X

പൊലീസില്‍ 850 രജിസ്റ്റേര്‍ഡ് ക്രിമിനലുകള്‍

 

പൊലീസ് സേനയില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 850 പേര്‍. ഫെബ്രുവരി മാസത്തിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും ക്രിമിനല്‍ കേസില്‍ പ്രതിയാണ്. 11 ഡിവൈ.എസ്.പിമാരും ആറ് സി.ഐമാരും 51 എസ്.ഐമാരും 12 ഗ്രേഡ് എസ്.ഐമാരും ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. 32 എ.എസ്.ഐമാരും 19 ഗ്രേഡ് എ.എസ്.ഐമാരും 176 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരും 542 സിവില്‍ പൊലീസ് ഓഫീസര്‍മാരും പട്ടികയിലുണ്ട്. 59 പേര്‍ക്കെതിരെ വിജിലന്‍സ് കേസുണ്ട്. ഒരു കമാന്‍ഡന്റ്, ഒരു അസി. കമാന്‍ഡന്റ്, 9 ഡി.എസ്.പി, 6 സി.ഐ, 10 എസ്.ഐ, 9 എ.എസ്.ഐ, 21 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് കേസുള്ളത്.
ലോക്കപ്പ് മര്‍ദനത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തിനിടെ പത്തു പൊലീസുകാരുടെ പേരില്‍ കേസെടുത്തു. പൊലീസ് പൊതുജനങ്ങളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷത്തിനിടെ റജിസ്റ്റര്‍ ചെയ്തത് 26 കേസുകളാണ്. ഈ സര്‍ക്കാര്‍ വന്നതിനുശേഷം സ്വഭാവദൂഷ്യത്തിന്റെയും അഴിമതിയുടേയും പേരില്‍ അച്ചടക്ക നടപടിക്ക് വിധേയരായത് 485 പേരാണ്.
പൊലീസിന് ചീത്തപ്പേരുണ്ടാക്കുന്നത് ആരെന്ന് അറിയാന്‍ ഒരാഴ്ചക്കിടെ നടന്ന സംഭവങ്ങള്‍ മാത്രം മതി. ആലപ്പുഴയില്‍ ഹൈവേ പൊലീസ് വാഹനം പിന്തുടര്‍ന്ന് കുറുകേയിട്ടതിനെത്തുടര്‍ന്നുണ്ടായ അപകടം തന്നെ ഉദാഹരണം. പൊലീസ് നരഹത്യക്ക് കേസെടുത്തതാകട്ടെ അപകടത്തില്‍ ഭാര്യയെ നഷ്ടപ്പെട്ട് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടക്കുന്ന ബൈക്ക് യാത്രക്കാരനെതിരെയും. മക്കള്‍ രണ്ടുപേരും ഗുരുതരപരിക്കുകളോടെ കിടക്കയില്‍ കഴിയുകയാണ്. വാഹനം കുറുകെയിട്ട് അപകടം സൃഷ്ടിച്ച പൊലീസുകാര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഇരക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മലപ്പുറം കോട്ടയ്ക്കലില്‍ ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ നിന്ന എ.എസ്.ഐ കാര്‍യാത്രക്കാരന്റെ മൂക്ക് ഇടിച്ചു തകര്‍ത്തു. ജനമൈത്രി പൊലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ കേട്ടാലറക്കുന്ന തെറിവിളിയും സോഷ്യല്‍ മീഡിയയിലൂടെ കേരളീയ സമൂഹം കണ്ടു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്ന കേസുകളില്‍ 50 ശതമാനവും പൊലീസിനെതിരായ പരാതികളാണ്. പൊലീസ് അപമര്യാദയായി പെരുമാറുന്നതിനെക്കുറിച്ചാണ് പരാതികളിലേറെയുമെന്ന് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ മര്യാദയില്ലാത്ത പെരുമാറ്റം, മര്‍ദനം, പരാതികൊടുത്തിട്ടും കേസ് എടുക്കാതിരിക്കല്‍, കൈക്കൂലി ആവശ്യപ്പെടല്‍ തുടങ്ങിയ പരാതികളാണ് മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തുന്നത്. വളരെയധികം നല്ല പൊലീസുകാരുള്ള സേനയുടെ വില കളയുന്നത് അഴിമതിക്കാരും ക്രിമിനലുകളുമായ ചെറിയ ന്യൂനപക്ഷമാണ്. ഈ സാഹചര്യത്തിലാണ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ എല്ലാ സ്റ്റേഷനിലും സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്.

chandrika: