X
    Categories: indiaNews

ഏഴ് ജീവനെടുത്ത തീപിടിത്തം; കാമുകിയോടുള്ള പക

ഭോപാല്‍: മധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏഴു പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ടിനെതുടര്‍ന്നല്ലെന്ന് പൊലീസ്. പ്രണയ നൈരാശ്യത്തിലെ പക തീര്‍ക്കാന്‍ യുവാവ് സ്‌കൂട്ടറിന് തീവെച്ചതാണ് ദുരന്തത്തില്‍ കലാശിച്ചതെന്നും പൊലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ശുഭം ദീക്ഷിത് എന്ന സഞ്ജയ് (27)യെ പൊലീസ് അറസ്റ്റു ചെയ്തു.

സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഫഌറ്റ് സമുച്ഛയത്തിലായിരുന്നു അപകടം. ദുരന്തത്തില്‍ ഏഴുപേര്‍ മരിച്ചിരുന്നു. ഒമ്പതുപേരെ പൊലീസ് രക്ഷപ്പെടുത്തി. കെട്ടിടത്തിലെ ഒരു ഫഌറ്റില്‍ താമസിച്ചിരുന്ന യുവതിയുമായി സഞ്ജയ്ക്ക് അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. യുവതിയും ഇവരുടെ അമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവര്‍ക്ക് സഞ്ജയ് പണം വായ്പയായി നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ മറ്റൊരാളുമായി യുവതിയുടെ വിവാഹം നിശ്ചയിച്ചതോടെ സഞ്ജയ് പണം തിരികെ ചോദിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ തുടങ്ങി. പലപ്പോഴും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ സഞ്ജയ് ഫഌറ്റിനു താഴെയെത്തി പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന യുവതിയുടെ സ്‌കൂട്ടറിന് തീവെക്കുകയായിരുന്നു.

പോര്‍ച്ചില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറയില്‍ സഞ്ജയ് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഗേറ്റ് ചാടിക്കടന്ന് കൈയില്‍ കരുതിയ ദ്രാവകം സ്‌കൂട്ടറില്‍ ഒഴിക്കുന്നതും തൊട്ടു പിന്നാലെ വന്‍ അഗ്നിഗോളം പ്രത്യക്ഷപ്പെടുന്നതുമാണ് സി.സി.ടി.വി ദൃശ്യത്തിലുള്ളത്. പ്രതി ഉടന്‍ തന്നെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ആദ്യം തൊട്ടടുത്ത രണ്ടു വാഹനങ്ങളിലേക്കും തൊട്ടു പിന്നാലെ ഫഌറ്റ് സമുച്ഛയത്തിലേക്കും തീ പടരുകയായിരുന്നു. പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം. താസമക്കാര്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ വൈകിയാണ് തീപിടിത്തം ഉണ്ടായ വിവരം അറിയുന്നത്.

ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് യുവതിയും ഇവരുടെ അമ്മയും അടക്കം ഒമ്പത് പേരെ സുരക്ഷിതമായി പുറത്തെത്തിച്ചു. എന്നാല്‍ ഏഴുപേര്‍ കൊല്ലപ്പെട്ടിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്നായിരുന്നു പൊലീസിന്റെയും അഗ്നിശമന സേനയുടേയും പ്രാഥമിക നിഗമനം. എന്നാല്‍ പോര്‍ച്ചില്‍ കത്താതെ അവശേഷിച്ച സി.സി.ടി.വിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ആസൂത്രിത തീവെപ്പാണെന്ന് മനസ്സിലായത്. തീവെച്ചതിനു പിന്നാലെ സി.സി.ടി.വി ക്യാമറ തകര്‍ക്കാന്‍ പ്രതി ശ്രമിക്കുന്നതും വ്യക്തമാണ്.
ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുന്ന യുവതിയുമായി സഞ്ജയ് ഏറെ നാളായി പരിചയമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സി സ്വദേശിയാണിയാള്‍. മരിച്ചവരില്‍ ഒരാള്‍ രണ്ടു ദിവസം മുമ്പ് മാത്രമാണ് ഈ ഫഌറ്റില്‍ താമസിക്കാനെത്തിയത്. സമീപത്തുതന്നെ നടക്കുന്ന വീടിന്റെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഫഌറ്റില്‍ മുറിയെടുത്ത രണ്ടു ദമ്പതികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാലു ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു.

Test User: