വിദ്യാഭ്യാസനയം 2020 അനുസരിച്ച് കേന്ദ്രം സംസ്ഥാനങ്ങളോട് പാഠ്യ പദ്ധതി ചട്ടക്കൂട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കയാണ്. സംസ്ഥാനത്ത് അതിന്റെ മുന്നോടിയായുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചക്കുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ വസ്തുതകളെ മായ്ച്ചും ശാസ്ത്രീയ ചരിത്രങ്ങള്‍ക്ക്പകരം കിംവദന്തികളും അന്ധവിശ്വാസങ്ങളും ഉയര്‍ത്തിക്കാട്ടിയും പാഠപുസ്തകങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ദേശീയ വിദ്യാഭ്യാസ നയം കാവി അജണ്ട നടപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയതാണെന്ന ആരോപണം ശക്തമാണ്. മതേതര ജനാധിപത്യമൂല്യങ്ങള്‍ കുട്ടികളില്‍ സന്നിവേശിപ്പിക്കുന്നതിന്പകരം ഫാഷിസ്റ്റ് സംഘ്പരിവാര്‍ ആശയങ്ങള്‍ പഠിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ നവ ഫാഷിസത്തെയും സംഘ്പരിവാര്‍ ആശയങ്ങളെയും ശക്തമായി പ്രതിരോധിക്കുന്ന പാഠ്യപദ്ധതി കേരളത്തില്‍ നിന്ന് ഉയര്‍ന്ന് വരേണ്ടതുണ്ട്.
അധ്യാപകര്‍ക്ക് ഈ വര്‍ഷം നല്‍കിയ അവധിക്കാല പരിശീലനത്തില്‍ ഒരു സെഷന്‍ സ്‌കൂള്‍ പഠനത്തിന്റെ ഫിന്‍ലന്‍ഡ് മാതൃകയായിരുന്നു. ഇന്ത്യയില്‍ വിദ്യാഭ്യാസ പരിഷ്‌കാരത്തില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന കേരളത്തിന് ഫിന്‍ലന്റില്‍ നിന്ന് പകര്‍ത്താന്‍ മാതൃകയുണ്ട് എന്നാണ് ഇടതു അധ്യാപക സംഘടനകളും ശാസ്ത്ര സാഹിത്യ പരിഷത്തും പറയുന്നത്. ആഹ്ലാദകരമായ ക്ലാസ് മുറികള്‍ക്കായി തിമോത്തി ഡി വാക്കര്‍ മുന്നോട്ട്‌വെച്ച മുപ്പത്തിമൂന്ന് ലളിത തന്ത്രങ്ങള്‍ പരിശീലനങ്ങള്‍ക്ക് ചര്‍ച്ചക്ക് വിഷയീഭവിച്ചു. പാഠഭാഗങ്ങള്‍ എങ്ങിനെയെങ്കിലും തീര്‍ക്കാന്‍ (പോര്‍ഷന്‍ കവറിങ്) വ്യഗ്രത കാണിക്കുന്ന അധ്യാപകരില്ല. അതിനവരെ പ്രേരിപ്പിക്കുന്ന അധികാരികളുമില്ല. കുട്ടികളില്‍ കഴിയുന്നത്ര വസ്തുതകള്‍ കുത്തിചെലുത്താന്‍ ലഭ്യമായ സമയത്തെ പരമാവധി ഉപയോഗപ്പെടുത്തുന്ന അധ്യാപകരോ സ്ഥാപന മേധാവികളോ ഇവിടെയില്ല. ഏത് പഠന പ്രവര്‍ത്തനവും കുട്ടിക്ക് ആനന്ദവും സൗഖ്യവും പകരുന്നതാവണം എന്ന് കണ്ട്‌കൊണ്ടാണ് ഫിന്‍ലന്റിലെ മൊത്തം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്ക് ക്ലാസ് മുറിയില്‍ പരമാവധി സ്വാതന്ത്ര്യം ഇവിടെ നല്‍കുന്നു. പത്താം ക്ലാസിലെ ഗണിതാധ്യാപകന്‍ സ്വന്തം ക്ലാസിലെ കുട്ടികളില്‍ ചിലര്‍ക്ക് ക്ലാസിലിരുന്നുകൊണ്ട്തന്നെ ഫുട്ബാള്‍ ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. പിസയുടെ പഠനം 2001ല്‍ പുറത്ത്‌വിട്ടപ്പോള്‍ കുട്ടികളുടെ പഠന നേട്ടങ്ങളില്‍ ഫിന്‍ലാന്റ് ഒ.ഇ.സി.ഡി (ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോ ഓപറേഷന്‍ ആന്റ് ഡെവലപ്‌മെന്റ്) രാജ്യങ്ങളുടെ നെറുകയില്‍ എത്തി. ഫിന്‍ലന്റ് വിദ്യാഭ്യാസത്തിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കുന്നത് കുട്ടികളില്‍ വായന താല്‍പര്യകുറവ്, പഠനത്തില്‍ വിരസത, പരസ്പര ബഹുമാന കുറവ് തുടങ്ങിയവയാണ്. പിസ തന്നെ പിന്നീട് നടത്തിയ പഠനത്തില്‍ കണ്ടത് നേരത്തെ ഉണ്ടായിരുന്ന പഠന നേട്ടം പിന്നീട് കുറഞ്ഞുവരുന്നതാണ്. കുട്ടികള്‍ക്ക് പഠനം ആസ്വാദ്യകരമായ അനുഭവമായി മാറുന്നുമില്ല എന്നും പറയുന്നു. ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ മാതൃക ക്ലാസ്‌റൂം പഠന തന്ത്രങ്ങളില്‍ ഉള്‍പെടുത്തുമ്പോള്‍ വിശദമായ ചര്‍ച്ചയുണ്ടാവണം. 2008ല്‍ പാഠ്യപദ്ധതിയില്‍ ബ്രസീലിയന്‍ ചിന്തകനായ പൗലോ ഫ്രെയറുടെ വിമര്‍ശനാത്മകബോധനം ഉള്‍പെടുത്തിയപ്പോള്‍ സംസ്ഥാനത്ത് ഉണ്ടായ പ്രതിഷേധം ബോധ്യമുള്ളതാണ്.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഉടന്‍ പുറത്ത്‌വരും. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുണ്ടായ പ്രതിസന്ധി മുന്‍കൂട്ടി കണ്ട് പരിഹാരം കാണണം. കോവിഡ് സമയത്ത് ഫോക്കസ് ഏരിയ അടിസ്ഥാനമാക്കി നടത്തിയ പരീക്ഷയില്‍ എ പ്ലസ് കാരുടെ എണ്ണം കൂടിയിരുന്നു. അതാണ് പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധി സൃഷ്ടിച്ചതെന്ന് മന്ത്രിതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. ഫോക്കസ് ഏരിയ നിശ്ചയിച്ചു നല്‍കിയപ്പോള്‍ ഉയര്‍ന്ന ഗ്രേഡ് കിട്ടണമെങ്കില്‍ പാഠഭാഗങ്ങള്‍ മുഴുവനും പഠിക്കണമെന്ന നിര്‍ദേശം കുട്ടികളില്‍ ഏറെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. റിസള്‍ട്ട് പുറത്ത്‌വരുമ്പോള്‍ ഉയര്‍ന്ന ഗ്രേഡ്കാരുടെ എണ്ണം കൂടുമോ കുറയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ ആശയകുഴപ്പത്തിന്റെ അടിസ്ഥാനം.
എയ്ഡഡ് സ്‌കൂള്‍ നിയമനം പി.എസ്. സിക്ക് വിടണമെന്ന അഭിപ്രായം ഇടതു മുന്നണി നേതാവ് എ.കെ ബാലന്‍ പ്രകടിപ്പിച്ചിട്ടുണ്ട്. സ്വകാര്യ, കോര്‍പറേറ്റ് മാനേജ്‌മെന്റുകള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയില്‍ സ്വകാര്യ മേഖല നല്‍കിയ സംഭാവന ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല. എന്നാല്‍ നിയമനങ്ങളില്‍ മിനിമം സംവരണമെങ്കിലും നടപ്പാക്കിയാലേ സാമൂഹിക നീതി പുലരുകയുള്ളൂ.